കോടതികളുടെയും ന്യായാധിപരുടെയും പരിപൂര്‍ണ നിഷ്പക്ഷതയെ ആളുകള്‍ സംശയിക്കുന്ന അവസ്ഥയെക്കാള്‍ വിനാശകരമായി മറ്റൊന്നുമില്ല എന്ന് ചിന്തകനായ എച്ച്.ജെ. ലാസ്‌കിയെ ഉദ്ധരിച്ചുകൊണ്ട് നിയമജ്ഞനായ ജെ.എ.ജി. ഗ്രിഫിത്ത് വ്യക്തമാക്കുകയുണ്ടായി. നീതിന്യായവ്യവസ്ഥയും രാഷ്ട്രീയവും തമ്മിലുള്ള നാഭീനാളബന്ധത്തെ വ്യക്തമാക്കുന്ന ഗ്രിഫിത്തിന്റെ ' നീതിന്യായസംവിധാനത്തിന്റെ രാഷ്ട്രീയം' (The politics of the Judiciary, 1977) സുധീരമായ ഒരു ധൈഷണികോദ്യമം ആയിരുന്നു. അതൊരു ചരിത്ര സത്യത്തിന്റെ സൈദ്ധാന്തിക വിശകലനമാണെന്നു വിചാരിക്കുന്നവരുണ്ട്; ഏകപക്ഷീയമായ വിമര്‍ശനമാണെന്നു കരുതുന്നവരും ഉണ്ട്.

പക്ഷേ, അധികാരഘടനയുടെ അകത്തുനിന്നുകൊണ്ടുമാത്രമേ കോടതികള്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ കഴിയൂ എന്നത് നിസ്തര്‍ക്കമാണ്. ജനാധിപത്യത്തിലായാലും, കോടതികളെ ഏറ്റവും അപകടം കുറഞ്ഞ ശാഖ (The least dangerous branch) എന്ന നിലയിലാണ് അലക്‌സാണ്ടര്‍ ഹാമില്‍ടണ്‍ വീക്ഷിച്ചത്. ശരിയാണ്, വിപ്ലവകരമായ കോടതി വിധികളെന്നെല്ലാം നാം പറയുമെങ്കിലും, ചരിത്രത്തില്‍ അത്രയേറെ വിപ്ലവങ്ങളൊന്നും കോടതി വിധികളിലൂടെ ഉണ്ടായിട്ടില്ല !

എന്നാല്‍, ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് ചില അടിസ്ഥാനപരമായ കടമകളും ഉത്തരവാദിത്വവും കോടതികള്‍ക്കുണ്ട്. കോടതികളുടെ അധികാരംപോലും ഈ കടമകള്‍ യഥാവിധി നിര്‍വഹിക്കുവാനുള്ള സങ്കേതം മാത്രമാണ്. ഭരണഘടനയുടെ കാവല്‍ക്കാരന്‍ എന്ന നിലയിലാണ് ഇന്ത്യന്‍ സുപ്രീംകോടതി പലപ്പോഴും വിശേഷിപ്പിക്കപ്പെട്ടത്. മൗലികാവകാശ സംരക്ഷണത്തിന്റെ കാര്യത്തില്‍ സുപ്രീംകോടതിക്കുള്ളതിനെപ്പോലെ, ചിലപ്പോള്‍ അതിനെക്കാള്‍ വലിയ പങ്കാണ് ഹൈക്കോടതികള്‍ക്കുള്ളത്. സാധാരണക്കാരുടെ നിയമപരവും നീതിസംബന്ധവുമായ വിഷയങ്ങളില്‍ പലപ്പോഴും ഇടപെടേണ്ടിവരിക, കീഴ്ക്കോടതികള്‍ക്കാണ്.

