ചരട് മുറിഞ്ഞൊരു പട്ടം പോലെ ആകാശത്ത് ഒഴുകി നടക്കുക...
ചിറകുകള് വിരിച്ച് കാറ്റിന് താളത്തില്‍ വട്ടമിട്ട് പറക്കുക...
ആകാശനീലിമയും പക്ഷികളുടെ നാദവും ആസ്വദിക്കാന്‍ ഒരു പട്ടമായി പറക്കാനായെങ്കില്‍...
നീലാകാശത്തെയും പക്ഷികളെയും കായലിനെയും നോക്കി താജ് റസിഡന്‍സിയിലെ ടെറസ്സില്‍ നില്ക്കുന്ന കാവ്യയെ കണ്ടപ്പോള്‍ മാനം കാണാതെ പുസ്തകത്താളിലൊളിപ്പിച്ച ഒരു മയില്‍പ്പീലി പോലെ തോന്നി. കസവുകരയുള്ള സെറ്റ് സാരിയില്‍ കേരളീയ സൗന്ദര്യത്തിന്റെ ചാരുശില്പം പോലൊരു പെണ്‍കുട്ടി. കൊച്ചിക്കായലിനെ തഴുകിയെത്തുന്ന കാറ്റില്‍ പാറിപ്പറക്കുന്ന മുടിയിഴകള്‍ ഒതുക്കി വെച്ച് കാവ്യ വിദൂരതയിലേക്ക് നോക്കി നില്ക്കുന്നു.
ചരട് മുറിഞ്ഞൊരു പട്ടം പോലെ ഓര്‍മകളുടെ ഏതോ ആകാശങ്ങളിലാണ് ആ മനസ്സെന്ന് പകല്‍പോലെ വ്യക്തം. ഓണസല്ലാപത്തിനായി കണ്ടുമുട്ടാമെന്ന് പറഞ്ഞ ഒരാള്‍ക്കു വേണ്ടിയുള്ള കാവ്യയുടെ കാത്തിരിപ്പ് പക്ഷേ, അധിക നേരം നീണ്ടില്ല. കസവുമുണ്ടും ഷര്‍ട്ടും ധരിച്ച് നിറഞ്ഞ ചിരിയോടെ അയാള്‍ അരികിലേക്കെത്തുമ്പോള്‍ കാവ്യയുടെ മുഖത്ത് 'വെണ്ണിലാ ചന്ദനക്കിണ്ണ'ത്തേക്കാള്‍ മനോഹരമായൊരു പുഞ്ചിരി വിടര്‍ന്നു: ''ഇതെന്തപ്പാ നിങ്ങള്‍ ഇങ്ങനൊരു വേഷത്തില്‍...?'' മനസ്സില്‍ അടക്കാനാകാതെ പോയ അത്ഭുതം തനി നീലേശ്വരം ഭാഷയില്‍ കാവ്യയില്‍ നിന്ന് പുറത്തുവന്നപ്പോള്‍ അയാള്‍ പൊട്ടിച്ചിരിച്ചു.
പോലീസ് വേഷത്തിന്റെ ഗാംഭീര്യത്തില്‍ നിന്ന് ഓണത്തിന്റെ മനോഹര വേഷത്തിലേക്ക് കൂടുമാറിയെത്തിയ, ദക്ഷിണ മേഖലാ ഐ.ജി എസ്. ശ്രീജിത്ത്. നട്ടുച്ചയിലെ ഉത്രാടപ്പൂനിലാവ്
അസ്തമയ സൂര്യന്റെ ശോഭ പടരുന്നതിനിടയിലും ശ്രീജിത്തിന്റെ മുഖത്ത് വിരിഞ്ഞ ഒരു ഓര്‍മച്ചിരി തൊട്ടറിഞ്ഞതു പോലെയാണ് കാവ്യ ആദ്യം തന്നെ ആ ചോദ്യം ചോദിച്ചത്: ''ഓണത്തിന്റെ കഥ പറയുമ്പോള്‍ സാര്‍ ഏതോ ഒരു കൂട്ടുകാരിയെ ഓര്‍ത്തതുപോലെ തോന്നുന്നു. അതോ എനിക്ക് വെറുതെ തോന്നിയതാണോ...?''
