പൂക്കളുടെയും പൂവിളിയുടെയും ഉത്സവമാണ് ഓണമെങ്കില്‍ ഇവിടെ എന്നും ഓണമാണ്. കോഴിക്കോട് കടത്തനാട് രാജവംശത്തില്‍പ്പെട്ട പുറമേരി ആയഞ്ചേരി കോവിലകത്തില്‍.
അത്തം മുതല്‍ തിരുവോണം വരെ പൂക്കളമൊരുക്കുന്നതാണ് മലയാളികളുടെ ശീലമെങ്കില്‍ ഈ കോവിലകത്തില്‍ വര്‍ഷത്തില്‍ 365 ദിവസവും പൂക്കളം തീര്‍ക്കും. ഇതിന് പ്രത്യേകിച്ച് ഐതിഹ്യമൊന്നുമില്ല. ഒരുപക്ഷേ, എല്ലാദിവസവും ഓണം പോലെയാകണമെന്ന പൂര്‍വികരുടെ ആഗ്രഹമാകാം, അല്ലെങ്കില്‍ പ്രകൃതിയോടിണങ്ങി ജീവിക്കാനുള്ള സന്ദേശമാകാം. എന്തായാലും ഇത് 74 വര്‍ഷമായി തുടരുന്ന ആചാരംപോലുള്ള ശീലം.
''എന്റെ അമ്മയെ ഇവിടെ കല്യാണംകഴിച്ചുകൊണ്ടുവന്നത് 1942ലാണ്, അന്നുമുതല്‍ ഇവിടെ പൂക്കളം തീര്‍ക്കുന്നുണ്ട്.'' ആയഞ്ചേരി കോവിലകത്തെ കെ.സി. ഉദയവര്‍മരാജ പറഞ്ഞു. ഉദയവര്‍മരാജയുടെ അമ്മ ഉമാ മഹേശ്വരി തമ്പുരാട്ടിയെ നീലേശ്വരത്തുനിന്നാണ് കല്യാണം കഴിച്ചുകൊണ്ടുവന്നത്. അവിടെയുള്ള ശീലം അമ്മ ഇവിടെയും തുടര്‍ന്നു എന്നാണ് ഇദ്ദേഹത്തിന് അറിയാവുന്നത്. തനിക്ക് ഓര്മവെച്ചനാള് മുതല്‍ ഉമ്മറത്ത് പൂക്കളം കാണുന്നുണ്ടെന്ന് ഉദയവര്‍മരാജ പറയുന്നു.
ഇപ്പോള്‍ പൂക്കളമൊരുക്കുന്നത് ഉദയവര്‍മരാജയുടെ ഭാര്യ കെ.സി. വത്സലത്തമ്പുരാട്ടിയാണ്. എല്ലാ ദിവസവും ഈ കോവിലകം ഉണരുന്നത് പൂക്കളം തീര്‍ത്തുകൊണ്ടാണ്. മുറ്റത്തും തൊടിയിലും പുഷ്പിച്ചുനില്ക്കുന്ന പൂക്കള്മാത്രമേ ഉപയോഗിക്കൂ.
മറുനാടന്‍ പൂക്കള്‍ ഓണപ്പൂക്കളങ്ങളെ കീഴടക്കുമ്പോഴും ഇവര്‍ക്ക് ഒരു വര്ഷംമുഴുവന് പൂക്കളമൊരുക്കേണ്ട പൂ ഇവിടെത്തന്നെയുണ്ട്. രാവിലെ ആറൊടെ തന്നെ വത്സലത്തമ്പുരാട്ടി പൂക്കളിറുത്ത് പൂജാമുറിയിലെ ശ്രീകൃഷ്ണനും മറ്റ് ദേവീദേവന്മാര്ക്കും അഭിമുഖമായി ഉമ്മറത്ത് പൂക്കളമൊരുക്കും. പിറ്റേന്ന് പുലര്‍ച്ചെവരെ ഈ പൂക്കളം അവിടെയുണ്ടാകും.
വിവിധതരം ചെമ്പരത്തികള്‍, തെച്ചിപ്പൂ, തുളസി, സുഗന്ധി, നിത്യകല്യാണി, ശീപോതി, കൊങ്ങിണിപ്പൂ തുടങ്ങിയ പൂക്കള്‍ മുറ്റത്തുതന്നെയുണ്ട്. ഓണക്കാലത്ത് അത്തംമുതല്‍ തിരുവോണംവരെ കൂടുതല്‍ പൂക്കള്‍ ശേഖരിക്കും. അപ്പോഴും വിപണിയില്‍നിന്ന് പൂക്കള്‍ വാങ്ങില്ല.
പുറമേരി കടത്തനാട് രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ റിട്ട. അധ്യാപകനാണ് ഉദയവര്‍മരാജ. വത്സലത്തമ്പുരാട്ടിയും ഇതേ സ്കൂളില്‍ അധ്യാപികയായിരുന്നു. മക്കള്‍ രണ്ടുപേര്‍ വിദേശത്താണ്. ഫിസിയോ തെറാപ്പിസ്റ്റായ മകന് ഹരിശങ്കരവര്മരാജ 2012ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ടീമിന്റെ ഫിസിയോ തെറാപ്പിസ്റ്റായിരുന്നു. ഇപ്പോള്‍ ചെന്നൈയിലാണ്.