ന്താരാഷ്ട്ര തലത്തില്‍ മനുഷ്യാവകാശങ്ങളായി കണക്കാക്കപ്പെടുന്നതും ജനാധിപത്യ വ്യവസ്ഥയില്‍ പൗരന്മാരുടെ ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്തതുമായ അടിസ്ഥാന അവകാശങ്ങളാണ് മൗലികാവകാശങ്ങള്‍. 1895-ല്‍ ലോകമാന്യ തിലക് സ്വരാജ് ബില്ല് അവതരിപ്പിച്ചതോടെയാണ് ഇന്ത്യയില്‍ മൗലികാവകാശങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ക്ക് തുടക്കമായത്. ആനി ബസന്റിന്റെ കോമണ്‍വെല്‍ത്ത് ഓഫ് ഇന്ത്യ ബില്‍ അവതരണത്തോടെ വിഷയം സജീവ ചര്‍ച്ചയാവുകയും ചെയ്തു.

ഇന്ത്യന്‍ ഭരണഘടനയുടെ ആധാരശിലയെന്ന് വിശേഷിപ്പിക്കുന്ന മൗലികാവകാശങ്ങള്‍ അമേരിക്കന്‍ ഭരണഘടനയില്‍നിന്നും സ്വീകരിക്കപ്പെട്ടവയാണ്. ഭരണഘടനയുടെ മൂന്നാംഭാഗത്തില്‍ അനുച്ഛേദം 12 മുതല്‍ 35 വരെയാണ് മൗലികാവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത്. അനുച്ഛേദം 12-ല്‍ state എന്ന പദത്തിലൂടെ പാര്‍ലമെന്റിനും ഇന്ത്യന്‍ സര്‍ക്കാരിനും കീഴില്‍വരുന്ന സ്ഥാപനങ്ങളെ സൂചിപ്പിക്കുന്നതായി നിര്‍വചിക്കുന്നു. മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമായതോ അവയെ ഹനിക്കുന്നതോ ആയ നിയമനിര്‍മാണം നടപ്പാക്കാന്‍ പാടില്ലെന്ന് അനുച്ഛേദം 13 വ്യക്തമാക്കുന്നു.

സമത്വത്തിനുള്ള അവകാശം, സ്വാതന്ത്ര്യത്തിനുള്ള അവകാശം, ചൂഷണത്തിനെതിരെയുള്ള അവകാശം, മതസ്വാതന്ത്ര്യത്തിനുള്ള അവകാശം, സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശം, ഭരണഘടനാ പരിഹാരങ്ങള്‍ക്കുള്ള അവകാശം എന്നിങ്ങനെ മൗലികാവകാശങ്ങളെ ആറായി തിരിച്ചിട്ടുണ്ട്. സ്വത്തവകാശത്തെ മൗലികാവകാശമായി ഉള്‍പ്പെടുത്തിയിരുന്നെങ്കിലും 1978ല്‍ 44-ാം ഭരണഘടനാ ഭേദഗതിയിലൂടെ നിയമപരമായ അവകാശമാക്കി മാറ്റി.

സമത്വത്തിനുള്ള അവകാശം (അനുച്ഛേദം 14-18)

അനുച്ഛേദം 14: രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും തുല്യമായ നിയമ പരിരക്ഷ ഉറപ്പുവരുത്തുന്ന അനുച്ഛേദമാണിത്. വംശം, വര്‍ണം, ദേശീയത എന്നിവയ്ക്ക് അതീതമായി നിയമത്തിനുമുന്നില്‍ എല്ലാവരും തുല്യരാണെന്ന് അനുച്ഛേദം 14ല്‍ പറയുന്നു.

അനുച്ഛേദം 15: രാജ്യത്തെ പൗരന്മാര്‍ക്കിടയില്‍ വംശം, മതം, ജാതി, ലിംഗം, ജനന സ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം പാടില്ലെന്നു നിഷ്‌കര്‍ഷിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി പുതിയ പദ്ധതികള്‍ കൊണ്ടുവരുന്നതിനെ ഈ അനുച്ഛേദം എതിര്‍ക്കുന്നില്ല. അനുച്ഛേദം 19(1)(G) പ്രകാരം സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെയോ പട്ടിക ജാതി/വര്‍ഗ വിഭാഗങ്ങളുടെയോ ഉന്നമനത്തിനായി പ്രത്യേക നിയമങ്ങളോ പദ്ധതികളോ കൊണ്ടുവരുന്നതിനെയും അനുച്ഛേദം 15 എതിര്‍ക്കുന്നില്ല.

