രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് ഒരിക്കലും മറക്കാനാകാത്ത വര്‍ഷമാണ് 2016. പ്രചാരത്തിലുള്ള 85 ശതമാനത്തിലേറെവരുന്ന കറന്‍സി ഒറ്റയടിക്ക് പിന്‍വലിച്ച് രാജ്യം ചരിത്രത്തിലിടംനേടി. 

നവംബര്‍ എട്ടിന് അര്‍ധരാത്രി മുതലാണ് 500ന്റെയും 1000 രൂപയുടെയും നോട്ടുകള്‍ അസാധുവാക്കിയത്. കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു പ്രഖ്യാപനമെങ്കിലും അസാധുവാക്കിയ നോട്ടുകളുടേതിന് ഏറെക്കുറെ തുല്യമായ നോട്ടുകള്‍ വിവിധ ബാങ്കുകളില്‍ തിരിച്ചെത്തിയത് സര്‍ക്കാരിന് തിരിച്ചടിയായി. 

90ശതമാനത്തിലേറെ നോട്ടുകളാണ്(14 ലക്ഷം കോടി രൂപയിലേറെ) വിവിധ ബാങ്കുകളില്‍ നിക്ഷേപമായി തിരിച്ചെത്തിയത്. കറന്‍സി രഹിത ഇടപാടിലേയ്ക്ക് സര്‍ക്കാരിനെ കൊണ്ടെത്തിച്ചത് അങ്ങനെയാണ്. 

അസാധുനോട്ടുകള്‍ക്ക് പകരം 2000ന്റെയും 500ന്റെയും നോട്ടുകള്‍ പുറത്തിറക്കിയെങ്കിലും നോട്ട് മാറുന്നതിനും പണം ബാങ്കുകളില്‍നിന്ന് പിന്‍വലിക്കുന്നതിനും നിയന്ത്രണം കൊണ്ടുവന്നത് സാധാരണക്കാരെ കുഴക്കി. 

എടിഎം കൗണ്ടറുകള്‍ക്കുമുന്നില്‍ വരിനിന്ന് ജനം മടുത്തു. ഡിസംബറിലെ അവസാന രാവടുത്തിട്ടും നോട്ട് അസാധുവാക്കിയതിന്റെ ബുദ്ധിമുട്ടുകളില്‍നിന്ന് വിടുതല്‍ നേടാന്‍ ജനങ്ങള്‍ക്കായിട്ടില്ല. പിന്‍വലിച്ചതിന് തുല്യമായ മൂല്യമുള്ള നോട്ടുകള്‍ അച്ചടിച്ച് വിതരണംചെയ്യുന്നത് ഫെബ്രുവരിയോടെ  പൂര്‍ണമാകുമെന്നാണ് ആര്‍ബിഐ പറയുന്നത്.

അസാധുവാക്കിയ നോട്ടുകളിലേറെയും തിരിച്ചെത്തിയതിനാല്‍ ആദായ നികുതിവകുപ്പിന്റെ നേതൃത്വത്തില്‍ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് വ്യാപാകമായ പരിശോധന നടന്നുവരികയാണ്. 

ഓപ്പറേഷന്‍ ബ്ലാക്ക് മണി പ്രത്യേക പേജ്

ചരക്ക് സേവന നികുതി
നികുതി ഘടനയില്‍ പരിഷ്‌കരണം നടപ്പാക്കുന്നതിലൂടെ രാജ്യം സാമ്പത്തിക മേഖലയില്‍ ഒരു ചുവടുകൂടി മുന്നോട്ടുവെയ്ക്കുകയാണ്. ചരക്ക് സേവന നികുതി 2017 ഏപ്രില്‍ മുതല്‍ രാജ്യത്ത് പ്രാബല്യത്തിലാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. 

ഏറ്റവും ഒടുവിലായി, ചരക്ക് സേവന നികുതിക്ക് നാല് ഘടനകള്‍ നടപ്പാക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. 5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെയാണ് നിരക്കുകള്‍ നിശ്ചയിച്ചിട്ടുള്ളത്. ആഡംബര കാറുകള്‍, പുകയില ഉത്പന്നങ്ങള്‍, പാന്‍മസാല, കല്‍ക്കരി തുടങ്ങിയവയ്ക്കാണ് 28 ശതമാനമെന്ന ഉയര്‍ന്ന നിരക്ക്. 12 ശതമാനമാണ് ജിഎസ്ടിയുടെ ഒന്നാം സാധാരണ നിരക്ക്. നിത്യോപയോഗ സാധനങ്ങള്‍ക്കുള്ള കുറഞ്ഞ നിരക്കാണ് അഞ്ച് ശതമാനം. 

