മെഹബൂബ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി

Mehbooba mufti

 • ജമ്മു കശ്മീരിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി.) അധ്യക്ഷ മെഹബൂബ മുഫ്തി ഏപ്രില്‍ 11-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. 
 • ഇതോടെ 11 മാസം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് അന്ത്യമായി. മെഹബൂബയ്‌ക്കൊപ്പം 23 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ബി.ജെ.പിയിലെ നിര്‍മല്‍ സിങ്ങാണ് ഉപമുഖ്യമന്ത്രി.
 • ജമ്മു കശ്മീരിന്റെ പതിമൂന്നാം മുഖ്യമന്ത്രിയാണ് അമ്പത്താറുകാരിയായ മെഹബൂബ.

 

100 കോടി ആധാര്‍

adhar

 • രാജ്യത്തെ 100 കോടിപ്പേര്‍ ആധാര്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി. ഏപ്രില്‍ നാലിന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 
 • അഞ്ചര വര്‍ഷം കൊണ്ടാണ് 100 കോടിപ്പേര്‍ക്ക് ആധാര്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കിയത്. ഇതോടെ രാജ്യത്തെ 93 ശതമാനം പേര്‍ ആധാര്‍ പരിധിയിലായി. 
 • 13 സംസ്ഥാനങ്ങളില്‍ 90 ശതമാനത്തിനു മുകളിലാണ് ആധാര്‍ രജിസ്ട്രേഷന്‍. 25.48 കോടി ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിച്ചു.

 

ഗതിമാന്‍: ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ തീവണ്ടി

gatiman express

 • ഇന്ത്യയില്‍ നിലവിലുള്ളതില്‍ ഏറ്റവും വേഗം കൂടിയ തീവണ്ടി എന്ന പെരുമ ഏപ്രില്‍ 5-ന് സര്‍വീസ് തുടങ്ങിയ ഗതിമാന്.
 • അര്‍ധ അതിവേഗ തീവണ്ടിയായ ഗതിമാന്റെ വേഗം മണിക്കൂറില്‍ 160 കിലോമീറ്ററാണ്. ഡല്‍ഹിക്കും ആഗ്രക്കുമിടയിലാണ് ഇത് സര്‍വീസ് നടത്തുന്നത്.100 മിനുട്ടുകൊണ്ട് ഡല്‍ഹിയില്‍ നിന്ന് ആഗ്രയിലെത്തും.
 • മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗമുള്ള ഭോപ്പാല്‍ ശതാബ്ദി എക്‌സ്പ്രസ്സായിരുന്നു വേഗത്തില്‍ ഇന്ത്യയില്‍ ഇതുവരെ മുന്നില്‍.

ഗതിമാന്‍ കുതിച്ചു; വേഗത്തില്‍ ഇനി നമ്പര്‍ വണ്‍ / Read More.....

 

ശനി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കും പ്രവേശനം

shani temple

 • സ്ത്രീകള്‍ക്കും പ്രവേശനമനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിലൂടെ ശ്രദ്ധിക്കപ്പെട്ട മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ ശനി ശിംഘ്നാപുര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ 8 മുതല്‍ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചു. 
 • ക്ഷേത്ര പ്രവേശനത്തില്‍ ലിംഗവിവേചനം പാടില്ലെന്ന ബോംബെ ഹൈക്കോടതി വിധിയെത്തുടര്‍ന്നായിരുന്നു പ്രവേശനം.

വിലക്കുനീങ്ങി; ശനി ക്ഷേത്രത്തില്‍ സ്ത്രീകള്‍ പൂജ നടത്തി / Read More ...........

 

ബിഹാറില്‍ സമ്പൂര്‍ണ മദ്യ നിരോധനം

Liquor

 

 • ബിഹാറില്‍ ഏപ്രില്‍ 5-ന് സമ്പൂര്‍ണ മദ്യ നിരോധനം നിലവില്‍ വന്നു. ആദ്യ ഘട്ട മദ്യ നിരോധനം ഏപ്രില്‍ 1-ന് നടപ്പാക്കിയിരുന്നു. 
 • ഇതോടെ ഇന്ത്യയില്‍ മദ്യ നിരോധനം നിലവിലുള്ള സംസ്ഥാനങ്ങളുടെ എണ്ണം മൂന്നായി. ഗുജറാത്ത്, നാഗാലന്‍ഡ് സംസ്ഥാനങ്ങളില്‍ നേരത്തെതന്നെ ഇത് നടപ്പാക്കിയിരുന്നു.

വനിതകളോട് കടപ്പാട്: ബിഹാറില്‍ മദ്യം നിരോധിക്കുന്നു / Read More........