അനുച്ഛേദം 16: പൗരന്മാര്‍ക്ക് പൊതുതൊഴിലുകളില്‍ തുല്യാവസരം ഉറപ്പുവരുത്തുന്ന അനുച്ഛേദമാണിത്. വംശം, പാരമ്പര്യം, മതം, ജാതി, ലിംഗം, ജനന സ്ഥലം, താമസസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം പൊതു/സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലെ ജോലി നല്‍കുന്നതില്‍ പാടില്ലെന്ന് ഈ അനുച്ഛേദത്തില്‍ വ്യക്തമാക്കുന്നു. ഇവിടെയും പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രത്യേക നിയമമുണ്ടാക്കാനുള്ള അധികാരം സര്‍ക്കാരിന് നല്‍കുന്നുണ്ട്.

അനുച്ഛേദം 17: രാജ്യത്ത് എല്ലാതരത്തിലുമുള്ള തൊട്ടുകൂടായ്മ നിരോധിക്കുന്ന അനുച്ഛേദമാണിത്. ഇതുപ്രകാരം ഏതെങ്കിലും തരത്തിലുള്ള തൊട്ടുകൂടായ്മ പാലിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

അനുച്ഛേദം 18: ഏതെങ്കിലും തരത്തിലുള്ള പ്രത്യേക പദവികളെ/ ബഹുമതികളെ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട അനുച്ഛേദമാണിത്. എന്നാല്‍ സൈനികവും അക്കാദമികവുമായ പദവികളെ അനുവദിക്കുന്നുണ്ട്.

സ്വാതന്ത്ര്യത്തിനുള്ള അവകാശം (അനുച്ഛേദം 19-22)

അനുച്ഛേദം 19: രാജ്യത്തെ പൗരന്മാര്‍ക്ക് മൗലികമായ ആറ് സ്വാതന്ത്ര്യങ്ങള്‍ അനുവദിക്കുന്ന അനുച്ഛേദമാണിത്.
1) സംസാരിക്കാനും ആശയപ്രകടനത്തിനുമുള്ള സ്വാതന്ത്ര്യം. ആവിഷ്‌കാര സ്വാതന്ത്ര്യവും ഇതില്‍ ഉള്‍പ്പെടുന്നു
2) സമാധാനപരമായി കൂട്ടംകൂടുവാനുള്ള സ്വാതന്ത്ര്യം
3) സംഘടനകളും പ്രസ്ഥാനങ്ങളും രൂപവത്കരിക്കാനുള്ള സ്വാതന്ത്ര്യം
4) സഞ്ചാര സ്വാതന്ത്ര്യം
5) ഇന്ത്യയില്‍ എവിടെയും താമസിക്കാനുള്ള സ്വാതന്ത്ര്യം
6) ഇഷ്ടമുള്ള തൊഴില്‍/ വ്യാപാരം ചെയ്യാനുള്ള സ്വാതന്ത്ര്യം

അനുച്ഛേദം 20: കുറ്റകൃത്യം ചെയ്തവര്‍ക്കുള്ള സംരക്ഷണം സംബന്ധിച്ച അനുച്ഛേദമാണിത്. കുറ്റാരോപിതനായ ആളുടെ സംരക്ഷണത്തിനുള്ളതാണ് ഈ വകുപ്പ്. അനുച്ഛേദം 359 പ്രകാരം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാല്‍ പോലും ഈ അവകാശം ലംഘിക്കപ്പെടരുതെന്ന് ഭരണഘടന വ്യവസ്ഥ ചെയ്യുന്നു.


