ആര്‍പ്പോ ഇര്‍റോ ഇര്‍റോ
ആര്‍പ്പോ ഇര്‍റോ ഇര്‍റോ
മുത്തശ്ശന്‍ ഓണം കൊളളുകയാണ്. അത്തം മുതല്‍ പത്തുദിനം പൂക്കളമിട്ട് കാത്തിരുന്ന ഓണത്തപ്പന്‍ ഇന്നെത്തുമല്ലോ? പ്രതീക്ഷയോടെ പടിക്കലേക്കു നോക്കി. ഓലക്കുടയും കൈയില്‍ പിടിച്ച് വലിയ കൊമ്പന്‍ മീശയും കുടവയറുമായി മാവേലി വരുന്നുണ്ടോ?

തൃക്കാക്കരപ്പോ പടിക്കലും വായോ
ഞാനിട്ട പൂക്കളം കാണാനും വായോ
ആര്‍പ്പോ ഇര്‍റോ ഇര്‍റോ ... മുത്തശ്ശനൊപ്പം ഞാനും കൂടി. പിന്നെ അമ്മ അരച്ചുവെച്ച അരിമാവില്‍ കൈ മുക്കി വാതിലിലും ജനലിലും പതിപ്പിച്ചു. ചവിട്ടു പടികളില്‍ അരിമാവ് താഴേക്ക് നീട്ടി അണിഞ്ഞു. ഒന്നു നാണം കുണുങ്ങി നിന്ന വെളുത്ത് കൊഴുത്ത മാവ് സാവധാനം താഴേക്ക് ഒലിച്ചിറങ്ങി.

ഓണം എല്ലാവര്‍ക്കും ഒരു ഗൃഹാതുരസ്മരണയാണ്. അതുകൊണ്ടാണ് പത്തുപതിനാറു വയസ്സുളള നായികനടികള്‍ പോലും ഓണത്തെകുറിച്ച് ചോദിക്കുമ്പോള്‍ കുട്ടിക്കാലത്തെ ഓണമാണ് ഏറ്റവും പ്രിയപ്പെട്ടതെന്ന് കൊഞ്ചലോടെ പറയുന്നത്.

ഗുണ്ടല്‍പേട്ടിലെ പൂക്കളെ കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാതിരുന്ന കുട്ടിക്കാലത്ത് ചെത്തിയും ചെമ്പരത്തിയും കോളാമ്പിയും കൃഷ്ണകിരീടവും പിന്നെ പേരറിയാത്ത കുറേ നാട്ടുപൂക്കളും മാത്രമാണ് പൂക്കളത്തെ വര്‍ണ്ണശബളമാക്കിയിരുന്നത്. അതുവരെ തിരിഞ്ഞു നോക്കാത്ത വേലിയിലെ പല നിറങ്ങളിലുളള ഇലച്ചെടികള്‍ക്കു പോലും ഓണമാകുമ്പോള്‍ വലിയ ഡിമാന്റാണ്. ഉച്ചയാകുമ്പോഴേക്കും കരിഞ്ഞുപോകുമെങ്കിലും അന്ന് പൂക്കളമിടുമ്പോള്‍ കിട്ടിയിരുന്ന ഒരു സംതൃപ്തി ഇന്നത്തെ ഒരു ബഹുവര്‍ണ്ണ പൂക്കളത്തിനും തരാനാകില്ല. കണ്ണാന്തളിയും കാക്കപൂവും ഓണത്തുമ്പികളും പോയ്മറഞ്ഞിരിക്കുന്നു.

നന്മയും ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും നിറം നല്‍കുന്ന വിളവെടുപ്പുത്സവമായ ഓണം കാത്തിരിപ്പിന്റെ ആഘോഷമാണ്. വറുതിയില്‍ നിന്നും സമൃദ്ധിയിലേക്കും അത്തം മുതല്‍ തിരുവോണത്തിലേക്കും നീളുന്ന കാത്തിരിപ്പിന്റെ ഓണം.ഇന്ന് കാത്തിരിപ്പിനും പുതിയ അര്‍ത്ഥം കൈവന്നു. അവധിക്ക് നാട്ടിലെത്തുന്ന മക്കളേയും പേരമക്കളേയും നോക്കിയുളള കാത്തിരിപ്പാണ് പലര്‍ക്കും ഇന്നത്തെ ഓണം.

