ണസദ്യ എന്നു കേള്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറും. കാരണം ലോകത്ത് മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത രുചിയുടെ വൈവിധ്യമാണ് മലയാളിയുടെ ഓണസദ്യ. ഈ രുചിക്ക് പ്രാദേശിക ഭേദം കൊണ്ടുണ്ടായ ചില്ലറ വൈവിധ്യങ്ങളുണ്ടാകുമെന്ന് മാത്രം. ഉപ്പേരി, ശര്‍ക്കര വരട്ടി, നാരങ്ങ അച്ചാര്‍, മാങ്ങ അച്ചാര്‍, ഇഞ്ചിക്കറി, പച്ചടി, കിച്ചടി, ഓലന്‍, തോരന്‍, അവിയല്‍, എരിശ്ശേരി, പരിപ്പ്, സാമ്പാര്‍, പുളിശേരി, മോര്, പഴം, പപ്പടം, പായസം എന്നിങ്ങനെ വിഭവ സമൃദ്ധമായ സദ്യ തന്നെയാണ് ഓണത്തിന്റെ ഹൈലൈറ്റ്.  

വാഴയുടെ ഇലയിലാണ് മലയാളി ഓണമുണ്ണുക. പേപ്പര്‍ ഇലയും പ്ലാസ്റ്റിക് ഇലയുമൊക്കെ വന്നിട്ടും ഈ ശീലത്തില്‍ കാര്യമായ മാറ്റത്തിന് മലയാളി മുതിര്‍ന്നിട്ടില്ല. വിളമ്പിനുമുണ്ട് ചില ക്രമങ്ങള്‍. അച്ചാറുകള്‍, തോരന്‍ ( ഉപ്പേരി ), പച്ചടി, കാളന്‍, അവിയല്‍ എന്നിങ്ങനെ ഇടത്ത് നിന്നും വലത്തോട്ട് വിളമ്പി പോരുന്നു. ഇടതുഭാഗത്ത് ഉപ്പേരി, ശര്‍ക്കര ഉപ്പേരി, പഴം പപ്പടം എന്നിവ വിളമ്പും. എന്നാല്‍ ഈ ക്രമത്തിനും പ്രാദേശിക വ്യത്യാസങ്ങളുണ്ട്. ചിലയിടങ്ങളില്‍ കൂട്ടുകറിയും ഉണ്ടാകും. 

അധികം തവിടു പോകാത്ത കുത്തരിച്ചോറാണ് സദ്യയിലെ പ്രധാനി. ഒപ്പം പരിപ്പും പപ്പടവും നെയ്യും. എന്നാല്‍ വടക്കന്‍ കേരളത്തില്‍ പരിപ്പ് പതിവില്ല. സാമ്പാര്‍, പുളിശ്ശേരി, രസം എന്നിങ്ങനെ പോകും ഓഴിച്ചു കറികള്‍. ഊണുകഴിഞ്ഞാല്‍ പിന്നെ മധുരം വരികയായി. അടപ്രഥമന്‍, പഴം പ്രഥമന്‍, പാലട, പാല്‍പ്പായസം എന്നിങ്ങനെ പായസത്തില്‍ ഒന്ന് നിര്‍ബന്ധം. പായസത്തിനൊപ്പം തെക്കന്‍ കേരളത്തില്‍ ബോളിയുണ്ടാകും. എന്നാല്‍ മറ്റിടങ്ങളില്‍ പഴവും പപ്പടവുമാണ് പതിവ്. പായസങ്ങള്‍ക്ക് ശേഷമെത്തുന്നത് ചില സ്ഥലങ്ങളില്‍ ഇത് മോരു കറിയാണ്. പായസത്തിന്റെ മത്ത് കുറക്കാനാണിത്. 

