പ്രശസ്ത കവി. ഒ.എന്‍.വി. എന്ന കവിയെ എനിക്കിഷ്ടമാണ്. എന്നാല്‍ ഒ.എന്‍.വി. എന്ന ഗാനരചയിതാവിനെയാണ് കൂടുതലിഷ്ടം എന്നു പറയാന്‍ രണ്ടാമതൊന്നാലോചിക്കേണ്ടിവരുന്നില്ല, പാട്ടുകാരന്‍ നാളെയുടെ ഗാട്ടുകാരനെന്ന് പാടിയത് ഒ.എന്‍.വിയാണ്.

Now the beach is deserted except for some kelp
And a piece of an old ship that lies on the shore
You always responded when I needed your help
You gimme a map and a key to your door.
- Sara / Bob Dylan
ബോബ് ഡിലന്‍ എന്ന വിഖ്യാതഗായകന്‍ തന്റെ ഭാര്യ സേറയ്ക്കുവേണ്ടി എഴുതിയ ഈ ഗാനം വളരെ പ്രസിദ്ധമാണ്. സാഹിത്യമൂല്യവും ഭംഗിയുമുള്ള വരികളെ ആ ഗായകന്‍ ജനപ്രിയവും ജനകീയവുമാക്കി. അതിനാല്‍ത്തന്നെ സ്വീഡിഷ് അക്കാദമി ആദ്യമായി, സാഹിത്യകാരനല്ലാത്ത ഒരാളെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിനായി പരിഗണിച്ചു. ജനപ്രിയസംഗീതത്തിന് സാഹിത്യത്തിലുള്ള സ്വാധീനത്തിനു ലഭിച്ച നല്ല ഒരംഗീകാരമായിരുന്നു അത്. മലയാളത്തില്‍ ഇപ്പോഴും ആഢ്യമ്മന്യസാഹിത്യവും സംസ്‌കാരവും ജനപ്രിയസംഗീതത്തെ ഒരുപടി താഴെയേ നിര്‍ത്തൂ. ചലച്ചിത്രഗാനരചനയിലൂടെ ആസ്വാദകരുടെ മനസ്സില്‍ ആരാധനാമൂര്‍ത്തികളായ എഴുത്തുകാര്‍പോലും തന്നിലെ കവിയുടെ എത്ര ചെറിയൊരംശം മാത്രമാണ് ഗാനങ്ങളില്‍ പ്രകടമാകുന്നതെന്ന്് ഊറ്റംകൊള്ളും. പല കവികളുടെയും കവിതാപ്രശസ്തിയേക്കാള്‍ വലുതാണ് കവിപ്രശസ്തി. ഗാനങ്ങളാകട്ടെ, അതിലും പ്രശസ്തമാണ് എങ്കിലും അവര്‍ കവിയെന്നറിയപ്പെടാനാണ് ഗാനരചയിതാവെന്നറിയപ്പെടുന്നതിലും കൂടുതലിഷ്ടപ്പെടുന്നത്. 'കവിത തിരിച്ചറിയാനുള്ള സിദ്ധി കുറവാണ് പൊതുവേ മലയാളിക്ക്' എന്ന കല്പറ്റ നാരായണന്റെ പ്രസ്താവം വളരെ ശരിയാണ്. ഇവിടെ ഒരിക്കലും മികച്ച കവി ആയിരുന്നില്ല, പ്രശസ്ത കവി. ഒ.എന്‍.വി. എന്ന കവിയെ എനിക്കിഷ്ടമാണ്. എന്നാല്‍ ഒ.എന്‍.വി. എന്ന ഗാനരചയിതാവിനെയാണ് കൂടുതലിഷ്ടം എന്നു പറയാന്‍ രണ്ടാമതൊന്നാലോചിക്കേണ്ടിവരുന്നില്ല, പാട്ടുകാരന്‍ നാളെയുടെ ഗാട്ടുകാരനെന്ന് പാടിയത് ഒ.എന്‍.വിയാണ്.

കണ്ണുകള്‍ക്കുമുന്നില്‍ അവ്യക്തത പടരുമ്പോള്‍, സ്വന്തം ഹൃദയത്തെക്കുറിച്ച് ആവശ്യത്തിലധികം വേവലാതിപ്പെടുമ്പോള്‍, കടലിലേക്കു പോകാനാഗ്രഹിക്കുന്ന ഒരു നാവികനുണ്ട് മോബി ഡിക്കില്‍. അകത്തു കുമിയുന്ന വിഷാദങ്ങളെ താലോലിക്കാനും ഉന്മാദങ്ങളെ തൊട്ടറിയാനും രക്തയോട്ടം ക്രമീകരിക്കാനുമായി ചിലര്‍ പാട്ടുകളിലേക്കാണ് കയറിപ്പോകുന്നത്. തിങ്ങിപ്പൊങ്ങിവരുന്ന തിരമാലകളിലേക്കു നോക്കി ഏകാകികളായി കടപ്പുറത്ത് അവിടവിടെയായി ഇരിക്കുന്നവരെ കാണാറില്ലേ? ഏതോ കാന്തശക്തിയാലെന്നവണ്ണമാണ് അവര്‍ കടലിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. ഞാന്‍ നീന്തുന്നതെന്നില്‍ത്തന്നെയാണെന്ന് ഇതാലോ കാല്‍വിനോയുടെ മിസ്റ്റര്‍ പലോമര്‍ പറയുന്നത് കടലിന്റെ ഇന്ദ്രജാലത്തെക്കുറിച്ചല്ല, സ്വന്തം മനസ്സിന്റെ ഇന്ദ്രജാലത്തെക്കുറിച്ചാണ്. ഓരോ പാട്ടും ഓരോ ഇന്ദ്രജാലമാണ്. ആരോടും മിണ്ടാതെ ഒരു പാട്ടിനുള്ളില്‍ കയറിയിരിക്കാം. ഒരേ സമയം പാട്ടിനകത്തും പുറത്തുമാകാം. ഒരേ സമയം പ്രണയിയും ദാര്‍ശനികനും ആസ്തികനും നാസ്തികനുമാകാം. കാല്പനികനാകാം വിപ്ലവകാരിയാകാം. സ്വന്തം പ്രതിച്ഛായ പിടിച്ചെടുക്കാന്‍ ശ്രമിച്ച നാര്‍സിസിസിന്റെ കഥ, വെറും കെട്ടുകഥയല്ല. തന്നെത്തന്നെ തിരഞ്ഞാണ് ഓരോരുത്തരും പാട്ടില്‍ മുങ്ങുന്നത്. ഗ്രഹിക്കാനാവാത്ത ജീവിതത്തിന്റെ പ്രതിച്ഛായ തേടലാണത്. ആത്മാവില്‍ മുട്ടിവിളിച്ച് കണ്ണിലും കവിളിലും തൊട്ട് ഓരോ പാട്ടും കടന്നുപോവുകയാണ്. ഒ.എന്‍.വിയുടെ ഓരോ വാക്കിലും നിറയെ സംഗീതമാണ്. അതു കവിതയ്ക്കല്ല ഗാനങ്ങള്‍ക്കാണ് കൂടുതല്‍ ഇണങ്ങുക.