പത്തുനാള്‍ക്ക് മുമ്പ് തുടങ്ങുന്ന ഓണത്തിന്റെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാകുന്നത് ഉത്രാടപ്പാച്ചിലോടെയാണ്. തിരുവോണസദ്യക്കായുളള ഇഞ്ചിക്കറിയും കാളനും നാക്കില തുമ്പില്‍ വെക്കാനുളള കായവറുത്തതും ശര്‍ക്കര ഉപ്പേരിയും ഉള്‍പ്പടെയുളള വറുക്കലും പൊരിക്കലും കഴിയുന്നതോടെ അടുക്കളയിലെ ബഹളത്തിന് ഒരു ചെറിയ ആശ്വാസമാകും.

ഇനി ഓണം കൊളളലാണ്. വീടും പുരയിടവും വൃത്തിയാക്കി ചാണകം തെളിച്ചു ശുദ്ധമാക്കി ഉത്രാടനിലാവിന്റെ അകമ്പടിയോടെ ഓണം കൊളളലിനായി എല്ലാവരും ഒരുങ്ങുന്നു. (നാടിന്റേയും നാട്ടുകാരുടേയും വ്യത്യാസങ്ങള്‍ ഓണച്ചടങ്ങുകളിലും പ്രകടമാണെന്ന് ഓര്‍മ്മിപ്പിക്കട്ടെ.)

ഓണംകൊളളുന്നതിനായി തൃക്കാക്കരയപ്പനെ നാളുകള്‍ക്ക് മുമ്പേ ഉണ്ടാക്കി വച്ചിരിക്കും. കളിമണ്ണുകൊണ്ടാണ് തൃക്കാരയപ്പനെ ഉണ്ടാക്കുന്നത്. കളിമണ്ണുകൊണ്ടുണ്ടാക്കിയ പിരമിഡ് ആകൃതിയിലുളള തൃക്കാക്കരപ്പനെ ചുവന്ന ചാന്തു തേച്ച് ഉണക്കിയെടുക്കുന്നു. ഇന്ന് മരം കൊണ്ടും തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നുണ്ട്. ഉത്രാടരാവില്‍ ഈ തൃക്കാക്കരയപ്പനെ പ്രത്യേകം അരച്ചുണ്ടാക്കിയ അരിമാവുകൊണ്ട് അണിയിച്ചൊരുക്കണം.

ഓണം കൊളളലിന്റെ ആദ്യപടിയായി നിലാവിന്റെ വെളിച്ചത്തില്‍ നടുമുറ്റത്ത് ചാണകം കൊണ്ട് കളം മെഴുകുന്നു. അതിനുശേഷം കുതിര്‍ത്ത പച്ചരി അരച്ചെടുത്ത് അതില്‍ കൊഴുപ്പിനായി വെണ്ടയോ കാച്ചിലോ ചതച്ചുചേര്‍ത്ത് ഉണ്ടാക്കുന്ന അരിമാവുകൊണ്ട് കളത്തില്‍ കോലമണിയും. കോലമണിഞ്ഞ കളത്തിലേക്ക് നാക്കില വച്ച് അതിലും അരിമാവ് വീഴ്ത്തും പിന്നെ ആവണി പലകയിട്ട് അരിമാവു തളിച്ച് തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കും. തുടര്‍ന്ന തൃക്കാക്കരയപ്പനെ തുമ്പക്കുടങ്ങള്‍ കൊണ്ട് മൂടുന്നു.