 

കേരളത്തെ നടുക്കി വെടിക്കെട്ട് ദുരന്തം

kollam

 • കൊല്ലം പരവൂര്‍ പുറ്റിങ്കല്‍ ദേവീക്ഷേത്രത്തിലെ കമ്പപ്പുരയ്ക്ക് തീപിടിച്ചുണ്ടായ വെടിക്കെട്ടപകടത്തില്‍ 115-ലേറെ പേര്‍ മരിച്ചു.
 • ഏപ്രില്‍ 10ന് പുലര്‍ച്ചെ മൂന്നരയ്ക്കായിരുന്നു അപകടം. നാനൂറിലേറെപ്പേര്‍ക്ക് പരുക്കുപറ്റി. മത്സരവെടിക്കെട്ടിനിടെ പൊട്ടിയ അമിട്ടിന്റെ ഭാഗം കമ്പപ്പുരയില്‍ വീണാണ് അപകടമുണ്ടായതെന്ന് കരുതുന്നു.

ദുരന്തം ദാരുണം / Read More .....

 

രാത്രി വെടിക്കെട്ടിന് നിയന്ത്രണം

Thrissur Pooram

 • രാത്രിയില്‍ വന്‍ശബ്ദത്തോടെ നടത്തുന്ന വെടിക്കെട്ടുകള്‍ക്ക് ഏപ്രില്‍ 12-ന് ഹൈക്കോടതി നിരോധനം ഏര്‍പ്പെടുത്തി. പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് വിധി്. 
 • സൂര്യാസ്തമയം മുതല്‍ സൂര്യോദയംവരെയാണ് ഉയര്‍ന്ന ശബ്ദത്തോടെയുള്ള വെടിക്കെട്ടിന് നിയന്ത്രണമേര്‍പ്പെടുത്തിയത്. പകല്‍ നിയന്ത്രിത ശബ്ദത്തില്‍ വെടിക്കെട്ടാവാം. 
 • 125 ഡെസിബലില്‍ കൂടുതല്‍ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങളുടെ വില്പനയും ഉപയോഗവും സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡും നിരോധിച്ചു.

 

സുരേഷ്‌ഗോപി രാജ്യസഭാംഗം

suresh gopi

 • നടന്‍ സുരേഷ്‌ഗോപിയെ രാജ്യസഭാംഗമായി രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തു. 
 • കേന്ദ്ര സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിച്ച് സുരേഷ്‌ഗോപിക്ക് പുറമെ ബോക്സിങ് താരം മേരികോം, മാധ്യമപ്രവര്‍ത്തകന്‍ സ്വപന്‍ദാസ് ഗുപ്ത, ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ദു, മുന്‍ കേന്ദ്ര നിയമമന്ത്രി ഡോ. സുബ്രഹ്മണ്യം സ്വാമി, സാമ്പത്തികവിദഗ്ധന്‍ നരേന്ദ്ര ജാധവ് എന്നിവരെയും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു. 
 • രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്ന ആറാമത്തെ മലയാളിയാണ് സുരേഷ്ഗോപി. 1959 മുതല്‍ 66 വരെ രാജ്യസഭാംഗമായ സര്‍ദാര്‍ കെ.എം. പണിക്കരാണ് രാജ്യസഭയില്‍ നാമനിര്‍ദേശത്തിലൂടെ അംഗമായ ആദ്യ മലയാളി. മഹാകവി ജി. ശങ്കരക്കുറുപ്പ്, കാര്‍ട്ടൂണിസ്റ്റ് അബു എബ്രഹാം, ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ കസ്തൂരിരംഗന്‍, കാര്‍ഷിക ശാസ്ത്രജ്ഞന്‍ ഡോ.എം.എസ്. സ്വാമിനഥന്‍ എന്നിവരാണ് നാമ നിര്‍ദേശം ചെയ്യപ്പെട്ട മറ്റ് മലയാളികള്‍.