എന്നാല്‍, ജനാധിപത്യത്തിന്റെ സുവര്‍ണകാലങ്ങളില്‍ കോടതികള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നതിനെക്കാള്‍ പ്രധാനം, പ്രതിസന്ധി ഘട്ടങ്ങളിലെ നീതിന്യായ സംവിധാനത്തിന്റെ രൂപഭാവങ്ങള്‍ തന്നെയാണ്. സമത്വത്തെയും സ്വാതന്ത്ര്യത്തെയും മൗലികാവകാശങ്ങളെയും സംബന്ധിച്ച് നമ്മുടെ കോടതികള്‍ എന്തുപറഞ്ഞു എന്നതിനെക്കാള്‍ പ്രധാനം ഇവസംബന്ധിച്ച ഭരണഘടനാതത്വങ്ങളെ നിര്‍ണായക ഘട്ടങ്ങളില്‍ നമ്മുടെ കോടതികള്‍ എങ്ങനെ പ്രയോഗിച്ചു എന്നതാണ്.

അടിയന്തരാവസ്ഥക്കാലത്ത് കേന്ദ്രത്തിന്റെ അധികാരപ്രയോഗം പൗരന്മാരുടെ മൗലികാവകാശങ്ങളെ ധ്വംസിച്ചപ്പോള്‍ എ.ഡി.എം. ജബല്‍പുര്‍ കേസില്‍ (1976) സുപ്രീം കോടതിയിലെ ജസ്റ്റിസ് ഖന്ന ഒഴിച്ചുള്ള ന്യായാധിപന്മാര്‍ക്ക് പൗരന്മാരുടെ രക്ഷയ്‌ക്കെത്തുവാനായില്ല. ഈ വിധി തെറ്റാണെന്ന് സുപ്രീംകോടതി പറഞ്ഞത് 2017ല്‍ സ്വകാര്യതയെ സംബന്ധിച്ച പുട്ടസ്വാമി കേസില്‍ ആയിരുന്നു. നിര്‍ണായക ഘട്ടങ്ങളില്‍ ഗൗരവപ്പെട്ട തെറ്റുകള്‍ ചെയ്യുന്ന കോടതി, താരതമ്യേന ശാന്തമായ ചരിത്ര സന്ദര്‍ഭങ്ങളില്‍, പില്‍ക്കാലങ്ങളില്‍ അവ ഏറ്റുപറഞ്ഞിട്ടുണ്ട്. വ്യക്തിസ്വാതന്ത്ര്യം സംബന്ധിച്ച് എ.കെ.ഗോപാലന്‍ കേസില്‍ (1950) ഉണ്ടായ തെറ്റ്, സുപ്രീംകോടതി തിരുത്തിയത് ആര്‍.സി. കൂപ്പര്‍ കേസിലായിരുന്നു ഏതാണ്ട് രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം !.

പുതിയ പ്രതിസന്ധികള്‍

ചരിത്രം ഭയാനകമായ വിധത്തില്‍ ആവര്‍ത്തിക്കപ്പെട്ടു. ഇന്ദിരാഗാന്ധിയുടെയും പാര്‍ശ്വവ്യക്തികളുടെയും അടിയന്തരാവസ്ഥയെക്കാള്‍ മാരകമായിത്തീര്‍ന്നു, ഹിന്ദുവര്‍ഗീയതയുടെ കേഡറിസം കൊണ്ടുവന്ന പരോക്ഷ അടിയന്തരാവസ്ഥ. ഭിന്നാഭിപ്രായങ്ങളെ കുറ്റകൃത്യമായി കാണുന്ന സ്ഥിതി വന്നു. തെരുവിലെ വെടിവെപ്പുകളിലൂടെ ഭരണകൂടം പൗരന്മാരെ ഇല്ലാതാക്കിത്തുടങ്ങിയപ്പോള്‍, സര്‍വകലാശാലകളില്‍ ഗുണ്ടാവിളയാട്ടം പതിവായപ്പോള്‍, പോലീസ് ലജ്ജാകരമായ വിധത്തില്‍ നിഷ്‌ക്രിയമായപ്പോള്‍, നമ്മുടെ ഭരണഘടനാ കോടതികള്‍ പൊതുവേ നിശബ്ദവും നിസ്സഹായവും ആയി. എന്നാല്‍ പൗരത്വഭേദഗതി നിയമം സംബന്ധിച്ച പ്രതിഷേങ്ങളെ മര്‍ദിച്ചൊതുക്കുവാന്‍ ശ്രമിച്ച ഭരണകൂടത്തിനെതിരേ കര്‍ണാടക ഹൈക്കോടതിയില്‍ നിന്ന് ചില ഇടപെടലുകളുണ്ടായി. അതുപോലെ ചെന്നൈയില്‍ സമാധാനപരമായ പ്രതിപക്ഷറാലി സാധ്യമാക്കുന്നതിന് മദ്രാസ് ഹൈക്കോടതിയുടെ ഇടപെടലിനു കഴിഞ്ഞു.