onv

ഭൂമിയെ വേള്‍ക്കാന്‍ വന്ന മോഹമേ ഇന്ദ്ര-
കാര്‍മുകമെടുത്തു നീ കുലച്ചു തകര്‍ത്തെന്നോ

എന്ന വരികളില്‍ ദേവരാജനോ എം.ബി. ശ്രീനിവാസനോ ജോണ്‍സണോ ഒന്നു തൊടുകയേവേണ്ടൂ അതൊന്നാന്തരമൊരു ഗാനമായിമാറും. നാടോടിയോ കര്‍ണാട്ടിക്കോ ഹിന്ദുസ്ഥാനിയോ ഏതുതരം സംഗീതാലാപനരീതിക്കും പെട്ടെന്നു വഴങ്ങുന്ന ഭാവവും വൃത്തവും ആശയവുമാണ് ഒ.എന്‍.വിയുടെ രചനകളിലുള്ളത്. എന്നും സംഗീതം അതിന്റെ സൂക്ഷ്മരൂപത്തില്‍ ഒ.എന്‍.വിയുടെ വാക്കുകളോടൊപ്പം പിറക്കുന്നുണ്ട്. കവിതയുടെ സംഗീതാലാപനവഴികള്‍ കാവ്യഗൗരവത്തെ തകര്‍ക്കുന്നുവെന്നു വിശ്വസിക്കുന്ന പുതിയ കാലത്തിന്റെ കവികള്‍ക്ക് ഒ.എന്‍.വിയെ നിരസിക്കേണ്ടിവരുന്നതും ഇതുകൊണ്ടുതന്നെയാണ്.

പാട്ടുവിമാനം തകര്‍ന്നു വീഴുമ്പൊഴീ
പൈലറ്റുമാരെന്തു ചെയ്യും?
ഒ.എന്‍.വി. സാറിന്റൊടുക്കത്തെത്തീവണ്ടീ-
ലോടിക്കയറിയിരിക്കും

എന്ന് അന്‍വര്‍ അലി എഴുതി. എന്നാല്‍ എനിക്ക് കവിത വായിച്ചാസ്വദിച്ചുനടന്നകാലത്തെ ഒ.എന്‍.വി. സ്വാധീനത്തെ നിരസിച്ചുകളയാനാവില്ല. സിനിമാഗാനത്തിന്റ സ്‌കെയിലില്‍ വളരെപ്പെട്ടെന്നു വഴങ്ങുന്ന തന്റെ വരികളെക്കുറിച്ച് ഒ.എന്‍.വിക്കും കൃത്യമായി അറിയാം. പല കവിതകളും ഗാനങ്ങളായി മാറിയപ്പോള്‍ പല്ലവിയില്‍ ചില ചെറിയ മാറ്റങ്ങള്‍ വരുത്തിയതല്ലാതെ മാറ്റിയെഴുതേണ്ടിവരാറില്ലായിരുന്നുവെന്ന് അദ്ദേഹം പറയാറുണ്ട്. ചില്ലിലെ 'ഒരുവട്ടം കൂടി', ഉള്‍ക്കടലിലെ 'എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ', സ്വപ്‌നത്തിലെ 'സൗരയൂഥത്തില്‍ വിടര്‍ന്നൊരു...' ഇങ്ങനെ ഉദാഹരണങ്ങള്‍ നിരവധി. ചില പ്രത്യേക ഭാവങ്ങള്‍ക്ക് ചില പ്രത്യേക വൃത്തങ്ങള്‍ അതാണ് ഒ.എന്‍.വിയുടെ രീതി. മണികാഞ്ചി, മഞ്ജരി, കേക, മന്ദാക്രാന്ദ, കാകളി തുടങ്ങി സംഗീതവുമായി അടുത്തുനില്ക്കുന്ന വൃത്തങ്ങളാണ് ഒ.എന്‍.വി. കുടുതലായി സ്വീകരിക്കുന്നത്. ചെറുശ്ശേരി, എഴുത്തച്ഛന്‍, കണ്ണശ്ശന്മാര്‍ എന്നിവരില്‍നിന്നും പഴയ ഈടിരിപ്പുകളായ നാടന്‍ശീലുകളില്‍നിന്നും വിവിധ താളങ്ങള്‍ സ്വീകരിച്ച്, നിരന്തരം പുതുക്കി ഉപയോഗിച്ചുകൊണ്ടിരുന്നതിനാല്‍ ഗാനരചന ഒ.എന്‍.വിക്ക് അനായാസം നിര്‍വഹിക്കാവുന്ന ഒരു പ്രക്രിയ മാത്രമായി. താളക്രമത്തില്‍ അക്ഷരങ്ങള്‍ ഏറ്റിയും കുറച്ചും വൃത്തത്തിന് ചടുലത വരുത്താനും മറ്റുമുള്ള തുടര്‍ച്ചയായ പരിശ്രമങ്ങള്‍ കവിയെന്നനിലയില്‍ പരീക്ഷിച്ചുവന്നിരുന്നതിനാലാകും ഏതു സംഗീതസംവിധായകന്റെയും അളവുകളില്‍ ഒ.എന്‍.വിയുടെ അക്ഷരങ്ങള്‍ ഭദ്രമാകുന്നത്. മലയാളകവിത ഒ.എന്‍.വിയുടെ കാവ്യശൈലിയുടെ സ്വാധീനത്തില്‍നിന്ന് അകന്നുപോയിട്ട് വര്‍ഷങ്ങളായെങ്കിലും ഗാനങ്ങള്‍ ഇന്നും പുതുതാരുണ്യമേന്തി നില്ക്കുന്നു. രാഷ്ട്രീയബോധത്തെ കവിഞ്ഞുനില്ക്കുന്ന ലാവണ്യബോധമാണ് ഒ.എന്‍.വിയുടെ ഭാവനയെ നിയന്ത്രിച്ചിരുന്നത്. വിപ്ലവസംഘടനയുടെ സഹയാത്രികനായിരുന്നിട്ടും ദേവരാജന്‍ സന്തതസഹചാരിയായിരുന്നിട്ടും കെ.പി.എ.സി. കൂടെയുണ്ടായിരുന്നിട്ടും ഒ.എന്‍.വിയില്‍നിന്ന് കരുത്തുറ്റ വിപ്ലവഗാനങ്ങളുണ്ടാകാതെ പോയി. 'ചില്ലിമുളം കാടുകളില്‍ ലല്ലലലം പാടുന്ന തെന്നലി'നൊത്താണ് കവിയുടെ വിപ്ലവബോധം പാട്ടുകള്‍ പാടിയത്. അരിവാളിനെ പൊന്നരിവാളാക്കുന്ന ലാവണ്യബോധമാണത്.

