പ്രകാശം പ്രാപഞ്ചിക സ്ഥിരാങ്കമാണെന്ന് ഐന്‍സ്റ്റൈന്റെ സിദ്ധാന്തം ചോദ്യംചെയ്യപ്പെട്ടതിനും പീരിയോഡി ടേബിളില്‍ പുതിയ നാല് അംഗങ്ങള്‍ കൂടി ഇടംപിടിക്കുന്നതിനും സൗരയൂഥത്തിനരികില്‍ ഭൂമിക്ക് സമാനമായ ഒരു ഗ്രഹമുണ്ടെന്ന കണ്ടെത്തിലിനും മനുഷ്യജീനിന്റെ എഡിറ്റിങിനും ജനിതകമായി മാതാപിതാക്കള്‍ മൂന്നുള്ള ആദ്യ കുട്ടി പിറക്കുന്നതിനും 2016 സാക്ഷ്യം വഹിച്ചു. 

സൗരയൂഥത്തില്‍ ഒരു ഒന്‍പതാംഗ്രഹത്തിന് സാധ്യത കല്‍പ്പിക്കപ്പെട്ടതും പോയ വര്‍ഷമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സ്‌ക്രാംജെറ്റ് പരീക്ഷണം വിജയകരമായി നടത്തിയതാണ് ഏറ്റവും ശ്രദ്ധേയമായ മുന്നേറ്റം. അതിചാലകത എന്ന മേഖലയില്‍ വലിയ സാധ്യത തുറക്കുന്ന പുതിയ കണ്ടെത്തല്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ നടത്തി എന്നതും 2016 നെ ശ്രദ്ധേയമാക്കുന്നു. 

1. ഗുരുത്വതരംഗങ്ങള്‍

ഗുരുത്വതരംഗങ്ങള്‍

നൂറുവര്‍ഷമായി ശാസ്ത്രലോകത്തിന് പിടികൊടുക്കാതെ നിന്ന ഗുരുത്വതരംഗത്തിന്റെ സാന്നിധ്യം 2016 ല്‍ സ്ഥിരീകരിച്ചു. പുതിയ നൂറ്റാണ്ടില്‍ ഹിഗ്ഗ്‌സ് ബോസോണിന്റെ കണ്ടെത്തല്‍ പോലെ സുപ്രധാനമായ മറ്റൊരു മുന്നേറ്റമായി ഇത് വിലയിരുത്തപ്പെടുന്നു. 1915ല്‍ സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തില്‍ ഐന്‍സ്റ്റൈന്‍ പ്രവചിച്ചതാണ് ഗുരുത്വതരംഗങ്ങളുടെ കാര്യം. നൂറുവര്‍ഷം കഴിഞ്ഞ് അത് കണ്ടെത്തുമ്പോള്‍, പ്രപഞ്ചപഠനത്തില്‍ പുതിയ വാതായനം തുറക്കുകയാണ് ശാസ്ത്രലോകം. 

ഗുരുത്വതരംഗങ്ങള്‍ കണ്ടുപിടിക്കാന്‍ 24 വര്‍ഷംമുമ്പ് അമേരിക്കയില്‍ സ്ഥാപിച്ച 'ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്‌സര്‍വേറ്ററി' ( LIGO ) പരീക്ഷണമാണ് കണ്ടെത്തല്‍ നടത്തിയത് . ഏതാണ്ട് 130 കോടി വര്‍ഷംമുമ്പ് രണ്ട് വിദൂര തമോഗര്‍ത്തങ്ങള്‍ കൂട്ടിയിടിച്ചപ്പോള്‍ സ്ഥലകാലജ്യാമിതിയിലുണ്ടാക്കിയ പ്രകമ്പനം ഭൂമിയെ കടന്നുപോകുന്നത് മനസിലാക്കുകയാണ് ലിഗോ പരീക്ഷണം ചെയ്തത്. 31 ഇന്ത്യക്കാരടക്കം ആയിരത്തോളം ഭൗതികശാസ്ത്രജ്ഞരുടെ പതിറ്റാണ്ടുകള്‍ നീണ്ട പരിശ്രമം വേണ്ടിവന്നു ഗുരുത്വതരംഗങ്ങളുടെ കണ്ടെത്തലിന്. 