ഓണവിഭവങ്ങള്‍ പരിചയപ്പെടാം

കായ ഉപ്പേരി 
ചേരുവകള്‍
ഏത്തക്ക - ഒരു കിലോ
മഞ്ഞള്‍ പൊടി -  ഒരു സ്പൂണ്‍
വെളിച്ചെണ്ണ -  വറുക്കാന്‍ ആവശ്യത്തിന്
ഉപ്പ് -  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം 
ഏത്തക്ക തൊലി കളഞ്ഞ് നാലായി കീറി കനം കുറഞ്ഞ് അരിഞ്ഞു വച്ചത് മഞ്ഞള്‍പ്പൊടി ചേര്‍ത്ത വെള്ളത്തില്‍ ഇട്ടു വെക്കുക. തുടര്‍ന്ന് നേര്‍ത്ത കഷ്ണങ്ങളായി വട്ടത്തില്‍ അരിഞ്ഞ് എണ്ണയില്‍ വറുത്തു കോരിയെടുക്കുക. വാങ്ങിവെക്കുന്നതിനു മുമ്പ്  ഉപ്പുവേള്ളവും തളിക്കണം.

ശര്‍ക്കര വരട്ടി
ചേരുവകള്‍
ഏത്തക്ക - ഒരു കിലോ
ശര്‍ക്കര -  300 ഗ്രാം
ജീരകപ്പൊടി -  ഒരു സ്പൂണ്‍
ചുക്കുപൊടി -   ഒരു സ്പൂണ്‍
പഞ്ചസാര -  ഒരു ടേബിള്‍ സ്പൂണ്‍
നെയ്യ് -  രണ്ടു സ്പൂണ്‍
മഞ്ഞള്‍പ്പൊടി-  ആവശ്യത്തിന്
വെളിച്ചെണ്ണ -  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം 
ഏത്തക്ക തൊലി കളഞ്ഞ് മഞ്ഞള്‍പ്പൊടി ചേര്‍ത്ത വെള്ളത്തില്‍ ഇട്ടു വെക്കുക. വട്ടത്തില്‍ മുറിച്ച് വീണ്ടും രണ്ടു കഷ്ണങ്ങളാക്കി ഇളം ബ്രൗണ്‍ നിറമാവുന്നതു വരെ എണ്ണയില്‍ വറുത്തു കോരുക. തുടര്‍ന്ന് ചൂടാറാന്‍ വെക്കുക. ഇനി ശര്‍ക്കരപ്പാവു തയ്യാറാക്കിയതിനു ശേഷം ജീരകപ്പൊടിയും ചുക്കുപൊടിയും ഇതിലേക്ക് യോജിപ്പിക്കുക. ശേഷം കായ വറുത്തതും നെയ്യും പഞ്ചസാരയും ചേര്‍ത്തിളക്കുക. എല്ലാ കഷ്ണങ്ങളിലേക്കും ശര്‍ക്കരപ്പാവ് എത്തുന്ന വിധത്തില്‍ വേണം ഇളക്കാന്‍. ഇനി ചൂടാറും വരെ ഇളക്കി ഒട്ടിപ്പിടിച്ചിരിക്കുന്ന കഷ്ണങ്ങള്‍ വേര്‍പെടുത്തി എടുത്തി ഒരിക്കല്‍ക്കൂടി ആറാന്‍ വച്ചാല്‍ ശര്‍ക്കര വരട്ടി റെഡി.

മാങ്ങ അച്ചാര്‍
ചേരുവകള്‍
പുളിയുള്ള മാങ്ങ - ഒന്ന്
നല്ലെണ്ണ- രണ്ട് ടീസ്പൂണ്‍
മുളകുപൊടി - രണ്ട് ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- ഒരു ടീസ്പൂണ്‍
പൊടിക്കായം - അര ടീസ്പൂണ്‍
കടുക് പൊടിച്ചത് - അര ടീസ്പൂണ്‍
ഉലുവ വറുത്തുപൊടിച്ചത് - ഒരു നുള്ള്
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം 
ചുവടു കട്ടിയുള്ള പാത്രത്തില്‍ നല്ലെണ്ണ ചൂടാക്കി മുളകുപൊടി, മഞ്ഞള്‍പ്പൊടി, പൊടിക്കായം, കടുക് പൊടിച്ചത്, ഉലുവ വറുത്തു പൊടിച്ചത് എന്നിവ ചേര്‍ത്ത് നന്നായി ചൂടാക്കുക. അടുപ്പില്‍ നിന്ന് വാങ്ങി വച്ച് ചൂടാറിയ ശേഷം മാങ്ങയും പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക.