നമ്മളുകൊയ്യും വയലെല്ലാം
നമ്മുടെതാകും പൈങ്കിളിയേ

എന്ന ഗാനത്തിന്റെ ആശയത്തിലടങ്ങിയിരിക്കുന്ന തീവ്രമായ സാമൂഹികാവബോധത്തെ ഉള്‍ക്കൊള്ളാന്‍തക്ക കരുത്ത്, സ്വീകരിച്ച പദങ്ങളില്‍ ഇല്ലാതെപോയി. എന്നാല്‍ പ്രണയഗാനങ്ങളും വിഷാദഗാനങ്ങളും എഴുതുമ്പോള്‍ പദസ്വീകാരത്തില്‍ ഒ.എന്‍.വി. കാണിക്കുന്ന കണിശത അവയുടെ സൗന്ദര്യത്തെ കാലാതിവര്‍ത്തിയാക്കുന്നുണ്ട്. ആദ്യകാലത്തെഴുതിയ ഗാനംപോലും ഇന്നും പുതുമ നിലനിര്‍ത്തുന്നുവെങ്കില്‍, കവിയുടെ പദബോധവും കാവ്യബോധവും സൗന്ദര്യബോധവും ജീവിതത്തിന്റെ മസൃണഭാവങ്ങളോടാണ് കൂടുതല്‍ ഒത്തുപോകുന്നത് എന്നതുകൊണ്ടാണ്. ആലിന്‍കൊമ്പും ആലിന്‍കായ്മണികളും ഗന്ധര്‍വനും കിന്നരനും യക്ഷനും മേഘവും കിളിമകളും നിളയും കുങ്കുമവര്‍ണവും ഒ.എന്‍.വിയെ വിടാതെ പിന്തുടരുന്ന പ്രതീകങ്ങളാണ്. കവിതയ്ക്കും വിപ്ലവത്തിനും എന്നതിനെക്കാള്‍ പാട്ടിനും പ്രണയത്തിനും വിരഹത്തിനും മരണത്തിനുമാണ് ഒ.എന്‍.വിയുടെ കാവ്യശൈലി കൂടുതലിണങ്ങുക. അതിന്റെ താളവും ആര്‍ദ്രമായ ഹൃദയഭാവങ്ങളുടെതാണ്. നളചരിതം ആട്ടക്കഥയിലെ 'വിഷ്ണുരമയ്ക്കു, നിശയ്ക്കു ശശാങ്കനുമയ്ക്കു ഹരന്‍, നളനോര്‍ക്കില്‍ നിനക്കും' എന്ന വരികളുടെ താളമാണ് 'മഴവില്‍ക്കൊടിക്കാവടിയഴകു വിടര്‍ത്തിയ മാനത്തെപ്പൂങ്കാവില്‍' എന്ന ഗാനമായത്. ഉണ്ണായിവാര്യരുടെ പദങ്ങളുടെ താളത്തില്‍ ബംഗാളിയായ സലില്‍ ചൗധരിയുടെ ഈണം! 'സ്വന്തമീണം രചിക്കുന്ന ശരവേഗമാണു ഞാനെ'ന്ന് സരയൂവിലേക്ക് എന്ന കവിതയില്‍ ഒ.എന്‍.വി. എഴുതിയിട്ടുണ്ട്.
സി.പി. കവാഫിയുടെ വളരെ പ്രസിദ്ധമായ കവിതയാണ് ഠവല ഏീറ അയമിറീി െഅിീേി്യ. ഗ്രീക്കുപുരാണത്തിലെ ഒരു കഥായാണിതിവൃത്തം. ഈ കവിത, ലെനാര്‍ഡ് കോഹന്‍ എന്ന ഗായകന്‍ ഒന്നാന്തരം ഗാനമാക്കിമാറ്റി. കവാഫിയുടെ കവിതയില്‍നിന്ന് ഗാനത്തിനനുയോജ്യമായ രീതിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയപ്പോള്‍, കവാഫിയെ അതില്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ കോഹന്‍ തന്റെതായ ഒരു ഗാനം കണ്ടെത്തുകയായിരുന്നു. ഈയൊരനുഭവമാണ് കുമാരനാശാന്റെ കരുണ ചലച്ചിത്രമായപ്പോള്‍ സംഭവിച്ചത്. കരുണയിലെ ഗാനരചന നിര്‍വഹിച്ചത് ഒ.എന്‍.വിയായിരുന്നു. ആശാന്റെ തത്ത്വചിന്താപരമായ ആശയങ്ങളെ പാട്ടിലേക്കു വിവര്‍ത്തനം ചെയ്തപ്പോള്‍ അത് സാന്ദ്രമായ ഒരു സംഗീതാനുഭവമായിമാറി. കവിതയുടെ കുന്നിമണിച്ചെപ്പില്‍നിന്നെടുത്ത ഒരു നുള്ളു കുങ്കുമം ഒ.എന്‍.വിയുടെയും ദേവരാജന്റെയും വിരല്‍ത്തുമ്പിലൂടെ അതിന്റെ വര്‍ണരേണുക്കള്‍ മലയാളിയുടെ നെഞ്ചിലാകെ പടര്‍ന്നു.

