2016 ജൂണിലെ പ്രധാന സംഭവങ്ങള്‍ 


പി. ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍

sreerama krishnan

 

 • കേരള നിയമസഭയുടെ 22-ാമത് സ്പീക്കറായി സി.പി.എമ്മിലെ പി. ശ്രീരാമകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടു.

 

പുരുഷ കിരീടം  ദ്യോക്കോവിച്ചിന് 

Novak Djokovic

 • ജൂണ്‍ അഞ്ചിന് നടന്ന ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ഫൈനലില്‍ ബ്രിട്ടന്റെ രണ്ടാം സീഡ് ആന്‍ഡി മറെയെ പരാജയപ്പെടുത്തി സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ച് പുരുഷ വിഭാഗം സിംഗിള്‍സ് കിരീടം സ്വന്തമാക്കി.

 

പൗരന്മാര്‍ക്ക് അടിസ്ഥാന ശമ്പളം സ്വിസ് ജനത വോട്ടിനിട്ട് തള്ളി

Swiss Voters

 • തൊഴിലില്ലാത്തവര്‍ക്കുള്‍പ്പെടെ എല്ലാ പൗരന്മാര്‍ക്കും കുറഞ്ഞവേതനം ഉറപ്പാക്കാനുള്ള ആവശ്യം ഹിതപരിശോധനയില്‍ സ്വിസ് ജനത തള്ളിക്കളഞ്ഞു. 
 • മുതിര്‍ന്ന ഒരാള്‍ക്ക് പ്രതിവര്‍ഷം 30,000 ഡോളറും(20.01 ലക്ഷം രൂപയോളം), കുട്ടികള്‍ക്ക് 600 ഡോളറും (40,200 രൂപയോളം) കുറഞ്ഞവേതനമായി നല്‍കണമെന്നാവശ്യപ്പെട്ട് ഒരുലക്ഷത്തിലേറെപ്പേര്‍ സമരം നടത്തിയതോടെയാണ് ഈ ആവശ്യത്തില്‍ ഹിതപരിശോധന നടത്തിയത്. 
 • 76.9 ശതമാനം പേര്‍ നിര്‍ദേശത്തെ എതിര്‍ത്തു. 23.1 ശതമാനം പേര്‍ അനുകൂലിച്ചു.  

 


ഇന്ത്യ അമേരിക്കയുടെ പ്രതിരോധപങ്കാളി

Modi and obama

 • ഇന്ത്യയെ പ്രധാന പ്രതിരോധ പങ്കാളിയായി അമേരിക്ക അംഗീകരിച്ചു. 
 • ഇതോടെ പ്രതിരോധ മേഖലയിലെ വ്യാപാരത്തിലും സാങ്കേതികവിദ്യാ കൈമാറ്റത്തിലും അടുത്ത സഖ്യരാഷ്ട്രങ്ങളെപ്പോലെ യു.എസ്. ഇന്ത്യയെയും കരുതും. പ്രാധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കാ സന്ദര്‍ശനത്തിനിടെയായിരുന്നു പ്രഖ്യാപനം.

 

പ്രതിരോധപങ്കാളി: ചില ചിന്തകൾ / Read More....

 

കുസുമാജ്ഞലി സമ്മാനം

Award

 • എം.പി. വീരേന്ദ്രകുമാറിനും ഡോ. കുസും ഖെമാനിക്കും കുസമാഞ്ജലി സാഹിത്യ സമ്മാനം. 
 • പ്രശസ്ത ഹിന്ദി സാഹിത്യകാരി ഡോ. കുസും അന്‍സാലിന്റെ സ്മരണയ്ക്കായി കുസുമാഞ്ജലി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയതാണ് രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന പുരസ്‌കാരം. 
 • ഹിന്ദിയില്‍ നിന്നും മറ്റുഭാഷകളില്‍ നിന്നും ഓരോരുത്തരെയാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. 
 • 'ഡാന്യൂബ് സാക്ഷി'യെന്ന കൃതിക്കാണ് വീരേന്ദ്രകുമാറിന് പുരസ്‌കാരം. 'ലാവണ്യദേവി' എന്ന നോവലാണ് കുസും ഖെമാനിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

 