നാരങ്ങ അച്ചാര്‍
ചേരുവകള്‍
നാരങ്ങ പഴുത്തത് - ഒന്ന്
കായം - 10 ഗ്രാം
മഞ്ഞള്‍പ്പൊടി- ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ- നാല് ടീസ്പൂണ്‍
മുളകുപൊടി- രണ്ട് ടീസ്പൂണ്‍
ഉലുവപ്പൊടി- ഒരു നുള്ള്
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം 
നാരങ്ങ കഴുകി ചെറുതായി മുറിച്ച് ഉപ്പും ചേര്‍ത്ത് രണ്ട് ഗ്ലാസ് വെള്ളവും ചേര്‍ത്ത് കായം, മഞ്ഞള്‍പ്പൊടി എന്നിവ കലക്കി തിളപ്പിക്കുക. ചീനച്ചട്ടിയില്‍ രണ്ട് സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചശേഷം മുളകുപൊടി ചേര്‍ക്കുക. വേവിച്ച നാരങ്ങ ഇതിലേക്കിടുക. ഉലുവാപ്പൊടി ചേര്‍ത്തിളക്കിയ ശേഷം രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. 

ഇഞ്ചിക്കറി
ചേരുവകള്‍
ഇഞ്ചി - അരകപ്പ് 
വറ്റല്‍ മുളക് - നാല് എണ്ണം
മല്ലി -  2 സ്പൂണ്‍
ഉലുവ - ഒരു നുള്ള്
കടുക് -  ഒരു നുള്ള് 
നല്ലെണ്ണ- ഒരു സ്പൂണ്‍ 
വെളിച്ചെണ്ണ - 2 സ്പൂണ്‍
വാളന്‍പുളി പിഴിഞ്ഞത് - 2 സ്പൂണ്‍
ശര്‍ക്കര - പാകത്തിന്
കറിവേപ്പില - ആവശ്യത്തിന് 

തയ്യാറാക്കേണ്ട വിധം
കൊത്തിയരിഞ്ഞ ഇഞ്ചി വെളിച്ചെണ്ണ ഒഴിച്ച് വറുത്ത് കോരുക. വറ്റല്‍ മുളക് രണ്ടെണ്ണം, ഉലുവ ഒരു നുള്ള,് കടുക് ഒരു നുള്ള് എന്നിവ നല്ലെണ്ണയില്‍ നല്ലെണ്ണയില്‍ മൂപ്പിച്ച് അരച്ചെടുക്കണം. അതിനുശേഷം വറുത്തെടുത്ത ഇഞ്ചിയും അരപ്പും ആവശ്യത്തിന് വാളന്‍പുളിയും ഉപ്പും ചേര്‍ത്ത് ഇളക്കി തിളപ്പിക്കുക. രണ്ടു വലിയ സ്പൂണ്‍ വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കടുക്, ഉലുവ, വറ്റല്‍മുളക് നാല് എണ്ണം (മുറിച്ചത്), കറിവേപ്പില മൂപ്പിച്ചെടുത്ത് കറിയില്‍ ചേര്‍ക്കുക. ഇഞ്ചിക്കറി കുറുകുമ്പോള്‍ പാകത്തിന് ശര്‍ക്കര ചേര്‍ത്ത് നന്നായി ഇളക്കി അടുപ്പില്‍ നിന്ന് മാറ്റുക. തണുത്ത ശേഷം ഭരണിയിലേക്ക് മാറ്റി നന്നായി അടച്ചുവയ്ക്കുക.