എന്തിനിച്ചിലങ്കകള്‍ എന്തിനിക്കൈവളകള്‍
എന്‍ പ്രിയനെന്നരികില്‍ വരില്ലയെങ്കില്‍...

പി. സുശീലയുടെ വികാരംതുളുമ്പുന്ന, അനുനാസികച്ഛായയുള്ള ശബ്ദം വാസവദത്തയുടെ പ്രണയദാഹങ്ങളെ മുഴുവന്‍ ഉള്‍ക്കൊള്ളുന്നതായി.
'വ്യര്‍ഥമായ് തോന്നുന്നൂ കഷ്ടമിവന്‍ കാണാതുള്ള നൃത്തഗീതാദികളിലെ നിപുണിപോലും' എന്ന ആശാന്റെ വരികളുടെ വിവര്‍ത്തനം മലയാളത്തിലെ ഏറ്റവും മികച്ച പ്രണയഗാനങ്ങളിലൊന്നായി. ക്ലാസ്സില്‍ കരുണ പഠിപ്പിക്കുമ്പോള്‍ ഈ ഗാനം തന്നെ പ്രചോദിപ്പിച്ചിരുന്നതായി വി.ആര്‍. സുധീഷ് ഒരിക്കല്‍ എഴുതിയിട്ടുണ്ട്. എല്ലാക്കാലത്തെയും പ്രണയിനിയുടെ ആത്മഗതമാണ് ഒ.എന്‍.വിയുടെ ആ ഗാനം. ഉപഗുപ്തനോട് വാസവദത്തയ്ക്കു തോന്നുന്ന പ്രണയം കുലനീതിക്കു വിരുദ്ധമാണ്. എന്നാല്‍ വേശ്യാസ്ത്രീയെങ്കിലും അവള്‍ക്കുമുണ്ട് സ്വന്തം ന്യായങ്ങള്‍. ആശാന്‍ തത്ത്വചിന്താപരമായി അതിങ്ങനെയെഴുതി:

വിശപ്പിനു വിഭവങ്ങള്‍ വെറുപ്പോളമശിച്ചാലും
വിശിഷ്ടഭോജ്യങ്ങള്‍ കാണ്‍കില്‍ കൊതിയാമാര്‍ക്കും
വേശ്യാജീവിതത്തോടുള്ള മടുപ്പും ആ ജീവിതം നല്കിയ പാരുഷ്യവുമാണ് വാസവദത്തയുടെ വാക്കുകളില്‍. ഒ.എന്‍.വിയുടെ ഗാനത്തില്‍ ഈ വരികളുടെ മൊഴിമാറ്റം ഇങ്ങനെയാണ്:

മധുവുണ്ടു മതിവന്ന
ശലഭമുണ്ടോ പുത്തന്‍-
മധുകണ്ടാല്‍ കൊതിക്കാത്ത ഹൃദയമുണ്ടോ

സ്‌ത്രൈണമായ ഉടലിന്റെ നോട്ടത്തിന്റെയും ആസക്തിയുടെയും സമ്മോഹനത ഒ.എന്‍.വി. പാട്ടിലേക്ക് ആവാഹിച്ചു. പുത്തന്‍ മധു കണ്ടാല്‍ കൊതിക്കുന്ന പെണ്‍ഹൃദയത്തിന്റെ കൊണ്ടാടലുണ്ട് ഈ വരികളില്‍. ക്രമലംഘനത്തിന്റെ സൗന്ദര്യാത്മകതയും പ്രണയിനിയുടെ അടക്കിയാലടങ്ങാത്ത തിടുക്കവുമുണ്ട്. തന്റെ മനസ്സുകൊണ്ട് പന്താടുന്ന മാമുനിയോടുള്ള പരിഭവവും. ആയിരം വരികളെക്കാള്‍ ശക്തമാവാം ഒരു കാവ്യബിംബമെന്നതിന് കരുണയിലെ പാട്ടുകളോളം മികച്ച ഉദാഹരണമില്ല. പ്രണയത്തിന്റെ ഭാഷ ഒ.എന്‍.വിക്ക് വയലാറിലേതുപോലെ ഉന്മത്തമല്ല. പി. ഭാസ്‌കരനിലേതുപോലെ ലളിതമല്ല. ശ്രീകുമാരന്‍തമ്പിയിലേതുപോലെ ആരാധനാനിര്‍ഭരവുമല്ല. വാക്കിലൂടെയും സ്വരത്തിലൂടെയുമുള്ള സ്‌നേഹസ്​പര്‍ശങ്ങള്‍ മാത്രം.

അരികില്‍ വന്നൊരു
നുള്ളു തരാനെന്റെ കൈതരിച്ചൂ

എന്ന് വയലാറെഴുതുമ്പോള്‍

തരളകപോലങ്ങള്‍ നുള്ളിനോവിക്കാതെ
തഴുകാതെ ഞാന്‍ നോക്കി നിന്നൂ

എന്നാണ് ഒ.എന്‍.വി. എഴുതുക.