 

പാരിസ് ഉടമ്പടി

Global Warming

 • 46ാമത് അന്ത്രാഷ്ട്ര ഭൗമദിനം ആചരിച്ച ഏപ്രില്‍ 22-ന് ന്യൂയോര്‍ക്കിലെ യു.എന്‍. ആസ്ഥാനം ഒരു ചരിത്രനിമിഷത്തിന് സാക്ഷിയായി. 
 • 171 രാജ്യങ്ങള്‍ ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും നിയന്ത്രിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഉടമ്പടിയില്‍ ഒപ്പുവെച്ചു; 2015 ഡിസംബറിലെ പാരിസ് കാലാവസ്ഥാ ഉച്ചകോടിയില്‍ അവതരിപ്പിച്ച ഉടമ്പടിയിലാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഒപ്പുവെച്ചത്. 
 • ഇതോടെ കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള ആഗോള ശ്രമങ്ങളില്‍ 1997-ലെ ക്യോട്ടോ പ്രോട്ടോക്കോളിന് പകരം പാരിസ് ഉടമ്പടി ആധാരമാകും. 
 • ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദ്, കനേഡിയന്‍ പ്രഡിഡന്റ് ജസ്റ്റിന്‍ ട്രൂഡോ, യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി എന്നിവരും ഇന്ത്യയെ പ്രതിനിധാനംചെയ്ത് പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറും ഒപ്പുവെച്ച പ്രമുഖരിലുണ്ട്. 
 • അനിയന്ത്രിതമായ കാര്‍ബണ്‍ ബഹിര്‍ഗമനം മൂലം ആഗോള താപനില 2.7 ഡിഗ്രി സെല്‍ഷ്യസിലേറെ ഉയര്‍ന്നുവെന്നാണ് ആധികാരിക റിപ്പോര്‍ട്ടുകള്‍. ഇതിനിയും ഉയരുന്നത് ആര്‍ട്ടിക്, അന്റാര്‍ട്ടിക് മേഖലയിലെ മഞ്ഞുമലകള്‍ ഉരുകുന്നതടക്കം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തും. ഇതു കണക്കിലെടുത്താണ് കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ ലോകരാഷ്ട്രങ്ങളുടെ തീരുമാനം.
 • ഒരു രാജ്യാന്തര കരാറിന് ലഭിക്കുന്ന റെക്കോഡ് പിന്തുണയാണ് പാരിസ് കാലാവസ്ഥാ ഉടമ്പടിക്ക് ലഭിച്ചത്. ഒറ്റദിവസം ഇത്രയും അധികം രാഷ്ട്രങ്ങള്‍ ഒരു ഉടമ്പടി ഒപ്പുവെക്കുന്നതും ഇതാദ്യമാണ്. മുമ്പ് 1982-ല്‍ 119 രാഷ്ട്രങ്ങള്‍ ലോ ഓഫ് ദ സീ കണ്‍വെന്‍ഷനില്‍ ഒപ്പുവെച്ചതായിരുന്നു ഇതുവരെയുള്ള റെക്കോഡ്.

ഭാവി ഹരിതാഭമാക്കാന്‍ പാരിസ് ഉടമ്പടി / Read More.....

 

പറന്നു പറന്ന് സോളാര്‍ ഇംപള്‍സ്

സോളാര്‍ ഇംപള്‍സ് യാത്ര പുനരാരംഭിച്ചു

 • പൂര്‍ണമായി സൗരോര്‍ജം ഉപയോഗിച്ച് ലോകം ചുറ്റിപ്പറക്കാനിറങ്ങിയ സോളാര്‍ ഇംപള്‍സ്- 2 വിമാനം 62 മണിക്കൂര്‍ നീണ്ട പറക്കലിലൂടെ പസഫിക് സമുദ്രം കടന്നു. 
 • ജപ്പാനിലെ ഹവായ് ദ്വീപില്‍ നിന്ന് ഏപ്രില്‍ 21-ന്  പറന്നുയര്‍ന്ന വിമാനം ഏപ്രില്‍ 24-ന് കാലിഫോര്‍ണിയയിലെ സിലിക്കണ്‍വാലിയിലിറങ്ങി. 
 • 2015 മാര്‍ച്ചില്‍ അബുദാബിയില്‍ നിന്ന് യാത്ര തുടങ്ങിയ സോളാര്‍ ഇംപള്‍സ്-2 ഒമാന്‍, ഇന്ത്യ, മ്യാന്മര്‍, ചൈന, ജപ്പാന്‍ എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം ജപ്പാനിലെ ഹവായി ദ്വീപില്‍ ബാറ്ററി തകരാറിനെതുടര്‍ന്ന് ഇത്രയും കാലം വിശ്രമിക്കുകയായിരുന്നു. ഈ തകരാര്‍ പരിഹരിച്ചതിനുശേഷമാണ് പസഫിക് കടക്കാനുള്ള പറക്കല്‍ നടത്തിയത്.