അനുച്ഛേദം 21: ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള സംരക്ഷണം അനുച്ഛേദം 21 ഉറപ്പാക്കുന്നു. ശുദ്ധ വായു, ശുദ്ധ ജലം, ആറ് മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം (21A), സ്വകാര്യത എന്നീ അവകാശങ്ങള്‍ നിലവില്‍ ഈ അനുച്ഛേദത്തിനു കീഴിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

അനുച്ഛേദം 22: ഉത്തരവാദപ്പെട്ട അധികാരികളില്‍ നിന്നുള്ള നിര്‍ദേശമില്ലാതെയുള്ള അറസ്റ്റുകളില്‍ നിന്നും അന്യായമായ തടങ്കലില്‍ നിന്നുമുള്ള സംരക്ഷണം. ഇതുപ്രകാരം അറസ്റ്റ് ചെയ്യപ്പെടാനുള്ള കാരണം അറിയാനും ആവശ്യമെങ്കില്‍ അഭിഭാഷകനെ കാണാനും എല്ലാവര്‍ക്കും അവകാശമുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ടയാളെ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കണമെന്നും ഈ അനുച്ഛേദത്തില്‍ വ്യക്തമാക്കുന്നു.

ചൂഷണങ്ങള്‍ക്കെതിരെയുള്ള അവകാശം (അനുച്ഛേദം 23-24)

അനുച്ഛേദം 23: സ്ത്രീകള്‍, കുട്ടികള്‍, യാചകര്‍ ഉള്‍പ്പെടെ എല്ലാ മനുഷ്യരെയും നിര്‍ബന്ധിത ജോലി ചെയ്യിപ്പിക്കുന്നതിനെ നിരോധിക്കുന്നു.

അനുച്ഛേദം 24: ബാലവേല നിരോധിക്കുന്നു. 14 വയസിനുതാഴെ പ്രായമുള്ള കുട്ടികളെ അപകടകരമായ ജോലി ചെയ്യിപ്പിക്കരുതെന്ന് ഈ അനുച്ഛേദം അനുശാസിക്കുന്നു.

മത സ്വാതന്ത്ര്യത്തിനുള്ള അവകാശം (അനുച്ഛേദം 25-28)

അനുച്ഛേദം 25: മതം പ്രചരിപ്പിക്കുന്നതിനും, പഠിപ്പിക്കുന്നതിനും, മതാചാരങ്ങള്‍ പാലിക്കാനുമുള്ള സ്വാതന്ത്ര്യം.

1)ക്രമസമാധാനം, ധാര്‍മ്മികത, പൊതുആരോഗ്യം, ഈ വകുപ്പിലെ മറ്റു പരാമര്‍ശങ്ങള്‍ എന്നിവ കാത്തുസൂക്ഷിച്ചുകൊണ്ട് ഏല്ലാവര്‍ക്കും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും ആശയങ്ങള്‍ പ്രചരിപ്പിക്കാനും അവകാശമുണ്ട്.
2)ഈ വകുപ്പ് a.മതപരമായ അനുഷ്ഠാനങ്ങളോടനുബന്ധിച്ച സാമ്പത്തികമോ സാമൂഹികമോ രാഷ്ട്രീയമോ മതേതരമായ മറ്റെന്തെങ്കിലോ കാര്യങ്ങളെ നിയന്ത്രിയ്ക്കുന്നതിനോ തടയുന്നതിനോ വേണ്ടിയിട്ടുള്ളതോ b.സാമൂഹിക ഉന്നമനത്തിനു വേണ്ടിയോ പൊതുസ്വഭാവമുള്ള ഹിന്ദുസ്ഥാപനങ്ങള്‍ ഹിന്ദുമതത്തിലെ എല്ലാവിഭാഗങ്ങള്‍ക്കുമായി തുറന്നുകൊടുക്കുന്നതിനു വേണ്ടിയിട്ടൂള്ളതോ ആയ ഏതെങ്കിലും നിയമനിര്‍മ്മാണത്തെ തടസപ്പെടുത്തുന്നില്ല.
വിശദീകരണം 1: കൃപാണ്‍ ധരിക്കുന്നത് സിഖ് മതവിശ്വാസത്തിന്റെ ഭാഗമായി കരുതപ്പെടുന്നു.
വിശദീകരണം 2: 2(b) യിലെ ഹിന്ദുമതത്തെക്കുറിച്ചുള്ള പരാമര്‍ശം ബുദ്ധ, ജൈന, സിഖ് മതങ്ങള്‍ക്കും ബാധകമാണ്.

അനുച്ഛേദം 26: മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം.

