തെക്കന്‍ കേരളത്തിലെ തൃക്കാക്കരയോളം പ്രചാരമില്ലെങ്കിലും ആചാരനുഷ്ഠാനത്തിലും ചൈതന്യത്തിലും സമ്പന്നമായൊരു വാമനക്ഷേത്രമുണ്ട് അത്യുത്തര കേരളത്തില്‍.കാഞ്ഞങ്ങാടിനടുത്ത് കൊടവലം ഗ്രാമത്തിലാണ് ക്ഷേത്രം.മഹാബലിയെ മോക്ഷപ്രാപ്തനാക്കും മുമ്പ് വാമനന്‍ അദ്ദേഹത്തിന് കാട്ടിക്കൊടുത്ത ത്രിവിക്രമ സങ്കല്‍പ്പത്തിലാണ് ഇവിടുത്തെ ആരാധന.മഹാബലി കണ്ട വാമനന്റെ വിശ്വരൂപമാണ് പ്രതിഷ്ഠ.

അതായത്,ശംഖും സുദര്‍ശനവും ഗദയും താമരയും പിടിച്ച നാലു കൈകളോടുള്ള മഹാവിഷ്ണു.ബ്രാഹ്മണബാലനായ വാമനാവതാരമാണ് കുടികൊള്ളുന്നത് എന്നതിനാല്‍ പൂണൂല്‍ ധരിച്ച മഹാവിഷ്ണുവാണ് ഇവിടെയുള്ളത്.താന്ത്രിക കര്‍മ്മങ്ങളും പൂജയുമെല്ലാം വാമനമൂര്‍ത്തിയായി തന്നെ.ക്ഷേത്രത്തിലെത്തിയാല്‍ ആദ്യം കാണുക ത്രിവിക്രമനായ ഭഗവാന്റെ ചിത്രമാണ്.ഈ ചിത്രത്തിന് മുമ്പില്‍ പ്രാര്‍ഥിച്ച ശേഷമാണ് ഭക്തര്‍ നാലമ്പലത്തിനകത്തേക്കു പോകുക.ചതുരശ്രീകോവിലാണ് ഇവിടുത്തെത്.102 സെന്റീമിറ്റര്‍ ഉയരത്തിലുള്ള ശിലയിലാണ് വിഗ്രഹം തീര്‍ത്തിട്ടുള്ളത്.പ്രധാന ദേവന്റെ വലത് മഹാഗണപതിയുടെയും ഇടത് ഭഗവതിയുടെയും നാലമ്പലത്തിന് പുറത്ത് ശാസ്താവിന്റെയും ഉപദേവ പ്രതിഷ്ഠയുമുണ്ട്.

ഒപ്പം ഒന്നിലേറെ തെയ്യങ്ങളുമായി ബന്ധപ്പെട്ട കാവുകളുമുണ്ട് 1100-ലേറെ വര്‍ഷം പഴക്കമുണ്ട് ക്ഷേത്രത്തിന്.ദേശീയ പാതയില്‍ പൂല്ലൂര്‍ ബസ് സ്റ്റോപ്പിലെത്തിയാല്‍ മൂന്നര കിലോമീറ്റര്‍ കിഴക്ക്-തെക്ക് മാറിയാണ് കൊടവലം ക്ഷേത്രം.


ചരിത്ര താളുകളിലേക്ക്കൊടവലം ക്ഷേത്രത്തെക്കുറിച്ച് പറയുമ്പോള്‍ വാമന പൂജയ്ക്കും ആരാധനയ്ക്കുമപ്പുറമുള്ള കാര്യങ്ങളിലേക്ക് കടക്കേണ്ടിവരും.അതില്‍ ആദ്യത്തേത് 11-ാം നൂറ്റാണ്ടില്‍ കൊത്തിവച്ച ഇവിടുത്തെ ശിലാലിഖിതമാണ്.കൊടവലം ശാസനം എന്ന പേരിലാണ് കരിങ്കല്ലില്‍ കൊത്തിവച്ച ലിഖിതത്തിന് നല്കിയിരിക്കുന്ന പേര്.മഹോദയപുരം(കൊടുങ്ങല്ലൂര്‍)ആസ്ഥാനമായി കേരളം ഭരിച്ചിരുന്ന പെരുമാള്‍ രാജവംശത്തിലെ ഭാസ്‌കരന്‍ രവിവര്‍മന്റെ കല്പനയാണിതില്‍ എഴുതി വച്ചിട്ടുള്ളത്.ബ്രാഹ്മി ലിപിയിലുള്ള വട്ടെഴുത്തിലാണ് കല്പന.എ.ഡി. 1020 ലാണ് ഈ കല്‍പന പുറപ്പെടുവിച്ചതെന്ന് ലിഖിതത്തിലുണ്ട്.1969-ല്‍ ചരിത്രകാരന്‍ ഡോ.എം.ജി.എസ് നാരായണന്‍ കൊടവലം ക്ഷേത്രത്തിലെത്തുകയും ഈ വട്ടെഴുത്ത് വായിച്ചെടുക്കുകയും ചെയ്തു.