സോളാര്‍ ഇംപള്‍സ് 2 സൗരോര്‍ജ വിമാനം കാലിഫോര്‍ണിയയില്‍ / Read More 

 

ജീവന് സാധ്യതയുള്ള മൂന്ന് ഗ്രഹങ്ങള്‍

Exoplanet

 • ഭൂമിക്ക് പുറത്ത് ഇതുവരെ കണ്ടെത്തിയതില്‍ ജീവന് ഏറ്റവും സാധ്യതയുള്ളവയെന്ന് കരുതുന്ന മൂന്ന് ഗ്രഹങ്ങളെ ഗവേഷകര്‍ കണ്ടെത്തി. ഭൂമിയില്‍ നിന്ന് 40 പ്രകാശ വര്‍ഷമകലെയാണിവ. 
 • ഭൂമി, ശുക്രന്‍ എന്നിവയുടെ വലിപ്പവും താപനിലയുമാണ് ഈ ഗ്രഹങ്ങള്‍ക്കുള്ളത്. യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ അസ്ട്രോണമിക്കല്‍ റിസര്‍ച്ചിന്റെ ചിലിയിലെ ലാ സില ഒബ്സര്‍വേറ്ററിയിലെ ട്രാപ്പിസ്റ്റ് ടെലിസ്‌കോപ്പ് ഉപയോഗിച്ചാണ് പുതിയ ഗ്രഹങ്ങളെ തിരിച്ചറിഞ്ഞത്.

വാസയോഗ്യ സാധ്യതയുള്ള മൂന്ന് അന്യഗ്രഹങ്ങള്‍ കണ്ടെത്തി / Read More

 

കേരളത്തിലെ ആദ്യ ബാങ്കിങ് മ്യൂസിയം

sbt first head office

 • കേരളത്തിലെ ആദ്യ ബാങ്കിങ് മ്യൂസിയം തിരുവനന്തപുരം കവടിയാറില്‍ ഏപ്രില്‍ 23-ന് തുറന്നു. 
 • സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെതാണ് മ്യൂസിയം. 
 • എസ്.ബി.ടിയുടെ എഴുപതാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഫൂട്പ്രിന്റ്സ് എന്ന പേരില്‍ മ്യൂസിയം തുടങ്ങിയത്.

മ്യൂസിയം ഒരുങ്ങി: എസ്.ബി.ടി.യുടെ കഥ പറയാന്‍ / Read More....

 

ഇക്വഡോറില്‍  500-ല്‍ അധികം മരണം

465

 • ഏപ്രില്‍ 17-ന് ഇക്വഡോറിലുണ്ടായ ഭൂചലനത്തില്‍ 500-ല്‍ അധികം പേര്‍ മരിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ കനത്ത നാശനഷ്ടമാണ് ഇക്വഡോറിനുണ്ടായത്. വടക്കന്‍ നഗരമായ മ്യൂസിലായിരുന്നു പ്രഭവ കേന്ദ്രം. 

 

ജപ്പാനില്‍ 50- ലേറെ മരണം

 • ജപ്പാനില്‍ ഏപ്രില്‍ 14-നും 16-നുമായുണ്ടായ രണ്ട് ഭൂചലനങ്ങളില്‍ 50-ലേറെപ്പേര്‍ മരിച്ചു. ഏപ്രില്‍ 16-നുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തി. 10 പേര്‍ മരിച്ചു. 
 • ഏപ്രില്‍ 16-നുണ്ടായ ഭൂചലനം 7.3 തീവ്രതയുള്ളതായിരുന്നു. ഇതില്‍ 41 പേര്‍ മരിച്ചു. തെക്കു പടിഞ്ഞാറന്‍ ജപ്പാനിലെ ക്യുഷു ദ്വീപിലായിരുന്നു ഭൂചലനം.

 

ജിഷയുടെ കൊലപാതകം

jisha

 • ഡല്‍ഹിയിലെ നിര്‍ഭയ കൊലപാതകത്തെ ഓര്‍മിപ്പിക്കുന്ന രീതിയില്‍ പെരുമ്പാവൂരില്‍ നടന്ന കൊലപാതകം കേരളത്തെ ഞെട്ടിച്ചു. 
 • ഏപ്രില്‍ 28 ന്‌ പെരുമ്പാവൂര്‍ ഇരിങ്ങോളില്‍ നിയമവിദ്യാര്‍ഥിനി ജിഷ(29)യാണ് ക്രൂരമായി വധിക്കപ്പെട്ടത്. 
 • ലൈംഗിക പീഡനത്തിനിരയായ ജിഷയുടെ ശരീരത്തില്‍ 38 മുറിവുകളാണ് കണ്ടെത്തിയത്.

ജിഷ വധം / Special Page.... Read More

തയ്യാറാക്കിയത്: വൈശാഖ് വര്‍മ്മ