രണഘടനാനിർമാണ സഭയിൽ വനിതകളെ ഉൾപ്പെടുത്തിയ ലോകത്തെ ആദ്യ രാജ്യം ഇന്ത്യയാണ്. അവകാശങ്ങൾക്കോ സമത്വത്തിനോ വേണ്ടിയുള്ള സമരങ്ങളും പ്രതിഷേധങ്ങളുമൊന്നും കൂടാതെയാണ് സ്ത്രീകൾക്ക് പ്രാതിനിധ്യം ലഭിച്ചത്. ആദ്യ ഭരണഘടനാനിർമാണസഭയിലെ 299 അംഗങ്ങളിൽ 15 പേർ സ്ത്രീകളായിരുന്നു. സ്ത്രീകൾ രാഷ്ട്രീയ, അധികാരകേന്ദ്രങ്ങളിൽനിന്ന് മാറ്റിനിർത്തപ്പെട്ടിരുന്ന കാലഘട്ടത്തിൽ മാറ്റത്തിലേക്കുള്ള പുതുപാത തെളിച്ചവരായിരുന്നു അവർ.

എന്നാൽ, ഇന്ത്യ റിപ്പബ്ലിക് ആയി 70 വർഷം പൂർത്തിയാക്കുമ്പോഴും ഈ 15 വനിതകളെക്കുറിച്ച് വളരെക്കുറച്ചുമാത്രം വിവരശേഖരണങ്ങളും ചരിത്രപഠനങ്ങളുമേ ഉണ്ടായിട്ടുള്ളൂ. അംബേദ്കറും നെഹ്രുവും പട്ടേലും രാജേന്ദ്ര പ്രസാദും ബാക്കി 280 പുരുഷന്മാരും തലയുയർത്തിനിൽക്കുന്ന ഭരണഘടനാസമിതിയുടെ ചരിത്രത്തിൽ നിഴലുകൾ മാത്രമായി ഒതുക്കിക്കളഞ്ഞ ഈ വനിതകളെ പരിചയപ്പെടാം.

തുല്യനീതി, തുല്യ അവകാശം, മനുഷ്യാവകാശം, വിവേചനത്തിനെതിരേയുള്ള അവകാശം, ബാല്യവിവാഹ നിരോധനം എന്നിങ്ങനെ ഒട്ടേറെ വിഷയങ്ങൾ ഭരണഘടനയിലുൾപ്പെടാൻ കാരണക്കാർ ഈ ധീരവനിതകളാണ്.

● ആനി മസ്ക്രീൻ ‌

സ്വാതന്ത്ര്യസമരസേനാനി, പാർലമെന്റംഗം. ജനിച്ചത് തിരുവനന്തപുരത്ത്. സർ.സി.പി. രാമസ്വാമി അയ്യരുടെ ഭരണത്തിനെതിരേ ശക്തമായ പ്രക്ഷോഭങ്ങൾ നയിച്ചു. കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ എം.പി.

● ദാക്ഷായണി വേലായുധൻ

സമിതിയിലെ ഏക ദളിത് സ്ത്രീയും ഏറ്റവും പ്രായം കുറഞ്ഞ അംഗവുംമായിരുന്നു ഈ 34-കാരി. കൊച്ചി രാജ്യത്തുനിന്നുള്ള പാർലമെന്റംഗം. ബിരുദം നേടിയ ആദ്യ ദളിത് സ്ത്രീകളിലൊരാൾ.

● മാലതി ചൗധരി

ഒഡീഷയിൽനിന്നുള്ള ലോക്‌സഭാ എം.പി. രവീന്ദ്രനാഥ് ടഗോറിന്റെ പ്രിയശിഷ്യ. ഉത്കൽ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ. സ്ത്രീകളുടെയും കുട്ടികളുടെയും വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നൽകി.

● രാജ്കുമാരി അമൃത് കൗർ

ഇന്ത്യയുടെ ആദ്യത്തെ ആരോഗ്യമന്ത്രി. പൊതുജനാരോഗ്യം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളിൽ ക്രിയാത്മകമായ മാറ്റങ്ങൾ കൊണ്ടുവന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകയും രാജ്യസഭാംഗവും.