പൈനാപ്പിള്‍ പച്ചടി
ചേരുവകള്‍
പഴുത്ത പൈനാപ്പിള്‍ ചെറുതായി മുറിച്ചത് -  2 കപ്പ് 
പച്ചമുളക് - ചതച്ചത് 3 എണ്ണം
ജീരകം - 3 ടേബിള്‍ സ്പൂണ്‍
മഞ്ഞപ്പൊടി - കാല്‍ ടേബിള്‍ സ്പൂണ്‍
വെള്ളം - ഒരു കപ്പ് 
തേങ്ങാപ്പാല്‍ -  ഒരു കപ്പ് 
കട്ടിത്തൈര് - 1 കപ്പ് 
ഉപ്പ് - ആവശ്യത്തിന് 
 
താളിക്കാന്‍
എണ്ണ
കടുക്
വറ്റല്‍ മുളക്
കറിവേപ്പില

തയ്യാറാക്കുന്ന വിധം
പൈനാപ്പിള്‍ കഷ്ണങ്ങള്‍ക്കൊപ്പം  മഞ്ഞപ്പൊടി, ചതച്ച ജീരകം, പച്ചമുളക്, വെള്ളം എന്നിവ ചേര്‍ത്ത് വേവിക്കുക. കഷ്ണങ്ങള്‍ വെന്ത് വെള്ളം വറ്റി വരുമ്പോള്‍ തേങ്ങാപ്പാലും ഉപ്പും ചേര്‍ക്കാം. തിളച്ചു തുടങ്ങുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റി വെയ്ക്കാം. തണുത്തതിനു ശേഷം കട്ടിത്തൈര് ഉടച്ച് ചേര്‍ത്ത് നന്നായി യോചിപ്പിക്കുക. ശേഷം ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക്, വറ്റല്‍ മുളക്, കറിവേപ്പില എന്നി താളിച്ച് ചേര്‍ക്കുക.

സാമ്പാര്‍
ചേരുവകള്‍
തക്കാളി - 2 എണ്ണം
വെണ്ടയ്ക്ക -  5 എണ്ണം
മുരിങ്ങക്ക-  2 എണ്ണം
വഴുതനങ്ങ -  2 എണ്ണം
സവാള - 1
ഉരുളകിഴങ്ങ് -  2 എണ്ണം
കാരറ്റ് -1
പരിപ്പ് - 1 കപ്പ്
പുളി -  ഒരു നാരങ്ങാ വലിപ്പത്തില്‍
മഞ്ഞള്‍ പൊടി - 1 ടീസ്പൂണ്‍
കറിവേപ്പില - 2 തണ്ട് 
ഉപ്പ് -  ആവശ്യത്തിന്
സാമ്പാര്‍ പൊടി - 3 ടേബിള്‍സ്പൂണ്‍
വെളിച്ചെണ്ണ -  5 ടേബിള്‍സ്പൂണ്‍
കടുക് -  1 ടേബിള്‍സ്പൂണ്‍
ഉലുവ - 1/2 ടീസ്പൂണ്‍
വറ്റല്‍ മുളക് - 5 എണ്ണം