ഇതെല്ലാമാണെങ്കിലും സമീപകാലത്ത് കേന്ദ്രം അതിന്റെ ഭൂരിപക്ഷ വാദത്തിലൂന്നിക്കൊണ്ട് പൗരന്റെ അവകാശങ്ങളെ ചവിട്ടിമെതിച്ചപ്പോള്‍ സുപ്രീംകോടതിയില്‍ നിന്ന് നാമമാത്രമായ ഇടപെടലുകള്‍ മാത്രമാണുണ്ടായത്. കശ്മീരില്‍ ഇന്റര്‍നെറ്റടക്കമുള്ള പൗരാവകാശങ്ങള്‍ വിധ്വംസിക്കപ്പെട്ടപ്പോള്‍ സത്വര നടപടികളൊന്നും സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. മാസങ്ങള്‍ക്ക് ശേഷം പറഞ്ഞ വിധിയിലാകട്ടെ, പൗരാവകാശം സംബന്ധിച്ച ചില പൊതുതത്ത്വങ്ങള്‍ പറഞ്ഞുവെങ്കിലും, പ്രതിസന്ധിഘട്ടത്തില്‍ കാണിച്ച നിര്‍വികാരതയ്ക്ക് അവയൊന്നും മതിയായ ന്യായീകരണമാകുന്നില്ല. കനയ്യകുമാറിന് പോലും ജാമ്യം നല്‍കാന്‍ കഴിയാതെ ലോകത്തെ ഏറ്റവും ശക്തമായ സുപ്രീം കോടതി മൗനം പൂണ്ടു. മുന്‍ ആഭ്യന്തരമന്ത്രി ചിദംബരത്തിന് നൂറില്‍പ്പരം ദിവസങ്ങള്‍ ജയിലില്‍ കിടക്കേണ്ടി വന്നത് കുറ്റപത്രംപോലും തയ്യാറാകാത്ത പതിറ്റാണ്ടില്‍പരം പഴക്കമുള്ള കേസിന്റെ പേരിലായിരുന്നു. നോട്ടുനിരോധനം മുതല്‍ പൗരത്വ ഭേദഗതി നിയമം വരെയുള്ള കാര്യങ്ങളിലൊന്നും യഥാസമയം ഇടപെടാന്‍ സുപ്രീംകോടതിക്ക് കഴിഞ്ഞില്ല. കഴിഞ്ഞിരുന്നുവെങ്കില്‍, ഈ രാജ്യത്തിന്റെ ചരിത്രം മറ്റൊരു വിധത്തിലാകുമായിരുന്നു !

ശബരിമലക്കേസില്‍ ഭരണഘടനാബെഞ്ച് പുറപ്പെടുവിച്ച വിധി അട്ടിമറിക്കപ്പെട്ടതെങ്ങനെയെന്ന ചോദ്യത്തിന് കോടതിക്ക് ചരിത്രത്തോട് വിശദീകരണം നല്‍കേണ്ടി വരും. പുനഃപരിശോധനയുമായി ബന്ധപ്പെട്ട അടിസ്ഥാന നിയമതത്ത്വങ്ങള്‍ പോലും ലംഘിക്കപ്പെട്ടപ്പോള്‍ കോടതിക്ക് സ്ഥാപനപരമായ കെട്ടുറപ്പും അച്ചടക്കവും തന്നെയാണ് നഷ്ടപ്പെട്ടത്. ശബരിമലക്കേസില്‍ ജയിച്ചതാരാണെന്നറിയില്ല; പക്ഷേ തോറ്റത് ഭരണഘടന തന്നെയാണ്.

