താഴ്‌വരയില്‍ ഒരു വലിയ തണല്‍മരമുണ്ടായിരുന്നു...
ആ മരത്തിലെ ഓരോ ഇലകള്‍ക്കും
പ്രണയമുണ്ടായിരുന്നു...
ഓരോ ഇലയുടെയും സ്വപ്നങ്ങള്‍ പലതായിരുന്നു...
ചില ഇലകള്‍ ഇളംകാറ്റില്‍ ആടിയുലഞ്ഞ്
പ്രണയമാഘോഷിച്ചു...
ചില ഇലകള്‍ മഴയില്‍ നനഞ്ഞ് നനഞ്ഞ് പ്രണയിച്ചു...
ചില ഇലകള്‍ നിലാവിനെ സ്വപ്നങ്ങളുടെ താഴ്‌വാരമാക്കി...
ഒരിക്കല്‍ ഓരോ ഇലയുടെയും പ്രണയം
 മരത്തിന്റെ വേരുകളിലെത്തി...
ഒടുവില്‍ ആ മരം ഭൂമിയുടെ ഹൃദയത്തിലേക്ക്
പ്രണയത്തെ പടര്‍ത്തി...

പ്രണയത്തെ അക്ഷരങ്ങളില്‍ ചാലിച്ച ഒരാളെ ഓര്‍ത്ത് അവരുടെ മുന്നിലേക്കെത്തുമ്പോള്‍ ഓര്‍മകളുടെ മഴയില്‍ നനഞ്ഞിരിക്കുകയായിരുന്നു ഇരുവരും...ഗുജറാത്തിലിരുന്ന് ഓണപ്പൂക്കളെയും സദ്യയെയും ഓണപ്പാട്ടിനെയും ഓര്‍ത്ത അച്ഛനോടൊപ്പം നാട്ടിലെത്താന്‍ കൊതിച്ച ഓണപ്രണയത്തിന്റെ ഓര്‍മകളില്‍ ഉണ്ണി മുകുന്ദന്‍...ഒരു ഉത്രാടനാളില്‍ പ്രിയപ്പെട്ടവന്‍ ആദ്യമായി സമ്മാനിച്ച പ്രണയലേഖനം നെഞ്ചോടു ചേര്‍ത്തതിന്റെ ഓര്‍മകളില്‍ ജയഗീത...

ഓണസല്ലാപത്തിനായി നടന്‍ ഉണ്ണി മുകുന്ദനും കവയിത്രിയും ഗാനരചയിതാവുമായ ജയഗീതയും കണ്ടുമുട്ടുമ്പോള്‍ പ്രണയത്തിന്റെ ക്യാന്‍വാസില്‍ തന്നെ ഓര്‍മച്ചിത്രങ്ങള്‍ തെളിഞ്ഞുതുടങ്ങിയതും ഒരുപക്ഷേ, ആ മരത്തിലെ ഇലകളുടെ സ്വപ്നമായിരിക്കാം.  ലുലു മാരിയറ്റ് ഹോട്ടലിലെ സ്വിമ്മിങ്പൂളിനരികില്‍ വര്‍ത്തമാനങ്ങള്‍ പറഞ്ഞിരിക്കുമ്പോള്‍ ഉണ്ണിയുടെയും ജയഗീതയുടെയും മനസ്സില്‍ അത്രമേല്‍ ഓര്‍മകള്‍ നിറഞ്ഞ് തുളുമ്പുകയായിരുന്നു.

ഗുജറാത്തിലെ പിരിവോണം

ഒരു സുപ്രഭാതത്തില്‍ മലയാളിയുടെ വെള്ളിത്തിരയിലേക്ക് മസില്‍മാനായി കടന്നുവന്ന 'മല്ലു സിങ്'... നീലക്കരയുള്ള മുണ്ടും കറുത്ത ഷര്‍ട്ടും ധരിച്ച് സുസ്‌മേരവദനനായി ഉണ്ണി കടന്നുവരുമ്പോള്‍ ജയഗീതയും ഓര്‍ത്തത് മല്ലു സിങ്ങിനെ തന്നെയായിരിക്കാം. കുട്ടിക്കാലത്തെ ഓണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഉണ്ണി വാചാലനായതും ഒരു മല്ലു സിങ്ങായിട്ടായിരുന്നു.

