ന്ത്യന്‍ റിപ്പബ്ലിക്കും ഭരണഘടനയും നിലവില്‍വന്നിട്ട് ജനുവരി 26-ന് 71 വര്‍ഷം തികയുകയാണ്. ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ ഏഴുപതിറ്റാണ്ട് തീര്‍ച്ചയായും മതിയായ കാലയളവാണ്. ഇക്കാര്യത്തില്‍ നമ്മുടെ അനുഭവം ഏതാണ്ട് സമ്മിശ്രമാണ്.

ഒരര്‍ഥത്തില്‍, പൗരന്മാരുമായി സുദീര്‍ഘമായൊരു സംഭാഷണത്തിനാണ് ഭരണഘടന മുതിരുന്നത്. അത് മഹത്തായ പല ആശയങ്ങളും മുന്നോട്ടുവെക്കുന്നു: ജനാധിപത്യം, മതനിരപേക്ഷത, സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം, നീതി, ശാസ്ത്രബോധം തുടങ്ങിയ പലതും. ഇതൊക്കെയാണ് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അടിസ്ഥാനശിലകള്‍ എന്ന് വിവക്ഷ. സ്വാതന്ത്ര്യലബ്ധിയുടെ ആദ്യനാളുകളില്‍ ഇത്തരം ആശയങ്ങള്‍ക്ക് പ്രത്യേകിച്ച്, മതനിരപേക്ഷതയ്ക്കും ശാസ്ത്രബോധത്തിനും രാഷ്ട്രീയനേതൃത്വം വലിയ പ്രാധാന്യം കല്പിച്ചിരുന്നു. ജ്യോതിഷവിധിപ്രകാരം ജനുവരി 26 (1950) ശുഭകരമല്ലാത്തതിനാല്‍ റിപ്പബ്ലിക്ക്ദിന പ്രഖ്യാപനം മറ്റൊരു തീയതിയിലേക്ക് മാറ്റിവെക്കണമെന്ന രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദിന്റെ അഭ്യര്‍ഥന തള്ളിക്കളഞ്ഞ അന്നത്തെ ഭരണനേതൃത്വത്തിന്റെ തീരുമാനംതന്നെ ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം. പൊതുസ്ഥാപനങ്ങളുടെ ശിലാന്യാസംപോലും ഹൈന്ദവാചാരമനുസരിച്ച് നടത്തുന്ന ഇന്നായിരുന്നെങ്കില്‍ തര്‍ക്കം എങ്ങനെ പര്യവസാനിക്കുമെന്ന് ആലോചിച്ചുനോക്കുന്നത് രസകരമായിരിക്കും.

വലിയ മാറ്റങ്ങളുടെ നടുവിലാണ് ഇന്ന് നാം നില്‍ക്കുന്നത്. രാജ്യതലസ്ഥാനം കൊളോണിയല്‍ വാസ്തുവിദ്യയോട് വിടചൊല്ലാന്‍ ഒരുങ്ങുന്നു. പഴയ തൊഴില്‍-കാര്‍ഷിക നിയമങ്ങള്‍ പൊളിച്ചെഴുതിക്കഴിഞ്ഞു. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്, ഒരു റേഷന്‍ കാര്‍ഡ്, പ്രവാസികള്‍ക്ക് വോട്ടവകാശം ഇങ്ങനെ പലതും.

ചരിത്രം കുറിക്കലും തിരുത്തലും

രാഷ്ടീയമായി, സ്വാതന്ത്ര്യസമരത്തിലും ഭരണഘടന തയ്യാറാക്കുന്നതിലും നിര്‍ണായകപങ്കുവഹിച്ച കോണ്‍ഗ്രസ് ചരിത്രമായിക്കൊണ്ടിരിക്കുന്നു. അതിന്റെ സ്ഥാനത്ത് ഭാരതീയ ജനതാ പാര്‍ട്ടി ചരിത്രം തീര്‍ക്കുകയും ചരിത്രത്തെ തിരുത്തുകയും ചെയ്യുന്നു. കേന്ദ്രത്തിലും പല സംസ്ഥാനങ്ങളിലും ഒന്നില്‍ക്കൂടുതല്‍ തവണ അധികാരത്തില്‍ പ്രവേശിച്ചുകൊണ്ടാണ് ബി.ജെ.പി. ചരിത്രം തീര്‍ക്കുന്നതെങ്കില്‍, ചരിത്രം തിരുത്തുന്നത് പാഠപുസ്തങ്ങള്‍ തിരുത്തിക്കൊണ്ടാണ്. ഇതില്‍ ആദ്യത്തേതില്‍ പരിഭവിച്ചിട്ട് കാര്യമില്ല. ഒരു ജനാധിപത്യപ്രക്രിയയിലൂടെയാണ് ബി.ജെ.പി. അധികാരത്തിലെത്തിയത്.

