പൂക്കൾ വിതറിയ രാജപാതകളിലൂടെയല്ല, മുള്ളുകൾ നിറഞ്ഞ ഇരുണ്ട ഒറ്റയടിപ്പാതകളിലൂടെയുമാണ് സ്വതന്ത്രഭാരതം ചുവടുവെച്ചത്. കുന്നുകളും കുഴികളും താണ്ടി നീണ്ട സംവത്സരങ്ങൾകൊണ്ട് പുരോഗതിയുടെ തിളങ്ങുന്ന ദേശീയപാതകൾ സൃഷ്ടിക്കാൻ നമ്മുടെ മാതൃഭൂമിക്ക് വലിയൊരളവോളം കഴിഞ്ഞു. പതിറ്റാണ്ടുകൾനീണ്ട സഹനസമരത്തിലൂടെ, പറഞ്ഞുതീർക്കാനാവാത്ത ത്യാഗങ്ങളിലൂടെ ബ്രിട്ടീഷ് കൊളോണിയൽ ആധിപത്യത്തിൽനിന്ന് സ്വാതന്ത്ര്യം കൈവരിച്ചതോടെ പുതിയ സമരങ്ങളിലേക്ക് പ്രവേശിക്കേണ്ടിവന്നതാണ് ഇന്ത്യയുടെ അനുഭവം. കണ്ണീരും ചോരയും നിറഞ്ഞ വിഭജനകാലത്തെയും അതിജീവിച്ചാണ് ജനാധിപത്യ-മതനിരപേക്ഷ റിപ്പബ്ലിക്കായി നമ്മൾ മാറിയത്. ഒരു തോർത്തുമുണ്ടുമാത്രം ധരിച്ച് രാജ്യത്തെ നിസ്വകോടികൾക്കുവേണ്ടി ആസേതുഹിമാചലം പോർനയിച്ച രാഷ്ട്രപിതാവായ ബാപ്പുവിന്റെ ജീവൻ മതഭ്രാന്തരാൽ കവർന്നെടുക്കപ്പെട്ടത് സ്വാതന്ത്യ്രത്തിന്റെ വെളിച്ചംവന്ന് ആറുമാസംപോലുമാകുന്നതിന് മുമ്പാണ്.

‘കുഴിവെട്ടി മൂടുക വേദനകൾ, കുതികൊൾക ശക്തിയിലേക്ക് നമ്മൾ’ എന്ന കവിവാക്യംപോലെയായിരുന്നു ആദ്യ പ്രധാനമന്ത്രിയായ ജവാഹർലാലടക്കമുള്ള രാഷ്ട്രനേതാക്കൾ രാജ്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന്‌ ആഹ്വാനംചെയ്തത്. സാംസ്കാരികവും ഭാഷാപരവും മതപരവുമൊക്കെയായ വൈവിധ്യങ്ങൾ, അതിനെയെല്ലാം ഏകോപിപ്പിക്കുന്ന ദേശീയത- നാനാത്വത്തിൽ ഏകത്വം എന്ന മന്ത്രം സഹവർത്തിത്വത്തിന്റെയും പുരോഗതിയുടെയും അടിസ്ഥാനമായി ഉയർത്തിക്കാണിക്കപ്പെട്ടു. എന്നാൽ, അതിനെയെല്ലാം അട്ടിമറിക്കുന്ന സങ്കുചിത-വിഘടന വാദങ്ങൾ വലിയ പതനത്തിലേക്ക് നമ്മുടെ ജനതയെ തള്ളിയിടാൻ പലപ്പോഴായി ശ്രമിച്ചു. ആധുനികലോകത്തിന്റെ വെളിച്ചവും സഹിഷ്ണുതയും ഉൾക്കൊള്ളാനാവാത്തവിധം ഇടുങ്ങിയ മനസ്സുള്ളവരുടെ തേർവാഴ്ചകൾ ചിലപ്പോഴെങ്കിലും നമ്മെ തളർത്തി. ദീർഘകാലം പ്രധാനമന്ത്രിയായി ഇന്ത്യയുടെ ശബ്ദം ലോകത്ത് ഉച്ചത്തിൽ കേൾപ്പിച്ച, രാജ്യപുരോഗതിയിൽ വലിയ നേതൃശക്തിയായി വർത്തിച്ച ഇന്ദിരാഗാന്ധി, രാജ്യത്തെ ശാസ്ത്രസാങ്കേതികമേഖലയിൽ വൻ ശക്തിയാക്കാൻ നേതൃത്വംനൽകിയ, ജനാധിപത്യത്തിൽ യുവതയുടെ പങ്കാളിത്തം വർധിപ്പിക്കാനും അധികാരവികേന്ദ്രീകരണത്തിനും നിയമങ്ങൾ കൊണ്ടുവന്ന രാജീവ് ഗാന്ധി -ഏഴുവർഷത്തിനിടയിൽ ഈ രണ്ടുപേരുടെയും ജീവൻ ഭീകരവാദികൾ കവർന്നെടുത്തു. ബാബറി മസ്ജിദ് തകർക്കപ്പെടുകയും രാജ്യത്താകെ കലാപങ്ങൾക്കിടയാക്കുകയുംചെയ്ത സംഭവങ്ങൾ, മതത്തിന്റെയും ജാതിയുടെയും മറ്റ് സ്വത്വങ്ങളുടെയും പേരിലുള്ള സംഘർഷങ്ങളുടെ ആവർത്തനങ്ങൾ. എന്നിട്ടും നമ്മൾ മുന്നോട്ടുപോയി. പരിഷ്കൃതലോകത്ത് അന്യമാകേണ്ട ജാതിവെറികളും മതസങ്കുചിതത്വങ്ങളും ഉച്ചാടനം ചെയ്യുന്നതിൽ ഏഴുപതിറ്റാണ്ടുകഴിഞ്ഞിട്ടും മുന്നോട്ടുപോകാൻ സാധിച്ചോ എന്ന പരിശോധന ആവശ്യമാണ്.   റിപ്പബ്ലിക്കാവുന്ന ഘട്ടത്തിൽ പട്ടിണിയും പട്ടിണിമരണവും നിരക്ഷരതയും പകർച്ചവ്യാധിയും തലചായ്ക്കാനിടമില്ലായ്മയും ഉടുക്കാനില്ലായ്മയുമായിരുന്നു ഭൂരിപക്ഷത്തിന്റെയും അവസ്ഥ. ഭക്ഷ്യസുരക്ഷ കൈവരിക്കാൻ കഴിഞ്ഞെന്നുമാത്രമല്ല, ഭക്ഷ്യാവകാശനിയമത്തിലൂടെ എല്ലാവർക്കും ഭക്ഷണവും തൊഴിലുറപ്പിലൂടെ ചെറിയൊരളവെങ്കിലും ദാരിദ്ര്യനിർമാർജനവും യാഥാർഥ്യമായി. വിദ്യാഭ്യാസാവകാശത്തിലൂടെ സൗജന്യ സ്കൂൾ വിദ്യാഭ്യാസം, വിവരാവകാശത്തിലൂടെ ഭരണരംഗത്തെ സുതാര്യത -ഇങ്ങനെ ക്ഷേമരാഷ്ട്രത്തിന്റെ പടവുകൾ ഒന്നൊന്നായി കയറുന്നു. സ്വാതന്ത്യ്രം, ജനാധിപത്യം, സമത്വം, മതസൗഹാർദം, ബഹുസ്വരത എന്നീ അടിസ്ഥാനശിലകളിലാണ്  ഇന്ത്യൻ റിപ്പബ്ലിക്കിനെ എഴുപതുവർഷമായി കെട്ടിപ്പടുക്കുന്നത്. ബാബാ സാഹേബ് അംബേദ്കറും സംഘവും വിഭാവനംചെയ്ത സുശക്തമായ ഭരണഘടനയാണ് എല്ലാ വൈരുധ്യങ്ങളും വൈവിധ്യങ്ങളും നിറഞ്ഞ നമ്മുടെ രാജ്യത്തെ നേർപാതയിലൂടെ കുതിക്കാൻ പ്രേരിപ്പിക്കുന്നത്. ആ കുതിപ്പ്, പുരോഗതി അവിരാമം തുടരുമെന്ന് ഈ ദിനത്തിൽ പ്രതീക്ഷിക്കാം. മഹാകവി വള്ളത്തോൾ സ്വാതന്ത്യ്രസമരകാലത്ത് പാടിയത്‌ ആവർത്തിക്കാം:

‘പോരാ പോരാ നാളിൽ നാളിൽ ദൂരദൂരമുയരട്ടെ
ഭാരതക്ഷ്മാദേവിയുടെ തൃപ്പതാകകൾ...’