ണം ദേശീയോത്സവമാണ്. ശരി തന്നെ. പക്ഷേ, അവധിയെടുത്ത് വീട്ടിലിരുന്നു തന്നെ ആഘോഷിക്കണോ? ചിലരിങ്ങനെയാണ്. എല്ലാത്തിനും എല്ലാത്തിലും മറുചോദ്യം ചോദിച്ചു കൊണ്ടേയിരിക്കും. അവരെ മാധ്യമപ്രവര്‍ത്തകര്‍ എന്നും വിളിക്കാം. 

ആഘോഷിക്കുന്നവരുടെയും ആഘോഷിക്കാത്തവരുടെയും ജീവിതം ഓണമെന്ന ഭേദമില്ലാതെ ലൈവായി കാട്ടിക്കൊണ്ടിരിക്കും. നിങ്ങള്‍ ആഘോഷിക്കുന്നില്ലേ എന്നു ചോദിച്ചാലോ ഓണം 'ഓണ്‍ എയര്‍' തന്നെ എന്നും പറയും. മാതൃഭൂമി ന്യൂസ് ചാനലിലെ ചീഫ് സബ് എഡിറ്റര്‍ അപര്‍ണ്ണ കുറുപ്പ്, സീനിയര്‍ സബ് എഡിറ്റര്‍ ഫെബിന്‍ കെ.മന്‍സൂര്‍, സബ് എഡിറ്റര്‍ മാതു സജി എന്നിവരും അതുതന്നെ പറയുന്നു.

പലരും പല ഷിഫ്റ്റിലാണ് ഡ്യൂട്ടിയെങ്കിലും ഓണവിശേഷമെന്നു കേട്ടപ്പോ ഒത്തുകൂടി.

പതിവ് ക്ലീഷേ ചോദ്യം തന്നെയാവട്ടേ. കുട്ടിക്കാലത്തെ ഓണമെങ്ങനെയായിരുന്നു?

അപര്‍ണ്ണ: തല്ലു കൂടരുത്. ആദ്യം ഞാന്‍ പറയാം. കുട്ടിക്കാലത്തെ ഓണം എന്നു പറയുമ്പോ കൊടുങ്ങല്ലൂരിലെ തനിമയുള്ള ഓണമാണ് ഓര്‍മ്മ. തറവാട്ടില്‍ ഓണത്തപ്പനെ ഒരുക്കി ഓണം കൊള്ളും. ഇപ്പോ അങ്ങനെയൊന്നില്ല. തെക്കന്‍ കേരളത്തിലെ പോലെയല്ല ഞങ്ങളുടെ ആഘോഷം. പടി കെട്ടി ഓണത്തപ്പനെയും മുത്തശ്ശിയെയും മറ്റും രൂപങ്ങളെയും ഒരുക്കിവെച്ച്.. അങ്ങനെ ഒരു ഓണാഘോഷം. 

കുടുംബത്തിലെ ആണ്‍കുട്ടികള്‍ സാധാരണ ചെയ്യുന്ന ഓണം കൊള്ളല്‍ പരിപാടി ഞാനാണ് വീട്ടില്‍ ചെയ്തിരുന്നത്. ഒരു 13 വയസു വരെയൊക്കെ അങ്ങനെയായിരുന്നു. രാവിലെ 4.30ഓടെയോടെ എഴുന്നേറ്റാണ് അന്നത്തെ ചടങ്ങുകള്‍. പഞ്ചസാരയോ തേങ്ങയോ ഇല്ലാത്ത അടയുണ്ടാക്കും അന്നു വീട്ടില്‍. മധുരമില്ലെങ്കിലും കുട്ടികള്‍ക്കൊക്കെ താല്‍പര്യം അതു കഴിക്കാനാകും.

കസിന്‍സിനൊപ്പം പൂക്കളമിടുന്നതും രസമുള്ള ഓര്‍മ്മയാണ്. ഉത്രാടം വരെയാണ് ഞങ്ങള്‍ പൂവിട്ടിരുന്നത്. പിന്നെ മുതിര്‍ന്ന ശേഷം മാസ് കമ്മ്യൂണിക്കേഷന്‍ പഠിക്കാന്‍ ചെന്നൈയില്‍ പോയി. പിന്നെ കല്ല്യാണമൊക്കെ കഴിഞ്ഞപ്പോ ചങ്ങനാശ്ശേരിയിലായി ഓണാഘോഷം. അപ്പോഴും കൊടുങ്ങല്ലൂരെപ്പോലെ ഓണത്തപ്പനെ ഒക്കെ ഒരുക്കുമായിരുന്നു.