2. അതിചാലകത: പുതിയ കണ്ടെത്തലുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍

pic

അതിചാലകത അഥവാ സൂപ്പര്‍കണ്ടക്ടിവിറ്റി എന്ന പ്രതിഭാസത്തെ പുനര്‍നിര്‍വചിക്കാന്‍ പ്രേരിപ്പിക്കുന്ന കണ്ടെത്തല്‍ 2016 ല്‍ നടത്തിയത് മുംബൈയില്‍ 'ടാറ്റ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചി'ലെ ( TIFR ) ഗവേഷകനായ എസ്.രാമകൃഷ്ണനും സംഘവുമാണ്. ബിസ്മത്ത് ലോഹത്തിന്റെ അതിചാലക സ്വഭാവം കണ്ടെത്തി തെളിയിക്കുകയാണ് ഈ സംഘം ചെയ്തത്

താപനില മൈനസ് 273 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ത്തുമ്പോള്‍ ബിസ്മത്ത് അതിചാലകമായി മാറുന്നു എന്നാണ് കണ്ടത്. 'സയന്‍സ്' ജേര്‍ണലില്‍ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. 1957 ലെ 'ബാര്‍ഡീന്‍-കൂപ്പര്‍-ഫ്രീഷര്‍ (BCS) സിദ്ധാന്തം' ആണ് നിലവില്‍ അതിചാലകതയെന്ന പ്രതിഭാസം വിശദീകരിക്കാന്‍ നിലവിലുള്ള തിയറി. 

ഈ സിദ്ധാന്തമുപയോഗിച്ച് പക്ഷേ, ബിസ്മത്തിന്റെ അതിചാലക സ്വഭാവം വിശദീകരിക്കാനാവില്ല. ആ സിദ്ധാന്തം തന്നെ മാറ്റിയെഴുതാന്‍ പ്രേരിപ്പിക്കുന്ന മുന്നേറ്റമാണ് ഇന്ത്യന്‍ ഗവേഷകര്‍ നടത്തിയത്. 

3. 2016 ഏറ്റവും ചൂടേറിയ വര്‍ഷം

pc 3

ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷമാണ് 2016 എന്ന് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വിഭാഗമാണ് കണക്കുകൂട്ടിയത്. 2015നെ അപേക്ഷിച്ച് 1.2 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ് 2016ലെ താപനില എന്നാണ് കാലാവസ്ഥാ നിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്.

പസഫിക് സമുദ്രത്തിന് മുകളിലെ ഉഷ്ണക്കാറ്റാണ് കാര്യങ്ങള്‍ ഇങ്ങനെ മാറ്റിയതെന്ന് ഗവേഷകര്‍ പറയുന്നു. ലോകത്തെ ഭൂരിപക്ഷം സമുദ്രങ്ങള്‍ക്കും കടലുകള്‍ക്കും ചൂട് കൂടിയിരിക്കുകയാണെന്നും, സമുദ്ര ആവാസവ്യവസ്ഥകളെ ഇത് സ്വാധീനിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ആഗോളതാപനം ചെറുക്കുന്നതില്‍ രാജ്യങ്ങള്‍ പരാജയമാണെന്നും കാലാവസ്ഥാവിഭാഗത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു. 

