റ്റുള്ളവരുടെ ഓണാഘോഷം സുഗമമാക്കാന്‍ കൊടുംവെയിലത്ത് റോഡില്‍ നില്‍ക്കുകയാണ് ആ പോലീസുകാരന്‍. വാഹനങ്ങളുടെ ഒത്തനടുക്ക് ചെറുചിരിയോടെ. തിരുവനന്തപുരത്തെ ഏറ്റവും തിരക്കുള്ള നാലുംകൂടിയ കവലയില്‍ രാവിലെ എട്ടുമുതല്‍ 11 മണി വരെ വാഹനനീക്കം ഉച്ചസ്ഥായിലാകും.

ട്രാഫിക്ക് സിഗ്‌നലില്ലാത്തതിനാല്‍ തിടുക്കമുള്ളവര്‍ തിക്കിത്തിരക്കി ഇടയില്‍ കയറും. അതോടെ എല്ലാവരും ഒറ്റയടിയ്ക്ക് നിശ്ചലമാകും. അപകട സാദ്ധ്യത ഉയരാവുന്ന ഈ അവസ്ഥയിലും ശ്രീകാര്യം സുരക്ഷിതമാണിപ്പോള്‍. അപകടങ്ങള്‍ കുത്തനെ കുറഞ്ഞു. ഇതിനൊരു കാരണക്കാരനുണ്ട് പട്ടം ട്രാഫിക് സ്റ്റേഷനിലെ എ എസ് ഐ വി മധു. 

ഇവിടെ നില്‍ക്കേ നഷ്ടമാകുന്ന സമയത്തെക്കുറിച്ച് ഭാര്യ ഇടയ്ക്കിടെ മധുവിനെ ഓര്‍മ്മപ്പെടുത്താറുണ്ട്. ഓണ ഷോപ്പിങ്ങിന് ഒപ്പം വരാത്തതിന് പരാതി പറയും. പക്ഷേ, ഇതൊന്നും മധുവിനെ കാര്യമായി ബാധിക്കാറില്ല. 'സാറേ.. നിങ്ങളില്ലാതെ ഇന്നലെ വല്ലാതെ ബുദ്ധിമുട്ടിപ്പോയി' എന്ന സ്ഥിരം യാത്രക്കാരന്റെ വാക്കുകള്‍ തരുന്ന സന്തോഷമാണ് ഓണത്തേക്കാള്‍ വലുതെന്ന് ആ മനുഷ്യന്‍ മനസില്‍ പറയും.

police

വര്‍ഷങ്ങളായി തിരുവോണത്തിന് ഡ്യൂട്ടിയില്‍ തന്നെയായിരിക്കുമെന്ന് മധു പറയുന്നു. വീട്ടിലുള്ള ചെറിയ ആഘോഷങ്ങളേ ഉള്ളൂ. രണ്ടു മണിയ്ക്ക് ഡ്യൂട്ടി കഴിഞ്ഞേ സദ്യ കഴിക്കാന്‍ എത്താനാകൂ. 24 കൊല്ലമായി ആഘോഷമൊക്കെ ഇങ്ങനെ തന്നെയാണ്. നമ്മുടെ ഡ്യൂട്ടീടെ ഭാഗമായിട്ടാണല്ലോ? ആഘോഷിക്കാന്‍ പറ്റാത്തതില്‍ അങ്ങനെ വിഷമമൊന്നും തോന്നാറില്ല. ഒരുപാട് ആഗ്രഹിച്ചാണ് പോലീസില്‍ ചേര്‍ന്നത്. ജോലി ഇങ്ങനെ തന്നെയാണെന്ന് വീട്ടുകാര്‍ക്കുമറിയാം. നമ്മുടെ ഇഷ്ടത്തിനൊന്നും പ്രവര്‍ത്തിക്കാന്‍ പറ്റൂല മധു ന്യായീകരിക്കുന്നു. 

ചെറുപ്പത്തില്‍ പഠിക്കുന്ന കാലത്ത് ഓണമാഘോഷിച്ചിരുന്നത് മധുവിനും നല്ല ഓര്‍മ്മയാണ്. കാര്യവട്ടത്തിനടുത്ത് തുണ്ടത്തിലാണ് സ്വദേശം. ഇനി ആഘോഷമൊന്നും കാര്യമായുണ്ടാവില്ലെന്ന് അറിഞ്ഞു തന്നെയാണ് ജോലിയ്ക്ക് വന്നതെന്ന് പറയുമ്പോഴും പ്രതീക്ഷിക്കുന്ന നഷ്ടബോധമൊന്നുമില്ലാതെ തൊഴിലിനെ പുണരുകയാണ് ഇദ്ദേഹം. തിരുവോണ ദിവസം ഉച്ചയ്ക്ക് സ്റ്റേഷനിലായിരിക്കുമ്പോള്‍ വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന പല കറികളുമായി എല്ലാവരും ഒന്നിച്ച് ഓണമുണ്ണുന്നതും നല്ല ഓണം തന്നെയെന്നാണ് മധുവിന്റെ പക്ഷം. 