ഫെബിന്‍: അത്ര വിശാലമായ ഓണാനുഭവമൊന്നും എനിക്കില്ല. അയല്‍പ്പക്കത്തായിരുന്നു കുട്ടിക്കാലത്തെ ഓണം. കുട്ടിക്കൂട്ടത്തിനൊപ്പം കൂടി പൂക്കളമിട്ടും സദ്യ കഴിച്ചും അങ്ങനങ്ങനെ അവധി ആഘോഷമാക്കും. ഓണത്തിന് അയല്‍പ്പക്കത്തെ കൂട്ടുകാരുടെ വീട്ടില്‍ തന്നെയാണ് സദ്യയും. പെരുന്നാളിന് കൂട്ടുകാര്‍ ഇങ്ങോട്ടും വരും. തൃക്കാക്കരയപ്പനെ ഉണ്ടാക്കാനും കൂടും. ഒക്കെ ഒരു രസമുള്ള കളിയായാണ് എനിക്ക് തോന്നിയിട്ടുള്ളത്. അവധിക്കാലം ആഘോഷമാക്കുക എന്നതിനപ്പുറം ഇത്തരം ചില ചടങ്ങുകളും സദ്യയും ഓണത്തിന്റെ അനുഭവമായി എപ്പോഴുമുണ്ട്.

സദ്യയില്‍ പായസമാണ് എന്റെ ഫേവറേറ്റ്. പരിപ്പ് പായസത്തിന് (ചെറുപയര്‍ പായസം) പകരം വയ്ക്കാന്‍ സദ്യയില്‍ മറ്റൊന്നുമില്ല. മറ്റു കറികളും അച്ചാറും പപ്പടവും ചോറ് കൂട്ടിക്കുഴച്ചു കഴിയ്ക്കുന്നതും രസം തന്നെ. ഇലയില്‍ പായസമുള്‍പ്പെടെ വിളമ്പിക്കഴിക്കുന്ന ആ പഴയകാലം തന്നെയാണ് കുട്ടിക്കാലത്തെ ഓണം ഓര്‍മ്മകളില്‍.

കുറച്ചുകൂടി മുതിര്‍ന്നപ്പോ പത്രപ്രവര്‍ത്തനം പഠിക്കാന്‍ കോഴിക്കോട്ടേയ്ക്കു പോയി. പിന്നീടുള്ള ഓണമൊക്കെ കൂട്ടുകാര്‍ക്കൊപ്പമായി. അവരുടെ വീടുകളില്‍ ഓണം ആഘോഷിക്കും. സദ്യ ഉണ്ണാനിരിക്കുമ്പോഴാണ് ശരിയ്ക്കും തൃശൂര്‍ സദ്യ മിസ് ചെയ്യുന്നത്. ആ ദിവസങ്ങളില്‍ വെജിറ്റേറിയനല്ലാതെ ഒന്നും കഴിച്ച് ശീലിച്ചിട്ടില്ലാത്ത തൃശൂര്‍ക്കാരിയായ എന്റെ മുന്നില്‍ അവര്‍ ചിക്കന്‍ വിളമ്പും. മീനുമുണ്ടാകും. അതൊരു അനുഭവമായിരുന്നു.

മാതു: ഇനിയെങ്കിലും എനിക്കു പറയാല്ലോ,അല്ലേ? കുട്ടിക്കാലത്തെ ഓണം എന്നു പറഞ്ഞാ (ഇപ്പോഴും) ഭക്ഷണമാണ് മെയിന്‍. അമ്മയാണേല്‍ എന്തുണ്ടാക്കിയാലും മുടിഞ്ഞ ടേസ്റ്റ് ആണ്. പപ്പയും മോശമല്ല. അതുകൊണ്ട് ഭക്ഷണം കഴിക്കുക മാത്രമാണ് എന്റെ പണി. അമ്മേ.. അതുചെയ്യൂ, ഇതുചെയ്യൂ എന്നൊക്കെ മേല്‍നോട്ടം വഹിക്കാന്‍ ചെല്ലുമെങ്കിലും ചട്ടുകത്തിന് പണിയുണ്ടാകും മുമ്പ് എസ്‌കേപ്പാകും.

പൂക്കളമിടുന്ന പരിപാടിയൊന്നും ഇപ്പോഴില്ല. പണ്ടൊക്കെ അത്തം മുതല്‍ തുടങ്ങും. പക്ഷേ തിരുവോണമെത്തുമ്പോഴേക്കും ഞാനും ചേച്ചിയും അടിച്ച് പിരിഞ്ഞിരിക്കും. പിന്നെപ്പിന്നെ നടപ്പില്ലാത്ത പദ്ധതിയെന്ന നിലയില്‍ പൂവിടല്‍ ഉപേക്ഷിച്ചു.

