എന്തോ! ഓണപ്പൂക്കള മത്സരങ്ങളെ ഒരുതരത്തിലും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ഓണത്തിന്റെ മഹാസന്ദേശമായ ഒത്തൊരുമ അനുഭവിപ്പിക്കാന്‍ പൂക്കള മത്സരങ്ങള്‍ക്ക് കഴിയുന്നില്ല. ഒരു കണ്‍സ്യൂമര്‍ ആഘോഷം മാത്രമാണ് ഇപ്പോഴത്തെ പൂക്കളങ്ങള്‍

എന്നാണ് തോന്നിയിട്ടുള്ളത്ഓണത്തിന്റെ ആഘോഷമെന്നത് പൂക്കളങ്ങളായിരുന്നു. പൂക്കളം ഇടുന്നതിനെക്കാള്‍ പൂവ് തേടിയുള്ള ആ അലഞ്ഞുതിരിയലായിരുന്നു അന്ന് ഞങ്ങളുടെ മനസ്സില്‍ ഓണമുണര്‍ത്തിയിരുന്നത്. തുമ്പയും മുക്കുറ്റിയും അരിപ്പൂവുമൊക്കെ തേടിയുള്ള അന്വേഷണങ്ങള്‍. ഇരിങ്ങാലക്കുടയില്‍ കൂടല്‍മാണിക്യം അമ്പലത്തിന്റെ നടയില്‍ നിന്ന് കുറച്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ കോള്‍പ്പാടങ്ങളും നടവരമ്പുകളുമൊക്കെ തീര്‍ക്കുന്ന വലിയ ഉദ്യാനങ്ങളായിരുന്നു. എല്ലാവരും കൂടി ഒരുമിച്ചാണ് പൂവുതേടി ഇറങ്ങുന്നത്. പൂക്കള്‍ തേടി കണ്ടുപിടിച്ച്, പറിച്ചെടുത്ത്, ഒരുക്കുമ്പോഴുള്ള ത്രില്‍ മറ്റൊന്നിനുമില്ല. പിന്നെ, പൂക്കളം ഇടുന്നതു തന്നെ ഒരു ചടങ്ങു മാത്രം!

ഇപ്പോഴും എല്ലായിടത്തും ഓണത്തിന്റെ ആഘോഷങ്ങളില്‍ ഏറ്റവും പ്രധാനം ഓണപ്പൂക്കളങ്ങള്‍ തന്നെ. എല്ലാ വര്‍ഷവും കേള്‍ക്കാറുണ്ട് ലോകത്തിലേക്ക് ഏറ്റവും വലിയ ഓണപ്പൂക്കളം ഒരുക്കിയതിനെക്കുറിച്ചും പത്തും നൂറും ടീമുകള്‍ പങ്കെടുക്കുന്ന ഓണപ്പൂക്കള മത്സരങ്ങളെക്കുറിച്ചും ഒക്കെ.ഇത്തവണയും ഓണപ്പൂക്കള മത്സരങ്ങള്‍ തുടങ്ങുകയായി. എന്തോ! ഓണപ്പൂക്കള മത്സരങ്ങളെ ഒരുതരത്തിലും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ഓണത്തിന്റെ മഹാസന്ദേശമായ ഒത്തൊരുമ അനുഭവിപ്പിക്കാന്‍ പൂക്കള മത്സരങ്ങള്‍ക്ക് കഴിയുന്നില്ല. ഒരു കണ്‍സ്യൂമര്‍ ആഘോഷം മാത്രമാണ് ഇപ്പോഴത്തെ പൂക്കളങ്ങള്‍ എന്നാണ് തോന്നിയിട്ടുള്ളത്. അതിലൊക്കെ ഉപരിയാണ് തികച്ചും അനാവശ്യമായ ദുര്‍ച്ചെലവുകള്‍.

തമിഴ്നാട്ടിലും കര്‍ണാടകത്തിലുമുണ്ടാകുന്ന പൂക്കള്‍ കച്ചവടക്കാര്‍ വാങ്ങി ഇവിടെ കൊണ്ടുവരുന്നു. ആയിരക്കണക്കിനല്ല, പതിനായിരക്കണക്കിന് രൂപ മുടക്കിയാണ് പൂക്കള മത്സരങ്ങള്‍ക്ക് പൂ വാങ്ങുന്നത്. പ്രൊഫഷനല്‍ ഡിസൈനര്‍മാര്‍ വന്ന് വരച്ചുണ്ടാക്കുന്ന ഡിസൈനുകളില്‍ പൂക്കള്‍ വാരി നിറയ്ക്കുക മാത്രമാണ് ഇപ്പോഴത്തെ പൂക്കള മത്സരങ്ങളില്‍ നമ്മുടെ പങ്ക്.

കഴിഞ്ഞ ദിവസം തമ്മനത്തെ നളന്ദ പബ്ലിക് സ്‌കൂളില്‍ ഒരു പരിപാടിക്ക് പോയിരുന്നു. ഇക്കാര്യങ്ങളെല്ലാം പറഞ്ഞുകഴിഞ്ഞപ്പോഴാണ് കുട്ടികളും അധ്യാപകരും പറയുന്നത് അവിടെ എല്ലാ വര്‍ഷവും ക്ലാസ് അടിസ്ഥാനത്തില്‍ ഓണപ്പൂക്കള മത്സരം നടത്താറുണ്ടെന്ന്.