നിന്നെ കരവലയത്തിലൊതുക്കുവാന്‍
ഒന്നു ചുംബിക്കുവാനഭിനിവേശം

എന്ന് വയലാറെഴുതുമ്പോള്‍

നിന്‍ കണ്‍കളില്‍ നോക്കിനില്‍ക്കാന്‍
ഇന്നെന്തൊരാവേശം പിന്നെ
നിന്‍ നിശ്വാസമേറ്റു നില്‍ക്കെ
ഇന്നെന്തൊരുന്മാദം
എന്ന് കൊതിക്കുകയും കൊതിപ്പിക്കുകയും ചെയ്യും ഒ.എന്‍.വി. ഭക്തിയോ വാത്സല്യമോ പ്രണയമോ വിഷാദമോ, വികാരം ഏതുമാകട്ടെ, ഒ.എന്‍.വി. അതില്‍ മതിമറന്ന് ലയിക്കാറില്ല. കാല്പനികഭാവനയുടെ സഹജമായ അനിയന്ത്രിതത്വത്തിന് ഒ.എന്‍.വിയിലെ അധ്യാപകന്‍ കീഴടങ്ങുന്നില്ല. വൈകാരികപ്രകടനത്തിലെ ആ അച്ചടക്കം ഒരിക്കല്‍പ്പോലും ഗാനത്തിന്റെയോ സന്ദര്‍ഭത്തിന്റെയോ വൈകാരികാനുഭവങ്ങളെ ഞെരിച്ചുകളയുന്നതുമില്ല. അതിന് ഏറ്റവും നല്ല മാതൃകയാണ് വൈശാലിയിലെ പാട്ടുകള്‍. പെണ്ണിന്റെ പൊരുളറിയാത്ത മുനികുമാരനെ വശീകരിക്കാന്‍ നിയോഗിക്കപ്പെടുന്ന സുന്ദരിയുടെ കഥ, സവര്‍ണാധികാരവ്യവസ്ഥയുടെ ക്രൂരതയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച ഒന്നാന്തരം പ്രണയകാവ്യം. കഥയില്‍ത്തന്നെ രതിസാധ്യതകള്‍ വേണ്ടുവോളം. അഭ്രപാളിയില്‍ ഈ രതികാവ്യത്തെ പകര്‍ത്തിയത് മറ്റാരുമല്ല, സാക്ഷാല്‍ ഭരതന്‍. പെണ്ണിന്റെ സൗന്ദര്യവും ഉടലിന്റെ വിനിമയസാധ്യതകളും അറിഞ്ഞുപയോഗിക്കുന്ന സംവിധായകന്‍. ഗാനങ്ങള്‍ രചിക്കുമ്പോള്‍ ഒ.എന്‍.വി. പാലിച്ച കൈയടക്കം അസാമാന്യമെന്നുതന്നെ പറയേണ്ടതുണ്ട്. മകള്‍ക്ക് അമ്മ വൈശികതന്ത്രം ഉപദേശിച്ചുകൊടുക്കുന്ന രംഗത്തിനുവേണ്ടി ചിട്ടപ്പെടുത്തിയ ഒരു ഗാനമുണ്ടതില്‍:

ഇന്ദുപുഷ്പം ചൂടിനില്‍ക്കും രാത്രി
ചന്ദനപ്പൂമ്പുടവ ചാര്‍ത്തിയ രാത്രി.
കഞ്ജബാണ ദൂതിയായിന്നരികിലെത്തി
ചഞ്ചലേ നിന്‍ വിപഞ്ചിക തൊട്ടുണര്‍ത്തീ...

അരയിലെ ഏലസ്സില്‍ അനംഗത്തിരുമന്ത്രങ്ങള്‍ പൊന്‍നൂലില്‍ കോര്‍ത്ത് അമ്മ മകളെ അണിയിക്കുകയാണ്. മാമുനിയെ മാന്‍കിടാവായി മാറ്റാനുള്ള മന്ത്രം അമ്മ മകളുടെ കാതില്‍ മൊഴിയുകയാണ്. നിന്റെ കണ്ണുകള്‍ പൂവോ പൂനിലാവിന്‍ കിരണമോ അല്ല. അവ അനംഗന്റെ പ്രിയബാണങ്ങളാണെന്ന് കൗമാരക്കാരിയെ ഓര്‍മിപ്പിക്കുന്ന ഈ അമ്മ ചരിത്രത്തിന്റെയും സാഹിത്യചരിത്രത്തിന്റെയും ഭാഗമാണ്. പ്രണയത്തിന്റെയും രതിയുടെയും വിഭാവ-അനുഭാവങ്ങളുടെ ഉചിതമായ സംയോഗത്തില്‍ കാമകലയുടെ സൗന്ദര്യമാകെ കോരിയെടുത്ത ഈരടികള്‍. ഭരതന്റെ വന്യവും തീക്ഷ്ണവുമായ രതിസങ്കല്പങ്ങളെ സൂക്ഷ്മമായ സൗന്ദര്യാനുഭവമാക്കി ഈ ഗാനം. ഈയുണ്മയിലുള്ളതുതന്നെയാണ് ആ ഉണ്മ എന്ന ഒരു നിറവാണ് ഒ.എന്‍.വിയുടെ പ്രണയസങ്കല്പത്തിലുള്ളത്.
പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട് അനുഭവിച്ചറിയാവുന്നതും അതിനപ്പുറം അതീന്ദ്രിയാനുഭവമായി മാറുന്നതുമായ കാവ്യബിംബങ്ങളാല്‍ സമൃദ്ധമാണ് ഒ.എന്‍.വിയുടെ ഗാനങ്ങള്‍. പഞ്ചേന്ദ്രിയങ്ങള്‍ക്കനുസൃതമായി ബിംബാവലിയെ ദൃശ്യം, ശ്രാവ്യം, സ്​പര്‍ശം, ഘ്രാണം, രാസനം എന്നിങ്ങനെ വിഭജിക്കാറുണ്ട്. കണ്ടറിയുന്നത്, കേട്ടറിയുത്, തൊട്ടറിയുന്നത്, മണത്തറിയുന്നത്, രുചിച്ചറിയുന്നത് ഇങ്ങനെ. പഞ്ചേന്ദ്രിയങ്ങളെയും ത്രസിപ്പിക്കുന്ന ഈ കാവ്യബിംബങ്ങളില്‍ മലയാളി അറിയാത്ത അനുഭൂതികളില്ല. പാട്ടുകേള്‍ക്കുമ്പോള്‍ വിവിധതരം ദൃശ്യങ്ങളിലൂടെയും ശബ്ദങ്ങളിലൂടെയും ഗന്ധങ്ങളിലൂടെയുമാണ് നാം കടന്നുപോകുന്നത്. അറിയാത്തവയെ അറിഞ്ഞതായി അനുഭവിപ്പിക്കുന്ന വാക്കുകള്‍.

ദൃശ്യബിംബങ്ങള്‍

1. ആറ്റിറമ്പില്‍ പൂവുകള്‍തന്‍ ഘോഷയാത്രയായീ...
(കുന്നിമണിച്ചെപ്പുതുറന്നെന്നെ...)

2. ആയര്‍ പെണ്‍കിടാവേ നിന്‍ പാല്‍ക്കുടം തുളുമ്പിയ-
തായിരം തുമ്പപ്പൂവായ് വിരിഞ്ഞു...
(മെല്ലെ മെല്ലെ മുഖപടം...)

3. എന്റെ സൂര്യന്‍ എരിഞ്ഞടങ്ങിയീസന്ധ്യതന്‍ സ്വര്‍ണമേടയില്‍
എന്റെ കുങ്കുമപ്പാടമാകവേ
ഇന്നു കത്തിയെരിഞ്ഞുപോയ്...
(ശ്യാമസുന്ദര...)