''എന്റെ സിനിമപോലെ, സത്യത്തില്‍ കുറേനാള്‍ ഞാനൊരു മല്ലു സിങ് തന്നെയായിരുന്നു. എന്റെ കുട്ടിക്കാലവും കൗമാരവും ഒക്കെ ഗുജറാത്തിലായിരുന്നു. അച്ഛനും അമ്മയ്ക്കും ജോലി ഗുജറാത്തിലായതിനാല്‍ ഞാനുമൊരു ഗുജറാത്തിയാകുകയായിരുന്നു. ഓണത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മയിലേക്കെത്തുന്നത് ഗുജറാത്തിലെ 'പിരിവ്' ആണ്. ഓണക്കാലമാകുമ്പോള്‍ അവിടത്തെ മലയാളികളെല്ലാം ചേര്‍ന്ന് ഓണമാഘോഷിക്കും. അതിനുള്ള പിരിവ് നടത്തുന്ന സംഘത്തില്‍ ചേരുകയായിരുന്നു എന്റെ പ്രധാന ഹോബി. 

ഓണക്കാലമാകുമ്പോള്‍ മുഖത്തൊരു ചിരിയും ഫിറ്റ് ചെയ്ത് പിരിവിനെത്തുന്ന ഞങ്ങളെ കാണുമ്പോള്‍ അവരുടെ ഒരു ചോദ്യമുണ്ട്... 'മാവേലിയെപ്പോലെ വര്‍ഷത്തിലൊരിക്കല്‍ പിരിവിന് മാത്രമാണ് വരവ് അല്ലേ?' ആ ചോദ്യം കേള്‍ക്കുമ്പോള്‍ ചമ്മിയൊരു ചിരിയുമായി ഞങ്ങളുടെയൊരു നില്‍പ്പുണ്ട്....''  ഗുജറാത്തിലെ ഓണത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഉണ്ണിയുടെ മുഖത്ത് ആ പഴയ ചമ്മല്‍ ചിരി വീണ്ടും വിടര്‍ന്നു.

പരിപ്പും നെയ്യും അല്പം പിശുക്കും

ഉണ്ണിയുടെ ചമ്മലോര്‍മകളുടെ മുന്നിലേക്ക് വലിയൊരു തൂശനിലയിട്ടാണ് ജയഗീതയുടെ ആ ചോദ്യമെത്തിയത്: ''ഓണസദ്യയില്‍ ഉണ്ണിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവങ്ങള്‍ എന്തൊക്കെയാണ്?''
 ചോദ്യം കേട്ട് ഇലയിലേക്ക് ഇഷ്ടപായസം കിട്ടിയതുപോലെയുള്ള മധുരസന്തോഷത്തില്‍ ഉണ്ണി ചിരിച്ചു.

''കുട്ടിക്കാലത്ത് ഗുജറാത്തിലെ ഓണാഘോഷത്തില്‍ സദ്യ വിളമ്പുന്നത് എനിക്കൊത്തിരി ഇഷ്ടമുള്ള കാര്യമായിരുന്നു. നെയ്യും പരിപ്പും വിളമ്പലായിരുന്നു എനിക്കേറെ പ്രിയപ്പെട്ടത്. നെയ്യിന് വില അല്പം കൂടുതലായതുകൊണ്ട് സൂക്ഷിച്ച് വിളമ്പണമെന്ന് അച്ഛനും മറ്റും എന്നോട് പറയും. ഞാനാകട്ടെ അങ്ങേയറ്റം പിശുക്കിയാകും നെയ്യ് വിളമ്പുന്നത്. മുഖം നോക്കാതെ നെയ്യ് വിളമ്പി ഒരു ഇലയില്‍ നിന്ന് അടുത്ത ഇലയിലേക്ക് സൂപ്പര്‍ ഫാസ്റ്റ് പോലെയായിരുന്നു എന്റെ പോക്ക്. നെയ്യ് കുറവാണെന്ന് ആരെങ്കിലും പറയുന്നതിനു മുമ്പ് രക്ഷപ്പെടാനാണ് ഈ പാച്ചില്‍...'' ഉണ്ണി ഓണത്തിന് ഗുജറാത്തില്‍ നെയ്യ് വിളമ്പിയ കഥ പറഞ്ഞപ്പോള്‍ ജയഗീതയുടെ കമന്റ് തൊട്ടുപിന്നാലെയെത്തി.  ''ഇതാണോ ഉണ്ണീ... ഗുജറാത്തിലെ ഉത്രാടപ്പാച്ചില്‍...?'' ജയഗീതയുടെ കമന്റ് കേട്ട് ഉണ്ണി പൊട്ടിച്ചിരിച്ചു.
ഉണ്ണിയുടെ ചിരിമഴ തീരുംമുമ്പേ ജയഗീതയും ഓണസദ്യയുടെ ഓര്‍മകളിലേക്ക് യാത്ര തുടങ്ങിയിരുന്നു.