ഓസ്ട്രേലിയന്‍ ബാഡ്മിന്റണ്‍ ഓപ്പണ്‍ കിരീടം സൈനയ്ക്ക്

പോരിനൊരുങ്ങി സൈന

 • ഓസ്ട്രേലിയന്‍ ബാഡ്മിന്റണ്‍ ഓപ്പണ്‍ കിരീടം ഇന്ത്യയുടെ ഒന്നാം നമ്പര്‍താരം സൈനനേവാളിന്. 
 • സിഡ്നിയില്‍ ജൂണ്‍ 12-ന് നടന്ന ഫൈനലില്‍ ചൈനയുടെ സണ്‍ യൂവിനെയാണ് സൈന പരാജയപ്പെടുത്തിയത്.

 

വ്യോമയാന നയം

flight

 • കേന്ദ്ര സര്‍ക്കാര്‍ പുതിയ വ്യോമയാന നയം ജൂണ്‍ 17-ന് പ്രഖ്യാപിച്ചു. 
 • 50 കോടി മുതല്‍ 100 കോടി രൂപവരെ ചെലവു വരുന്ന ചെറുവിമാനത്താവളങ്ങള്‍ നിര്‍മിക്കും, 2025-ഓടെ 3.3 ലക്ഷം വിദഗ്ധര്‍ക്ക് തൊഴിലവസരങ്ങളുണ്ടാക്കും, തിരക്കേറിയ വിമാനത്താവളങ്ങളുടെ 150 കിലോമീറ്റര്‍ ചുറ്റളവില്‍ പുതിയ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങള്‍ അനുവദിക്കും, ഹെലികോപ്റ്റര്‍ ഉപയോഗം വര്‍ധിപ്പിക്കാനായി നാല് ഹെലികോപ്റ്റര്‍ ഹബ്ബുകള്‍ സ്ഥാപിക്കും തുടങ്ങിയവ പുതിയ നയത്തില്‍ ഇടം നേടി. 
 • രാജ്യാന്തര വിമാന സര്‍വീസ് തുടങ്ങുന്നതിന് അഞ്ചുവര്‍ഷത്തെ ആഭ്യന്തരപ്രവര്‍ത്തന പരിചയം വേണമെന്ന നിബന്ധന പുതിയ നയത്തില്‍ ഒഴിവാക്കി. പകരം 20 വിമാനങ്ങള്‍ സ്വന്തമായുള്ളവര്‍ക്കോ, മൊത്തം വിമാനങ്ങളിലെ സീറ്റുകളുടെ എണ്ണത്തിന്റെ 20 ശതമാനം ആഭ്യന്തര റൂട്ടിന് നീക്കിവെച്ചിട്ടുള്ള കമ്പനികള്‍ക്കോ രാജ്യാന്തര സര്‍വീസിന് അനുമതി ലഭിക്കുമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി. 
 • ഒരുമണിക്കൂര്‍ പറക്കുന്നതിന് 2500 രൂപയില്‍ താഴെ മാത്രമേ വിമാനക്കൂലി ഈടാക്കൂവെന്ന നിബന്ധനയും പുതിയ നയത്തിലുണ്ട്. 

 

വ്യോമയാനനയം: ഒരു മണിക്കൂര്‍ പറക്കാന്‍ പരമാവധി 2500 രൂപ

 

ലിങ്ക്ഡ് ഇന്‍ മൈക്രോസോഫ്റ്റിന്

LinkedIn

 • ബിസിനസ് അധിഷ്ഠിത സമൂഹമാധ്യമമായ ലിങ്ക്ഡ് ഇന്‍ മൈക്രോസോഫ്റ്റ് സ്വന്തമാക്കി. 
 • 2620 കോടി ഡോളറിനാണ് (1,75,000 കോടി രൂപയിലേറെ) ലിങ്ക്ഡ് ഇന്‍ മൈക്രോസോഫ്റ്റ് ഏറ്റെടുത്തത്. 
 • മൈക്രോസോഫ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയുടെ ഏറ്റെടുക്കലാണിത്. 
 • 2002-ല്‍ സ്ഥാപിതമായ ലിങ്ക്ഡ് ഇന്‍ 2003 മെയ് 5-നാണ് പ്രവര്‍ത്തനം തുടങ്ങിയത്.