കാവ്യയുടെ ചോദ്യം കേട്ട് ശ്രീജിത്ത് ഒരുനിമിഷം മൗനിയായി... പിന്നെ പതുക്ക ആ കഥ പറഞ്ഞുതുടങ്ങി: ''കുട്ടിക്കാലത്ത് എനിക്ക് ഒരുപാടൊരുപാട് പ്രിയപ്പെട്ട ഒരു കൂട്ടുകാരിയുണ്ടായിരുന്നു... ഒരു വിരല്‍ത്തുമ്പ് കൊണ്ടുപോലും സ്പര്ശിക്കാത്തത്ര വിശുദ്ധവും നിര്മലവുമായൊരു സൗഹൃദം... ഓണനാളുകളില്‍ അവളുടെ വീടിനടുത്തുള്ള പറമ്പില്‍ പോയി ഊഞ്ഞാലാടുന്നത് എനിക്കൊത്തിരി ഇഷ്ടമായിരുന്നു. കൂട്ടുകാര്‍ ഉയര്‍ത്തിവിടുന്ന ഊഞ്ഞാല് ആകാശം തൊടണമെന്നായിരുന്നു എന്റെ മനസ്സ് കൊതിച്ചിരുന്നത്. ഊഞ്ഞാലാടാനായി ഉച്ചയൂണും കഴിഞ്ഞാണ് ഞാന്‍ വീട്ടില്‍ നിന്നിറങ്ങാറുള്ളത്. ഏതാണ്ട് മുക്കാല്‍ മണിക്കൂറോളം നടന്നാലേ അവളുടെ വീടിനടുത്തെത്തുകയുള്ളു.
ഉച്ചയ്ക്ക് ഒന്നര മണിക്ക് ഞാന്‍ എന്റെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ആകാശവാണിയില്‍ ചലച്ചിത്രഗാനങ്ങള്‍ തുടങ്ങിയിരിക്കും. നട്ടുച്ചയ്ക്ക് ഓരോ വീട്ടില്‍ നിന്നും ഓരോ പാട്ടുകള്‍ കേട്ട് വഴയിലൂടെയങ്ങനെ നടക്കും. അനുരാഗം തുളുമ്പുന്ന കാല്പനിക ഗാനങ്ങളാണ് ആ സമയത്ത് കൂടുതലും കേള്‍ക്കുന്നത്. ചിലപ്പോള്‍ 'ഉത്രാടപ്പൂനിലാവ്' പോലെയുള്ള ഓണപ്പാട്ടുകളുമുണ്ടാകും. നട്ടുച്ചയ്ക്കാണെങ്കില് പോലും ഉത്രാടപ്പൂനിലാവ് പോലുള്ള ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ കണ്മുന്നില് നിലാവ് ഉദിക്കുന്നതുപോലെ തോന്നും...'' ശ്രീജിത്ത് ഓണനാളുകളിലെ കൂട്ടുകാരിയെക്കുറിച്ച് വാചാലനാകുമ്പോള്‍ 'ചന്ദ്രനുദിക്കുന്ന ദിക്കി'ലേക്ക് നോക്കിയിരിക്കുന്നതു പോലെ കാവ്യ പുഞ്ചിരിച്ചു.
കാളന് എന്ന ജന്മശത്രു
ഉത്രാടപ്പൂനിലാവില്‍ മുങ്ങിനിന്ന ശ്രീജിത്ത് തൊട്ടടുത്ത നിമിഷം കാവ്യയുടെ മുന്നിലേക്ക് വലിയൊരു തൂശനില ഇട്ടതു പോലെയാണ് ആ ചോദ്യം ചോദിച്ചത്. ''കാവ്യ സദ്യ നന്നായി ആസ്വദിച്ച് കഴിക്കുന്ന ആളാണല്ലേ...? സദ്യയില്‍ ഇഷ്ട വിഭവങ്ങള്‍ എന്തൊക്കെയാണ്...?'' ചോദ്യം തീരുംമുമ്പേ ഒരു വില്ലന്‍ സ്റ്റൈല്‍ ഉത്തരമാണ് കാവ്യയുടെ മറുപടിയായെത്തിയത്. ''ഇഷ്ടം പറയുന്നതിന് മുമ്പ് ഇഷ്ടമില്ലാത്ത കാര്യം പറയാം. സദ്യയില്‍ കാളനും സാമ്പാറും എനിക്ക് ഒട്ടും ഇഷ്ടമല്ല. പൈനാപ്പിള്‍ പച്ചടിയും പുളിയിഞ്ചിയുമാണ് പ്രിയ വിഭവങ്ങള്‍. പായസമാണെങ്കില്‍ പാലടയും പരിപ്പ് പ്രഥമനുമുണ്ടെങ്കില് കുശാലായി...''