''ഉണ്ണി ഇഷ്ടത്തോടെ വിളമ്പിയിരുന്ന പരിപ്പും നെയ്യും തന്നെയായിരുന്നു സദ്യയില്‍ എനിക്കും ഏറെ പ്രിയപ്പെട്ട വിഭവം. നെയ്യും പരിപ്പുമില്ലാതെ ഓണസദ്യയെന്നത് എനിക്ക് ആലോചിക്കാന്‍ പോലും കഴിയില്ല. അതുപോലെ ഉരുളക്കിഴങ്ങും തേങ്ങാപ്പാലും ചേര്‍ത്ത് അമ്മ ഉണ്ടാക്കുന്ന ഒരു സ്‌പെഷല്‍ കറിയുണ്ട്. അത് എത്ര കൂട്ടിയാലും എനിക്ക് മതിവരില്ല. സദ്യ കഴിഞ്ഞ് വയര്‍ നിറച്ച് പായസം കുടിക്കുന്നതും വല്യ ഇഷ്ടാണ്...'' ജയഗീത ഓണസദ്യയുടെ രുചികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഉണ്ണി നേരത്തെ കിട്ടിയ കമന്റിന് തിരിച്ചടി നല്‍കി: ''പായസം എത്ര വേണമെങ്കിലും കുടിച്ചോളൂ, പക്ഷേ, നെയ്യ് ഞാന്‍ കുറച്ചേ വിളമ്പൂട്ടോ...''  ആ കമന്റ് പറയുമ്പോള്‍ ഉണ്ണിയും കേള്‍ക്കുമ്പോള്‍ ജയഗീതയും ഒരുപോലെ പൊട്ടിച്ചിരിക്കുകയായിരുന്നു.

പ്രണയത്തിന്റെ ആകാശവും ഭൂമിയും

''നീ ആകാശവും ഞാന്‍  ഭൂമിയുമാണ്. മുള്‍പ്പടര്‍പ്പുകളുള്ള മണ്ണില്‍ ചവിട്ടിനിന്നാണ് ഞാന്‍ സ്വപ്നം കാണുന്നത്. ഇപ്പോള്‍ തോന്നുന്ന ഭ്രമമല്ല ജീവിതം...'' ജയഗീത കവിതപോലെ വാചാലയാകുമ്പോള്‍ ഒന്നും മനസ്സിലാകാതെ അന്തം വിട്ടിരിക്കുകയായിരുന്നു ഉണ്ണി.'ഓണത്തിനിടയില്‍ പുട്ടുകച്ചവടം' എന്നു പറഞ്ഞതുപോലെ ആകാശവും ഭൂമിയും മുള്‍പ്പടര്‍പ്പുമൊക്കെ വന്നതെങ്ങനെയെന്ന് ചിന്തിച്ചിരുന്ന ഉണ്ണിയോട് ജയഗീത, ഓണസമ്മാനം പോലെ ലഭിച്ച ആ പ്രണയത്തിന്റെ കഥ പറഞ്ഞു. ''അതിമനോഹരമായ ഒരു പ്രണയത്തിലെ നായികയാണ് ഞാന്‍.

 എട്ട് വര്‍ഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് ഞങ്ങള്‍ വിവാഹിതരായത്. ഡിഗ്രിക്ക് പഠിക്കുന്നകാലത്ത് ഒരു ഓണക്കാലത്ത് പൂരാട നാളിലാണ് ശിവേട്ടന്‍ എനിക്ക് ആദ്യമായി പ്രണയലേഖനം തന്നത്. പൂരാടത്തിന്റെ അന്നാണ് കോളേജ് ഓണാവധിക്കായി അടച്ചത്. അവധിക്കാലത്ത് വായിക്കാനായി ഞാന്‍ ലൈബ്രറിയില്‍ നിന്ന് വൈക്കം ചന്ദ്രശേഖരന്‍ നായരുടെ 'ഒരു മൃദുസ്പര്‍ശം' എന്ന നോവലുമെടുത്ത് പുറത്തേക്കിറങ്ങുമ്പോഴാണ് കൂട്ടുകാരന്‍ മുഖേന ശിവേട്ടന്‍ ആ പ്രണയലേഖനം തന്നത്. 'എനിക്കിഷ്ടമാണ് എന്നേ ഇപ്പോള്‍ പറയാനുള്ളൂ...' എന്നായിരുന്നു ആ പ്രണയലേഖനത്തിലെ അവസാന വരി...'' ജയഗീത, ഓണനാളില്‍ കിട്ടിയ പ്രണയലേഖനത്തിന്റെ കഥ പറയുമ്പോള്‍ ഒരു സിനിമ കാണുന്നതുപോലെ കേട്ടിരിക്കുകയായിരുന്നു ഉണ്ണി.
 