4. ഇത്തിരിപ്പൂക്കളും തുമ്പികളും
വളപ്പൊട്ടുകളും വര്‍ണപ്പീലികളും...
(വിപഞ്ചികേ...)

5. അരിയപാല്‍ മണികള്‍
കുറുകി നെന്‍മണിതന്‍
കുലകള്‍ വെയിലിലുലയേ...
(കാതോടു കാതോരം...)

ശ്രാവ്യബിംബങ്ങള്‍

1. കുരവയും പാട്ടുമായ് കൂടെയെത്തും
ചിറകാര്‍ന്ന സ്വപ്‌നങ്ങള്‍...
(ശരദിന്ദു മലര്‍ദീപ...)

2. ചിലങ്കകള്‍ പാടുന്നൂ
അരികിലാണോ
വിപഞ്ചിക പാടുന്നൂ
അകലെയാണോ...
(ഓര്‍മകളേ...)

3. കളകളം കായലോളങ്ങള്‍ പാടും...

4. കിളിചിലച്ചു കിലുകിലെ കൈവളചിരിച്ചു
കതിര്‍ ചൂടും പുന്നെല്ലിന്‍ മര്‍മ്മരമോ
കരളിലെ പുളകത്തിന്‍ മൃദുമന്ത്രമോ...
(കിളി ചിലച്ചു...)

ഘ്രാണബിംബങ്ങള്‍

1. വയണപ്പൂ ചൂടുന്ന കാടേതോ
വാസന്തിപ്പൂ ചൂടുന്ന കാടേതോ...
(മഴവില്‍ക്കൊടി കാവടി...)

2. സ്‌നിഗ്ധമാമാരുടെയോ മുടിച്ചാര്‍ത്തിലെന്‍
മുഗ്ധസങ്കല്പം തലോടി നില്‌ക്കെ...
(അരികില്‍ നീ...)

3. മുടിയിലെ എള്ളെണ്ണക്കുളിര്‍ മണമോ
ചൊടിയിലെ ഏലത്തരിമണമോ...
(ഗസല്‍)

4. കാടുകള്‍ പൂത്തതറിഞ്ഞില്ലേ
കുഞ്ഞിക്കാറ്റു പറഞ്ഞില്ലേ...
(വള്ളിക്കുടിലില്‍...)

5. മാവായ മാവെല്ലാം പൂത്തിറങ്ങി
മണമുള്ള മാണിക്യപ്പൂത്തിരികള്‍...

(കാണാനഴകുള്ള മാണിക്യക്കുയിലേ...)

സ്​പര്‍ശബിംബങ്ങള്‍

1. പ്രാണങ്ങളിലാകെ കുളിരേകുന്നൊ
രഗ്നിയായ് നീ പടരൂ...
(ഇന്ദുപുഷ്പം...)
2. കന്നിപ്പൂങ്കവിളില്‍ തൊട്ട്
കടന്നുപോകുവതാരോ...
(ആത്മാവില്‍ മുട്ടിവിളിച്ചപോലെ...)

3. ഈ നദിതന്‍ പുളിനങ്ങള്‍
ചന്ദനക്കുളിരണിഞ്ഞു...
(നീരാടുവാന്‍ നിളയില്‍...)

4. ഈ നദിതന്‍ മാറിലാരുടെ
കൈവിരല്‍പ്പാടുകള്‍ ഉണരുന്നു...
(സാഗരങ്ങളേ പാടി പാടീ...)

രാസനബിംബങ്ങള്‍

1. സുഖമെഴും കയ്പും പുളിപ്പും മധുരവും
നുകരുവാനിപ്പോഴും മോഹം...
(ഒരു വട്ടം കൂടി...)

2. താമരക്കിണ്ണത്തിലെന്തുണ്ട്
മാമുണ്ണാനുണ്ണിക്ക് പാച്ചോറ്...
(കണ്‍മണിയെ ആരിരാരോ...)

വൈകാരികവും ധൈഷണികവുമായ ബിംബങ്ങള്‍ ഓരോ പാട്ടിനെയും ഇന്ദ്രിയാനുഭവങ്ങള്‍ക്കും അപ്പുറത്തേക്ക് കൊണ്ടുപോകുന്നു. പാട്ടുകേള്‍ക്കുന്ന ഓരോ വ്യക്തിയും അവനവന്റെതായ നിലയില്‍ പാട്ടുകാരാകുന്നു. കാമുകിയും കാമുകനുമാകുന്നു. അവരുടെ സമസ്‌തേന്ദ്രിയങ്ങളിലും പാട്ട് പടര്‍ന്നുകയറുന്നു. പാട്ടുകളില്‍ ഉപയോഗിക്കുന്ന പദങ്ങളിലൂടെയാണ് ബിംബാവലിയുടെ യുക്തിപരത വികാസം പ്രാപിച്ചുവരുന്നത്. അവ്യക്തത, കണിശത ഈ സ്വഭാവവിശേഷങ്ങള്‍ പദങ്ങള്‍ക്ക് സ്വായത്തമായുള്ളതാണ്. പദസ്വീകാരത്തില്‍ കാണിക്കുന്ന കണിശതയാണ് ഒ.എന്‍.വിയുടെ ഗാനങ്ങളുടെ ഏറ്റവും ആകര്‍ഷണീയമായ ഘടകം. ഗാനത്തിന്റെ ലാവണ്യത്തിനു ഭംഗംവരുത്തുന്ന ഒരു വാക്കും ഒ.എന്‍.വിയുടെ ഗാനശേഖരമാകെ തിരഞ്ഞാലും കിട്ടില്ല. കടല്‍ എന്ന പദത്തിന് എവിടെയാണ് സമുദ്രമെന്ന് ചേരുക, ആഴി എന്ന് എവിടെയാണ് യോജിക്കുക എന്നിങ്ങനെ സംഗീതവും താളവും സന്ദര്‍ഭത്തിനോട് എത്രമാത്രം ഇണങ്ങിച്ചേരുമോ അത്രത്തോളം ഇണക്കിച്ചേര്‍ക്കാന്‍ ഒ.എന്‍.വി. ശ്രദ്ധിക്കാറുണ്ട്. ആവര്‍ത്തനമെന്ന ശൈലീപരമായ പ്രയോഗവിശേഷത്തിലുള്ള പാടവം സാഹിത്യാധ്യാപകനായ ഒ.എന്‍.വിയെ ഗാനരചനയില്‍ ഏറെ സഹായിച്ചിട്ടുണ്ട്. ചില ഭാവങ്ങള്‍ക്ക് ഊന്നല്‍കൊടുക്കുന്നതിനും സമത നിലനിര്‍ത്തുന്നതിനും പദങ്ങളുടെ ആവര്‍ത്തനം ഒ.എന്‍.വി. സമര്‍ഥമായി ഉപയോഗിച്ചിട്ടുണ്ട്.