● ഹൻസ മെഹ്ത

ബറോഡ ദിവാനായിരുന്ന മനുഭായ് മെഹ്തയുടെ മകൾ. ബോംബെയിൽനിന്നുള്ള രാജ്യസഭാംഗം. മൗലികാവകാശങ്ങളുടെ രൂപവത്കരണത്തിൽ വലിയ പങ്കുവഹിച്ചു. അറിയപ്പെടുന്ന വിദ്യാഭ്യാസ പ്രവർത്തക. ബറോഡ സർവകലാശാലയുടെ വൈസ് ചാൻസലർ. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മിഷൻ അംഗവും യുനെസ്കോ ബോർഡ് അംഗവുമായിരുന്നു.

● അമ്മു സ്വാമിനാഥൻ 

1894-ൽ പാലക്കാട് ജനിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ 1945-ൽ മദ്രാസ് നിയമസഭയിൽ എം.എൽ.എ.യായി. ലോക്‌സഭയിലും രാജ്യസഭയിലും അംഗമായി. അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയും ആയിരുന്നു.

● ബീഗം ഐസാസ് റസൂൽ

ഭരണഘടനാ നിർമാണ സമിതിയിലെ ഏക മുസ്‌ലിം വനിതാ സാന്നിധ്യം. മുസ്‌ലിം ലീഗ് പ്രവർത്തക. ഉത്തർപ്രദേശിൽനിന്നുള്ള പാർലമെന്റ് അംഗം.

● ദുർഗാബായ് ദേശ്‌മുഖ്

ആന്ധ്രാപ്രദേശിലെ രാജമൺഡ്രിയിൽനിന്നുള്ള അഭിഭാഷകയും സ്വാതന്ത്ര്യസമരസേനാനിയും. ഭരണഘടനാ നിർമാണ സമിതിയിലെ അധ്യക്ഷ പാനലിലെ ഒരേയൊരു സ്ത്രീ സാന്നിധ്യം. സാമൂഹിക ക്ഷേമ നിയമങ്ങളുടെ നിർമാണത്തിലെ നിർണായക ശക്തി.

● സുചേതാ കൃപലാനി

‘സാരേ ജഹാം സെ അച്ഛാ’ എന്ന ഗാനം പാർലമെന്റിൽ ഉറക്കെപ്പാടിയ വനിത. ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി. ഉത്തർപ്രദേശിൽനിന്നുള്ള ലോക്‌സഭാംഗവും.

● കമലാ ചൗധരി

54-ാം ഓൾ ഇന്ത്യാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്. ലഖ്നൗവിൽനിന്നുള്ള ലോക്‌സഭാംഗം.

● ലീലാ റോയ്

നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ അടുത്ത അനുയായി. രാജ്യസഭാംഗം. ഫോർവേഡ് ബ്ലോക്കിന്റെ ആദ്യ അധ്യക്ഷ.

● പൂർണിമാ ബാനർജി

അലഹാബാദ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി. ഉത്തർപ്രദേശിൽനിന്നുള്ള എം.എൽ.എ.. ഗ്രാമീണ മേഖലയുടെ വികസനത്തിനും കർഷക മുന്നേറ്റങ്ങൾക്കും നേതൃത്വം നൽകി. ട്രേഡ് യൂണിയൻ നേതാവുമായിരുന്നു.

● രേണുക റേ

സ്വാതന്ത്ര്യ സമര സേനാനിയും കോൺഗ്രസ് പ്രവർത്തകയും. ഓൾ ഇന്ത്യ വുമൺ കോൺഫറൻസ് അധ്യക്ഷ.

● സരോജിനി നായിഡു

ഇന്ത്യയുടെ വാനമ്പാടി. കവിയത്രിയും സ്വാതന്ത്ര്യ സമര നായികയും. ഒട്ടേറെ സ്ത്രീ മുന്നേറ്റങ്ങളുടെ അമരക്കാരി. സ്വാതന്ത്ര്യസമരകാലത്ത് വർഷങ്ങളോളം ജയിൽവാസമനുഭവിച്ചു.

● വിജയലക്ഷ്മി പണ്ഡിറ്റ്

കാബിനറ്റ് പദവി വഹിച്ച ഇന്ത്യയിലെ ആദ്യ വനിത. ജവാഹർലാൽ നെഹ്രുവിന്റെ സഹോദരി. ഐക്യരാഷ്ട്ര സഭാ ജനറൽ അസംബ്ലിയിലെ ആദ്യ വനിതാ അധ്യക്ഷ. ലോക്‌സഭാംഗം.