കാവ്യയുടെ ഇഷ്ടം കേട്ടപ്പോള്‍ അതിവേഗത്തിലാണ് ശ്രീജിത്തിന്റെ മറുചോദ്യമെത്തിയത്: ''സാധാരണ എല്ലാവരും സദ്യക്ക് കഴിക്കുന്ന രണ്ട് കറികളാണ് സാമ്പാറും കാളനും. മനുഷ്യന് കഴിക്കുന്ന ഒന്നും ഇയാള്‍ക്ക് ഇഷ്ടമല്ലല്ലേ...?'' ഐ.ജി.യുടെ കളിയാക്കല്‍ മനസ്സിലായ കാവ്യ ഉടനെ വിശദീകരണവുമായി രംഗത്തെത്തി. ''കാളന് വല്ലാത്തൊരു പുളിപ്പാണ്. സദ്യ കഴിക്കുമ്പോള്‍ കുറച്ച് മധുരമുള്ള കറികളല്ലേ രസം. കാളനും ഞാനും കഴിഞ്ഞ ജന്മത്തിലും ശത്രുക്കളായിരുന്നെന്നാണ് തോന്നുന്നത്...''
ചിക്കന്റെ പേരിലൊരു സംഘര്‍ഷം
കാവ്യയുടെ കാളന് പുരാണം കേട്ടപ്പോഴാണ് ശ്രീജിത്ത്. ''ഓണസദ്യയിലേക്ക് അല്പം ചിക്കനും മത്സ്യവും വിളമ്പിയാലോ...'' എന്ന ചോദ്യവുമായെത്തിയത്. എന്നാല്‍, ശുദ്ധ വെജിറ്റേറിയനായ ഒരാള്‍ ആ ചോദ്യത്തില്‍ ശുണ്ഠി പിടിക്കുമെന്ന ശ്രീജിത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചൊരു മറുപടിയാണ് കാവ്യയില്‍ നിന്ന് കേട്ടത്. ''അതിപ്പോ കുഴപ്പമൊന്നുമില്ലാട്ടോ. ഞങ്ങളുടെ നാട്ടില്‍ ഓണസദ്യയില്‍ ചിക്കനോ മത്സ്യമോ ഉണ്ടാകും. ഇലയില്‍ അതിനൊരു സ്ഥലം ഒഴിച്ചിടും. മീനില്ലാതെ ഓണസദ്യ കഴിച്ചിട്ടെന്തു കാര്യം എന്നു ചോദിക്കുന്നവരും അവിടെയുണ്ട്ട്ടോ...''
കാവ്യ ഓണസദ്യയുടെ നയം പ്രഖ്യാപിച്ചപ്പോള്‍ ശ്രീജിത്ത് കൈകൂപ്പി... ''അപ്പോ ചിക്കന്‍ വിളമ്പി നിങ്ങളുടെ ഓണസദ്യയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ കഴിയില്ലല്ലേ...'' ശ്രീജിത്തിന്റെ ചോദ്യത്തിന് മറുപടിയായി കാവ്യയും കൈകൂപ്പി.
കാവ്യ ഓണസദ്യയിലെ നോണ്‍ വെജിറ്റേറിയന്‍ കഥ പറഞ്ഞതിന് പിന്നാലെയാണ് ശ്രീജിത്ത് ചിക്കന്‍ മൂലമുണ്ടാകാറുള്ള ഒരു സംഘര്‍ഷത്തിന്റെ കഥ പറഞ്ഞത്: ''കാവ്യ പറഞ്ഞത് ശരിയാട്ടോ. മലബാറില്‍ ഓണസദ്യക്ക് ചിക്കനും മത്സ്യവും ഒക്കെ കൂട്ടുന്ന ശീലമുണ്ട്. പക്ഷേ, തിരുവിതാംകൂറുകാര്‍ സദ്യയില്‍ മീനോ ഇറച്ചിയോ വയ്ക്കാന്‍ സമ്മതിക്കില്ല.
