ന്ത്യന്‍ വാഹന വിപണിയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നേട്ടങ്ങള്‍ക്കൊപ്പം കോട്ടങ്ങളും സമ്മാനിച്ച വര്‍ഷമാണ് കടന്നുപോയത്. 2016 ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി ഓട്ടോ എക്സ്പോ വാഹന മേഖലയ്ക്ക് പുതിയ ചിന്തകള്‍ക്കൊപ്പം പുത്തന്‍ വഴികള്‍ തെളിച്ചെങ്കിലും ഡല്‍ഹിയിലെ ഡീസല്‍ വാഹന നിരോധനവും വര്‍ഷാവസാനം വില്ലനായെത്തിയ കേന്ദ്രസര്‍ക്കാറിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയും വിപണിയെ കാര്യമായി തളര്‍ത്തി. നോട്ട് നിരോധനം പ്രതികൂലമായി ബാധിച്ചപ്പോള്‍ പതിനാറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വില്‍പ്പനയാണ് കഴിഞ്ഞ ഡിസംബറില്‍ രേഖപ്പെടുത്തിയത്. ഇതൊഴിച്ചു നിര്‍ത്തിയാല്‍ ജനുവരി മുതല്‍ നവംബര്‍ വരെ പതിവിലും ഊര്‍ജ്വസ്വലമായിരുന്നു വാഹന വിപണി. കാര്‍ വില്‍പ്പനയില്‍ മാര്‍ക്കറ്റ് ലീഡര്‍ മാരുതി സുസുക്കി ഇത്തവണയും മുന്നില്‍ നിന്ന് നയിച്ചു. ഇരുചക്ര വാഹനങ്ങളില്‍ ഹീറോ മോട്ടോ കോര്‍പ്പും വിപണിയില്‍ മുന്നേറി.