തയ്യാറാക്കുന്ന വിധം 
പരിപ്പ് കഴുകി കുക്കറില്‍ വച്ച് വേവിക്കുക. ഇനി 2 കപ്പ് വെള്ളത്തില്‍ ഒരു നാരങ്ങാ വലിപ്പത്തില്‍ പുളി പിഴിഞ്ഞ് ഉപ്പും മഞ്ഞള്‍ പൊടിയും ചേര്‍ക്കുക. അതു തിളക്കുമ്പോള്‍ അരിഞ്ഞ് വച്ച പച്ചകറികളും കറിവേപ്പിലയും ചേര്‍ത്ത് വേവിക്കുക. ഒരു വിസില്‍ അടിക്കുമ്പോള്‍ മൂടി മാറ്റി സാമ്പാര്‍ പൊടിയും വേവിച്ച് വച്ചിരിക്കുന്ന പരിപ്പും ചേര്‍ക്കുക. ഇത് മൂന്നു മിനിറ്റോളം തിളയ്ക്കാന്‍ വെയ്ക്കുക. മല്ലി ഇല ചേര്‍ക്കേണ്ടവര്‍ക്ക് മല്ലിയിലയും ചേര്‍ക്കാം. ഉപ്പും പുളിയും നോക്കി വാങ്ങി വെക്കാവുന്നതാണ്. ഇനി എണ്ണ ചൂടാക്കി കടുകും ഉലുവയും വറ്റല്‍മുളകും മൂപ്പിച്ച് സാമ്പാറിലേക്ക് ചേര്‍ക്കുക. ഇളക്കിയതിനു ശേഷം വാങ്ങി വെച്ച് ചൂട് പാകമാവുമ്പോള്‍ ഉപയോഗിക്കാം.

അവിയല്‍
ചേരുവകള്‍
വെള്ളരിക്ക, വഴുതനങ്ങ, പയര്‍, ചേന, മുരിങ്ങക്ക, പച്ചക്കായ, ക്യാരറ്റ്, സവാള, മത്തങ്ങ, ബീന്‍സ്, കുമ്പളങ്ങ തുടങ്ങിയ പച്ചക്കറികള്‍ ഒരിഞ്ചു നീളത്തില്‍ അരിഞ്ഞു വെക്കുക.
പച്ചമുളക് - 9 എണ്ണം ( കഷ്ണത്തിലിടാനും അരപ്പിനും)
മുളകുപൊടി - അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍
തേങ്ങ തിരുമ്മി വച്ചത് -  ഒന്ന്
ജീരകം - കാല്‍ ടീസ്പൂണ്‍
പച്ചമുളക് - നാല്
കറിവേപ്പില -  ഒരു തണ്ട്
ചുമന്നുള്ളി - അഞ്ച് അല്ലി
വെളിച്ചെണ്ണ - രണ്ടു ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം 
അരിഞ്ഞു വച്ച പച്ചക്കറികള്‍ നന്നായി കഴുകി മുളകുപൊടിയും, മഞ്ഞള്‍പൊടിയും, ചേര്‍ത്ത് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് വേവിക്കുക. മുക്കാല്‍ ഭാഗം വെന്തു കഴിയുമ്പോള്‍ തൈരോ പുളിയോ ചേര്‍ത്ത് നന്നായി ഇളക്കുക. കഷ്ണം നന്നായി വെന്ത് വെള്ളം വറ്റിയ ശേഷം തേങ്ങയും ജീരകവും പച്ചമുളകും കറിവേപ്പിലയും ചുമന്നുള്ളിയും ചേര്‍ത്തുള്ള അരപ്പ് ചേര്‍ക്കുക. വെളിച്ചെണ്ണ ചേര്‍ത്ത് കറിവേപ്പില പാവിയ ശേഷം വാങ്ങി വെയ്ക്കുക.

കിച്ചടി
ചേരുവകള്‍
വെള്ളരിക്ക - ചെറുതായി അരിഞ്ഞത് ഒരു കപ്പ്
തൈര് -  രണ്ട് കപ്പ്
പച്ചമുളക് - ഒരു ടേബിള്‍ സ്പൂണ്‍
തേങ്ങ - ഒരു കപ്പ്
പഞ്ചസാര - ഒരു നുള്ള്
ഇഞ്ചി -  ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂണ്‍
കടുക് -  അരക്കാനും താളിക്കാനും ആവശ്യത്തിന്
കറിവേപ്പില, വെളിച്ചെണ്ണ, ഉണക്കമുളക് - താളിക്കാന്‍ ആവശ്യത്തിന്
ഉപ്പ് -  പാകത്തിന്

