ന്ത്യന്‍ ജനാധിപത്യത്തിന്റെ 'വിശുദ്ധ ഗ്രന്ഥ'മാണ് ഭരണഘടന. ലോകത്തിന്നോളം എഴുതപ്പെട്ടതില്‍ വച്ചേറ്റവും വലിയ ഭരണഘടന 1950 ജനുവരി 26ന് നിലവില്‍ വന്നപ്പോള്‍, സ്വാതന്ത്ര്യത്തിനും സമത്വത്തിനുമെല്ലാമുള്ള അവകാശങ്ങളാണ് പൗരന് കല്‍പ്പിക്കപ്പെട്ടത്. എന്നാല്‍ പൗരന്മാര്‍ക്ക് അവകാശങ്ങള്‍ ഉറപ്പു നല്‍കുമ്പോഴും രാജ്യത്തോട് പാലിക്കേണ്ട ചില കടമകള്‍ ഭരണഘടനയില്‍ പ്രതിപാദിച്ചിരുന്നില്ല. ഇത് പരിഹരിക്കാനാണ് മൗലിക കര്‍ത്തവ്യങ്ങള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്. 

1976-ലെ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് 10 മൗലിക കര്‍ത്തവ്യങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗമാകുന്നത്. ഭരണഘടനയുടെ നാലാം ഭാഗത്തില്‍ അനുഛേദം 51-എ യിലാണ് ഈ കര്‍ത്തവ്യങ്ങളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. 2002-ലെ 86-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഒരു മൗലിക കര്‍ത്തവ്യം കൂടി ചേര്‍ക്കപ്പെട്ടു. രാജ്യത്തെ ഓരോ പൗരനും അനുഭവിക്കുന്ന മൗലികാവകാശങ്ങള്‍ക്ക് പകരമായി അവര്‍ക്ക് രാജ്യത്തോട് ഉണ്ടായിരിക്കേണ്ട കര്‍ത്തവ്യങ്ങള്‍ ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. പഞ്ചവല്‍സര പദ്ധതികളുടെ ആശയം കടംകൊണ്ട  സോവിയേറ്റ് യൂണിയനില്‍ നിന്ന് തന്നെയാണ് മൗലിക കര്‍ത്തവ്യമെന്ന ആശയവും ഇന്ത്യ സ്വീകരിച്ചത്്. പ്രധാനമായും 11 മൗലിക കര്‍ത്തവ്യങ്ങളാണ് ഇന്ത്യന്‍ ഭരണഘടനയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 

മൗലിക കര്‍ത്തവ്യങ്ങള്‍

a. ഭരണഘടനയെ അനുസരിക്കുകയും അതിന്റെ ആശയങ്ങളേയും സ്ഥാപനങ്ങളേയും ദേശീയ പതാകയേയും ദേശീയഗാനത്തേയും ആദരിക്കുകയും ചെയ്യുക. 

b. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള നമ്മുടെ ദേശീയ സമരത്തിന് പ്രചോദനം നല്‍കിയ മഹനീയാദര്‍ശങ്ങളെ പരിപോഷിപ്പിക്കുകയും പിന്തുടരുകയും ചെയ്യുക. 

c. ഭാരതത്തിന്റെ പരമാധികാരവും ഐക്യവും അഖണ്ഡതയും നിലനിര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുക. 

d. രാജ്യത്തെ കാത്തു സൂക്ഷിക്കുകയും ദേശീയ സേവനം അനുഷ്ഠിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ അനുഷ്ഠിക്കുകയും ചെയ്യുക. 

e. മതപരവും ഭാഷാപരവും പ്രാദേശികവും വിഭാഗീയവുമായ വൈവിധ്യങ്ങള്‍ക്കതീതമായി ഭാരതത്തിലെ എല്ലാ ജനങ്ങള്‍ക്കുമിടയില്‍ സൗഹാര്‍ദ്ദവും പൊതുവായ സാഹോദര്യമനോഭാവവും പുലര്‍ത്തുക. സ്ത്രീകളുടെ അന്തസ്സിന് കുറവു വരുത്തുന്ന ആചാരങ്ങള്‍ പരിത്യജിക്കുക.