ഓരോ കുട്ടിയും ചെറിയ തോതില്‍ പിരിവെടുത്ത് ആയിരക്കണക്കിന് രൂപ ചെലവഴിച്ച് പൂ വാങ്ങിയാണ് മല്‍സരം നടത്താറുണ്ടായിരുന്നത്. അപ്പോള്‍ ഞാന്‍ ചോദിച്ചു: 'ഒരോ കുട്ടിയും പിരിവെടുത്ത് പൈസ കൊടുത്ത് പൂവ് വാങ്ങുന്നതിനു പകരം ഓരോ കുട്ടിയും ഓരോ പിടി പൂവോ ഇലയോ വീട്ടില്‍ നിന്ന് കൊണ്ടുവന്ന്, എല്ലാവരും കൂടി സ്‌നേഹത്തിന്റെയും ഒരുമയുടെയും ഒരൊറ്റ പൂക്കളമിട്ടാല്‍ അതായിരിക്കില്ലേ കൂടുതല്‍ നല്ലത്' എന്ന്.

പൊതുവില്‍ സംസാരിക്കുന്നതിനിടെ വെച്ച ഒരു നിര്‍ദേശം മാത്രമായിരുന്നു. അത് എങ്കിലും കുട്ടികളും അധ്യാപകരും അത് അംഗീകരിച്ചു. ഇത്തവണ അവിടെ പൂക്കള മത്സരമില്ല. പകരം അതിനായി ചെലവഴിക്കാറുള്ള തുക കാന്‍സര്‍ രോഗികളെ സഹായിക്കുന്നതിനുള്ള ഫണ്ടിലേക്ക് നല്‍കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് കഴിഞ്ഞദിവസം അവര്‍ അറിയിച്ചു. മണ്ണിലിടുന്ന ഏത് പൂക്കളത്തേക്കാളും മഹത്തായ സൗന്ദര്യമുള്ള ഒരു വലിയ കാര്യമാണ് ഈ തീരുമാനമെന്ന് എനിക്ക് തോന്നുന്നു.

എറണാകുളം നഗരത്തില്‍ മാത്രം ഈ ഓണത്തോടനുബന്ധിച്ച് എത്ര പൂക്കള മത്സരങ്ങളാണ് നടക്കുക. എല്ലാ കമ്പനികളും സ്ഥാപനങ്ങളും ആയിരക്കണക്കിന് രൂപ മുടക്കി പൂക്കളങ്ങള്‍ ഇടും. പൂക്കളങ്ങളും ആഘോഷങ്ങളും ഒക്കെ വേണ്ടതു തന്നെയാണ്. അതൊന്നുമില്ലാതെ എന്ത് ഓണം!

പൂക്കളങ്ങള്‍ മത്സരത്തിന്റേതാകാതെ സ്‌നേഹത്തിന്റെയും കൂട്ടായ്മയുടേതും ആകുമ്പോഴല്ലേ ഓണത്തിന് കൂടുതല്‍ അഴകും മിഴിവും വരിക! ഈ വര്‍ഷം എറണാകുളത്തെ സ്ഥാപനങ്ങളൊക്കെ ജീവനക്കാരുടെ കൂട്ടായ്മയില്‍ പൂക്കളൊരുക്കി മത്സരത്തിനും പൂവാങ്ങല്‍ മത്‌സരത്തിനും അവധി കൊടുത്തിരുന്നെങ്കില്‍! ആ പൈസ കൂടുതല്‍ ജീവകാരുണ്യപരമായ എന്തെങ്കിലും കാര്യത്തിനായി വിനിയോഗിച്ചിരുന്നെങ്കില്‍...? അങ്ങനെ ചെയ്താല്‍ അത് എത്രയോ ആളുകളുടെ ജീവിതത്തില്‍ എക്കാലത്തേക്കും പൊന്നോണം വിരിയിക്കുന്ന നന്മയുടെ, മഹാ സ്‌നേഹത്തിന്റെ ഉജ്ജ്വലമായ പൂക്കളമായിരിക്കും വിരിയിക്കുക! എത്ര മനോഹരമായ നടക്കാത്ത സ്വപ്നമാണ് ഈ ഡോക്ടറുടേത് എന്നു പറഞ്ഞ് ചിരിക്കുകയാവും പലരും ചെയ്യുക. നടക്കാത്ത സ്വപ്നമൊന്നുമല്ലെന്ന് തമ്മനത്തെ സ്‌കൂള്‍ നമ്മെ പഠിപ്പിച്ചുകഴിഞ്ഞു.

ഇനി, പൂക്കളങ്ങളും മത്സരങ്ങളുമൊക്കെ പതിവു മട്ടില്‍ നടന്നാലും കൂടുതല്‍ മഹത്തായ സ്‌നേഹപ്പൂക്കളങ്ങളൊരുക്കാന്‍ നമുക്കു കഴിയുമെന്ന്, കഴിയേണ്ടതാണ് എന്ന വിചാരത്തിന്റെ, തിരിച്ചറിവിന്റെ ഒരു പൂമൊട്ട് മനസ്സില്‍ വിരിഞ്ഞാല്‍ അതുതന്നെ വലിയ കാര്യമാണ്. ആ മൊട്ടുകള്‍ വിരിഞ്ഞ് നാളെ നന്മയുടെ വലിയ പൂക്കളങ്ങള്‍ ഉണ്ടാവുക തന്നെ ചെയ്യും.