 


ഇന്ത്യയുടെ സ്വന്തം പരിശീലന വിമാനം

7

 • യുദ്ധവിമാനങ്ങള്‍ പറത്തുന്നതില്‍ കര, നാവിക, വ്യോമസേന അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിന് ഇന്ത്യ സ്വന്തമായി നിര്‍മിച്ച ആദ്യ വിമാനം ജൂണ്‍ 17-ന് പരീക്ഷണ പറക്കല്‍ വിജയകരമാക്കി. 
 • ബെംഗളൂരു ആസ്ഥാനമായുള്ള ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സാണ് ഹിന്ദുസ്ഥാന്‍ ടര്‍ബോ ട്രെയിനര്‍ (എച്ച്.ടി.ടി.-40) എന്ന പരിശീലന വിമാനം 350 കോടിരൂപ ചെലവില്‍ പൂര്‍ത്തിയാക്കിയത്.

 

ആദ്യ വനിതാ യുദ്ധവിമാന പൈലറ്റുമാര്‍

women fighter pilots

 • ഇന്ത്യന്‍ പ്രതിരോധ സേനയില്‍ യുദ്ധവിമാനം പറത്തുന്നതിന് മൂന്ന് വനിതാ കേഡറ്റുകള്‍ യോഗ്യത നേടി. 
 • ഹൈദരാബാദിലെ ദുണ്ടിഗല്‍ വ്യോമസേനാ അക്കാദമിയില്‍ പഠനം പൂര്‍ത്തിയാക്കിയ മോഹന സിങ്, അവനി ചതുര്‍വേദി, ഭാവനാകാന്ത് എന്നിവരാണ് യുദ്ധവിമാനം പറത്താന്‍ യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ വനിതകള്‍.

 

ആധാരം സ്വയമെഴുതാം

 • വസ്തുവകകള്‍ വില്‍ക്കുകയൊ വാങ്ങുകയൊ ചെയ്യുന്നവര്‍ക്ക് സ്വന്തമായി ആധാരമെഴുതാന്‍ അധികാരം നല്‍കിക്കൊണ്ട് സംസ്ഥാനസര്‍ക്കാര്‍ ജൂണ്‍ 14-ന് ഉത്തരവിറക്കി. 
 • ആധാരമെഴുതാന്‍ ലൈസന്‍സുള്ളവര്‍ക്കും അഭിഭാഷകര്‍ക്കുമായിരുന്നു ഇതുവരെ ആധാരമെഴുതാനുള്ള അധികാരം. 1958-ലെ നിയമം വഴിയാണ് ആധാരമെഴുത്തിന് ലൈസന്‍സ് ഏര്‍പ്പെടുത്തിയത്. 
 • ആന്ധ്രപ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, ഹരിയാണ, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ആധാരമെഴുത്ത് ലൈസന്‍സ് രീതി നേരത്തെ എടുത്തുകളഞ്ഞിരുന്നു.

 

ആധാരം സ്വയമെഴുതാം / Read More.....

 

ഒറ്റ വിക്ഷേപണം 20 ഉപഗ്രഹങ്ങള്‍

isro take off

 • 20 ഉപഗ്രഹങ്ങളെ ഒറ്റവിക്ഷേപണത്തില്‍ ബഹിരാകാശത്തെത്തിച്ച് ഒരു ചരിത്രനേട്ടംകൂടി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനം (കടഞഛ) സ്വന്തമാക്കി. 
 • ജൂണ്‍ 22-ന് ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ ബഹിരാകാശഗവേഷണ കേന്ദ്രത്തില്‍നിന്നാണ് പി.എസ്.എല്‍.വി. സി-34 ഉപയോഗിച്ച് 20 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചത്. 
 • 505 കിലോമീറ്റര്‍ അകലെ ഒരേ ഭ്രമണപഥത്തിലാണ് 20 ഉപഗ്രഹങ്ങളും വിക്ഷേപിച്ചത്. 
 • 727.5 കിലോഗ്രാം ഭാരമുള്ള കാര്‍ട്ടോസാറ്റ്-2 സി ഉള്‍പ്പെടെ 1,288 കിലോഗ്രാം ഭാരമാണ് പി.എസ്.എല്‍.വി. സി-34 വഹിച്ചത്. 
 • പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (പി.എസ്.എല്‍.വി) 36-ാമത്തെ ദൗത്യംകൂടിയാണിത്. 
 • ദൗത്യം വിജയിച്ചതോടെ ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാമതെത്തി.

