ണത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ ഇന്ദുലേഖ വാര്യരുടെ മനസില്‍ ചിത്രങ്ങള്‍ ഇതള്‍വിരിഞ്ഞു. തുമ്പപ്പൂവട്ടിയുമായി പാടത്തും പറമ്പിലും നിന്ന് പൂക്കള്‍ പറിച്ച് പൂക്കളമിട്ടിരുന്ന മനോഹരമായ കാലത്തെക്കുറിച്ച് സംസാരിച്ചുതുടങ്ങി.

ബാല്യത്തിന്റെ ഓര്‍മ്മകള്‍ ഇന്നും ഇന്ദുലേഖയുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നുണ്ട്. തൃശ്ശൂര്‍ പെരിങ്ങാവിലെ 'സൗഗന്ധിക'ത്തില്‍ അച്ഛന്‍ ജയരാജ് വാര്യരോടും അമ്മ ഉഷയോടും അച്ഛമ്മ വിലാസിനിയോടുമൊപ്പമാണ് ഇന്ദുലേഖയുടെ ഇത്തവണത്തെയും ഓണം. 

എത്ര തിരക്കായാലും ഓണക്കാലത്ത് വീട്ടിലുണ്ടാകണമെന്ന് അമ്മയ്ക്ക് നിര്‍ബന്ധമാണ്. നഗരത്തില്‍നിന്ന് മാറി ഗ്രാമാന്തരീക്ഷമുള്ള പെരിങ്ങാവിലെന്നും ഗൃഹാതുരതയുള്ള ഓണമാണുള്ളത്. പൂക്കളമിടാന്‍ വലിയ താത്പര്യമാണ്. തിരുവോണദിവസം അച്ഛനാണ് തൃക്കാക്കരയപ്പന്റെ മുന്നില്‍ പഴംനുറുക്കും അവിലും പൂജിക്കുന്നത്. ഉച്ചയാകുമ്പോള്‍ കുടുംബസമേതം ഓണസദ്യ കഴിക്കുകയും ചെയ്യും. ഈ ചിട്ട അന്നും ഇന്നും കാത്തുസൂക്ഷിക്കുന്നു. കാളനും പുളിയിഞ്ചിയുമാണ് ഇന്ദുലേഖയുടെ ഇഷ്ട ഓണവിഭവങ്ങള്‍.

ഓണാഘോഷങ്ങളില്‍ ഓണപ്പാട്ടുകള്‍ പാടാനും ഇഷ്ടമാണ്. മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കാല്‍ഡിയന്‍ സ്‌കൂളില്‍ നടന്ന ഓണപ്പാട്ടു മത്സരത്തില്‍ 'ഓണക്കോടിയുടുത്തു മാനം...' എന്ന പാട്ടിന് ഒന്നാം സ്ഥാനം നേടിയത് ഇന്നും ഇന്ദുലേഖ ഓര്‍ക്കുന്നു.

വീട്ടിലെ ഓണം കഴിഞ്ഞാല്‍ പഠനകാലത്തെ ഓണാഘോഷങ്ങളാണ് ഏറ്റവും ആസ്വദിച്ചിട്ടുള്ളത്. വാരിയര്‍ സമാജത്തിന്റെ ഓണാഘോഷങ്ങളിലും കൂട്ടായ്മയുടെ സന്തോഷമാണ് അനുഭവിക്കാറുള്ളത്.
കുസാറ്റില്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ എം.ബി.എ. ചെയ്യുന്ന ഇന്ദുലേഖയെ സംബന്ധിച്ചിടത്തോളം കൂടുതല്‍ മധുരമാണ് ഈ ഓണം. 

അണിയറയിലൊരുങ്ങുന്ന പുതിയ തമിഴ് ചിത്രമായ 'ഉച്ചതുള ശിവ'യില്‍ ബല്‍റാം അയ്യരുടെ കൂടെ മനോഹരമായ ഗാനം ആലപിച്ചിരിക്കുകയാണ് ഇന്ദുലേഖ. വിദ്യാസാഗര്‍ വൈരമുത്തു സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ടിന്റേതാണ് ഗാനം. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഇതുവരെ നാലു ഗാനങ്ങളാണ് ഇന്ദുലേഖ ആലപിച്ചിരിക്കുന്നത്.