നിയമവാഴ്ച' എന്ന വാക്കുകേള്‍ക്കുമ്പോഴൊക്കെ ഈ ലേഖകന് ഓര്‍മവരിക 'വീരപാണ്ഡ്യകട്ടബൊമ്മന്‍' എന്ന തമിഴ് ചലച്ചിത്രമാണ്. കട്ടബൊമ്മനെ ചങ്ങലകളാല്‍ ബന്ധിച്ച് ബ്രിട്ടീഷുകാരനായ കളക്ടറുടെമുമ്പാകെ ഹാജരാക്കുന്നു. 'നിയതമായ നിയമപ്രക്രിയയിലൂടെ കുറ്റക്കാരനെന്നു കണ്ടെത്താതെ ബ്രിട്ടീഷുകാര്‍ ഒരു നായയെപ്പോലും കൊല്ലില്ല' എന്ന് കളക്ടര്‍ മേനിപറയുന്നു. 'മാന്യരെന്നു തോന്നിപ്പിക്കാന്‍ അധമര്‍ പല ഉപായങ്ങളും പ്രയോഗിക്കുമെന്നും അത്തരത്തിലൊന്നാണ് നിയമവാഴ്ചാസിദ്ധാന്തമെന്നു'മാണ് അതിന് കട്ടബൊമ്മന്‍ നല്‍കുന്ന മറുപടി.

രണ്ടുപേര്‍ പറഞ്ഞതിലും സത്യമുണ്ട്. ബ്രിട്ടീഷുകാരനായ കളക്ടര്‍ പറഞ്ഞത് സാങ്കേതികാര്‍ഥത്തില്‍ ശരിയാണ്. അധികാരികള്‍ സ്വതവേ നിയമവാഴ്ചയെപ്പറ്റി വാചകക്കസര്‍ത്ത് നടത്തുമെന്നല്ലാതെ അതിനോട് നീതിപുലര്‍ത്താറില്ല എന്നതുകൊണ്ട് കട്ടബൊമ്മന്‍ പറഞ്ഞതും വാസ്തവം.

പ്രസിദ്ധീകൃതമായ ഒരുകൂട്ടം ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ ഭരണനിര്‍വഹണം നടത്തുന്നതിനെയാണ് 'നിയമവാഴ്ച' എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. അത്തരമൊരു വ്യവസ്ഥയില്‍, ജനങ്ങള്‍ക്ക് സ്വന്തം അവകാശങ്ങളെയും ഉത്തരവാദിത്വങ്ങളെയുംകുറിച്ച് വ്യക്തമായ ധാരണപുലര്‍ത്താന്‍ സാധിക്കും. ഭരണകര്‍ത്താക്കള്‍ സ്വാഭീഷ്ടപ്രകാരം അനുചിതതീരുമാനങ്ങള്‍ കൈക്കൊള്ളുന്ന അവസരങ്ങളില്‍ അവയെ ചെറുക്കാന്‍ ജനങ്ങള്‍ക്ക് ഈ അറിവ് മുതല്‍ക്കൂട്ടാവും. സമ്പന്നര്‍ക്കും ദരിദ്രര്‍ക്കും ശക്തര്‍ക്കും അശക്തര്‍ക്കുമൊക്കെ നിയമങ്ങള്‍ ഒരുപോലെ ബാധകമാണ് എന്നതാണ് ഈ വ്യവസ്ഥയുടെ മറ്റൊരു വശം. നിയമങ്ങള്‍ വിവേചനപരമായി പ്രയോഗിക്കാനാവില്ല.

അഴിമതിക്കും നിയമവാഴ്ചയ്ക്കും സഹവര്‍ത്തിക്കാനാവില്ല. ഭരണഘടനാപദവികളടക്കമുള്ള ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവര്‍ക്കെതിരേ അഴിമതിയാരോപണങ്ങള്‍ പതിവാണ്. അഴിമതി കൊടികുത്തിവാഴുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് ഒട്ടേറെ അന്താരാഷ്ട്രസംഘടനകളുടെ സര്‍വേകളില്‍ തെളിഞ്ഞിട്ടുണ്ട്. രാജ്യത്ത് ഉന്നതോദ്യോഗസ്ഥരും രാഷ്ട്രീയനേതാക്കളും ക്രിമിനല്‍സംഘങ്ങളും തമ്മില്‍ അവിശുദ്ധബന്ധം നിലനില്‍ക്കുന്നുണ്ടെന്ന് മുന്‍ കേന്ദ്ര ആഭ്യന്തരസെക്രട്ടറി എന്‍.എന്‍. വോറയുടെ അധ്യക്ഷതയിലുള്ള ഒരു സമിതി 1993-ല്‍ സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