കുട്ടിക്കാലത്ത് കോഴിക്കോട്ടായിരുന്നപ്പോള്‍ സദ്യയില്‍ ചിക്കനില്ലെങ്കില്‍ എനിക്ക് സങ്കടം വരുമായിരുന്നു. അമ്മയാണെങ്കില്‍ തെക്കന്‍ ചിട്ടയില്‍ മീനും ഇറച്ചിയും സമ്മതിക്കില്ല. പിന്നെ അതും പറഞ്ഞ് ഞങ്ങള്‍ വഴക്കാകും. സദ്യയില്‍ ചിക്കന്‍ വിളമ്പിയില്ലെങ്കില്‍ ഞാന്‍ പ്രശ്നമുണ്ടാക്കുന്നതോടെ പലപ്പോഴും ഓണസദ്യ വലിയൊരു സംഘര്‍ഷമായി മാറുമായിരുന്നു...''
നീലേശ്വരത്തെ നാട്ടോണം
''കാവ്യയുടെ മനസ്സിലെ ഏറ്റവും പ്രിയപ്പെട്ട ഓണം ഏതാണ്...?'' ശ്രീജിത്തിന്റെ ചോദ്യം തീരുംമുമ്പേ ഇതിപ്പോ ചോദിക്കാനെന്തിരിക്കുന്നുവെന്ന മട്ടില്‍ അതിവേഗത്തില്‍ കാവ്യയുടെ ഉത്തരമെത്തി: ''അത് പറയേണ്ട കാര്യമുണ്ടോ സര്. നീലേശ്വരത്തെ ഓണത്തിന്റത്ര ഭംഗി ഒരിടത്തെ ഓണത്തിനുമില്ല. ഓണക്കാലത്ത് നീലേശ്വരത്തെ തറവാട്ടില്‍ എല്ലാവരും ഒത്തുകൂടും. സദ്യയൊരുക്കലും ഓണക്കളികളുമൊക്കെയായി എല്ലാവരും വലിയ ഉത്സാഹത്തില്‍ നടക്കുന്ന കാലം. എന്റെ അയല്പക്കത്തെ മൊയ്തുക്കയുടെ കുടുംബവും ഞങ്ങളോടൊപ്പം ഓണം ആഘോഷിക്കാനെത്തുമായിരുന്നു.
മൊയ്തുക്കയുടെ മകള്‍ നൗഷിബ എന്റെ കൂടെയാണ് പഠിച്ചിരുന്നത്. നീലേശ്വരത്തെ ഓണക്കാലത്തിന്റെ ഏറ്റവും വലിയ രസമായി എനിക്ക് തോന്നിയിരുന്നത് ആ ദിവസങ്ങളിലെ ഉറക്കമാണ്. ഓരോരുത്തര്‍ക്കും ഓരോ മുറി എന്ന സങ്കല്പമൊന്നുമില്ലാതെ എല്ലാവരും കൂടി അകത്തെ ഹാളില്‍ നിലത്ത് പായ വിരിച്ചാണ് ഓണക്കാലത്ത് കിടന്നിരുന്നത്. ഒരുപാട് വര്‍ത്തമാനങ്ങള്‍ പറഞ്ഞ്, ഒരുമിച്ചുള്ള ആ കിടത്തത്തിന്റെ സുഖം ഒന്നു വേറെ തന്നെയായിരുന്നു...'' നീലേശ്വരത്തെ ഓണത്തെക്കുറിച്ച് പറയുമ്പോള്‍ കാവ്യ ഓര്‍മകളിലേക്ക് ഒരു പുല്‍പ്പായ വലിച്ചിട്ടു.
അമ്മയറിയാതെ ഒരു ചക്കപ്പായസം
''സദ്യയൊക്കെ വല്യ ഇഷ്ടാന്ന് പറഞ്ഞല്ലോ. അടുക്കളയില്‍ കയറി വല്ലതുമൊക്കെ ഉണ്ടാക്കാന്‍ അറിയാമോ...? ഓണത്തിനൊരു പായസം വയ്ക്കണമെന്ന് പറഞ്ഞാല്‍ എന്തു ചെയ്യും...?''