തയ്യാറാക്കുന്ന വിധം
വെള്ളരിക്ക അരിഞ്ഞ് അരക്കപ്പ് വെള്ളത്തില്‍ വേവിക്കുക. തേങ്ങ, പച്ചമുളക്, ഇഞ്ചി, അരസ്പൂണ്‍ കടുക് എന്നിവ നന്നായി അരച്ചെടുക്കുക. ഈ അരപ്പിലേക്ക് തൈരു ചേര്‍ത്ത് വീണ്ടും നന്നായി അരച്ചെടുക്കുക. വേവിച്ചു വെച്ച വെള്ളരിയിലേക്ക് ഈ അരപ്പ് ചേര്‍ക്കുക. തിളച്ചതിനു ശേഷം വെളിച്ചെണ്ണയില്‍ കടുകും മുളകും കറിവേപ്പിലയും ചേര്‍ത്ത് താളിച്ചെടുക്കുക. വെള്ളരിക്ക കറി റെഡി.

ഓലന്‍
ചേരുവകള്‍
കുമ്പളങ്ങ (കഷണങ്ങളാക്കിയത്) - 500 ഗ്രാം
സവാള -  നീളത്തിലരിഞ്ഞത് ഒന്ന്
പച്ചമുളക് - നാല്
ഇഞ്ചി - ഒരു ചെറിയ കഷണം
തേങ്ങയുടെ - ഒന്നാം പാല്‍    അര ഗ്ലാസ്
രണ്ടാം പാല്‍- ഒന്നര ഗ്ലാസ്
കുരുമുളകുപൊടി - ഒരു ടീസ്പൂണ്‍
കറിവേപ്പില- രണ്ട് തണ്ട്
വെളിച്ചെണ്ണ- ഒരു ടേബിള്‍ സ്?പൂണ്‍
ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം
തേങ്ങയുടെ രണ്ടാം പാലില്‍ കുമ്പളങ്ങ, സവാള, പച്ചമുളക്, ചതച്ച ഇഞ്ചി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി വേവിക്കുക. ശേഷം ഒന്നാം പാലില്‍ കുരുമുളകുപൊടി ചേര്‍ത്തിളക്കുക. തിളയ്ക്കുമ്പോള്‍ കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്ത് ഇറക്കിവെക്കുക.

പുളിശേരി 
ചേരുവകള്‍ 
നന്നായി പഴുത്ത ഏത്തപ്പഴം അല്ലെങ്കില്‍ കൈതച്ചക്ക -  കഷ്ണമായി അരിഞ്ഞത്
മുളകുപൊടി -  രണ്ടു ചെറിയ സ്പൂണ്‍
മഞ്ഞള്‍പൊടി - ഒരു നുള്ള്
ഉള്ളി -  ഒരു കപ്പ്
പച്ചമുളക് -  കുറുകെ കീറിയത് അഞ്ചെണ്ണം
വെളിച്ചെണ്ണ -  നാല് വലിയ സ്പൂണ്‍
തേങ്ങപാല്‍ -  ഒരു കപ്പ്
ജീരകം -  പൊടിച്ചത്
കടുക് - രണ്ടു ചെറിയ സ്പൂണ്‍
പുളിയുള്ള തൈര് - ഒരു കപ്പ്
വറ്റല്‍ മുളക് - താളിക്കാന്‍ ആവശ്യത്തിന്
ഉലുവ പൊടിച്ചത് - ഒരു നുള്ള്
ഇഞ്ചി -  ചെറുതായി അരിഞ്ഞത് 1 ടേബിള്‍ സ്പൂണ്‍
കറിവേപ്പില -  ഒരു തണ്ട്