 

ഉപഗ്രഹ വിക്ഷേപണത്തില്‍ ആധിപത്യം ഉറപ്പിച്ച് ഐഎസ്ആര്‍ഒ / Read More......... 

 

ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനു പുറത്ത് 

brexit

 • ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്നത് സംബന്ധിച്ച് ബ്രിട്ടനില്‍ നടന്ന ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന ആവശ്യം മുന്‍തൂക്കംനേടി. 
 • 52 ശതമാനം പേര്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന വാദത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 48 ശതമാനം പേര്‍ എതിര്‍ത്ത് വോട്ടുചെയ്തു. 72.2 ശതമാനമായിരുന്നു പോളിങ്.
 • 28 അംഗങ്ങളാണ് യൂറോപ്യന്‍ യൂണിയനിലുള്ളത്. ഹിത പരിശോധനാഫലം നടപ്പായാല്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകുന്ന ആദ്യ അംഗരാജ്യമാകും ബ്രിട്ടന്‍. 
 • ബ്രിട്ടന്‍ എക്‌സിറ്റ് എന്നതിന്റെ ചുരുക്കരൂപമായ ബ്രക്സിറ്റ് എന്ന പേരിലായിരുന്നു ഹിതപരിശോധന അറിയപ്പെട്ടത്.

 

ബ്രക്‌സിറ്റ്: ബ്രിട്ടന്‍ പുറത്തേക്ക്‌ / Read More.....

 

എന്‍.എസ്.ജിയില്‍ പ്രവേശനമില്ല

എൻ.എസ്‌.ജി. അംഗത്വം ഒരു നയതന്ത്രതിരിച്ചടി

 • ആണവസാമഗ്രി വിതരണ സംഘത്തില്‍ (Nuclear Suppliers Group-NSG)  അംഗത്വത്തിനുള്ള ഇന്ത്യയുടെ അപേക്ഷയില്‍ തീരുമാനമാകാതെ എന്‍.എസ്.ജി.യുടെ പ്ലീനറി സമ്മേളനം പിരിഞ്ഞു. 
 • ജൂണ്‍ 23, 24 തീയതികളിലായി ദക്ഷണികൊറിയയിലെ സോളിലായിരുന്നു സമ്മേളനം. 48 രാഷ്ട്രങ്ങള്‍ അംഗങ്ങളായ ഗ്രൂപ്പില്‍ ചൈനയുള്‍പ്പെടെ പത്ത് രാജ്യങ്ങള്‍ ഇന്ത്യയുടെ പ്രവേശനത്തെ എതിര്‍ത്തു. 
 • ആണവ നിര്‍വ്യാപനക്കരാറില്‍ ഒപ്പുവെച്ച രാജ്യങ്ങള്‍ക്ക് മാത്രമാണ് എന്‍.എസ്.ജി. അംഗത്വം നല്‍കുന്നത്. ഇന്ത്യ ഈ ഉടമ്പടിയില്‍ ഒപ്പുവെച്ചിട്ടില്ല. 
 • എന്‍.എസ്.ജി. ചട്ടപ്രകാരം എല്ലാ അംഗരാജ്യങ്ങളും അംഗീകരിച്ചാല്‍ മാത്രമേ പുതിയ അംഗത്തിന് പ്രവേശനം ലഭിക്കൂ.
 • അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജപ്പാന്‍, മെക്‌സിക്കോ എന്നിവയുള്‍പ്പെടെ 38 രാജ്യങ്ങള്‍ ഇന്ത്യയെ അനുകൂലിച്ചപ്പോള്‍ ചൈന, സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്ട്രിയ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, അയര്‍ലന്‍ഡ്, ന്യൂസീലന്‍ഡ്, തുര്‍ക്കി എന്നിവ എതിര്‍ത്തു.

 

എൻ.എസ്‌.ജി. അംഗത്വം / Read More.....