തുമ്പപ്പൂക്കളും കൃഷ്ണകിരീടവും അണിഞ്ഞു നില്‍ക്കുന്ന തൃക്കാക്കരയപ്പന്റെ വശങ്ങളിലായി വേവിച്ച പൊരുത്തിലട, അവില്‍, മലര്‍, ചന്ദനത്തിരി, വിളക്ക്, നിറ, കിണ്ടി, ചന്ദനം, കനല്‍ എന്നിവ നിരത്തി രണ്ടായി വെട്ടിയ നാളികേരമുറികള്‍ നാളികേരവെളളം കളയാതെ തന്നെ തൃക്കാക്കരയപ്പന്റെ ഇരുവശത്തും വച്ച് പൂജ തുടങ്ങുന്നു.പൂജ തീരുന്നതോടെ നാളികേര മുറികളിലെ വെളളം പുരപ്പുറത്തേക്ക് ഒഴിക്കും. പിന്നെ ആര്‍പ്പുവിളിയാണ്.

പിന്നെ അരിമാവില്‍ കൈ മുക്കി വാതിലിലും ജനലിലും കൈ പതിപ്പിക്കും. പടികളിലും തിണ്ണകളിലും അരിമാവണിയും. നാമെല്ലാം ഓണമുണ്ണുമ്പോള്‍ ഉറുമ്പുകള്‍ക്കും സദ്യയുണ്ണണ്ടേ അതിനുവേണ്ടിയാണത്രേ മുറ്റത്തെ കോലം വരക്കല്‍ ഉള്‍പ്പടെയുളള ഈ അരിമാവണിയല്‍. പിന്നെ സദ്യവട്ടവും ഊഞ്ഞാലാട്ടവും തുമ്പിതുളളലും പുലിക്കളിയും ആഘോഷത്തിമിര്‍പ്പിന്റെ ഉന്നതിയിലെത്തുന്ന തിരുവോണവും അവിട്ടവും ചതയവും. മുറ്റത്തും പടിക്കലുമായി ഒരുക്കുന്ന തൃക്കാക്കരയപ്പന്‍മാരെ ചതയത്തിനുശേഷമാണ് എടുക്കുക. അതോടെ നാളുകള്‍ നീണ്ടു നിന്ന ഓണത്തിന് പരിസമാപ്തിയായി.

മഹാബലിത്തമ്പുരാന്‍ നാടുവാണിരുന്ന കളളവും ചതിയും പൊളിവചനവുമില്ലാതിരുന്ന ആ പഴയകാലത്തിന്റെ സ്മരണ പുതുക്കലിനേക്കാള്‍ കൊല്ലത്തിലൊരിക്കല്‍ നാട്ടിലെത്തുന്ന മക്കള്‍ക്ക് വേണ്ടിയുളള ഒരാഘോഷമായി ഓണത്തിന്റെ വ്യാപ്തി ഇന്ന് ചുരുങ്ങിയിട്ടുണ്ട്. എങ്കിലും ഓണം ലോകത്തെമ്പാടുമുളള മലയാളികള്‍ക്ക് ഒത്തൊരുമയുടെ ഉത്സവമാണ്. ഓണനിലാവിന്റെ ശീതളിമയില്‍ പൂവിളികള്‍ ഉയര്‍ത്തി പ്രഥമന്റെ മാധുര്യത്തില്‍ ഗൃഹാതുരസ്മരണകളിലേക്ക് മടങ്ങുന്ന നന്മയുടേയും നേരിന്റേയും ഐശ്വര്യത്തിന്റേയും പൊന്നിന്‍ചിങ്ങം. കാലത്തിന്റെ വേഗത്തിനൊപ്പം കുതിക്കുമ്പോഴും ലോകത്തിന്റെ ഏതു കോണിലായാലും ഒത്തൊരുമിച്ച് പൂക്കളമിട്ട് ജാതിമത ഭേദമന്യേ മലയാളികള്‍ ഓണം ആഘോഷിക്കുന്നു. ഒരു പക്ഷേ പണ്ടത്തേക്കാളും ആര്‍ഭാടത്തോടെ.