4. പീരിയോഡിക് ടേബിളില്‍ പുതിയ നാല് മൂലകങ്ങള്‍ 

pic 4

നാല് പുതിയ മൂലകങ്ങള്‍ക്കൂടി ഉള്‍പ്പെടുത്തി ആവര്‍ത്തനപട്ടിക അഥവാ പീരിയോഡിക് ടേബിള്‍ വികസിപ്പിച്ചത് 2016 അവസാനമാണ്. നിഹോനിയം (Nh), മോസ്‌കോവിയം (Mc), ടെന്നസ്സിന്‍ (Ts), ഒഗനേസണ്‍ (Og) എന്നിവയാണ് പീരിയോഡിക് ടേബിളിലെത്തിയ പുതിയ അംഗങ്ങള്‍. 'ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് പ്യുവര്‍ ആന്‍ഡ് അപ്ലൈഡ് കെമിസ്ട്രി (IUPAC) ഇതിനുള്ള തീരുമാനമെടുത്തു. നാല് മൂലകങ്ങളും പ്രകൃതിയില്‍ തനതായി കണാപ്പെടുന്നവയല്ല, പരീക്ഷണശാലയില്‍ സൃഷ്ടിച്ചവയാണ്. ഏഷ്യയില്‍ പേരിടുന്ന ആദ്യമൂലകമായ നിഹോനിയം ഇതില്‍ ഉള്‍പ്പെടുന്നു എന്നത് ഒരു പ്രത്യേകതയാണ്. 

5. ജനിതകമായി മൂന്ന് മാതാപിതാക്കളുള്ള ആദ്യ കുഞ്ഞ് 

pic 5

ഒരു വിവാദ സങ്കേതമുപയോഗിച്ച് അമേരിക്കന്‍ ഗവേഷകരാണ് മൂന്ന് മാതാപിതാക്കളുള്ള ആണ്‍കുഞ്ഞിന് രൂപംനല്‍കിയത്. മൂന്നുപേരില്‍ നിന്നുള്ള ഡിഎന്‍എ ഉപയോഗിച്ചാണ് ഇത് സാധിച്ചത്. 

ജനിതകരോഗമായ ലേ സിന്‍ഡ്രോം ( Leighs yndrome ) ഉള്ള സ്ത്രീകള്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് മാരകമായ നാഡീരോഗം പിടിപെടാറുണ്ട്. അങ്ങനെ രണ്ട് കുഞ്ഞുങ്ങളെ നഷ്ടമായിട്ടുള്ള ഒരു സ്ത്രീയുടെ അണ്ഡത്തില്‍നിന്നെടുത്ത ന്യൂക്ലിയസ്, ഒരു ദാതാവിന്റെ ന്യൂക്ലിയസ് നീക്കംചെയ്ത അണ്ഡവുമായി സംയോജിപ്പിക്കുകയാണ്, യുഎസില്‍ ന്യൂ ഹോപ്പ് ഫെര്‍ട്ടിലിറ്റി സെന്ററിലെ ഡോ. ജോണ്‍ ഷാങ് ചെയ്തത്.

എന്നിട്ടത് പിതാവിന്റെ ബീജവുമായി ചേര്‍ത്ത് ഭ്രൂണമാക്കി കുഞ്ഞിന് ജന്മംനല്‍കുകയായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ മൂന്ന് മാതാപിതാക്കളുള്ള കുഞ്ഞ് പിറന്നു.

6. സ്‌ക്രാംജറ്റ്: ഐഎസ്ആര്‍ഒ പുതിയ ഉയരങ്ങളില്‍ 

pic 6

റോക്കറ്റ് വിക്ഷേപണത്തിന്റെ ചെലവ് പത്തിലൊന്നായി കുറയ്ക്കാന്‍ സഹായിക്കുന്ന പുതിയ റോക്കറ്റ് എഞ്ചിന്‍ ഐഎസ്ആര്‍ഒ വിജയകരമായി പരീക്ഷിച്ചത് കഴിഞ്ഞ ഓഗസ്റ്റ് അവസാനമാണ്. 'സൂപ്പര്‍ സോണിക് കന്യൂഷന്‍ റാം ജെറ്റ്' (സ്‌ക്രാംജെറ്റ്) എന്നറിയപ്പെടുന്ന ടെക്‌നോളജി സ്വായത്തമാക്കുന്ന നാലാമത്തെ രാജ്യമായി അതോടെ ഇന്ത്യ മാറി.