തയ്യാറാക്കുന്ന വിധം 
ഏത്തപ്പഴം അല്ലെങ്കില്‍ കൈതച്ചക്ക -  കഷ്ണമായി അരിഞ്ഞത് ഒരു പാത്രത്തില്‍ എടുത്തു വെക്കുക. തേങ്ങ, മഞ്ഞള്‍പ്പൊടി, മുളകുപൊടി, പച്ചമുളക് എന്നിവ പാകത്തിന് വെള്ളം ചേര്‍ത്ത് അരച്ചെടുക്കുക. ഇനി ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിയതിനു ശേഷം ചുവന്നുള്ളിയും ഇഞ്ചിയും ചേര്‍ത്ത് മൂപ്പിക്കുക. മൂത്തു വരുമ്പോള്‍ ഇതിലേക്ക് ഉലുവ, കറിവേപ്പില, ജീരകം എന്നിവ ഇട്ട് ഒന്നുകൂടി മൂപ്പിക്കുക. തുടര്‍ന്ന് അരച്ചു വച്ചിരിക്കുന്ന അരപ്പ് ഇതിലേക്ക് ചേര്‍ത്ത് രണ്ടു കപ്പ് വെള്ളവും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ശേഷം കഷ്ണം ഇതിലേക്ക് ഇടുക. വേവ് പാകമായതിനു ശേഷം വാങ്ങിവെച്ച് ചൂടാറുമ്പോള്‍ തൈര് ചേര്‍ക്കുക. പിരിയാതിരിക്കാന്‍ തുടര്‍ച്ചയായി ഇളക്കണം. ഇനി വെളിച്ചെണ്ണയില്‍ കടുകു പൊട്ടിച്ച് ഉള്ളിയും കറിവേപ്പിലയും ചുവന്ന മുളകും ചേര്‍ത്ത് മൂപ്പിച്ച് കറിയില്‍ തൂവാം. പുളിശ്ശേരി റെഡി.

ഏത്തപ്പഴം പ്രഥമന്‍
ചേരുവകള്‍ 
ഏത്തപ്പഴം - നന്നായി പഴുത്തത് ഒരു കിലോ
ശര്‍ക്കര - രണ്ട് കിലോ 
തേങ്ങയുടെ ഒന്നാം പാല്‍  - ഒരു ലിറ്റര്‍ 
രണ്ടാം പാല്‍ - രണ്ട് ലിറ്റര്‍ 
മൂന്നാം പാല്‍ - മൂന്ന് ലിറ്റര്‍ 
ഏലയ്ക്ക പൊടിച്ചത് - ആവശ്യത്തിന് 
ജീരകപ്പൊടി  - ആവശ്യത്തിന് 
ചുക്ക്‌പൊടി  - ആവശ്യത്തിന് 
നെയ് - ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 
ഒരു കിലോ ഏത്തപ്പഴം നന്നായി പുഴുങ്ങി ചെറിയ കഷ്ണമായി മുറിക്കുക. രണ്ട് കിലോ ശര്‍ക്കര പാനിയാക്കി ഏത്തപ്പഴം ചേര്‍ത്ത് വരട്ടുക. ഇടയ്ക്ക് നെയ്യ്് ഒഴിച്ചുകൊടുക്കണം. (എട്ട് തേങ്ങയില്‍ നിന്നായി മൂന്ന് ലിറ്റര്‍ മൂന്നാം പാല്‍, രണ്ട് ലിറ്റര്‍ രണ്ടാം പാല്‍, ഒരു ലിറ്റര്‍ ഒന്നാം പാല്‍ എന്ന രീതിയില്‍ തേങ്ങാപ്പാല്‍ തയ്യാറാക്കിവെയ്ക്കണം). അല്പം വരണ്ട് തുടങ്ങുമ്പോള്‍ മൂന്നാം പാല്‍ ചേര്‍ത്ത് വരട്ടുക. വീണ്ടും വരണ്ട് വരുമ്പോള്‍ യഥാക്രമം രണ്ടാം പാലും ഒന്നാം പാലും ചേര്‍ക്കുക. (ഏലയ്ക്ക പൊടിച്ചതും ജീരകപ്പൊടിയും ചുക്ക്‌പൊടിയും ഒന്നാം പാലില്‍ കലക്കി അരിച്ച് വേണം ഒഴിക്കാന്‍.