ഞങ്ങള്‍ കേള്‍ക്കാത്ത പാട്ടിലെ
സ്വരവര്‍ണരാജികളില്ലയോ...
ഹംസഗീതങ്ങളില്ലയോ...
അഗാധനിശ്ശബ്ദ ശാന്തതയില്ലയോ... ഇല്ലയോ...

ഇല്ലയോ എന്ന വാമൊഴിയോടടുക്കുന്ന യഹമിസ ്‌ലൃലെെനെ ഓര്‍മിപ്പിക്കുന്ന നാടന്‍ ഭാഷണശൈലി ഭാവഗീതത്തിലുപയോഗിക്കുന്നതില്‍ എഴുത്തച്ഛന്‍ ഒ.എന്‍.വിക്ക് മാര്‍ഗദര്‍ശിയാണ്. 'വനദേവതമാരേ നിങ്ങളുമുണ്ടോ കണ്ടൂ...' എന്നു തുടങ്ങുന്ന ശ്രീരാമന്റെ സീതാന്വേഷണത്തിലെ വിലാപത്തില്‍ ഓരോ വരിയിലും 'നിങ്ങളുമുണ്ടോ കണ്ടൂ' എന്ന ആവര്‍ത്തനമുണ്ട്. 'പ്രിയസഖി ഗംഗേ പറയൂ... പ്രിയമാനസനെവിടെ...' എന്ന ഗാനത്തില്‍ ഒ.എന്‍.വി. ഈ വിലാപശ്രുതി സ്വീകരിച്ചിട്ടുണ്ട്. വലിയ ശിലാഗോപുരത്തിലെ വടിവുറ്റ ചെറിയ ചെറിയ ശില്പങ്ങളെയാണ് ഈ രൂപപരീക്ഷണം ഓര്‍മിപ്പിക്കുന്നതെന്ന് എഴുത്തച്ഛന്റെ കവിതയിലെ ഭാവരൂപസമന്വയത്തെക്കുറിച്ചുള്ള ഒരു പഠനത്തില്‍ ഒ.എന്‍.വി. എഴുതിയിട്ടുണ്ട്.

ജീവിതത്തിന്റെ അന്തിമ പൂര്‍ണതേ
മരണമേ എന്റെ മരണമേ
വന്നാലും എന്നോടു മന്ത്രിച്ചാലും...

എന്ന് മരണത്തെ മധുരീകരിക്കുന്ന അനുഭവമാക്കി ഗീതാഞ്ജലിയില്‍ ടാഗോര്‍. രാക്കുയിലിന്റെ പാട്ടുകേട്ട് ആനന്ദാതിരേകത്താല്‍ മതിമറന്ന് മരണം കൊതിച്ചു കീറ്റ്‌സ്. കീറ്റ്‌സിനെയോ ടാഗോറിനെയോ അറിയാത്ത എത്രയോ സാധാരണക്കാരായ മലയാളികള്‍, മരണത്തെ മധുരാനുഭൂതിയാക്കുന്ന മറ്റൊരു പാട്ട് മതിവരാതെ പാടിനടന്നു ഇവിടെ.

മരണമേ നീ വരികയെന്റെ
പ്രണയഗാനം കേള്‍ക്കൂ നീയും
ഏറ്റുപാടാന്‍ പോരൂ...

മദനോത്സവമെന്ന ചിത്രവും അതിലെ ഗാനങ്ങളും, പ്രണയവും മരണവും ഇണചേരുന്ന മുഹൂര്‍ത്തങ്ങളെ അതീവചാരുതയോടെ ജനപ്രിയചേരുവകളില്‍ പകര്‍ത്തിയിരിക്കുന്നു. ജീവിതത്തോടുള്ള അതേ ആസക്തി മരണത്തോടും പ്രകടിപ്പിക്കുക കാല്പനികചേതനയുടെ പ്രത്യേകതയാണ്. പകലിന്റെ മരണത്തെ ഓര്‍മിപ്പിക്കുന്ന ബിംബമായി സന്ധ്യ ഒ.എന്‍.വിയുടെ പല ഗാനങ്ങളിലും ആവര്‍ത്തിക്കുന്നുണ്ട്. വികാരസാന്ദ്രമായ ആത്മാലാപമായി മലയാളിക്ക് മദനോത്സവത്തിലെ ഗാനങ്ങള്‍. വയലാറിന്റെ അന്ത്യദിനങ്ങളിലൊന്നില്‍ ആ ഗാനഗന്ധര്‍വനെ കണ്ടു മടങ്ങും വഴി തന്റെയുള്ളില്‍ കണ്ണുനീര്‍ത്തുള്ളിപോലെ ഉറന്നുകൂടിയ ഗാനമാണ്

സാഗരമേ ശാന്തമാക നീ
സാന്ധ്യരാഗം മായുന്നിതാ...

എന്ന് ഒ.എന്‍.വി. പറഞ്ഞിട്ടുണ്ട്. തളിര്‍ത്തൊത്തിലാരോ പാടീ തരൂ ഒരു ജന്മം കൂടി എന്ന് സംഘര്‍ഷഭരിതമായ മനസ്സിലെ ചിതറിയ ചിത്രങ്ങള്‍ ചേര്‍ത്ത് ഒന്നാന്തരമൊരു സിംഫണി. അനുരാഗവും ശോണിമയും യൗവനവും പൊലിയുമ്പോള്‍ സന്ധ്യയുടെ രാഗമന്ത്രങ്ങളും കെട്ടണയുമ്പോള്‍ മരണത്തെയാണ് കവി കാണുന്നത്. ഇരവും പകലും കരയും കടലും ഇടചേര്‍ന്ന ജീവിതക്കളിയരങ്ങിലെ വെറും കാണികള്‍ മാത്രമായ മനുഷ്യരുടെ നിസ്സഹായതയെ മറികടക്കാന്‍ മധുരിതമായ ചേതനയെ പ്രാപ്തമാക്കുകയാണ് കവിമനസ്സ്.