കുറച്ചു കൂടി വലുതായപ്പോ മുതല്‍ എല്ലാക്കാലത്തും എനിക്കുചുറ്റും ഒരു കുട്ടിപ്പട്ടാളം ഉണ്ടായിരുന്നു. ട്യൂഷന് വന്ന് കളിക്കാന്‍ എന്നേം കൂട്ടുന്ന കുറേ ലുട്ടാപ്പീസ്. അതുകൊണ്ടുതന്നെ ഓണമൊക്കെ ഞങ്ങളു പൊളിക്കും. ഇപ്പൊപ്പിന്നെ നമ്മളെ പ്രതീക്ഷിച്ചിരുന്നാ ഒന്നും നടക്കാത്തതുകൊണ്ട് അവരു തന്നത്താനെ പൊളിക്കാന്‍ തുടങ്ങി. എന്നാലും വീട്ടില്‍ പോകാന്‍ പറ്റിയാല്‍ പിന്നെ എന്നെ പിടിച്ചാല്‍ കിട്ടൂല്ല.

മാദ്ധ്യമപ്രവര്‍ത്തനത്തില്‍ പ്രത്യേകിച്ചും ചാനലിലാകുമ്പോള്‍ വീട്ടിലെ ഇത്തരം ആഘോഷങ്ങളൊക്കെ ഇല്ലാതാകില്ലേ? അതൊക്കെ മനസിലാക്കി തന്നെയാണോ പ്രൊഫഷന്‍ തിരഞ്ഞെടുത്തത്?

അപര്‍ണ്ണ: മാധ്യമപ്രവര്‍ത്തനം പണ്ടുമുതലേ ആഗ്രഹിച്ചിരുന്ന പ്രൊഫഷന്‍ ആയതുകൊണ്ട് ആഘോഷങ്ങള്‍ നഷ്ടപ്പെടുന്നതില്‍ വലിയ നഷ്ടബോധമൊന്നും തോന്നിയിട്ടില്ല. ആഘോഷങ്ങളൊന്നും ഉണ്ടാവില്ല എന്നൊന്നും കരുതിയല്ല പ്രൊഫഷന്‍ തിരഞ്ഞെടുത്തത്. മാദ്ധ്യമപ്രവര്‍ത്തനം അത്രയധികം ഓണാഘോഷത്തില്‍ നിന്നകന്ന പ്രൊഫഷനുമല്ല. ഇവിടെയും രസകരമായ ആഘോഷമുണ്ട്. 

ഒരുതരത്തിലും ഓണമേ ഇല്ലാത്ത ഒരുപാട് ജോലികള്‍ ചുറ്റുമുണ്ടെന്ന് മനസിലാക്കുമ്പോ നമ്മുടെ നഷ്ടമൊന്നും ഒന്നുമല്ലെന്ന് ബോദ്ധ്യപ്പെടും. ആഘോഷിക്കാന്‍ ഒരു പ്രത്യേക ദിവസം വേണമെന്നു തോന്നാറില്ല. ഏതു ദിവസവും ഓണമാക്കാന്‍ കഴിയുന്ന ജീവിതശൈലിയാണ് ഇപ്പോള്‍ എല്ലാവര്‍ക്കുമുള്ളത്.

ഫെബിന്‍: തൃശൂരിലെ കുടുംബത്തിലുണ്ടായിരുന്നപ്പോഴുള്ള ഓണാഘോഷം പിന്നെയുണ്ടായിട്ടില്ലെന്നത് ശരിയാണ്. പിന്നെ ഇത്തരം ചില സന്തോഷങ്ങളൊക്കെ ത്യജിച്ചാല്‍ മാത്രം നിലനില്‍ക്കാനാകുന്ന പ്രൊഫഷനാണെന്ന ബോദ്ധ്യത്തോടെ തന്നെയാണ് മാധ്യമപ്രവര്‍ത്തനം തിരഞ്ഞെടുത്തത്. ജോലിയുടെ തിരക്ക് ഉള്‍ക്കൊള്ളാനുള്ള മനസില്ലായിരുന്നെങ്കില്‍ ഞാനീ പണിയ്ക്കിറങ്ങുമായിരുന്നില്ല.