ക്രമസമാധാനം, ധാര്‍മ്മികത, പൊതുആരോഗ്യം, ഈ വകുപ്പിലെ മറ്റു പരാമര്‍ശങ്ങള്‍ എന്നിവ കാത്തുസൂക്ഷിച്ചുകൊണ്ട് എല്ലാമതവിഭാഗങ്ങള്‍ക്കും ഇനിപ്പറയുന്ന അവകാശങ്ങളുണ്ടായിരിക്കും:
a.മതപരമോ സാമൂഹ്യസേവനപരമോ ആയ സ്ഥാപനങ്ങള്‍ തുടങ്ങുവാനും നടത്തിപ്പിനുമുള്ള അവകാശം
b.മതപരമായ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള അവകാശം
c.ചലിക്കുന്നതോ ചലിക്കാത്തതോ ആയ വസ്തുക്കള്‍ കൈവശം വയ്ക്കുന്നതിനുള്ള അവകാശം
d.നിയമാനുസൃതം അത്തരം സ്വത്തുക്കള്‍ നോക്കിനടത്തുന്നതിനുള്ള അവകാശം

അനുച്ഛേദം 27: മതപരമായ കാര്യങ്ങള്‍ക്ക് വിനിയോഗിക്കുന്ന പണത്തെ നികുതിയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു

അനുച്ഛേദം 28: ചില പ്രത്യേക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ നിര്‍ദ്ദേശങ്ങളും ആരാധനകളും നടപ്പിലാക്കുന്നതിനുള്ള സ്വാതന്ത്ര്യം

1) സര്‍ക്കാര്‍ ഫണ്ടുകൊണ്ടു പ്രവൃത്തിക്കുന്ന സ്ഥാപനങ്ങളില്‍ മതബോധനം നടത്താന്‍ പാടുള്ളതല്ല
2) അനുച്ഛേദം 28-ന്റെ ഒന്നാം ഉപവകുപ്പില്‍ പറഞ്ഞിട്ടൂള്ളതൊന്നും സര്‍ക്കാര്‍ നടത്തുന്നതും മതബോധനം അവശ്യമായിട്ടൂള്ള ഏതെങ്കിലും സമിതി സ്ഥാപിച്ചിട്ടൂള്ളതുമായ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ല.
3) സര്‍ക്കാര്‍ അംഗീകരിച്ചിട്ടൂള്ളതോ ധനസഹായം ലഭിക്കുന്നതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മതബോധനത്തിന് വിദ്യാര്‍ഥിയുടേയോ വിദ്യാര്‍ഥി പ്രായപൂര്‍ത്തിയായിട്ടില്ലെങ്കില്‍ കുട്ടിയുടെ മാതപിതാക്കളുടെയോ സമ്മതം ആവശ്യമാണ്.

സാംസ്‌കാരിക-വിദ്യാഭ്യാസ അവകാശങ്ങള്‍ (അനുച്ഛേദം 29-30)

അനുച്ഛേദം 29: ന്യൂനപക്ഷ വിഭാഗങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടത്

1) സ്വന്തമായി ഭാഷയോ, ലിപിയോ, സംസ്‌കാരമോ ഉള്ള ഇന്ത്യയിലെ ഏതൊരു വിഭാഗത്തിനും അത് സംരക്ഷിക്കാനുള്ള അവകാശമുണ്ട്.
2) സര്‍ക്കാര്‍ നടത്തുന്നതോ ധനസഹായം ലഭിക്കുന്നതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതം, വംശം, ജാതി, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നിഷേധിക്കുവാന്‍ പാടുള്ളതല്ല.

അനുച്ഛേദം 30: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനും നടത്തുന്നതിനും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള അവകാശം

1) മതന്യൂനപക്ഷങ്ങള്‍ക്കും ഭാഷാന്യൂനപക്ഷങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനും നടത്താനും അവകാശമുണ്ട്
1A)മേല്‍പ്പറഞ്ഞതുപോലെയുള്ള ഏതെങ്കിലും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെങ്കില്‍ നിശ്ചയിക്കുന്ന തുക മേല്‍പറഞ്ഞ അവകാശത്തെ നിഷേധിക്കുന്നതാവരുത്.
2) ഇത്തരം സ്ഥാപനങ്ങള്‍ക്ക് സംസ്ഥാനം സാമ്പത്തിക സഹായം നല്കുന്നുണ്ടെങ്കില്‍, ഭാഷാ-മത ന്യൂനപക്ഷ മാനേജ്മെന്റിന്റെ കീഴിലെന്ന കാരണത്താല്‍ യാതൊരു വിവേചനവും കാണിക്കുവാന്‍ പാടില്ല.