ജയഗീത പ്രണയകഥ തുടരുമ്പോള്‍ ആകാംക്ഷ അടക്കാനാകാതെ ഉണ്ണി അടുത്ത ചോദ്യത്തിലേക്ക് പറന്നു: ''പൂരാടനാളില്‍ കിട്ടിയ ആദ്യ പ്രണയലേഖനത്തിന് മറുപടി കൊടുത്തില്ലേ...?''
ഈ ചോദ്യം പ്രതീക്ഷിച്ചിരുന്നതുപോലെ ജയഗീത പുഞ്ചിരിച്ചു. ''പൂരാടനാളില്‍ കിട്ടിയ ആദ്യ പ്രണയലേഖനത്തിന് പിറ്റേന്ന് ഉത്രാടനാളില്‍ തന്നെ ഞാന്‍ മറുപടി നല്‍കി. ഉത്രാടനാളില്‍ അടുക്കളയില്‍ അമ്മ പലഹാരങ്ങള്‍ വറുത്തുകൊണ്ടിരിക്കുമ്പോള്‍ അമ്മയുടെ കണ്ണ് വെട്ടിച്ച് മുറിയില്‍ കയറിയിരുന്നാണ് ഞാന്‍ മറുപടി എഴുതിയത്. 

ആകാശവും ഭൂമിയും മുള്‍പ്പടര്‍പ്പുമെല്ലാം നിറഞ്ഞ ഒരു പ്രണയലേഖനം. മുറിയിലെ ജാലകങ്ങള്‍ തുറന്നിട്ട് ഞാന്‍ കുറിച്ച പ്രണയം പോസ്റ്റ് കവറിലാക്കി അടുത്തദിവസം തന്നെ ശിവേട്ടന് അയയ്ക്കുകയും ചെയ്തു. അവിടെ തുടങ്ങിയ ഞങ്ങളുടെ പ്രണയം ഒരു പുഴയായി ഒഴുകുകയായിരുന്നു. പക്ഷേ, ഇപ്പോള്‍...''  പ്രണയകഥ പറയുന്നതിനിടെ മനസ്സിലെവിടെയോ വിരിഞ്ഞ നൊമ്പരപ്പൂക്കളില്‍ ഒരുനിമിഷം, ജയഗീതയുടെ വാക്കുകള്‍ മുറിഞ്ഞുനിന്നു.

മടി കൊണ്ട് വളരുന്ന താടി

ഓര്‍മകളില്‍ നനഞ്ഞ് നിശ്ശബ്ദയായ ജയഗീത അടുത്തനിമിഷം തന്നെ ആ സങ്കടപ്പൂക്കളെല്ലാം കുടഞ്ഞെറിഞ്ഞ് ഉണ്ണിയോടൊരു ചോദ്യം ചോദിച്ചു: ''ഉണ്ണിക്ക് താടി വളര്‍ത്തുന്നത് വല്യ ഇഷ്ടാണോ...? ഓണത്തിനും താടി വളര്‍ത്തിയാണോ നടക്കാറുള്ളത്...?''