 


കോപ്പയില്‍ ചിലി

Nicolas Gaitan

 • കോപ്പ അമേരിക്ക ഫുട്ബോളില്‍ ചിലി കിരീടം നേടി. ഫൈനലില്‍ അര്‍ജന്റീനയെയാണ് ചിലി പരാജയപ്പെടുത്തിയത്. 
 • ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ നാല് ഗോളിനായിരുന്നു വിജയം. 
 • അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസ്സിയും ബെനേഗയും കിക്ക് പാഴാക്കിയത് അര്‍ജന്റീനയ്ക്ക് തിരിച്ചടിയായി. 
 • കോപ്പ ഫൈനലില്‍ അര്‍ജന്റീനയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. 
 • ചിലി തുടര്‍ച്ചയായി രണ്ടാംതവണയാണ് കോപ്പകിരീടം നേടുന്നത്. കൊളംബിയയാണ് ഇത്തവണ മൂന്നാം സ്ഥാനത്ത്.
 • രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതായി മെസ്സിയുടെ പ്രഖ്യാപനം

കോപ്പ അമേരിക്ക (Special Page / Read More.......)

അര്‍ജന്റീന ടീമില്‍ എന്റെ കാലം കഴിഞ്ഞിരിക്കുന്നു - മെസ്സി (Special Page / Read More.......)

 

 

 

എം.ടി.സി.ആറില്‍ ഇന്ത്യ 35-ാമത് അംഗം

Missile

 • മിസൈല്‍ സാങ്കേതിവിദ്യാ നിയന്ത്രണസംഘത്തില്‍ (Missile Technology Cotnrol Regime-MTCR) 35ാമത് അംഗമായി ഇന്ത്യയെ ജൂണ്‍ 27-ന് ഉള്‍പ്പെടുത്തി. 
 • ഇന്ത്യയുടെ പ്രവേശനത്തോട് എതിര്‍പ്പറിയിക്കാനുള്ള സമയം ജൂണ്‍ ആറിന് അവസാനിച്ചിരുന്നു. കൂട്ടായ്മയിലെ 34 അംഗരാജ്യങ്ങളിലാരും എതിര്‍പ്പുന്നയിച്ചില്ല. 
 • അത്യന്താധുനിക മിസൈല്‍ സാങ്കേതിക വിദ്യ വാങ്ങാനും ഉപയോഗിക്കാനും ഈ അംഗത്വം ഇന്ത്യക്ക് സഹായകരമാകും.

 

നാവികസേനയ്ക്ക് വരുണാസ്ത്രം 

varunastra

 

 • ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഭാരമേറിയ ടോര്‍പ്പിഡോയാണ് വരുണാസ്ത്രം. 
 • ജൂണ്‍ 29-ന് ഇത് നാവികസേനയുടെ ആയുധശേഖരത്തിന്റെ ഭാഗമായി. മുങ്ങിക്കപ്പലുകള്‍ക്കും കപ്പലുകള്‍ക്കുമെതിരെ വെള്ളത്തില്‍ക്കൂടി പ്രയോഗിക്കാവുന്ന മിസൈല്‍രൂപത്തിലുള്ള ആയുധമാണ് ടോര്‍പിഡോ. 
 • ഡിഫന്‍സ് റിസര്‍ച്ച് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ നേവല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിക്കല്‍ ലബോറട്ടറിയാണ് ഇത് വികസിപ്പിച്ചത്.

 

സ്വവര്‍ഗപ്രണയികള്‍ ട്രാന്‍സ്ജന്‍ഡര്‍ അല്ല

sc

 • സ്വവര്‍ഗപ്രേമികളെയും ഉഭയലിംഗ ആഭിമുഖ്യമുള്ളവരെയും ട്രാന്‍സ്ജന്‍ഡറുകളായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി ജൂണ്‍ മുപ്പതിന് വ്യക്തമാക്കി. 
 • ട്രാന്‍സ്ജന്‍ഡറുകളെ മാത്രമേ മൂന്നാംലിംഗക്കാരയി കണക്കാക്കൂ എന്നും കോടതി അറിയിച്ചൂ. 2014-ലാണ് ട്രാന്‍സ്ജന്‍ഡറുകള്‍ മൂന്നാംലിഗമാണെന്ന് കോടതി പറഞ്ഞത്. സര്‍ക്കാര്‍ ഫോമുകളില്‍ മൂന്നാംലിംഗം എന്ന കോളം ഉള്‍പ്പെടുത്തണമെന്നും നിഷ്‌കര്‍ഷിച്ചു. 
 • ട്രാന്‍സ്ജന്‍ഡറുകള്‍കളെ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗമായി കണ്ട് സംവരണം നല്‍കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, വിധിയിലെ ഒരു ഖണ്ഡികയില്‍ സ്വവര്‍ഗ പ്രേമികളെയും ഉഭയലിംഗക്കാരെയും ട്രാന്‍സ്ജന്‍ഡറുകള്‍ക്കൊപ്പം പെടുത്തിയിരിക്കുന്നതിനാല്‍ ആശയക്കുഴപ്പമുണ്ടെന്നും വിധി നടപ്പാക്കാനാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.