അനുച്ഛേദം 31: സ്വത്തവകാശം (1978-ലെ 44-ാം ഭേദഗതി വഴി റദ്ദാക്കി). ഭരണഘടനാ അനുച്ഛേദം 19(f), 31 എന്നിവ പ്രകാരം മൗലികാവകാവകാശമായിരുന്ന സ്വത്തവകാശം നിലവില്‍ അനുച്ഛേദം 300A-യ്ക്ക് കീഴില്‍ നിയമപരമായ അവകാശമാണ്.

ഭരണഘടനാ പരിഹാരങ്ങള്‍ക്കായുള്ള അവകാശം (അനുച്ഛേദം 32-35)

മുകളില്‍ പ്രതിപാദിച്ചിട്ടുള്ള ഏതെങ്കിലും മൗലികാവകാശം ലംഘിക്കപ്പെടുന്ന പക്ഷം പൗരന് കോടതിവഴി ഇത് പുനഃസ്ഥാപിച്ചുകിട്ടാനുള്ള അവകാശം നല്‍കുന്ന ഭാഗമാണിത്.

അനുച്ഛേദം 32: മൂന്നാം ഭാഗത്തില്‍ പ്രതിപാദിച്ചിട്ടുള്ള അവകാശങ്ങള്‍ പ്രയോഗവല്‍കരിക്കുന്നതിനുള്ള / നേടിയെടുക്കുന്നതിനുള്ള ഇടപെടലുകള്‍. (1). മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നപക്ഷം ജനങ്ങള്‍ക്ക് നേരിട്ട് സുപ്രീംകോടതിയെ സമീപിക്കാനും (2). കോടതിക്ക് റിട്ടുകള്‍ പുറപ്പെടുവിക്കുന്നതുവഴി ഇവ പുനഃസ്ഥാപിക്കാനുള്ള അവകാശവും ഉറപ്പാക്കുന്നു.

അനുച്ഛേദം 33: മൂന്നാം ഭാഗത്തില്‍ പ്രതിപാദിച്ചിട്ടുള്ള അവകാശങ്ങള്‍ ഭേദഗതി ചെയ്യുന്നതിനു പാര്‍ലമെന്റിനുള്ള അധികാരം.

അനുച്ഛേദം 34: പട്ടാളനിയമം പ്രാബല്യത്തിലിരിക്കുമ്പോള്‍ മൗലികാവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണങ്ങളെ സംബന്ധിച്ച്.

അനുച്ഛേദം 35: മൂന്നാം ഭാഗത്തിലെ പ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ടുള്ള/ ഇടപെട്ടുള്ള പാര്‍ലമെന്റിന്റെ നിയമനിര്‍മ്മാണാധികാരം.

ഈ അവകാശങ്ങള്‍ ഇന്ത്യക്കാര്‍ക്ക് മാത്രം

ഇന്ത്യന്‍ ഭരണഘടനയില്‍ നല്‍കിയിട്ടുള്ള മൗലികാവകാശങ്ങളില്‍ ചിലത് ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമായി നല്‍കിയിട്ടുള്ളവയാണ്. വിദേശത്തുനിന്ന് വന്നവര്‍ക്കും ലഭ്യമാകുന്ന അവകാശങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. അനുച്ഛേദം 14, 20, 21, 21A, 22, 23, 24, 25, 26, 27, 28 എന്നിവ നല്‍കുന്ന അവകാശങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കുന്നതാണ്. ഐക്യരാഷ്ട്രസഭയുടെ 1948ലെ മനുഷ്യാവകാശ പ്രഖ്യാപനവുമായി അടുത്തുനില്‍ക്കുന്നവയാണിവ.

അനുച്ഛേദം 15, 16, 19, 29, 30 എന്നിവ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമായി നല്‍കുന്ന അവകാശങ്ങളെക്കുറിച്ചാണ് പറയുന്നത്. വോട്ടവകാശവും, തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനുള്ള അവസരവും, ഭരണഘടനാ സ്ഥാപനങ്ങളിലെ ഉന്നത പദവികള്‍ നിര്‍വഹിക്കാനുള്ള അവകാശവും/ അവസരവും ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമുള്ളതാണ്. തൊഴിലിടങ്ങളിലെ തുല്യതയും ന്യൂനപക്ഷാവകാശങ്ങളും ലഭിക്കുന്നതും ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമാണ്.

Content Highlights: Fundamental Rights in the Constitution of India