ജയഗീതയുടെ മനസ്സില്‍ വിരിഞ്ഞ നൊമ്പരപ്പൂക്കള്‍ നുള്ളിക്കളയാനാകാം, ഒരു തമാശ പൊട്ടിച്ചാണ് ഉണ്ണി അതിന് മറുപടി പറഞ്ഞത്: ''താടി ഞാന്‍ വെള്ളമൊഴിച്ച് വളര്‍ത്തുന്നതൊന്നുമല്ല, എന്റെ മടി കൊണ്ട് താനേ വളരുന്നതാണ് ഈ താടി. പിന്നെ, എപ്പോഴും ക്ലീന്‍ ഷേവ് ചെയ്ത് നടക്കണമെന്ന സങ്കല്പമൊന്നും എനിക്കില്ല. എന്റെ അച്ഛനും അമ്മയുമൊന്നും ഇക്കാര്യത്തില്‍ ഒരു നിഷ്‌കര്‍ഷയും മുന്നോട്ടു വെച്ചിട്ടുമില്ല. ഓണത്തിനായാലും താടി വടിക്കണമെന്ന നിര്‍ബന്ധമൊന്നും അവര്‍ പറഞ്ഞിട്ടുമില്ല...'' ഉണ്ണി താടി തടവി സംസാരിക്കുമ്പോള്‍ ജയഗീത പുഞ്ചിരിച്ചു.

ആകാശം തൊടുന്ന ഊഞ്ഞാലില്‍
താടിക്കഥ പറഞ്ഞു തീര്‍ന്നപ്പോഴാണ് ഉണ്ണി ജയഗീതയോട് കുട്ടിക്കാലത്തെ ഓണത്തെപ്പറ്റി ചോദിച്ചത്. പറയാന്‍ കൊതിച്ചിരുന്ന ഒരു ചോദ്യം കിട്ടിയതുപോലെ വാചാലമായിട്ടായിരുന്നു ജയഗീതയുടെ മറുപടി: ''ആകാശം തൊടുന്ന ഊഞ്ഞാലാട്ടമായിരുന്നു കുട്ടിക്കാലത്തെ ഓണത്തിന്റെ ഏറ്റവും വലിയ രസം. തള്ളിവിടുന്ന ഊഞ്ഞാല്‍ ഏറ്റവും ഉയരത്തിലെത്തുമ്പോള്‍ കുറച്ച് ഭയം തോന്നും. എന്റെ പേടി കണ്ട് താഴെ നില്‍ക്കുന്ന കൂട്ടുകാര്‍ കളിയാക്കി ചിരിക്കും. 

അച്ഛന്‍ തയ്പിച്ചു തരുന്ന പല നിറങ്ങളിലുള്ള പട്ടുപാവാടകളും ബ്ലൗസുകളുമാണ് മറ്റൊരു സന്തോഷം. ചുവപ്പും മഞ്ഞയും നിറങ്ങളായിരുന്നു അച്ഛന് ഏറെയിഷ്ടം...''  ഓര്‍മകളുടെ നിറങ്ങളില്‍ സഞ്ചരിക്കവേ ജയഗീതയുടെ കണ്ണുകളില്‍ വീണ്ടും നീര്‍ത്തുള്ളികള്‍ തുളുമ്പി.നിറങ്ങള്‍ വാരിയെറിഞ്ഞ കുട്ടിക്കാലത്തു നിന്ന് വലിയ ഓണങ്ങളിലേക്ക് എത്തുമ്പോഴും ജയഗീതയുടെ മനസ്സില്‍ പ്രിയപ്പെട്ടവരുടെ ഓര്‍മകള്‍ മാത്രമാണ് പൂത്തിരുന്നത്. ''ഓണനാളുകളില്‍ ശിവേട്ടനും അച്ഛനുമാണ് അടുക്കള കൈയടക്കുന്നത്. ആ സമയത്ത് ഞങ്ങള്‍ സ്ത്രീകള്‍ അടുക്കളയില്‍ സഹായികള്‍ മാത്രമാണ്. പലഹാരങ്ങളും കറികളുമൊക്കെ പുരുഷന്മാര്‍ തന്നെയാണ് ഉണ്ടാക്കിയിരുന്നത്.

ഓണത്തിന്റെ തലേരാത്രിയിലാണ് പാചകം. ഓണപ്പാട്ടുകളെല്ലാം പാടി ആഘോഷപൂര്‍വമാണ് അവരുടെ പാചകം. രാത്രി, നേരം ഏറെയാകുമ്പോള്‍ ഞാന്‍ അടുക്കളിയിലിരുന്ന് ഉറങ്ങിപ്പോകും. ആ സമയത്ത് ശിവേട്ടന്‍, ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പലഹാരങ്ങളില്‍ ഏതെങ്കിലും ഒന്നെടുത്ത് എന്റെ വായിലേക്ക് വെച്ചുതരും...''  പ്രിയപ്പെട്ടവനോടൊപ്പമുള്ള ഓണരാത്രികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഏതോ മധുരം നുണയാനെന്ന പോലെ ജയഗീത അറിയാതെ നാവു നീട്ടി.