സാധാരണഗതിയില്‍ ഇന്ധനവും ജ്വലനസഹായിയും എഞ്ചിനില്‍ നിറച്ചാണ് വിക്ഷേപണം സാധ്യമാക്കുക. സ്‌ക്രാംജെറ്റിന്റെ കാര്യത്തില്‍ അന്തരീക്ഷത്തില്‍ നിന്നുള്ള ഓക്‌സിജന്‍ ഉപയോഗിച്ചാണ് ഇന്ധനത്തിന്റെ ജ്വലനം നടത്തുന്നത്. ഇത് എഞ്ചിന്റെ ഭാരം ഗണ്യമായി കുറയ്ക്കും, ചെലവും കറയും. 

7. പ്രകാശവേഗം: ഐന്‍സ്റ്റൈന്റെ സിദ്ധാന്തം വെല്ലുവിളിക്കപ്പെടുന്നു 

pic 7

ഒരു നൂറ്റാണ്ടുമുമ്പ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ രൂപംനല്‍കിയ ആപേക്ഷികതാസിദ്ധാന്തം പ്രകാരം പ്രപഞ്ചത്തിലൊന്നിനും പ്രകാശത്തെക്കാള്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാനാവില്ല. പ്രകാശവേഗം എന്നത് ഒരു പ്രാപഞ്ചിക സ്ഥിരാങ്കമാണ്. എന്നാല്‍ പ്രകാശവേഗം സ്ഥിരമല്ലെന്നും, പ്രപഞ്ചാരംഭത്തില്‍ പ്രകാശം ഇപ്പോഴത്തേതിലും വളരെയേറെ വേഗത്തില്‍ സഞ്ചരിച്ചിരുന്നുവെന്നും വാദിച്ച് രണ്ട് ഗവേഷകര്‍ രംഗത്തെത്തിയത് പോയ വര്‍ഷമാണ് .

മഹാവിസ്‌ഫോടനം വഴി പ്രപഞ്ചം രൂപപ്പെട്ട വേളയില്‍ പ്രകാശം അനന്തവേഗത്തില്‍ സഞ്ചരിച്ചിരിക്കാം എന്നാണ് ജോവ മഗ്വിജോ, നിയയേഷ് അഫ്‌ഷോര്‍ദി എന്നീ ഗവേഷകര്‍ വാദിക്കുന്നത്. പ്രപഞ്ചമാകെ വ്യാപിച്ചു കിടക്കുന്ന 'പ്രാപഞ്ചിക സൂക്ഷ്മതരംഗ പശ്ചാത്തലം' പരിശോധിച്ചാല്‍ തങ്ങളുടെ സിദ്ധാന്തത്തിന് തെളിവ് കിട്ടുമെന്ന് ഇരുവരും വാദിക്കുന്നു.

8. സൗരയൂഥത്തിനരികെ വാസയോഗ്യമായ ഒരു ഗ്രഹം 

pic 8

സൂര്യന്റെ തൊട്ട് അയല്‍പക്കമായ പ്രോക്‌സിമ സെന്റൗറിയെ ചുറ്റുന്ന ഭൂമിയെപ്പോലൊരു ഗ്രഹം ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തിയിത് കഴിഞ്ഞ വര്‍ഷമാണ്. സൂര്യനില്‍ നിന്ന് വെറും 4.2 പ്രകാശവര്‍ഷമകലെ സ്ഥിതിചെയ്യുന്ന ആ നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹത്തിന്റെ കാര്യം സ്ഥിരീകരിക്കാന്‍ ഗവേഷകര്‍ക്ക് 16 വര്‍ഷത്തെ നിരീക്ഷണം വേണ്ടിവന്നു. 