'സ്വസ്തി ശ്രീ ഭാസ്‌കര രവിവര്‍മനായ മനുകുലാദിത്യദേവന്‍ ഭരിക്കുന്ന അമ്പത്തെട്ടാം വര്‍ഷത്തില്‍ വ്യാഴം കര്‍ക്കിടകരാശിയില്‍ നില്‍ക്കെ വാര്‍ഷിക നികുതിയിനത്തില്‍ നിന്ന് മൂന്ന് കഴഞ്ച് പൊന്ന് കൊടുക്കാന്‍ ഏര്‍പ്പാട് ചെയ്തിരിക്കുന്നു.കല്പനയനുസരിച്ച് കൊടവലത്ത് ഊരാളര്‍ ഇതു കല്ലില്‍ എഴുതി നാട്ടിയിരിക്കുന്നു'.ഇതാണ് ചെറുതും അവ്യക്തവുമായ വട്ടെഴുത്തിലൂടെ രേഖപ്പെടുത്തിയത്.ഇക്കാര്യം കുറച്ചുകൂടി വ്യക്തമാക്കി എം.ജി.എസ് പിന്നീട് ലേഖനവും എഴുതി.കൊടവലം ഗ്രാമത്തില്‍ നിന്ന് പിരിച്ചെടുത്ത് മഹോദയപുരത്തേക്കെത്തിക്കുന്ന വാര്‍ഷിക നികുതിയില്‍ നിന്ന് മൂന്ന് കഴഞ്ച് സ്വര്‍ണം ക്ഷേത്ര നടത്തിപ്പിന് നല്കുന്നു.ഇക്കാര്യം രാജാവിന്റെ കല്‍പന പ്രകാരം കൊടവലത്തെ ഊരാളന്‍മാര്‍ കരിങ്കല്ലില്‍ രേഖപ്പെടുത്തി വച്ചു.

കര്‍ക്കിടരാശിയില്‍ വ്യാഴം നിലക്കുന്നുവെന്നതിനെ അടിസ്ഥാനമാക്കിയുള്ള പരിശോധനയിലൂടെ ക്രിസ്തുവര്‍ഷം 962-ല്‍ സ്ഥാനാരോഹണം ചെയ്ത ഭാസ്‌കര രവിവര്‍മന്‍ ഒന്നാമന്റെത് തന്നെയാണ് ഈ കല്‍പനയെന്ന് വ്യക്തമായതായും എം.ജി.എസ് നാരായണന്‍ തന്റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.ഭാസ്‌കര രവിവര്‍മ്മന്‍ ഒന്നാമന്‍ സ്ഥാനമേറ്റെടുത്ത് 58 വര്‍ഷത്തിന് ശേഷമാണ് കൊടവലം ശാസനം ഉണ്ടായതെന്ന് ചരിത്ര കാരന്‍ ഡോ.എം.ആര്‍ രാഘവ വാര്യരും മറ്റൊരു ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.പെരുമാള്‍ രാജ വംശത്തിലെ മനുകുലാദിത്യന്‍ എന്ന് വിളിപ്പേര് ഒരു ബിരുദ സ്ഥാനമാണെന്ന് തിരിച്ചറിയാനായത് കൊടവലത്തെ ശിലാ ലിഖിതം വായിച്ച ശേഷമാണെന്നും ഡോ.എം.ജി.എസും ഡോ.വാര്യരും അടക്കമുള്ള ചരിത്രകാരന്‍മാര്‍ പിന്നീട് വ്യക്തമാക്കുകയും ചെയ്തു.

ചോളരാജ കാലത്തെ അനുസ്മരിപ്പിക്കുന്ന കളിമണ്‍ ശില്പങ്ങളോടുള്ള ചുമരുകളാണ് ഇവിടെ ഉണ്ടായിരുന്നത്.കാലപ്പഴക്കത്താല്‍ ഈ ചുമരുകള്‍ക്കൊപ്പം ശില്പങ്ങളും നശിച്ചു.പുല്ലുമേഞ്ഞ ശ്രീകോവിലായിരുന്നു ആദ്യം ഉണ്ടായിരുന്നതെന്ന് കൊടവലം ക്ഷേത്രത്തെ കുറിച്ചിറക്കിയ പുസ്തകത്തിലുണ്ട്.