f. നമ്മുടെ സമ്മിശ്ര സംസ്‌കാരത്തിന്റെ സമ്പന്നമായ പാരമ്പര്യത്തെ വിലമതിക്കുകയും നിലനിര്‍ത്തുകയും ചെയ്യുക.

g. വനങ്ങളും തടാകങ്ങളും നദികളും വന്യജീവികളും ഉള്‍പ്പെടുന്ന പ്രകൃത്യാ ഉള്ള പരിസ്ഥിതി സംരക്ഷിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ജീവികളോട് കാരുണ്യം കാണിക്കുകയും ചെയ്യുക.

h. ശാസ്ത്രീയമായ കാഴ്ചപ്പാടും മാനവികതയും, അന്വേഷണത്തിനും പരിഷ്‌കരണത്തിനുമുള്ള മനോഭാവവും വികസിപ്പിക്കുക.

i. പൊതുസ്വത്ത് സംരക്ഷിക്കുകയും ശപഥം ചെയ്ത് അക്രമം ഉപേക്ഷിക്കുകയും ചെയ്യുക.

j. രാഷ്ട്രം യത്‌നത്തിന്റെയും ലക്ഷ്യപ്രാപ്തിയുടേയും ഉന്നതതലങ്ങളിലേക്ക് നിരന്തരം ഉയരത്തക്കവണ്ണം വ്യക്തിപരവും കൂട്ടായതുമായ പ്രവര്‍ത്തനത്തിന്റെ എല്ലാ മണ്ഡലങ്ങളിലും ഉല്‍കൃഷ്ടതയ്ക്ക് വേണ്ടി അധ്വാനിക്കുക. 

k. ആറിനും പതിനാലിനും ഇടയ്ക്ക് പ്രായമുള്ള തന്റെ കുട്ടിക്കോ രക്ഷ്യബാലകനോ, അതതു സംഗതി പോലെ മാതാപിതാക്കളോ രക്ഷകര്‍ത്താവോ വിദ്യാഭ്യാസത്തിനുള്ള അവകാശം ഏര്‍പ്പെടുത്തുക.

42-ാം ഭേദഗതിയുടെ ചരിത്രം

1975-ലെ ആഭ്യന്തര അടിയന്തരാവസ്ഥക്കാലത്താണ് പൗരന്മാര്‍ക്കായുള്ള മൗലിക കര്‍ത്തവ്യങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ സജീവമാകുന്നത്. ഇതിന്റെ ഭാഗമായി 1976-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി സര്‍ദാര്‍ സ്വരണ്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ഒരു കമ്മിറ്റിക്ക് രൂപം നല്‍കി. ഭരണഘടനയില്‍ മൗലിക കര്‍ത്തവ്യങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും പഠിക്കുകയായിരുന്നു കമ്മിറ്റിയുടെ ദൗത്യം. 

മൗലിക കര്‍ത്തവ്യങ്ങള്‍ക്കായി പുതിയ അധ്യായം ഭരണഘടനയില്‍ കൂട്ടിചേര്‍ക്കണമെന്നായിരുന്നു കമ്മിറ്റി മുന്നോട്ട് വെച്ച നിര്‍ദേശം. ഈ നിര്‍ദേശം അംഗീകരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍, 1976-ല്‍ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ മൗലിക കര്‍ത്തവ്യങ്ങള്‍ക്ക് ഭരണഘടനയില്‍ ഇടം നല്‍കി. ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ അനുഭവിക്കുന്നതിനൊപ്പം രാജ്യത്തിനായി ചില കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാന്‍ പൗരന്മാരെ ബാധ്യസ്ഥരാക്കുക കൂടിയാണ് ഈ ഭേദഗതി ലക്ഷ്യം വെച്ചത്. 

1948-ലെ അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ അനുഛേദം 29 (1)-ല്‍ 'ഓരോരുത്തര്‍ക്കും സമൂഹത്തോട് ചില കര്‍ത്തവ്യങ്ങളുണ്ടെന്നും എങ്കില്‍ മാത്രമേ ആ വ്യക്തിയുടെ പൂര്‍ണവും സ്വതന്ത്രവുമായ വികാസം സാധ്യമാകൂ' വെന്നും പ്രതിപാദിക്കുന്നുണ്ട്. ഇതിന്റെ കൂടി വെളിച്ചത്തിലാണ് മൗലിക കര്‍ത്തവ്യം ഭരണഘടനയില്‍ ഉള്‍പ്പെടുത്തണമെന്ന് സ്വരണ്‍ സിങ് കമ്മിറ്റി നിര്‍ദേശം വെച്ചത്. 