ശ്രീജിത്തിന്റെ ചോദ്യത്തിലെ കളിയാക്കല്‍ മനസ്സിലാക്കിയ കാവ്യ അതിന് കൃത്യമായ മറുപടി തന്നെയാണ് നല്‍കിയത്: ''അങ്ങനെ എന്നെയിപ്പോ കളിയാക്കണ്ടാട്ടോ... ഞാന്‍ ഒന്നാന്തരമായി 'ചക്കപ്പായസം' വയ്ക്കും. സംശയമുണ്ടെങ്കില്‍ അമ്മയോട് ചോദിച്ചുനോക്കൂ...''
കാവ്യയുടെ ചക്കപ്പായസ കൈപ്പുണ്യത്തെക്കുറിച്ച് കേട്ടപ്പോഴും ശ്രീജിത്തിന് സംശയം മാറിയ മട്ടില്ല. ''സത്യമാണ് ഞാന്‍ പറഞ്ഞത്. ഒരുദിവസം അമ്മ പുറത്തുപോയ സമയത്ത് ബോറടിച്ചിരുന്നപ്പോഴാണ് ഞാന്‍ ചക്കപ്പായസം ഉണ്ടാക്കിയത്. ഫ്രിഡ്ജില്‍ വെച്ചിരുന്ന ചക്ക വരട്ടിയത് പുറത്തെടുത്ത് ഒരു കൈ നോക്കിയാലോയെന്ന ചിന്ത വന്നത് ഒരു ദിവസം ഉച്ചയ്ക്കാണ്. വീട്ടില്‍ സഹായത്തിന് നിന്നിരുന്ന ചേച്ചി തേങ്ങ പിഴിഞ്ഞ് പാല് എടുത്തു തന്നു. പിന്നെ, സകല ദൈവങ്ങളേയും മനസ്സില്‍ ധ്യാനിച്ച് ഞാന്‍ പണി തുടങ്ങി. ഒടുവില്‍ അതീവ രുചികരമായ ചക്കപ്പായസം റെഡി. അമ്മയും അച്ഛനും വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഞാന്‍ ഓരോ ഗ്ലാസ് ചക്കപ്പായസമെടുത്ത് അവര്‍ക്ക് നല്കി...''
കാവ്യയുടെ ചക്കപ്പായസ കഥ തീരുംമുമ്പേ ശ്രീജിത്ത് ഇടക്കുകയറി: ''പാവം അച്ഛനും അമ്മയും... അവര്‍ക്ക് അങ്ങനെ തന്നെ വേണം...''
പോലീസുകാരുടെ ഓണം
''സര്, നിങ്ങള്‍ പോലീസുകാരുടെ ഓണം എങ്ങനെയാണ്...?'' കാവ്യയുടെ ചോദ്യം കേട്ട് പെട്ടെന്ന് ശ്രീജിത്തിന്റെ മുഖത്തെ പൊട്ടിച്ചിരി മാഞ്ഞു. ''കാവ്യയോട് ഞാന്‍ പണ്ട് നടന്ന ഒരു സംഭവം പറയാം. ഞാന്‍ തലശ്ശേരി എ.എസ്.പി. ആയി ജോലി ചെയ്യുന്ന കാലം. ഓണ സമയത്ത് എന്റെ കീഴിലെ ഉദ്യോഗസ്ഥരില്‍ പലരും അവധി ചോദിച്ചു. ഓണമല്ലേയെന്ന് കരുതി ഞാന്‍ ചോദിച്ചവര്‍ക്കൊക്കെ അവധി കൊടുത്തു.
അന്ന് ഓണനാളിലാണ് തലശ്ശേരിയില്‍ സി.പി.എം. നേതാവ് ജയരാജനെ ഒരു സംഘം അക്രമികള്‍ ചേര്‍ന്ന് വെട്ടിയത്. അതോടെ പ്രദേശത്താകെ സംഘര്‍ഷമായി. ആകെ 18 പോലീസുകാരാണ് എന്നോടൊപ്പം അന്ന് ഡ്യൂട്ടിയിലുള്ളത്. ഇത്രയും കുറഞ്ഞ ഒരു ഫോഴ്സിനെ വെച്ച് എന്തു ചെയ്യാനാണ്... എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ ആകെ കുഴങ്ങിപ്പോയി. അന്ന് ആ ഓണനാളില്‍ ഞാന്‍ ഒരു കാര്യം പഠിച്ചു...''ശ്രീജിത്ത് പറഞ്ഞു തുടങ്ങിയത് പൂരിപ്പിച്ചത് കാവ്യയായിരുന്നു: ''എനിക്ക് മനസ്സിലായി സാര്‍... ഓണത്തിന് കൂടുതല്‍ പോലീസുകാര്‍ക്കൊന്നും അവധി കൊടുക്കരുതെന്ന കാര്യമല്ലേ...?''