മാതു: ഓണം വീട്ടിലല്ലാതാകുമ്പോ എന്തായാലും നൊസ്റ്റാള്‍ജിയ തോന്നും. പക്ഷേ, ഓണത്തിലേറ്റവും സന്തോഷം തരുന്ന ഓണം വാങ്ങാന്‍ പോകല്‍ ഇപ്പോഴും നഷ്ടപ്പെടുത്താറില്ല. ജോലിക്കു കയറിയപ്പോള്‍ പെട്ടെന്ന് കുടുംബനാഥയായതാണ് വ്യത്യാസം. ഓണമുണ്ടാക്കല്‍ നമ്മളാണ് എന്ന ഭാവമായി. ഓണക്കോടിയൊക്കെ വാങ്ങിക്കൊടുക്കുമ്പോള്‍ അച്ഛനും അമ്മയും കുട്ടികളും നമ്മള്‍ അമ്മയും ആകും. അങ്ങനെ കുറേ സന്തോഷമൊക്കെയുള്ളപ്പോ ഇവിടുത്തെ ഓണവും രസകരമാണ്.

ഈ പ്രൊഫഷനിലേക്കെത്തിയ ശേഷം ഓണാഘോഷമൊക്കെ നടക്കാറുണ്ടോ? എന്തൊക്കെയാണ് ഡെസ്‌ക്കിലെ ഓണാനുഭവങ്ങള്‍?

അപര്‍ണ്ണ: ഇപ്പോ ഒരു 11 വര്‍ഷമൊക്കെയായി മിക്കവാറും ഓണ്‍ എയറിലാണ് ഓണാഘോഷം. മിക്കവാറും ഓണസദ്യയുടെ സമയത്തൊക്കെ വാര്‍ത്ത വായിക്കുകയാകും. തറവാട്ടിലെ സദ്യയൊക്കെ എന്തായാലും മിസ് ചെയ്യും. പക്ഷേ, ന്യൂസ് ഡെസ്‌ക്കിലെ ഓണാഘോഷവും രസകരമാണ്. അനുഭവം എന്ന രീതിയില്‍ ഓര്‍ക്കുമ്പോ ആദ്യം മനസ്സില്‍ വരുന്നത് രണ്ട് സംഭവങ്ങളാണ്.

കഴിഞ്ഞ വര്‍ഷം ഓണദിവസങ്ങളിലൊന്നില്‍ മോണിങ് ഷോ അവതരിപ്പിച്ചപ്പോ സംഭവിച്ച അബദ്ധം ഇപ്പോഴും എല്ലാവരും പറഞ്ഞ് ചിരിക്കാറുണ്ട്. നടി സനുഷയായിരുന്നു അതിഥി. മുന്‍കൂട്ടി തയ്യാറാക്കിയ അഭിമുഖമായതാണ് അബദ്ധമായത്. ചോദ്യത്തിനനുസരിച്ചായിരുന്നില്ല സനുഷയുടെ ഉത്തരം. കാഴ്ചയില്‍ കുട്ടിവേഷത്തില്‍ തുടങ്ങി സപ്തമ ശ്രീ തസ്‌കരയില്‍ എത്തിനില്‍ക്കുമ്പോ എന്തു തോന്നുന്നു എന്ന് ചോദിച്ചപ്പോ മറുപടി ഇങ്ങനെ, ''തിരുവോണ സദ്യയെപ്പറ്റി പറഞ്ഞാ, ഞാന്‍ കുക്ക് ചെയ്യാറില്ല. അതുകൊണ്ട് അതിനെപ്പറ്റി ചോദിച്ചിട്ടൊരു കാര്യവുമില്ല''.. ഇപ്പോഴും പുറത്തൊക്കെ പലരും അറിയുന്നത് ഈ അബദ്ധത്തിന്റെ പേരിലാണ്.

വീട്ടില്‍ പോയി സദ്യ കഴിച്ചു വരാന്‍ സൗകര്യത്തിന് തിരുവോണ ദിവസത്തെ ഷിഫ്റ്റ് തിരഞ്ഞെടുക്കാറുണ്ടായിരുന്നു നേരത്തേയൊക്കെ. അങ്ങനെ ഒരിക്കല്‍ നാട്ടില്‍ പോയി മടങ്ങുമ്പോ ഏറെ വൈകി. തിരുവനന്തപുരം പേട്ട സ്റ്റേഷനിലെത്തിയപ്പോ ഓഫീസിലെത്താന്‍ ഓട്ടോയില്ലാത്ത അവസ്ഥ. പിന്നെ ഇത്രേം ദൂരം നടക്കേണ്ടി വന്നു. അങ്ങനെ വിയര്‍ത്തൊലിച്ച് ഇവിടെയെത്തി വൈകാതെ വാര്‍ത്ത വായിക്കാന്‍ ഓണ്‍ എയര്‍ കയറേണ്ടി വന്നു. അതിപ്പോഴും ഓര്‍ക്കും.