നിര്‍ദേശക തത്വങ്ങള്‍ക്ക് സമാനമായി അനുഛേദം 51-എയില്‍ പറയുന്ന മൗലിക കര്‍ത്തവ്യങ്ങളും നിയമപരമായി പരിഹാരമില്ലാത്തവയാണ്. അതായത്, ഒരു ഇന്ത്യന്‍ പൗരന്‍ മേല്‍പ്പറഞ്ഞ മൗലിക കടമകള്‍ നിര്‍വഹിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയ്ക്ക് ആ വ്യക്തിക്കെതിരെ കേസെടുക്കാനാവില്ല. പക്ഷേ ആ കടമ ഒരു നിയമമായി പാര്‍ലമെന്റ് പാസാക്കിയിട്ടുണ്ടെങ്കില്‍ അത് പാലിക്കാത്തവരെ ശിക്ഷിക്കാന്‍ കോടതിക്ക് അധികാരമുണ്ട്. 1971-ല്‍ പാസാക്കിയ നാഷണല്‍ ഓണര്‍ ആക്ട്, 1976-ലെ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റെറ്റ്‌സ് ആക്ട്, 1972-ലെ വന്യജീവി സംരക്ഷണ നിയമം എന്നിവ മൗലിക കര്‍ത്തവ്യങ്ങളെ ആധാരമാക്കി പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങളാണ്. 

മൗലിക കര്‍ത്തവ്യങ്ങളും കേസുകളും

ചന്ദ്ര ഭവന്‍ ബോര്‍ഡിങ് v/s സ്റ്റേറ്റ് ഓഫ് മൈസൂര്‍ 

ഇന്ത്യന്‍ ഭരണഘടനയില്‍ മൗലികാവകാശങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് മുന്‍പ് നടന്ന കേസാണിത്. മിനിമം വേതന നിയമം നടപ്പാക്കണമോ വേണ്ടയോ എന്ന ചോദ്യവുമായി 1967ല്‍ സുപ്രീംകോടതിയിലെത്തിയ ഈ കേസില്‍ നിര്‍ണായകമായ നിരീക്ഷണങ്ങളാണ് കോടതി നടത്തിയത്. രാജ്യത്തെ പൗരന്മാര്‍ക്ക്് അവകാശങ്ങള്‍ മാത്രമല്ല, ചില കര്‍ത്തവ്യങ്ങള്‍ കൂടി കല്‍പ്പിച്ച് കൊടുക്കാന്‍ കഴിയാത്തത് ഇന്ത്യന്‍ ഭരണഘടനയുടെ പോരായ്മാണെന്ന് കോടതി വിമര്‍ശിച്ചു. ഭരണഘടനയുടെ ഭാഗം നാലില്‍ പറയുന്ന മാര്‍ഗ നിര്‍ദേശക തത്വങ്ങള്‍ ക്ഷേമ രാജ്യ നിര്‍മാണത്തിനാണ് പ്രാധാന്യം നല്‍കുന്നത്. എന്നാലിത് സാധ്യമാകണമെങ്കില്‍ നിര്‍ദേശക തത്വങ്ങളെ അടിസ്ഥാനപ്പെടുത്തി നിയമം പാസാക്കണമെന്നും കോടതി നിരീക്ഷിച്ചു. 

എയിംസ് സ്റ്റുഡന്റ്‌സ് യൂണിയന്‍ v/s എയിംസ് 

2001-ല്‍ സുപ്രീം കോടതി വിധി പറഞ്ഞ കേസ്സില്‍ ഏതെങ്കിലും റിട്ടുകള്‍ മുഖേനെ മൗലിക കര്‍ത്തവ്യങ്ങള്‍ നടപ്പാക്കാന്‍ സാധിക്കില്ലെങ്കിലും ഭരണഘടനാപരമായും നിയമപരമായും അവയ്ക്ക് പ്രാധാന്യമുണ്ടെന്ന് സുപ്രീംകോടതി മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. മൗലികാവകാശങ്ങള്‍ക്ക് സമാനമായ പ്രാധാന്യം മൗലിക കര്‍ത്തവ്യങ്ങള്‍ക്കുണ്ടെന്നും കോടതി നിരീക്ഷിച്ചു. 42-ാം ഭരണഘടനാ ഭേദഗതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത് പോലെ മൗലിക കര്‍ത്തവ്യങ്ങളുടെ പൂര്‍ണമായ അര്‍ത്ഥം മനസ്സിലാക്കണം എന്നും കോടതി പറഞ്ഞു. 