അനൗകയുടെ ആദ്യത്തെ ഓണം
''ഇത്തവണത്തെ ഓണാഘോഷമൊക്കെ എങ്ങനെയാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്...?'' ചോദ്യത്തിന് ആദ്യം ഉത്തരം പറഞ്ഞത് കാവ്യയായിരുന്നു: ''ഇത്തവണത്തെ എന്റെ ഓണം 'അനൗക'യ്ക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. ഓ! അതു പറയാന്‍ മറന്നു, എന്റെ ചേട്ടന് മിഥുന്റെ കുഞ്ഞുവാവയാണ് അനൗക. ഓസ്ട്രേലിയയില്‍ നിന്നെത്തിയ ചേട്ടനും ചേച്ചിക്കും ഒരു കുഞ്ഞുവാവയുണ്ടായ സന്തോഷത്തിലാണ് ഞങ്ങളെല്ലാം. അനൗകയുടെ ആദ്യത്തെ ഓണം അടിച്ചുപൊളിക്കാനാണ് എന്റെ തീരുമാനം...''
കാവ്യ കുഞ്ഞുവാവയ്ക്കൊപ്പമുള്ള ഓണാഘോഷത്തെപ്പറ്റി പറയുമ്പോള്‍ ശ്രീജിത്തിനൊരു സംശയം: ''അല്ല കാവ്യേ... ആരാ കുഞ്ഞിന് 'അനൗക'യെന്ന് പേരിട്ടത്...? എന്താ അതിന്റെ അര്‍ത്ഥം...?''
ശ്രീജിത്തിന്റെ ചോദം കേട്ട് കാവ്യ പുഞ്ചിരിച്ചു. ''അനൗകയെന്ന പേര് കേള്‍ക്കുന്ന എല്ലാവരും ഇതു ചോദിക്കാറുണ്ട്. ചേട്ടന് മിഥുനാണ് കുഞ്ഞുവാവയ്ക്ക് ഈ പേരിട്ടത്. 'സ്പിരിറ്റ് ഓഫ് ഗോഡ്' എന്നാണ് 'അനൗക' എന്ന വാക്കിനര്‍ത്ഥം...''
പറയാന്‍ മടിക്കുന്ന സ്വപ്നം
പറഞ്ഞുതീരാത്ത വിശേഷങ്ങള്‍ ബാക്കിയാക്കി ടെറസ്സില്‍ നിന്ന് താഴെത്തെ ലോബിയിലെത്തുമ്പോഴാണ് ആ സ്ത്രീ കാവ്യയുടെ കണ്ണില്‍പ്പെട്ടത്. മുഖാവരണവും പര്ദയുമണിഞ്ഞ് ലോബിയിലിരിക്കുന്ന അവരെ കണ്ടപ്പോള്‍ കാവ്യയുടെ ഓര്‍മകള്‍ വാക്കുകളായി: ''ഗദ്ദാമയെപ്പോലെ ഒരാള്‍...''
കഥാപാത്രത്തെ ഓര്‍ത്ത് കാവ്യ പറഞ്ഞ വാചകം പൂരിപ്പിച്ചത് ശ്രീജിത്താണ്: ''ചില സ്വപ്നങ്ങളും ഇതുപോലെയാണ് കാവ്യേ... മനസ്സില്‍ ഒളിപ്പിച്ചുവയ്ക്കുന്ന ചില സ്വപ്നങ്ങള്‍... ഓണത്തിന്റെ ഓര്‍മകളില്‍ എല്ലാവര്ക്കും ഇതുപോലെ ഒരുപാടൊരുപാട് സ്വപ്നങ്ങളുണ്ടാകുമോ...?''
വാചകം പൂര്‍ത്തിയാക്കാതെ ശ്രീജിത്തും കാവ്യയും നടന്നു മറയുമ്പോള്‍ മനസ്സിലേക്ക് ആ ചിത്രങ്ങള്‍ വീണ്ടും പാറിയെത്തി... മാനം കാണാതെ പുസ്തകത്താളിലൊളിപ്പിച്ച മയില്‍പ്പീലിയും ആകാശം തൊടുന്ന ഊഞ്ഞാലും.