വിടപറഞ്ഞവര്‍

കാവാലം നാരായണപ്പണിക്കര്‍

കാലം കാവാലം

 • മലയാളത്തിലെ തനതുനാടകവേദിയുടെ ശില്പി കാവാലം നാരായണപ്പണിക്കര്‍ (88) ജൂണ്‍ 26-ന് തൃക്കണ്ണാപുരത്ത് അന്തരിച്ചു. 
 • നാടകകൃത്ത്, സംവിധായകന്‍, കവി, സംഗീതജ്ഞന്‍ തുടങ്ങിയ നിലകളില്‍ ശ്രദ്ധേയനായിരുന്നു. 
 • ആലപ്പുഴ കുട്ടനാട്ടില്‍ 1928 ഏപ്രില്‍ 28-നായിരുന്നു ജനനം. സാക്ഷി, തിരുവാഴിത്താന്‍, ദൈവത്താര്‍, അവനവന്‍കടമ്പ, കരിംകുട്ടി, കൈക്കുറ്റപ്പാട് തുടങ്ങിയവയാണ് കാവാലത്തിന്റെ പ്രശസ്ത നാടകങ്ങള്‍. 
 • സംഗീതനാടക അക്കാദമി മുന്‍ പ്രസിഡന്റായിരുന്നു. 
 • 2007-ല്‍ പദ്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു. നാടകചക്രം എന്ന കൃതിക്ക് 1975-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും 2009-ല്‍ വള്ളത്തോള്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

 

ആചാര്യന്‍ അരങ്ങൊഴിഞ്ഞു (Special Page / Read More........)

 

 

മുഹമ്മദാലി

Muhammad Ali Hospitalized

 • ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി (74) ജൂണ്‍ 4-ന് അരിസോണയിലെ ഫീനിക്സില്‍ അന്തരിച്ചു. 
 • അമേരിക്കയിലെ കെന്റക്കിയിലെ ലൂയിസ് വില്ലെയില്‍ 1942-ലായിരുന്നു ജനനം. കാഷ്യസ് ക്ലേ ജൂനിയര്‍ എന്നായിരുന്നു ആദ്യ കാല പേര്. 
 • 1954-ല്‍ 12-ാം വയസ്സില്‍ ബോക്സിങ് താരമായി. 1960-ല്‍ 18-ാം വയസ്സില്‍ അമേരിക്കയ്ക്കു വേണ്ടി റോം ഒളിമ്പിക്സില്‍ സ്വര്‍ണം നേടി.
 • 1964-ല്‍ 22-ാമത്തെ വയസ്സില്‍ സോണി ലിസ്റ്റനെ തോല്‍പിച്ച് ലോക ഹെവിവെയ്റ്റ് ചാമ്പ്യനായി. ഇതിനുശേഷമാണ് ഇസ്ലാം മതം സ്വീകരിച്ച് മുഹമ്മദ് അലി എന്ന് പേരു മാറ്റിയത്. 
 • മൂന്ന് ഹെവിവെയിറ്റ് കിരീടത്തിനുടമയായ ആദ്യ ബോക്സറാണ് മുഹമ്മദ് അലി. 
 • 2005-ല്‍ അമേരിക്കയുടെ പരമോന്നത ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം ലഭിച്ചു

 

ഇടിക്കൂട്ടിലെ ഇതിഹാസം (Special Page / Read More.....)

 

തയ്യാറാക്കിയത്: വൈശാഖ് വര്‍മ്മ