രാഷ്ട്രീയരംഗത്തെ സുതാര്യതയെയും ശുദ്ധിയെയും നിരാകരിക്കുന്നു, തിരഞ്ഞെടുപ്പുകളെ പണപ്പയറ്റാക്കിത്തീര്‍ക്കുന്ന ഇലക്ടറല്‍ ബോണ്ടിന്റെ വിഷയം ഉന്നയിക്കപ്പെട്ടപ്പോഴും അത്യുന്നത കോടതി ഘനമൗനം പൂണ്ടു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഫലപ്രദമായി ഇടപെടാന്‍ അവസരമുണ്ടായിട്ടും സുപ്രീംകോടതി തയ്യാറായില്ല.

അയോധ്യാ വിധിയാകട്ടെ, സമ്പൂര്‍ണമായ ഭരണഘടനാ നിഷേധമായിത്തീര്‍ന്നു. പള്ളിപൊളിച്ചിടത്ത് ക്ഷേത്രനിര്‍മാണം നിര്‍ദേശിക്കപ്പെട്ടു. ഭരണഘടനാപരമായി, തത്ത്വത്തിലെങ്കിലും മതേതരത്വത്തിലൂന്നിക്കൊണ്ട് പ്രവര്‍ത്തിക്കേണ്ടുന്ന സര്‍ക്കാരിനോടു തന്നെയായിരുന്നു ഈ നിര്‍ദേശം എന്നത് നമ്മുടെ സംവിധാനങ്ങള്‍ക്കുണ്ടായ പതനത്തിന്റെ ആഴം വ്യക്തമാക്കുന്നു.

നീതിന്യായ സംവിധാനത്തെ മാത്രം ആശ്രയിച്ചുകൊണ്ട് ജനകീയ പ്രശ്‌നങ്ങള്‍ക്കോ ജനാധിപത്യത്തിന്റെ പ്രശ്‌നങ്ങള്‍ക്കോ പരിഹാരമുണ്ടാക്കാന്‍ കഴിയില്ലെന്ന് ജനസാമാന്യം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. തെരുവോരങ്ങളില്‍ കാണുന്ന, സമാധാനപരമായി പ്രതിഷേധിക്കുന്ന ജനസഹസ്രങ്ങള്‍ ഇക്കാര്യം കൂടിയാണ് വിളിച്ചുപറയുന്നത്.

മുന്നോട്ടു നോക്കുമ്പോള്‍

വ്യവഹാരങ്ങളിലൂടെയും നിയമനടപടികളിലൂടെയും മാത്രം ഭരണഘടനാ മൂല്യങ്ങളെയും പൗരാവകാശങ്ങളെയും സംരക്ഷിക്കാമെന്ന ധാരണ ശരിയല്ല. കോടതികളാണ് മൗലികാവകാശങ്ങളെ സംബന്ധിച്ച അവസാനവാക്കെന്ന് സാമാന്യജനങ്ങള്‍ വിശ്വസിക്കുന്നില്ല എന്ന് നിയമചിന്തകനായ മാര്‍ക്ക് ടഷ്‌നറ്റ് നിരീക്ഷിക്കുന്നുണ്ട്.

ടാഡയെയും പോട്ടയെയും യു.എ.പി. എ.യെയും പോലുള്ള കരിനിയമങ്ങളുടെ കാര്യത്തില്‍പോലും കാര്യമായിട്ടൊന്നും ചെയ്യാന്‍ കഴിയാതിരുന്ന ഇന്ത്യന്‍ സുപ്രീംകോടതി സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അതിന്റെ ബലഹീനതകളും പരാജയവും തന്നെയാണ് വ്യക്തമാക്കുന്നത്.

'ആത്മനിയന്ത്രണവും വിവേകവും നഷ്ടപ്പെട്ടു കഴിഞ്ഞ് ഒരു സമൂഹത്തെ രക്ഷിക്കാന്‍ ഒരു കോടതിക്കും കഴിയില്ല; എന്നാല്‍ അത്തരം സദ്ഗുണങ്ങളുള്ള ഒരു സമൂഹത്തിന് രക്ഷക്കായി ഒരു കോടതിയുടെയും ആവശ്യവുമില്ല'' എന്ന് അമേരിക്കന്‍ ന്യായാധിപനായ ലേണ്‍ഡ് ഹാന്‍ഡ് പറഞ്ഞിട്ടുണ്ട്.

(പുനഃപ്രസിദ്ധീകരണം)