പ്രിയപ്പെട്ടവര്‍ മടങ്ങിവരുമ്പോള്‍

''അടുത്ത ഓണത്തിന് നിങ്ങളുടെ മനസ്സിലുള്ള സ്വപ്നങ്ങള്‍ എന്തൊക്കെയാണ്...?''  ആരു വേണമെങ്കിലും ഉത്തരം പറഞ്ഞോട്ടേയെന്ന മട്ടില്‍ ചോദിച്ച ചോദ്യം പിടിച്ചെടുത്തത് ഉണ്ണിയായിരുന്നു.   ''ഓര്‍മവെച്ച നാള്‍ മുതല്‍ ഗുജറാത്തിലായിരുന്നു എന്റെ ഓണം. ഇപ്പോള്‍ ഞാന്‍ കേരളത്തിലേക്ക് പോന്നു. അടുത്ത ഓണത്തിന് അച്ഛനും അമ്മയും കൂടി നാട്ടിലേക്ക് മടങ്ങിയെത്തണമെന്നാണ് ആഗ്രഹം. 

ഗുജറാത്തില്‍ നിന്ന് മടങ്ങാമെന്ന് അച്ഛനും അമ്മയും ഏറെക്കുറെ സമ്മതിച്ചിട്ടുണ്ട്... നോക്കിക്കോ, അടുത്ത ഓണത്തിന് അവര്‍ എന്നോടൊപ്പം നാട്ടില്‍ത്തന്നെയാകും ഓണം ആഘോഷിക്കുന്നത്...''  ഉണ്ണിയുടെ സ്വപ്നം കേട്ട് പുഞ്ചിരിക്കുമ്പോള്‍ ജയഗീതയുടെ മനസ്സില്‍ എവിടെയോ വീണ്ടും നൊമ്പരപ്പൂക്കള്‍ വിടര്‍ന്നു:

''ഒരാള്‍ മരിച്ചുപോകുമ്പോള്‍ ദുഃഖത്തിന്റെ പേരില്‍, അയാള്‍ക്ക് ഏറ്റവും ഇഷ്ടമായിരുന്ന കാര്യങ്ങള്‍ നാം ഉപേക്ഷിക്കണോ... ശിവേട്ടന്‍ ഞങ്ങളെ തനിച്ചാക്കി യാത്രയായപ്പോള്‍ മക്കളായ അഭിരാമിയും അരുന്ധതിയും എന്നോട് ചോദിച്ച ചോദ്യം അതായിരുന്നു. മതിവരാത്തത്ര ഓണപ്പാട്ടുകള്‍ പാടി, അച്ഛനോടൊപ്പം ചേര്‍ന്ന് സദ്യയുണ്ടാക്കി, താഴെവിരിച്ച പുല്‍പ്പായയില്‍ ഇരുന്നു മാത്രം ഉണ്ട്, ആകാശം മുട്ടെ ഊഞ്ഞാലാടി ഓണം ആഘോഷിച്ചിരുന്ന ഒരു മനുഷ്യന്‍... ആ മനുഷ്യന്റെ സ്വപ്നങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല... 

ശിവേട്ടന്റെ മായാത്ത ഓര്‍മകളില്‍ ഇനിയുള്ള ഓണങ്ങളും ഞങ്ങള്‍ക്ക് ആഘോഷിക്കണം...''  വാക്കുകള്‍ തീരുംമുമ്പേ എഴുന്നേറ്റ ജയഗീത, പ്രിയപ്പെട്ടവന്റെ ഓര്‍മകളില്‍ കണ്ണില്‍ തുളുമ്പിയ നീര്‍ത്തുള്ളികള്‍ പുഞ്ചിരിയാല്‍ മറച്ച് ലുലു മാരിയറ്റിലെ പൂക്കള്‍ക്കരികിലൂടെ വെറുതെ നടന്നു. അതെല്ലാം കണ്ട് ഭൂമിയുടെ ഹൃദയത്തിലേക്ക് പ്രണയത്തെ പടര്‍ത്തിയ മരത്തിലെ ഇലകളെ ഓര്‍ത്തതുപോലെ ഉണ്ണി ആ പൂക്കള്‍ക്കരികില്‍ പുഞ്ചിരിതൂകി നിന്നു.