നാട്ടില്‍ തിരുവോണത്തലേന്ന് ഇടവഴിയിലൂടെ കുറെപേര്‍ പരക്കംപായുന്നത് കാണാം...ചോദിച്ചാല്‍ പറയും..വെറുതെ ഇറങ്ങിയതാ, പിന്നെ ഉത്രാടപ്പാച്ചിലും കാണാലോ....

അങ്ങനെയാണ് ആദ്യമായി ഉത്രാടപ്പാച്ചില്‍ എന്ന വാക്ക് കേള്‍ക്കുന്നത്. അമ്മയാണ് അതിന് വിശദീകരണം തന്നത്. പിന്നീടൊരിക്കല്‍ ഞാനും ടൗണില്‍ പോയി ആ പാച്ചില്‍ കണ്ടു. തിരിച്ചെത്തിയപ്പോള്‍ ആകെ തളര്‍ന്നിരുന്നു. എന്റെ ദൈവമേ ഇതെന്തൊരു തിരക്കാണ്...

ഓണത്തിന് ഒരുക്കങ്ങള്‍ എത്ര നടത്തിയാലും മനസ്സ് നിറയില്ല. രാവിലെ പൂക്കളം തീര്‍ക്കണം, തിരവോണ നാള്‍ സദ്യയൊരുക്കണം, ഓണക്കോടി വാങ്ങണം, ബന്ധുഗൃഹങ്ങളില്‍ പോകണം..അങ്ങനെ നീണ്ടു പോകുന്നു ഓണത്തെ വരവേല്‍ക്കാനുളള ഒരുക്കങ്ങള്‍. 

നാളെ തിരുവോണമാണെന്ന് ഉത്രാടനാള്‍ പറയുമ്പോള്‍ ആകെ ഒരു വേവലാതിയാണ്..ഈശ്വരാ എന്തെങ്കിലും വാങ്ങാന്‍ ഇനി ബാക്കിയുണ്ടോ? എന്തെങ്കിലും മറന്ന് പോയോ? ഇങ്ങനെ നൂറായിരം ചോദ്യങ്ങളാണ് ഓണത്തലേന്ന് മനസ്സിലുദിക്കുക. 

ഇത്തരത്തില്‍ ഓണത്തിനായി സമയത്ത് മുന്നൊരുക്കങ്ങള്‍ ഒന്നും ചെയ്യാതെ അവസാന നിമിഷം  ഓടിപ്പായുന്നതിന് പഴമക്കാര്‍ നല്‍കിയ പേരാണ് ഉത്രാടപ്പാച്ചില്‍. പേര് സൂചിപ്പിക്കുന്നത് പോലെ അതൊരു പാച്ചില്‍ തന്നെയാണ്. അങ്ങോട്ടും ഇങ്ങോട്ടും സാധനങ്ങള്‍ തിരഞ്ഞുളള പാച്ചില്‍ അഥവാ ഓട്ടം. ഉത്രാടനാളില്‍ വിപണി രാത്രി വൈകുന്നത് വരെ സജീവമായിരിക്കും. 

നാട്ടിന്‍ പുറങ്ങളില്‍ കവലകളില്‍ ചെന്നാലാണ് ഉത്രാടപ്പാച്ചില്‍ കാണാന്‍ പറ്റുക. പച്ചക്കറി കടകളിലും തുണിക്കടകളിലും നിറയെ ജനങ്ങളായിരിക്കും. ഓണത്തിന് വിലക്കിഴിവ് കിട്ടുന്ന കടകളിലായിരിക്കും ആള്‍ത്തിരക്ക് കൂടുക. നാട് നഗരമായി മാറിയപ്പോള്‍ ഉത്രാടപ്പാച്ചിലിന്റെ മുഖച്ഛായക്കും കാര്യമായ മാറ്റം വന്നു. അതിനിടയിലെവിടേയോ ഉത്രാടപ്പാച്ചില്‍ ക്ഷീണമായി മാറി. 

എന്നാലും ജനങ്ങള്‍ സജീവമായി തന്നെയാണ് ഉത്രടപ്പാച്ചിലില്‍ കമ്പോളത്തിലേക്കിറങ്ങുക. വിലക്കയറ്റം കുതിക്കുന്ന ദിനമായ ഉത്രാടപ്പാച്ചിലില്‍ വില കൂടുതലാണെന്ന ന്യായം പറഞ്ഞ് ആരും ഒന്നും വാങ്ങാതെ ഇരിക്കാറില്ല. ആകെ ഒരോണമല്ലെ ഉള്ളൂ എന്ന് ചിന്തിച്ച് അന്നെല്ലാവരും വിലക്കയറ്റത്തെ പഴിക്കാതെ ആവശ്യമുളളതെല്ലാം വാങ്ങിക്കൂട്ടും. 

രാത്രി ഏറെ വൈകി വീട്ടിലെത്തിയാല്‍ പിന്നെ തളര്‍ന്നൊരു ഉറക്കം...പുലര്‍കാലത്ത് എഴുന്നേറ്റാല്‍ തിരുവോണമാണല്ലോ എന്നോര്‍ത്ത് പിന്നെയൊരു മയക്കമാണ്...ഓണനിലാവ് അരിച്ചിറങ്ങുന്ന ജനലിന് ചാരെ തിരുവോണനാള്‍ സ്വപ്‌നം കണ്ടൊരു സുഖനിദ്ര.....ഓര്‍മ്മയില്‍ സൂക്ഷിക്കാനുളള നല്ലൊരു ദിനത്തിനായുളള കാത്തിരിപ്പ്.