രാജ്യത്തെ ഇപ്പോഴത്തെ ക്രിമിനല്‍ നീതിനിര്‍വഹണ സംവിധാനം ഈ പ്രതിസന്ധി കൈകാര്യംചെയ്യാന്‍ പര്യാപ്തവുമല്ല. പല സന്ദര്‍ഭങ്ങളിലും സുപ്രീംകോടതി വോറാ സമിതിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ചു പരാമര്‍ശിക്കുകയും ഉചിതമായ പരിഹാരനടപടിക്കു നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്രസര്‍ക്കാരും അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസും തമ്മിലുള്ള ഒരു കേസിലെ വിധിന്യായത്തില്‍ വോറാ സമിതിയുടെ റിപ്പോര്‍ട്ടിലെ വരികള്‍ സുപ്രീംകോടതി ഉദ്ധരിച്ചിട്ടുണ്ട്: 'അന്താരാഷ്ട്രബന്ധങ്ങളുള്ള വലിയ കള്ളക്കടത്തുസംഘങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തികപ്രവര്‍ത്തനങ്ങളില്‍ ദുഃസ്വാധീനം ചെലുത്തുന്നുണ്ട്. ഹവാല, കള്ളപ്പണ ഇടപാടുകളിലൂടെ സമാന്തര സമ്പദ്വ്യവസ്ഥതന്നെ സൃഷ്ടിച്ച് രാജ്യത്തിന്റെ സാമ്പത്തികക്രമത്തെ ഇവര്‍ അപായപ്പെടുത്തുന്നു. ഈ സംഘങ്ങള്‍ ഗണ്യമായ സാമ്പത്തികശക്തിയും കായികബലവും മാത്രമല്ല, സമൂഹത്തില്‍ മാന്യതയും ആര്‍ജിച്ചിരിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളെ കളങ്കിതമാക്കിക്കൊണ്ട് ഇവര്‍ വലിയതോതില്‍ സ്വാധീനശേഷിയും നേടിയിട്ടുണ്ട്. അതിനാല്‍ ഇവര്‍ക്കെതിരേ നീങ്ങാന്‍ അന്വേഷണ, കുറ്റവിചാരണാ ഏജന്‍സികള്‍ പലപ്പോഴും പാടുപെടുന്നു. നീതിന്യായസംവിധാനത്തിലെ ഉദ്യോഗസ്ഥര്‍പോലും മാഫിയകളുടെ ആശ്ലേഷത്തില്‍നിന്നു മുക്തരല്ല.'

ഉന്നതന്‍മാര്‍ക്കെതിരായ അഴിമതിക്കേസുകള്‍ അത്യപൂര്‍വമായിമാത്രമേ നീതിനിര്‍വഹണത്തില്‍ അവസാനിക്കാറുള്ളൂ. ഇത്തരം കേസുകളില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കഴിഞ്ഞ ഏഴുപതിറ്റാണ്ടിലേറെയായിട്ടും നമ്മുടെ രാഷ്ട്രത്തിന് വഴികണ്ടെത്താനായിട്ടില്ല. ചില കേസുകളില്‍ ആരോപണങ്ങള്‍ അസത്യവും രാഷ്ട്രീയപ്രേരിതവുമാണെന്ന് നമുക്കറിയാം. കേസുകള്‍ ഫലപ്രദമായി കൈകാര്യംചെയ്യാനാവാതെവരുമ്പോള്‍ നിരപരാധികളുടെ സത്പേരിന് കോട്ടംതട്ടുകയും കുറ്റവാളികള്‍ രക്ഷപ്പെടുകയുംചെയ്യുന്നു. രാജ്യത്തെ നിയമസംവിധാനത്തിന്റെ വിശ്വാസ്യതയാണിവിടെ തകരുന്നത്. ഒരു മുഖ്യമന്ത്രിക്കെതിരായ അഴിമതിക്കേസ് വാദംകേള്‍ക്കല്‍ പൂര്‍ത്തിയാക്കി വിധിപറയാന്‍ മാറ്റിവെച്ച സുപ്രീംകോടതിക്ക് അദ്ദേഹം ജീവിച്ചരിക്കെ വിധിപ്രസ്താവം നടത്താനാവാതിരുന്ന സംഭവം ഇവിടെ ഓര്‍ക്കാവുന്നതാണ്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യംചെയ്യാന്‍ നമുക്കൊരു നിയമമുണ്ട് -1951-ലെ ജനപ്രാതിനിധ്യനിയമം. ഒരു സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പുപ്രചാരണത്തിനു ചെലവിടാവുന്ന തുകയ്ക്ക് ആ നിയമം പരിധിവെച്ചിട്ടുണ്ട്. വോട്ടര്‍മാര്‍ക്ക് പാരിതോഷികങ്ങള്‍ കൊടുക്കുന്നത് ആ നിയമം വിലക്കുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ തര്‍ക്കങ്ങളിലും ഹൈക്കോടതികള്‍ ആറുമാസത്തിനകം തീര്‍പ്പുകല്പിക്കണമെന്നും അനുശാസിക്കുന്നു. സ്ഥാനാര്‍ഥികള്‍ എത്രത്തോളം സത്യസന്ധമായാണ് ഈ നിയമം അനുസരിക്കാറുള്ളതെന്നും ഹൈക്കോടതികള്‍ എത്രമാത്രം വേഗത്തിലാണ് തിരഞ്ഞെടുപ്പുതര്‍ക്കങ്ങള്‍ തീര്‍പ്പാക്കുന്നതെന്നും നമുക്കറിയാമല്ലോ!

തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി കൂറുമാറുന്നത് ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ വിലക്കുന്നുണ്ട്. കൂറുമാറ്റ ആരോപണമുയരുമ്പോള്‍ അക്കാര്യത്തില്‍ വിധിനിര്‍ണയം നടത്താന്‍ നിയുക്തനായ അധികാരി സ്പീക്കറാണ്. എന്നാല്‍, ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ നിലവില്‍വന്നശേഷമുള്ള 35 കൊല്ലത്തിനിടെ ഒരൊറ്റ സ്പീക്കര്‍പോലും ഇത്തരമൊരു വിഷയത്തില്‍ വിധിനിയന്താവായിട്ടില്ല. നിയമം നിയമപുസ്തകത്തില്‍ വിശ്രമിക്കുന്നു!

ക്രിമിനല്‍നിയമനടത്തിപ്പുസംവിധാനം ദുര്‍ബലമായിരിക്കുന്നു. തന്‍മൂലം അത് ചിലപ്പോഴൊക്കെ തന്നിഷ്ടപ്രകാരമുള്ള നീതിനടപ്പാക്കലില്‍ കലാശിക്കുന്നു. ഹൈദരാബാദ് ബലാത്സംഗക്കേസിലും മറ്റും സംഭവിച്ചത് ഓര്‍ക്കുക.

ജനാധിപത്യം ഒരു ഭരണരീതി മാത്രമല്ല. അതൊരു ജീവിതശൈലിയാണ്. സത്യസന്ധതയോടു കൂറില്ലാത്ത ഒരു സമൂഹത്തില്‍ ഭരണഘടനയ്ക്ക് പ്രത്യേകിച്ച് അര്‍ഥമൊന്നുമില്ല. അത്തരം സമൂഹങ്ങളില്‍ ജനാധിപത്യം ദീര്‍ഘനാള്‍ പുലരുകയുമില്ല. സത്യസന്ധതയും ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കപ്പെട്ട ഉത്കൃഷ്ടമൂല്യങ്ങളെ സംരക്ഷിക്കാനുള്ള ധീരതയും മാത്രമേ വേണ്ടൂ ജനാധിപത്യത്തെ പരിപാലിക്കാന്‍. ജനാധിപത്യ സമൂഹത്തില്‍മാത്രമേ സ്വാതന്ത്ര്യം പരിലസിക്കൂ.

ലക്ഷ്യവും മാര്‍ഗവും ഒരുപോലെ പ്രധാനമാണെന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധി നമ്മെ ഉപദേശിച്ചിട്ടുണ്ട്. ജനാധിപത്യം സംരക്ഷിക്കാന്‍ നമുക്ക് ആത്മാര്‍ഥമായ ആഗ്രഹമുണ്ടെങ്കില്‍ ഈ ഉപദേശം ഒരിക്കലും വിസ്മരിക്കാതിരിക്കുക.

ഉന്നതന്‍മാര്‍ക്കെതിരായ അഴിമതിക്കേസുകള്‍ അത്യപൂര്‍വമായിമാത്രമേ നീതിനിര്‍വഹണത്തില്‍ അവസാനിക്കാറുള്ളൂ. ഇത്തരം കേസുകളില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കഴിഞ്ഞ ഏഴുപതിറ്റാണ്ടിലേറെയായിട്ടും നമ്മുടെ രാഷ്ട്രത്തിന് വഴികണ്ടെത്താനായിട്ടില്ല.