കുട്ടികളുമായി ആഘോഷിക്കുന്ന സന്ദര്‍ഭങ്ങള്‍ കുറവാണ്. ഒന്നാംവര്‍ഷ ബി.എസ്.സിയ്ക്ക് പഠിയ്ക്കുന്ന മകള്‍ക്കും പട്ടാളക്കാരനാകാന്‍ കൊതിക്കുന്ന എട്ടാംക്ലാസുകാരന്‍ മകനും അങ്ങനെ പരാതിയൊന്നുമില്ല. വല്ലപ്പോഴും അവരെയും കൊണ്ട് എങ്ങോട്ടെങ്കിലും പോകുമ്പോഴുള്ള ആഘോഷമേ ഉള്ളൂ എന്നറിയാം. അതിനായി കൂടുതല്‍ ലീവെടുക്കാറുമില്ല. ജോലിയില്‍ മുഴുകിയാണ് ജീവിതമെന്നും അദ്ദേഹം അഭിമാനത്തോടെ പറയുന്നു. 

ഓണത്തിന് ഒരു ദിവസം അവധി കിട്ടാറുണ്ടെങ്കിലും അതെന്തായാലും തിരുവോണത്തിനാവാറില്ല. ചതയത്തിനോ മറ്റോ ആയിരിക്കും. ആകെയുള്ള ഒരു ഇളയ സഹോദരന്റെ വീട്ടിലോ ഭാര്യയുടെ വീട്ടിലോ പോകാന്‍ പറ്റാത്തതില്‍ ചിലപ്പോഴൊക്കെ വിഷമം തോന്നാറുണ്ട് കുത്തിക്കുത്തിയുള്ള ചോദ്യത്തിന് മധുവിന്റെ മറുപടി.

police

ഓണത്തിനേക്കാള്‍ തനിക്കു പറയാനിഷ്ടം ജോലിയെക്കുറിച്ചാണെന്ന മട്ടില്‍ മധു തുടര്‍ന്നു. എല്ലാവരുടേയും താല്‍പര്യങ്ങള്‍ ഒന്നു തന്നെയാകില്ല. കേട്ടു നോക്കൂ.. 'തിരുവനന്തപുരത്തെ ഏറ്റവും തിരക്കു പിടിച്ച ഈ ജങ്ഷനില്‍ വീതി കുറവായതിനാല്‍ സിഗ്‌നല്‍ സംവിധാനം വയ്ക്കാന്‍ പറ്റില്ല. പല തരത്തിലുള്ള ആളുകളാണ് വണ്ടിയുമായിറങ്ങുന്നത്. പെട്ടെന്ന് പോകണമെന്നൊക്കെ പറഞ്ഞ് ചിലരൊക്കെ വണ്ടി കൊണ്ടു കുറുകെ വച്ചാല്‍ മാത്രമാണ് അത് റിലീസ് ചെയ്യാന്‍ സമയമെടുക്കുന്നത്. നമ്മുടെ കണ്ണില്‍പ്പെടാതെ വരുമ്പോഴാണ് ഇങ്ങനെയൊക്കെ സംഭവിക്കാറ്.

മെഡിക്കല്‍ കോളേജിലേക്കുമുള്ള സുപ്രധാന വഴിയായതിനാല്‍ എപ്പോഴും ആംബുലന്‍സും വരും. റോഡിന്റെ മദ്ധ്യഭാഗത്ത് നിയന്ത്രിക്കാന്‍ നില്‍ക്കുമ്പോ അതും ശ്രദ്ധിക്കണം. ദൂരെ നിന്നേ സൈറണ്‍ ഉള്ളതിനാല്‍ വാഹനങ്ങളെ നിയന്ത്രിച്ച് കടത്തിവിടാനാകും. ഒരിക്കല്‍ മാത്രമാണ് അത്തരത്തിലൊരു അപകടമുണ്ടായത്. അതൊരു കെ.എസ്.ആര്‍.ടി.സി ബസായിരുന്നു. കാണാതെ പറ്റിയതാണ്. വലിയ പരിക്കൊന്നുമുണ്ടായില്ല...' ആഘോഷങ്ങള്‍ക്കായി ജനസേവനം വിട്ടുകളിക്കാത്ത ആ പോലീസുകാരന്‍ പറഞ്ഞ് അവസാനിപ്പിക്കുന്നു.