അങ്ങനെ ഓണ്‍ എയറില്‍ പതിവായി ഓണം ആഘോഷിച്ചാഘോഷിച്ച് അതില്ലെങ്കില്‍ മിസ് ചെയ്യുന്ന അവസ്ഥയായി. ഇടയ്ക്ക് നാട്ടില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്നപ്പോ അത് ശരിക്കും അറിഞ്ഞു. എന്തായാലും ഇത്തവണ ആ പ്രശ്‌നമില്ല. ഓണം ഓണ്‍ എയര്‍ തന്നെയാകും.

ഫെബിന്‍: 10 കൊല്ലമായി ഈ പ്രൊഫഷനിലെത്തിയിട്ട്. എല്ലാ തവണയും ഓണ്‍ എയറില്‍ തന്നെയാകും ഓണാഘോഷം. ഓഫീസിലെ ഓണവും രസകരമാണ്. ഒന്നാമത് കുറച്ചു പേരേ അന്നുണ്ടാകൂ. വാര്‍ത്തകളേക്കാള്‍ കൂടുതല്‍ പരസ്യമായതിനാല്‍ യഥാര്‍ത്ഥത്തില്‍ ജോലിയും കുറയും. ഒന്നിച്ചു ഭക്ഷണം കഴിക്കും. പായസമൊക്കെ ആരേലും കൊണ്ടുവരും. അധികം സംഭവങ്ങളുണ്ടാകാത്ത ദിവസങ്ങളായതിനാല്‍ റിലാക്‌സ്ഡ് ആയി ജോലി ചെയ്യാം. ഇത്തവണ ഞാനും ഓണത്തിന് ഡെസ്‌ക്കില്‍ തന്നെയാകും.

മാതു: ഈ ജോലി തിരഞ്ഞെടുത്ത് വന്നേപ്പിന്നെ ഓണത്തിനും വീട്ടിലെത്താത്ത മാവേലിയാണ് ഞാന്‍, കൊല്ലങ്ങളായി. അതുകൊണ്ട് ഞാന്‍ ചെല്ലുന്ന ദിവസമാണ് എന്റെ പാവം അച്ഛനും അമ്മയ്ക്കും ഓണം. ഉത്രാടത്തിനും ചതയത്തിനുമൊക്കെ ഞങ്ങളങ്ങനെ ഓണം ആഘോഷിക്കും. തലേ ദിവസം ഞങ്ങളങ്ങ് തീരുമാനിക്കും. നാളെയാണ് നമ്മുടെ ഓണം എന്ന്.

ഓണദിവസം ഡെസ്‌ക്കിലെത്തുമ്പോ തന്നെ സങ്കടപ്പെട്ട് വീട്ടില്‍ വിളിക്കും. അമ്മ വക ക്ലാസിക് ഡയലോഗ് വരും, 'നീയില്ലാതെ എന്തോണം..' അതോടെ തീര്‍ന്നു. ഡെസ്‌പോട് ഡെസ്പ്.. പിന്നൊന്ന് ഫോമിലാകണമെങ്കില്‍ സെല്‍ഫി പരിപാടി തുടങ്ങണം. പ്രത്യേകം ഉണ്ടാക്കിവെച്ച എക്‌സ്പ്രഷന്‍സൊക്കെ പൊടിതട്ടിയെടുത്ത് ഓഫീസിലെ ടെക്‌നീഷ്യന്‍സ് കഷ്ടപ്പെട്ടിട്ട പൂക്കളത്തിനടുത്തിരുന്നും നിന്നുമൊക്കെ വിവിധ തരം സെല്‍ഫികള്‍ക്കായുള്ള പെടാപ്പാട്. വല്യ കാര്യമായി വാര്‍ത്തകളൊന്നും ഇല്ലാത്ത ദിവസമായതിനാല്‍ പണിയുമുണ്ടാകില്ല. ഹാപ്പി..

ഉച്ചകഴിയുമ്പോഴേക്കും നൊസ്റ്റിന്റെ പ്രശ്‌നം വീണ്ടും വരും എന്നുള്ളതിനാല്‍ ഷിഫ്റ്റ് കഴിഞ്ഞ് സമാനദു:ഖിതരോടൊപ്പം ശംഖുമുഖത്ത് തിരയെണ്ണാന്‍ പോകും. അല്ലേലും ഉത്തരവാദിത്തമുള്ളൊരു മാധ്യമപ്രവര്‍ത്തകയ്ക്ക് എന്തോണം എന്ത് വിഷു, അല്ലേ?