ഊരാള സ്ഥാനത്ത് വാര്യര്‍ സമുദായം

ക്ഷേത്ര ഊരാളന്‍മാര്‍ എന്നു കേട്ടാല്‍ അവര്‍ ബ്രഹ്മണരെന്ന കാര്യത്തില്‍ എവിടെയും രണ്ടഭിപ്രായമില്ല.ഈ വസ്തുതയും കൊടവലം തിരുത്തുന്നു.കൊടവലം ക്ഷേത്രത്തന്റെ ഊരാളന്‍മാര്‍ വാര്യര്‍സമുദായക്കാരാണ്.കേരളത്തിലെ 64 ബ്രാഹ്മണ ഗ്രാമങ്ങളില്‍ പ്രധാനമായ പെരിഞ്ചല്ലൂര്‍ ഇല്ലക്കാരുമായി ബന്ധമുണ്ട് കൊടവലത്തിന്.ഇവിടുത്തെ കോടല്ലൂര്‍ ഇല്ലക്കാരുടെ കൈവശമായിരുന്നു ഈ ക്ഷേത്രമെന്ന് ചരിത്ര രേഖകള്‍ പറയുന്നു.കോടല്ലൂര്‍ ഇല്ലക്കാര്‍ യഥാര്‍ഥത്തില്‍ കൊടവലം കാരാണെന്നും ഇവര്‍ പിന്നീട് തളിപ്പറമ്പ് ഗ്രാമത്തിലേക്ക് കുടിയേറിയതാണെന്നും ചരിത്രകാരന്‍ ഡോ.സി.ബാലന്‍ ചൂണ്ടിക്കാട്ടുന്നു.കൊടവലം ഊര് എന്നത് ചൂരുങ്ങി കോടല്ലൂര്‍ ആയതാകാമെന്നും കൊടവലം ക്ഷേത്രത്തെയും ഗ്രാമത്തെയും കുറിച്ചുള്ള പഠന റിപ്പോര്‍ട്ടില്‍ ബാലന്‍മാഷ് എടുത്തുപറയുന്നുണ്ട്.കോടല്ലൂര്‍ ബ്രാഹ്മണര്‍ കഴകക്കാരായ വാര്യര്‍ സമുദായത്തിന് ക്ഷേത്രത്തിന്റെ ഊരാള സ്ഥാനം തന്നെ നല്കിയെന്നാണ് പറയപ്പെടുന്നത്.കൊടവലത്ത് മഠത്തിലെ കെ.കെ.മാധവവാര്യര്‍ പ്രസിഡന്റും എന്‍.കുഞ്ഞിരാമന്‍ നായര്‍ ജന.സെക്രട്ടറിയുമായ ഭരണസമിതിയാണ് ക്ഷേത്രകാര്യങ്ങള്‍ നോക്കി നടത്തുന്നത്.പുനരുദ്ധാരണ പ്രവര്‍ത്തി നടക്കുകയാണിപ്പോള്‍.പുനരുദ്ധാരണത്തിന്റെ ആദ്യഘട്ടത്തില്‍ മുക്കാല്‍ കോടിരൂപ ചെലവിട്ടുവെന്ന് കമ്മിറ്റി ജനറല്‍ സെക്രട്ടറി ടി.പി.രാമചന്ദ്രനും ഭരണ സമിതിയംഗം ഉപേന്ദ്രവാര്യരും പറഞ്ഞു.


ബലി- വാമന മിത്ത്കൊടവലം-മിത്തും യാഥാര്‍ഥ്യവും എന്ന ലേഖനത്തില്‍ എഴുത്തുകാരന്‍ ഡോ.അംബികാസുതന്‍ മാങ്ങാട് ഇങ്ങനെ വിവരിക്കുന്നു-മൂന്നാമത്തെ കാല്‍വെപ്പിന് മഹാബലിയെ പാതാളത്തിലേക്ക് ചവുട്ടി താഴ്ത്തിയ വിഷ്ണു അവതാരത്തെ കുറിച്ചാണ് പറയുന്നതും പ്രചരിക്കുന്നതും.

എന്നാല്‍ പുരാണങ്ങളില്‍ വിഷ്ണുഭക്തനായ മഹാബലിയാണുള്ളത്.ബലിയെ എല്ലാ ഐശ്വര്യങ്ങളോടെയും ഏഴുകടലുകള്‍ക്കപ്പുറത്തുള്ള സുതലത്തില്‍ വാഴിക്കുകയാണ് അവതാരമൂര്‍ത്തി ചെയ്തതത്രെ.തുളുനാട്ടുകാര്‍ വൃശ്ചികത്തിലെ തിരുവോണമാണ് ആഘോഷിച്ചിരുന്നത്.

കൊടവലം ക്ഷേത്രത്തിലെ തിരുവോണോത്സവവും വൃശ്ചികത്തിലാണ്.തൃക്കരിപ്പൂര്‍ മുതല്‍ കുന്താപുരം നീളുന്ന പഴയ തുളുനാട്ടില്‍ തുലാമസത്തില്‍ കറുത്തവാവ് വരുന്ന ദീപാവലി നാളിലാണ് മഹാബലിയെ വരവേല്‍ക്കുന്നത്.പാലമരക്കൊമ്പ് മുറിച്ചെടുത്ത് പൊലിയന്ത്രമാക്കിയും ബലീന്ദ്ര പൂജ നടത്തിയും തുളുനാട്ടുകാര്‍ ആഘോഷം കൊണ്ടാടുന്നു.

ഈ ആഘോഷത്തിന് ഓണമെന്ന പേരൊന്നുമില്ല.പക്ഷെ മഹാബലി ആരാധനയാണ് ഈ ദിവസം നടക്കുന്നത്.കാസര്‍കോടിന്റെ വടക്കന്‍ ഗ്രാമങ്ങളിലാണ് ബലി ആരാധന കൂടുതലെന്നും അംബികാസുതന്‍ മാഷിന്റെ ലേഖനത്തിലുണ്ട്.