സ്‌റ്റേറ്റ് ബാങ്ക് ലയനം
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (SBT) ഉള്‍പ്പെടെ അഞ്ച് അനുബന്ധ ബാങ്കുകളെയും ഭാരതീയ മഹിള ബാങ്കിനെയും എസ്.ബി.ഐയില്‍ ലയിപ്പിക്കാനുള്ള തീരുമാനംവരുന്നത് 2016 മെയ്മാസത്തിലാണ്.  

അനുബന്ധ ബാങ്കുകളെയും ഭാരതീയ മഹിള ബാങ്കിനെയും ഏറ്റെടുക്കുന്നതോടെ എസ്.ബി.ഐ. 37 ലക്ഷം കോടി രൂപ ആസ്തിയുള്ള ബാങ്കാവും. 
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പുര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല എന്നിവയാണ് അനുബന്ധ ബാങ്കുകള്‍.

ബിസിനസ്സില്‍ വലിയ കുതിപ്പുണ്ടാക്കാനും വിദേശത്ത് ശാഖകള്‍ ആരംഭിക്കാനും ലയനം ആക്കം കൂട്ടും. കൂടാതെ, ആഗോള സാമ്പത്തിക രംഗത്തെ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ശക്തിപകരാനും എസ്.ബി.ഐ. അനുബന്ധ ബാങ്കുകളുടെ ലയനം സഹായിക്കുമെന്നാണ് പ്രതീക്ഷ.

ലയന സിദ്ധാന്തം പ്രയോഗതലത്തില്‍ എത്തുമ്പോള്‍

ഉര്‍ജിത് പട്ടേല്‍ ആര്‍ബിഐ ഗവര്‍ണര്‍
വിവാദങ്ങള്‍ക്ക് കൂട്ടുനില്‍ക്കാതെ, കാലാവധി പൂര്‍ത്തിയായ ഉടനെ രഘുറാം രാജന്‍ പടിയിറങ്ങി. അങ്ങനെയാണ് ആര്‍ബിഐയുടെ ഇരുപത്തിനാലാമത് ഗവര്‍ണറായി ഉര്‍ജിത് പട്ടേല്‍ സപ്തംബര്‍ അഞ്ചിന് ചുമതലയേല്‍ക്കുന്നത്. 

രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടുഴലുന്ന വേളയില്‍ 2013 സപ്തംബറിലാണ് രഘുറാം രാജന്‍ ഗവര്‍ണറായി ചുമതലയെറ്റത്. രൂപയുടെ മൂല്യശോഷണം തടയാനും പണപ്പെരുപ്പം നിയന്ത്രിക്കാനും കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തോടെയാണ് രാജന്‍ സ്ഥാനമൊഴിഞ്ഞത്.

നേട്ടങ്ങള്‍ വിശദീകരിച്ച് രഘുറാം രാജന്‍

65,250 കോടിയുടെ കള്ളപ്പണം പുറത്തായി
2016 ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്‍കം ഡിക്ലറേഷന്‍ സ്‌കീമിലൂടെ 65,250 കോടി രൂപയുടെ കള്ളപ്പണം പുറത്തുവന്നു. ഇതിലൂടെ നികുതിയും പിഴയുമായി 29,362 കോടി രൂപയാണ് സര്‍ക്കാരിന്റെ ഖജനാവിലേയ്‌ക്കെത്തിയത്. നാല് മാസം നീണ്ടുനിന്ന പദ്ധതി സപ്തംബര്‍ 30നാണ് അവസാനിച്ചത്. പദ്ധതിപ്രകാരം ഒരാള്‍ ശരാശരി ഒരു കോടി രൂപയുടെ കള്ളപ്പണം നികുതി വിധേയമാക്കി. 

കള്ളപ്പണം വെളിപ്പെടുത്തുന്നവര്‍ക്ക് നികുതിയും പിഴയുമടക്കം 45 ശതമാനം നല്‍കി നിയമ നടപടികളില്‍നിന്ന് ഒഴിവാകാമെന്നതായിരുന്നു പ്രധാന ആകര്‍ഷണം. 

സൈറസ് മിസ്ത്രി പുറത്ത്
ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയത് കോര്‍പ്പറേറ്റ് ലോകത്ത് ചര്‍ച്ചാവിഷയമായി. ഒക്ടബോര്‍ 24ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് മിസ്ത്രിയെ പുറത്താക്കിയത്. 

രാജ്യത്തെ ഏറ്റവുംവലിയ വ്യവസായ ഗ്രൂപ്പായ ടാറ്റയുടെ തലപ്പത്ത് നാലുവര്‍ഷം മുമ്പാണ് ടാറ്റ കുടുംബത്തിന് പുറത്തുനിന്നുള്ള സൈറസ് മിസ്ത്രി ചുമതലയേറ്റത്. ഏതായാലും പുറത്താക്കലിനെതിരെ നിയമയുദ്ധത്തിന്റെ വഴിയിലാണ് മിസ്ത്രി.