ഓണത്തിന് പൂക്കളത്തിന് നടുക്ക് വെക്കുന്ന തൃക്കാക്കരയപ്പന്‍ (തൃക്കാക്കരപ്പന്‍) വാമനമൂര്‍ത്തിയാണ്. മാവേലിയല്ല. ഓണത്തപ്പന്‍ എന്നാല്‍, വാമനന്‍ എന്നര്‍ഥം

ഓണം എന്തിനാണ് ആഘോഷിക്കുന്നത്. നിരവധി ഉത്തരങ്ങള്‍ ഉണ്ടാകും. ഓണം ആഘോഷിക്കുന്നത് യഥാര്‍ഥത്തില്‍ ഭഗവാന്റെ അവതാരമായ 'വാമനമൂര്‍ത്തി'യുടെ അവതാര സുദിനവുമായി ബന്ധപ്പെട്ടാണ്, അല്ലാതെ മാവേലി വരുന്നതൊന്നുമല്ല. വാമനന്‍ അവതരിച്ച ദിവസമാണ് ചിങ്ങമാസത്തിലെ തിരുവോണനാള്‍.

ഓണാഘോഷത്തിന് തുടക്കമിട്ടത് കൊച്ചിയില്‍ നിന്നായതുകൊണ്ട് മാവേലി കൊച്ചി രാജാവാകാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ ആ പിതൃത്വം ചേരമാന്‍ പെരുമാളിലേക്കും ഇടപ്പള്ളി തമ്പുരാനിലേക്കും നീളുന്നുണ്ട്. എന്തായാലും മാവേലി എന്ന പേരിലോ അല്ലെങ്കില്‍ പിന്നീട് ആ പേരില്‍ അറിയപ്പെട്ട കേമനായ ഒരു രാജാവ് ഈ കേരളമണ്ണില്‍ ഉണ്ടായിരുന്നുവെന്ന് വേണം കരുതാന്‍. പക്ഷേ, ആ മാവേലിക്ക് വാമനനുമായി നേരിട്ട് ബന്ധമില്ലതന്നെ. വാമനനും മഹാബലിയും തമ്മിലാണ് നേരിട്ട് ബന്ധം.

എറണാകുളത്തിനടുത്ത തൃക്കാക്കര ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ഓണാഘോഷം. ദക്ഷിണായന കാലത്ത് (പിതൃപക്ഷത്തില്‍) ഉത്സവം നടക്കുന്ന അത്യപൂര്‍വമായ ക്ഷേത്രങ്ങളിലൊന്നാണ് തൃക്കാക്കര. ഇവിടെ വാമനമൂര്‍ത്തി സങ്കല്പത്തിലുള്ള മഹാവിഷ്ണുവാണ് പ്രതിഷ്ഠ. ബലിയുടെ ദര്‍പ്പം ശമിപ്പിക്കാന്‍ അവതരിച്ചതാണ് വാമനന്‍. എപ്പോഴാണ് തന്റെ അഹന്ത വെടിഞ്ഞ് ബലി വാമനന് മുന്നില്‍ ശിരസ്സ് നമിച്ചത് അപ്പോള്‍ മാത്രമാണ് 'മഹാബലി'യായത്. അതുവരെ 'സാദാ'ബലി മാത്രം. ഇന്ദ്രസേനന്‍ എന്നാണ് ബലിയുടെ പേരായി പുരാണത്തില്‍ കാണുന്നത്. അത്യധികം ബലമുള്ളതിനാല്‍ ബലിയായി.

പാലാഴി മഥനത്തിനുശേഷം നടന്ന യുദ്ധത്തില്‍ ദേവന്മാരോട് പരാജയപ്പെട്ട അസുരന്മാര്‍ പിന്നീട് അസുരഗുരുവായ ശുക്രാചാര്യരുടെ വിശ്വജിത്ത് യാഗത്തിലൂടെ കരുത്തനായ ബലിയുടെ നേതൃത്വത്തില്‍ ദേവലോകം ഉള്‍പ്പെടെയുള്ള ത്രിലോകങ്ങള്‍ ആക്രമിച്ച് കീഴടക്കി. സ്വര്‍ഗത്തില്‍ നിന്നും ദേവന്മാരെ തുരത്തി ബലി അവിടെ ഇന്ദ്രസിംഹാസനത്തിലിരുന്നു. നിഷ്‌കാസിതരായ ദേവന്മാര്‍ ഭഗവാന്‍ വിഷ്ണുവിനെ ശരണം പ്രാപിക്കുകയും തങ്ങളുടെ സ്ഥലം വീണ്ടെടുക്കാന്‍ സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. തന്റെ ഭക്തനായ ബലിക്കെതിരെ നേരിട്ട് നടപടി സ്വീകരിക്കാന്‍ തയ്യാറല്ലാതിരുന്ന വിഷ്ണു, ദേവമാതാവായ അദിതിയുടെ മകനായി ജനിച്ച് സങ്കടം തീര്‍ത്തുതരാമെന്ന് ഉറപ്പുനല്‍കി.

