ഇന്ത്യ റിപ്പബ്ലിക് ആയത് 1950 ജനുവരി 26ന് ആണ്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ഇന്ത്യന്‍ സ്വാതന്ത്ര്യപ്രസ്ഥാനത്തിനകത്ത് ഒരു ചര്‍ച്ച നടന്നു. ഇന്ത്യ 'റിപ്പബ്ലിക് ' ആകണോ 'ഡൊമിനിയന്‍ ' ആകണോ എന്നതായിരുന്നു ആ ചര്‍ച്ചയില്‍ ഉയര്‍ന്ന പ്രധാന ചോദ്യം. ഡൊമിനിയന്‍ ആയാല്‍ ബ്രിട്ടീഷ് രാജാവായിരിക്കും രാഷ്ട്രത്തിന്റെ തലവന്‍. എന്നാലും രാജാവിന് പൂര്‍ണ്ണമായി ഭരിക്കാനുള്ള അധികാരം ഉണ്ടായിരിക്കില്ല. തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റ് ആയിരിക്കും ഭരണം നടത്തുക. 

1928ല്‍ കൊല്‍ക്കത്തയില്‍ വെച്ച് നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഇന്ത്യക്ക് ഡൊമിനിയന്‍ പദവി നല്‍കണമെന്ന ആവശ്യമാണുയര്‍ന്നത്. ഗാന്ധിജിയായിരുന്നു പ്രമേയം അവതരിപ്പിച്ചത്. തുടര്‍ന്ന് 1929ല്‍ ജവഹര്‍ലാല്‍ നെഹ്റു കോണ്‍ഗ്രസ് പ്രസിഡന്റ് ആയതോടെ അതുവരെ ഉയര്‍ന്നിരുന്ന വാദങ്ങളെല്ലാം പൊളിഞ്ഞു. ഇന്ത്യക്ക് സ്വതന്ത്ര റിപ്പബ്ലിക് പദവി നല്‍കണമെന്ന ഔദ്യോഗിക പ്രഖ്യാപനം 1930 ജനുവരി 26ന് ഉണ്ടായി. അന്നു മുതല്‍ ജനുവരി 26 സ്വാതന്ത്ര്യദിനമായി ആഘോഷിക്കാന്‍ തുടങ്ങി. 

പിന്നീട് 1947 ആഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ അന്നു മുതല്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു തുടങ്ങി. 1947 ന് സ്വാതന്ത്ര്യം കിട്ടിയെങ്കിലും ഇന്ത്യ അപ്പോഴും റിപ്പബ്ലിക് ആയില്ല. ബ്രിട്ടീഷ് രാജാവായിരുന്നു ഇന്ത്യയുടെ രാഷ്ട്രതലവന്‍. തുടര്‍ന്ന് അംബേദ്കറുടെ നേതൃത്വത്തില്‍ ഭരണഘടനാ നിര്‍മ്മാണസഭ ഭരണഘടന തയ്യാറാക്കുകയും ഡോ. രാജേന്ദ്രപ്രസാദിനെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കുകയും ചെയ്തു.

1950 ജനുവരി 26ന് പുതിയ ഭരണഘടന നിലവില്‍ വന്നപ്പോള്‍ ഇന്ത്യ,ബ്രിട്ടനുമായുള്ള ബന്ധം വേര്‍പ്പെടുത്തി. നെഹ്റുവിന്റെ പൂര്‍ണ്ണസ്വരാജ് പ്രഖ്യാപനം പ്രാബല്യത്തില്‍ വന്ന ദിവസം നമ്മള്‍ റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നു. ജവഹര്‍ലാല്‍ നെഹ്റു,ബി.ആര്‍. അംബേദ്കര്‍ എന്നിവരുടെ പ്രസക്തി ഈ ആഘോഷവേളയില്‍ നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്.

Content Highlights: know about india's republic