യുവതാരം മാളവിക ഏറെ മിസ് ചെയ്യുന്നത് കുന്നംകുളത്തെ അച്ഛന്റെയും അമ്മയുടെയും തറവാട്ടുവീട്ടിലെ ഓണനാളുകളാണ്. അപ്പൂപ്പനും അച്ഛമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പമുള്ള രസകരമായ നിമിഷങ്ങള്‍. തിരുവോണത്തിന്റെയന്ന് തറവാട്ടില്‍ വരുന്നവര്‍ക്കെല്ലാം ഇലയിട്ട് നല്‍കുന്ന വിഭവസമൃദ്ധമായ സദ്യ. വിശാലമായ പറമ്പില്‍നിന്ന് മുറിച്ചുകൊണ്ടുവരുന്ന വാഴയില മുറിച്ച് അതിലാണ് സദ്യ വിളമ്പുന്നത്.

നേരത്തെ എഴുന്നേറ്റ് ആഘോഷമായ പൂക്കളമൊരുക്കല്‍. ഇപ്പോള്‍ ഷൂട്ടിങ്ങിന്റെയും ഡബ്ബിങ്ങിന്റെയും നേരം നോക്കിയാണ് ആഘോഷങ്ങളെല്ലാം. ഇത്തവണത്തെ ഓണം ചെന്നൈയില്‍ വേണോ നാട്ടില്‍ വേണോയെന്ന കണ്‍ഫ്യൂഷനിലാണ് മാളവിക. അച്ഛന്‍ സേതുമാധവന്‍ ചെന്നൈയിലെ ജാപ്പനീസ് എംബസിയില്‍ ഉദ്യോഗസ്ഥനാണ്.

ഇപ്രാവശ്യവും ഓണക്കോടികളേറെ കിട്ടി മാളവികയ്ക്ക്. അച്ഛനും അമ്മയും ഏട്ടനും മുത്തശ്ശനും മുത്തശ്ശിയുമെല്ലാം വാങ്ങിത്തരിക സെറ്റുമുണ്ടും സെറ്റുസാരിയുമാണ്. പൂങ്കുന്നം വിവേകോദയം ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ മാളവികയ്ക്ക് സ്‌കൂളിലെ ഓണാഘോഷത്തില്‍ ഇത്തവണ പങ്കെടുക്കാനായില്ല. ഡബ്ബിങ്ങിന്റെ തിരക്കിലായിരുന്നുവെങ്കിലും കൂട്ടുകാരെയും ടീച്ചര്‍മാരെയും വിളിച്ച് ഓണം വിഷ് ചെയ്യാന്‍ മറന്നില്ല. 

ഡെല്‍ഹിയില്‍ ജനിച്ചുവളര്‍ന്ന മാളവികയുടെ നാട്ടിലെ ഓണാഘോഷം വല്ലപ്പോഴും മാത്രമുള്ള ഒന്നാണ്. ച്ഛന്‍ ഡെല്‍ഹിയില്‍ ജോലിചെയ്യുമ്പോള്‍ അവിടത്തെ ഗുരുവായൂരപ്പന്‍ക്ഷേത്രത്തില്‍ പോയി തൊഴുത് വീട്ടിലെത്തി സദ്യയുണ്ണുകയാണ് പതിവ്. തൃശ്ശൂരിലുള്ളപ്പോള്‍ തിരുവോണ ദിവസം വടക്കുന്നാഥനെയും പാറമേക്കാവിലമ്മയെയും തിരുവമ്പാടി കണ്ണനെയും കണ്‍നിറയെ കണ്ട് തൊഴും.

ഫ്ളാറ്റിൽ താമസിക്കുന്നതിനാല്‍ പൂക്കളമിടുന്നത് വല്ലപ്പോഴും മാത്രമാണ്. ഷൂട്ടിങ്ങും ഡബ്ബിങ്ങുമൊക്കെയായി തിരക്കിലാവുമ്പോഴും പൂക്കളമിടല്‍ ഒരു സ്വപ്‌നം മാത്രമായി അവശേഷിക്കുകയാണ് പതിവ്. എങ്കിലും നേരം കിട്ടിയാല്‍ ഫ്‌ളാറ്റിന് മുമ്പിലെ വരാന്തയില്‍ ഒരു കുഞ്ഞുപൂക്കളമിടും. വീട്ടില്‍ ഓണസദ്യയുമൊരുക്കും. ഷോപ്പിങ്ങിനും കറങ്ങാനുമൊന്നും സമയം കിട്ടാറില്ല. അമ്മ സുചിത്രയാണ് തനിക്കുള്ള ഡ്രെസെല്ലാം എടുത്തുതരുന്നത്.

കാണ്ഡഹാര്‍ സിനിമയുടെ ലൊക്കേഷനില്‍ മോഹന്‍ലാലിനൊപ്പം ഓണം ആഘോഷിച്ചത് രസകരമായ ഓര്‍മ്മയാണ്. മികച്ച ബാലനടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍ രണ്ടുതവണ സ്വന്തമാക്കിയ മാളവിക ഇപ്പോള്‍ ഡബ്ബിങ്ങിന്റെ തിരക്കിലാണ്. ഓണം കഴിഞ്ഞാല്‍ ടിനി ടോം പ്രധാന കഥാപാത്രമവതരിപ്പിക്കുന്ന 'ദഫേദാര്‍' സിനിമ റിലീസ് ചെയ്യാനിരിക്കുകയാണ്.