നൂറു ചൈത്ര സന്ധ്യാരാഗം
പൂത്തൂകാവു നിന്നാത്മാവില്‍...

എന്ന ആശംസ മരണത്തെ അതിജീവിക്കുന്ന പ്രതീക്ഷയുടേതാണ്. ഒരു വാക്കില്‍ തേന്‍കണവും ഒരു നോക്കില്‍ ഉത്സവവും ആകുന്ന എത്ര ഗാനങ്ങള്‍ ഇനിയും. പ്രേമലിഖിതത്തിന്റെ പൊന്‍ലിപികള്‍!

ഇളനീര്‍ തന്നു കുളിര്‍നീര്‍ തന്നു
ഉണരുമെന്നിലെ കിളിമകള്‍ക്കു നീ
തന്നൂ തണ്ണീര്‍പ്പന്തലും...

എന്ന് ഒ.എന്‍.വിയുടെ ഗാനങ്ങളെക്കുറിച്ച് ഗൃഹാതുരതയോടെ പ്രണയാതുരതയോടെ മലയാളി എക്കാലവും ഓര്‍മിക്കും. ഗദ്യത്തിലേക്ക് പരാവര്‍ത്തനം ചെയ്ത് വിശദമാക്കാന്‍ കഴിയാത്ത സാന്ദ്രീകൃത വികാരമാണ് ഒ.എന്‍.വിയുടെ ഗാനങ്ങളിലെ ഓരോ ഇമേജും.

വ്യക്തിപരമായി ഞാനേറ്റവും ഇഷ്ടപ്പെടുന്ന ഗാനങ്ങളിലൊന്നിനെക്കൂടി പരാമര്‍ശിക്കാതെ വയ്യ. അത്രമാത്രം ഗാനങ്ങളില്‍ ശ്വസിച്ചുജീവിക്കുന്ന ഒരുവള്‍ക്ക് ഈ പാട്ടു പകര്‍ന്നുതരുന്ന അനുഭൂതികള്‍ പകര്‍ത്തിവെക്കാനുള്ള ഭാഷയുമില്ല. നീയെത്ര ധന്യ എന്ന ചിത്രത്തിലെ ഹിറ്റായ പല പാട്ടുകള്‍ക്കിടയില്‍ അത്രതന്നെ ഹിറ്റാകാതെപോയ മറ്റൊരു പാട്ടുണ്ട്. 'പുലരികള്‍ സന്ധ്യകള്‍...' ആടിത്തിമിര്‍ക്കുന്ന മൂന്നാഴികളുടെ സംഗമസ്ഥാനത്ത് കടലുകളേക്കാള്‍ ആസക്തിയോടെ ഒന്നാകാന്‍ വെമ്പുന്ന പ്രണയികളുടെ ആനന്ദമൂര്‍ച്ഛയെ, കെട്ടിപ്പിണയുന്ന തളര്‍ച്ചയെയും ഉണര്‍ച്ചയെയും അറിയണമെങ്കില്‍ ആ ഗാനം കേള്‍ക്കുകതന്നെവേണം.

വാരിപ്പുണര്‍ന്നു പിന്‍വാങ്ങും തിരയോട്
കോരിത്തരിക്കുന്ന തീരമോതി...
ആയിരം ജന്മത്തിന്‍ സാഫല്യമാകവേ
ഈയൊരു മാത്രയെനിക്കു നല്കി...

ഒടുവില്‍ ദേവരാജന്‍ തന്നെ വന്നെത്തി യേശുദാസുമൊത്ത് ഈ വൈകാരികതയെ ഗാനമാക്കാന്‍.
ആടിത്തിമിര്‍ത്തു നീരാഴികള്‍ മൂന്നുമൊരാനന്ദമൂര്‍ച്ഛയിലാഴുന്നൂ എന്നത് ഈ ഗാനത്തെ സംബന്ധിച്ചും സത്യമായി. യേശുദാസ്-ദേവരാജന്‍-ഒ.എന്‍.വി. സഖ്യം ഒരുമിച്ചുചേര്‍ന്ന അവസാനചിത്രങ്ങളില്‍ ഒന്ന് നീയെത്ര ധന്യ ആയിരുന്നു. കന്യാകുമാരിയിലെ ദേവീക്ഷേത്രം ഒരു ദേവാലയമോ ടൂറിസ്റ്റ് കേന്ദ്രമോ മാത്രമല്ലാതായി ഈ പാട്ടിനുശേഷം എനിക്ക്. നടവാതിലില്‍ ചെന്ന് ഉള്ളിലെ, വരണമാല്യമേന്തി നില്ക്കുന്ന കന്യകാരൂപം കാണുമ്പോള്‍ നെഞ്ചുവിങ്ങുന്ന രണ്ടു വരികള്‍ മനസ്സിലെത്തും.

സ്‌നേഹിച്ച തെറ്റിനീയേകാന്തതയുടെ
വേദന താനേ വരിച്ച ദേവീ...

സ്‌നേഹമെല്ലാം വേദനയായി മാറുന്നവര്‍ക്കു മാത്രമേ ഇതിന്റെ പൊരുള്‍ അറിയാനാകൂ. കണ്ണുനിറയുന്നത് അകത്തെ വിങ്ങുന്ന പെണ്‍മനസ്സുമായി സാത്മ്യവും സാരൂപ്യവും തോന്നുന്നതുകൊണ്ടാണ്. പ്രണയത്തില്‍ ചതിക്കപ്പെട്ടവളുടെ അനന്തമായ കാത്തിരിപ്പാണത്. കന്യാകുമാരി എനിക്ക് പ്രിയപ്പെട്ട ഭൂമിയാകുന്നത് അവിടത്തെ പോക്കുവെയില്‍ ഒരു ഏകാകിനിയുടെ വരപ്രസാദമായതുകൊണ്ടാണ്. അവിടത്തെ സന്ധ്യ അവളുടെ ആര്‍ദ്രസ്മിതമായതുകൊണ്ടു മാത്രമാണ്.(ഒക്ടോബര്‍ 2010/മാതൃഭൂമി ആഴ്ചപ്പതിപ്പ്)

(ഞാന്‍ നിങ്ങള്‍ക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു എന്ന പുസ്തകത്തില്‍ നിന്ന്)