മോഹന്‍ കുമാര്‍ സിംഘാനിയ  യൂണിയന്‍ ഓഫ് ഇന്ത്യ

ഇന്ത്യന്‍ അഡ്മനിസ്‌ട്രേറ്റീവ് സര്‍വീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള ട്രെയിനിങ് കാര്യക്ഷമമല്ലാതാകുന്നതിനെ ചോദ്യം ചെയ്ത് 1992ല്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയാണിത്. അനുഛേദം 51എയിലെ (j) യുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലുള്ളവരുടെ പരിശീലനത്തിന് ഏറ്റവുമധികം പ്രാധാന്യം നല്‍കണമെന്ന് ജസ്റ്റിസ് രത്‌നവേലല്‍ പാണ്ഡ്യന്‍ കമ്മിറ്റി ഉത്തരവിട്ടു. രാഷ്ട്രം യത്‌നത്തിന്റെയും ലക്ഷ്യപ്രാപ്തിയുടേയും ഉന്നതതലങ്ങളിലേക്ക് നിരന്തരം ഉയത്തക്കവണ്ണം വ്യക്തിപരവും കൂട്ടായതുമായ പ്രവര്‍ത്തനത്തിന്റെ എല്ലാ മണ്ഡലങ്ങളിലും ഉല്‍കൃഷ്ടതയ്ക്ക് വേണ്ടി അധ്വാനിക്കണമെന്നാണ് അനുഛേദം 51എയിലെ (j) ല്‍ പരാമര്‍ശിക്കുന്നത്.

എം.സി മെഹ്ത (2) v/s യൂണിയന്‍ ഓഫ് ഇന്ത്യ

അനുഛേദം 51-എ (g)യെ അടിസ്ഥാനമാക്കി 1983-ല്‍ സുപ്രീം കോടതി വിധി പ്രഖ്യാപിച്ച കേസാണിത്.  രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രകൃതി സംരക്ഷണവും പരിപാലനവും ആഴ്ചയില്‍ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും പഠിപ്പിക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കമെന്നാണ് സുപ്രീം കോടതി വിധി. 

റൂറല്‍ ലിറ്റിഗേഷന്‍ ആന്‍ഡ് എന്‍ റ്റൈറ്റല്‍മെന്റ് കേന്ദ്ര v/s സ്റ്റേറ്റ് ഓഫ് ഉത്തര്‍ പ്രദേശ്

മസൂറിയിലെ മലനിരകളില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരെ റിട്ട് രൂപത്തില്‍ സുപ്രീം കോടതിയിലെത്തിയ കേസാണിത്. 1985-ലാണ് കോടതി ഈ കേസില്‍ വിധി പറയുന്നത്. അനുഛേദം 51എ (g) അനുസരിച്ച്, 'വനങ്ങളും തടാകങ്ങളും നദികളും വന്യജീവികളും ഉള്‍പ്പെടുന്ന പ്രകൃത്യാ ഉള്ള പരിസ്ഥിതി സംരക്ഷിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ജീവികളോട് കാരുണ്യം കാണിക്കുകയും ചെയ്യുക' എന്നത് സര്‍ക്കാരിന്റെ മാത്രമല്ല പൗരന്മാരുടെ കര്‍ത്തവ്യമാണെന്ന് കോടതി വ്യക്തമാക്കി. പ്രകൃതി സംരക്ഷിക്കുകയും പാരിസ്ഥിക സന്തുലനാവസ്ഥ നില നിര്‍ത്തുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പറഞ്ഞ കോടതി, മസൂറിയിലെ ഖനന കേന്ദ്രത്തില്‍ ഖനനത്തിന് നിരോധനം ഏര്‍പ്പെടുത്തി. 

 

Content Highlights: Fundamental Duties In Constitution of India