ഭൂമിയുടെ 1.3 മടങ്ങ് ദ്രവ്യമാനമുള്ള ശിലാഗ്രഹമാണ് 'പ്രോക്‌സിമ ബി'യെന്ന് പേരിട്ടിട്ടുള്ള ഗ്രഹം. അവിടെ ജലമുണ്ടായിരിക്കാനും വാസയോഗ്യമാകാനും സാധ്യതയേറെയാണെന്ന് ഗവേഷകര്‍ കരുന്നു.

9. മനുഷ്യരില്‍ ജീന്‍ എഡിറ്റിങ് 

pic

മനുഷ്യജീനുകളിലും എഡിറ്റിങ് സാധ്യമാണെന്ന് ശാസ്ത്രലോകം തെളിയിച്ച വര്‍ഷമാണ് 2016. 'സ്ഫുട്‌നികി'ന്റെ വിക്ഷേപണം എങ്ങനെയാണോ ബഹിരാകാശയുഗത്തിന് നാന്ദി കുറിച്ചത്, അതിന് തുല്ല്യമായ ഒന്നാണ് ('Sputnik 2.0' moment ) ചൈനീസ് ഗവേഷകര്‍ ആരംഭിച്ച ജീന്‍ എഡിറ്റിങ്ങെന്ന് ഒരു അമേരിക്കന്‍ ഗവേഷകന്‍ വിശേഷിപ്പിച്ചു. 

ശ്വാസകോശാര്‍ബുദം ബാധിച്ച ഒരാളുടെ കോശങ്ങളെടുത്ത്, നൂതനമായ CRISPR ജീന്‍-എഡിറ്റിങ് വിദ്യയുപയോഗിച്ച് അവ പരിഷ്‌ക്കരിച്ച് രോഗിയില്‍ തന്നെ പുനസ്ഥാപിക്കുകയാണ് ചൈനീസ് ക്യാന്‍സര്‍ ഗവേഷകര്‍ ചെയ്തത്. ചെങ്ദ്യുവില്‍ സിച്ചുവാന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇതിന് പിന്നില്‍. 10 അര്‍ബുദരോഗികളില്‍ ഈ പരീക്ഷണം ഇപ്പോള്‍ നടക്കുകയാണ്.

ഒരിനം ബാക്ടീരിയത്തിലെ രാസാഗ്നി ഉപയോഗിച്ച്, ഡിഎന്‍എ ഭാഗങ്ങള്‍ എടുക്കാനും സന്നിവേശിപ്പിക്കാനും മാറ്റം വരുത്താനും സാങ്കേതികമായി സാധ്യമാകുന്ന വിദ്യയാണ് CRISPR ജീന്‍ എഡിങ് സങ്കേതം. ഡിഎന്‍എയിലെ നിശ്ചിത ഭാഗങ്ങള്‍ ലോക്ക് ചെയ്യാനും മുറിക്കാനും കഷണങ്ങളാക്കാനും അങ്ങനെ ജിനോമില്‍ പരിഷ്‌ക്കരണങ്ങള്‍ വരുത്താനും ഈ വിദ്യ കൊണ്ട് സാധിക്കും. 

10. ജൂനോ പേടകം വ്യാഴത്തിനരികെ

pic 10

നാസയുടെ ജൂനോ പേടകം കഴിഞ്ഞ ജൂലായ് ആദ്യം വ്യാഴത്തിന്റെ ഭ്രമണപഥത്തിലെത്തി. വാതകഭീമനായ വ്യാഴഗ്രഹത്തെ അടുത്തുനിന്ന് നിരീക്ഷിക്കുകയും വ്യാഴത്തിന്റെ ഭീമമായ കാന്തികമണ്ഡലം മാപ്പുചെയ്യുകയുമാണ് ലക്ഷ്യം. ഗ്രഹത്തിന് സാന്ദ്രതയേറിയ അകക്കാമ്പുണ്ടോ എന്നറിയാന്‍ അതിന്റെ ഗുരുത്വബലവും പഠനവിധേയമാക്കും.