ഓരോ സമൂഹവും അതിന്റെ ചരിത്രത്തിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കുകയും അതില്‍നിന്ന് പാഠമുള്‍ക്കൊള്ളുകയുമാണ് വേണ്ടത്. ചരിത്രത്തെ കൂടെക്കൂട്ടുമ്പോള്‍ത്തന്നെ അതിനെ അതിജീവിച്ച് മുന്നോട്ടുപോകാന്‍ സമൂഹത്തിന് കഴിയണം. ചരിത്രത്തിലെ 'തെറ്റുകള്‍ക്ക്' പ്രതിവിധി തേടാനാണ് വര്‍ത്തമാനകാലജീവിതത്തെ നാം ഉപയോഗിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പാഠപുസ്തകങ്ങളിലെ ചരിത്രവസ്തുതകള്‍ പുനഃപരിശോധിക്കാന്‍ വിദ്യാഭ്യാസകാര്യ പാര്‍ലമെന്ററി സമിതിയെ കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.

ജനകീയപ്രക്ഷോഭങ്ങള്‍

കഴിഞ്ഞവര്‍ഷത്തെപ്പോലെ ഇക്കുറിയും റിപ്പബ്ലിക്ദിനം ആഘോഷിക്കുന്നത് ഒരു വലിയ ജനകീയപ്രക്ഷോഭത്തിന്റെ നടുവിലാണ്. അന്ന് പൗരത്വനിയമ ഭേദഗതിയായിരുന്നു പ്രക്ഷോഭത്തിന് കാരണമായതെങ്കില്‍, ഇപ്പോള്‍ കാര്‍ഷികനിയമമാണ് പ്രശ്‌നത്തിന് വഴിവെച്ചിരിക്കുന്നത്. പ്രശസ്തചരിത്രകാരന്‍ ജെയിംസ് മില്ലറുടെ വാക്കുകള്‍ കടമെടുത്താല്‍, ജനാധിപത്യം തെരുവില്‍ നില്‍ക്കുന്നു. രണ്ടുസമരങ്ങളുടെയും ചുവരെഴുത്ത് ഒന്നുതന്നെ: ജനങ്ങളുടെ ജീവിതവും രാജ്യത്തെ നിയമങ്ങളും തമ്മിലുള്ള പൊരുത്തക്കേട്. തൊഴില്‍നിയമങ്ങളുടെ കാര്യത്തിലും ഇതേ പൊരുത്തക്കേട് നാം കണ്ടതാണ്.

യോജിപ്പും വിയോജിപ്പും

രാഷ്ട്രീയം വിയോജിപ്പിന്റെ കലയാണെന്ന വസ്തുത ഭരണകക്ഷി മറന്നുപോയിരിക്കുന്നു. നമുക്ക് ഇപ്പോഴുള്ളത് രാഷ്ട്രീയത്തില്‍നിന്നുള്ള സ്വാതന്ത്ര്യമാണ്. എല്ലാം ഒന്നിലേക്ക് ചുരുങ്ങുമ്പോള്‍ സംഭവിക്കുന്നതാണിത്. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി രാഷ്ട്രീയത്തെയും മൂല്യങ്ങളെയും എങ്ങനെ സമരസപ്പെടുത്താം എന്നതാണ്. എന്നാല്‍, പ്രതിയോഗിയെ പരാജയപ്പെടുത്തി ഏതുവിധേനയും അധികാരത്തിലെത്തുക എന്ന ഏക അജന്‍ഡയുമായാണ് ഓരോ രാഷ്ട്രീയപ്പാര്‍ട്ടിയും പ്രവര്‍ത്തിക്കുന്നത്. ഭരണഘടനാനിര്‍മാണസമിതിയില്‍ കരട് ഭരണഘടന അവതരിപ്പിച്ചുകൊണ്ട് ഡോ. ബി.ആര്‍. അംബേദ്കര്‍ പറഞ്ഞത് ഓര്‍മവരുന്നു: 'രാഷ്ടീയ ധാര്‍മികത ഒരിക്കലും സ്വയംഭൂ ആവുന്നില്ല, അത് സ്വയം ആര്‍ജിക്കേണ്ട ഒന്നാണ്. നമ്മുടെ ജനങ്ങള്‍ ഇനിയുമത് സ്വായത്തമാക്കിയിട്ടില്ല. അടിസ്ഥാനപരമായി, ജനാധിപത്യത്തിന് വളക്കൂറില്ലാത്ത ഇന്ത്യന്‍ മണ്ണില്‍ അത് മുകള്‍പ്പരപ്പില്‍ ഒതുങ്ങിനില്‍ക്കുന്നു'.