പിന്നീട് കശ്യപന്റെയും അദിതിയുടെയും മകനായി ഉപേന്ദ്രന്‍ എന്ന പേരില്‍ ജനിച്ചു. ഉപേന്ദ്രന്‍ എന്നാല്‍ ഇന്ദ്രന്റെ അനുജന്‍ എന്നര്‍ഥം. ബാലബ്രഹ്മചാരിയായി പിറന്നയുടന്‍ മാറിയതുകൊണ്ട് വാമനന്‍ എന്ന് പ്രശസ്തനായി. ദേവന്മാരുള്‍പ്പെടെയുള്ള ഏവരുടെയും അനുഗ്രഹംകൊണ്ട് കരുത്തനായ വാമനന്‍ അവിടെനിന്ന് ബലിയുടെ യാഗശാലയിലേക്ക് പോയി. ഇന്ദ്രപദവി നേടാന്‍ ബലി അപ്പോള്‍ 100ാമത്തെ യാഗം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.

യാഗശാലയിലെത്തിയ വാമനനെ ബലി തിരിച്ചറിഞ്ഞെങ്കിലും സമുചിതമായി സ്വീകരിച്ചു. ത്രിലോകങ്ങളുടെ അധിപനായ തന്നോട് എന്തുവേണമെങ്കിലും ചോദിച്ചുകൊള്ളാന്‍ പറഞ്ഞു. തപസ്സുചെയ്യാന്‍ മൂന്നടി മണ്ണുമാത്രം മതിയെന്ന് പറഞ്ഞ വാമനനെ ബലി കളിയാക്കുന്നുമുണ്ട്. പക്ഷേ, അപകടം മണത്ത അസുരഗുരു ശുക്രാചാര്യര്‍ ദാനം നല്‍കുന്നതില്‍ നിന്നും ബലിയെ തടഞ്ഞു.

താന്‍ കൊടുത്ത വാക്കില്‍നിന്ന് പിന്‍മാറാന്‍ തയ്യാറല്ലാത്ത ബലി ഗുരുവിനെ ധിക്കരിച്ച് ദാനം നല്‍കുകതന്നെ ചെയ്തു. തന്നെ ധിക്കരിച്ചതിനാല്‍ എല്ലാ ഐശ്വര്യങ്ങളും നശിച്ചുപോകട്ടെ എന്ന് ശുക്രന്‍ ശപിച്ചു. ത്രിവിക്രമനായി ലോകമെമ്പാടും വളര്‍ന്ന വാമനന്‍ രണ്ടടികൊണ്ട് ബലി തന്റേതെന്ന് അഹങ്കരിച്ചിരുന്ന എല്ലാം അളന്നെടുത്തു. മൂന്നാമത്തെ അടിവെക്കാന്‍ സ്ഥലം ചോദിച്ചു. അപ്പോഴാണ് തന്റെ അഹങ്കാരത്തിന്റെ ഔധത്യം തിരിച്ചറിഞ്ഞ ബലി മൂന്നാമത്തെ അടി അഹങ്കാരത്തിന്റെ മൂര്‍ത്തിമത് രൂപമായ തന്റെ ശിരസ്സില്‍ വെക്കാന്‍ അപേക്ഷിച്ചത്. വാമനന്‍ ബലിയുടെ തലയില്‍ കാല്‍വെച്ച് അനുഗ്രഹിക്കുകയാണ് ചെയ്തത്. അല്ലാതെ അത് 'ചവിട്ടിത്താഴ്ത്തല്‍' അല്ല.

ഓണത്തിന് പൂക്കളത്തിന് നടുക്ക് വെക്കുന്ന തൃക്കാക്കരയപ്പന്‍ (തൃക്കാക്കരപ്പന്‍) വാമനമൂര്‍ത്തിയാണ്. മാവേലിയല്ല. ഓണത്തപ്പന്‍ എന്നാല്‍, വാമനന്‍ എന്നര്‍ഥം.

ഇനി താത്ത്വികമായി പറഞ്ഞാല്‍ വാമനന്റെ വരവും ഓണവും വലിയൊരു അധ്യാത്മിക രഹസ്യമാണ്. അറിവില്ലായ്മയുടെ അഹങ്കാരത്തില്‍ മദിച്ചുനില്‍ക്കുന്ന നമുക്ക് മുന്നില്‍ അറിവിന്റെ (ജ്ഞാനം) ചെറിയ രൂപത്തിലുള്ള വരമാണ് വാമനന്‍. ക്രമേണ ഇത് വളര്‍ന്ന് വളര്‍ന്ന് വരും. നമ്മുടെ അജ്ഞാനമൊക്കെ കീഴടക്കും. അഹങ്കാരമാകുന്ന ബലിക്ക് തല കുനിക്കുകയേ നിവൃത്തിയുള്ളൂ. 'മൂന്നടി അളക്കല്‍ എന്നു പറഞ്ഞാല്‍ മൂന്ന് അറിവില്ലായ്മയുടെ കെട്ടുകള്‍ അറുക്കല്‍. അവിദ്യ, കാമ, കര്‍മ എന്നീ ഹൃദയഗ്രന്ഥികള്‍ പിളരുമ്പോള്‍ എല്ലാ സംശയങ്ങളും തീരും.

പിന്നെ സര്‍വസമര്‍പ്പണമാണ് ബലിയെപ്പോലെ. നമ്മുടെ ഉള്ളില്‍ കടന്നുവരുന്ന ഭക്തിയും ഇതുപോലെയാണ്. ചെറുതായിവന്ന് വലുതായി നിറഞ്ഞ് നമ്മെ കീഴടക്കിക്കളയും. ആത്മനിവേദനം എന്ന പരമകാഷ്ഠയാണ് പിന്നീട്.


(ചിന്മയ യുവകേന്ദ്രം കേരള ആചാര്യനാണ് ലേഖകന്‍)