രു കുടുംബത്തിന്റെ സന്തോഷത്തെ അപ്പാടെ കാര്‍ന്നു തിന്നുകൊണ്ടാണ് കാന്‍സര്‍ അതിന്റെ വരവ് അറിയിക്കാറ്. വേദനയും ജീവഭയവും കലര്‍ന്ന ദിവസങ്ങളാകും പിന്നീട് അവരെ കാത്തിരിക്കുന്നുണ്ടാവുക. കാന്‍സറിന്റെ പിടിയില്‍നിന്ന് നിരവധി ആളുകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന കാന്‍സര്‍ ചികില്‍സാ വിദഗ്ധനാണ് ഡോക്ടര്‍ വി പി ഗംഗാധരന്‍. ഓണത്തിന്റെ ഓര്‍മകള്‍ അദ്ദേഹം മാതൃഭൂമി ഡോട്ട് കോമുമായി പങ്കു വയ്ക്കുന്നു. 

പഴമയുടെ മാധുര്യം

ഓണാഘോഷം എന്നത് ഇന്ന് വിപണി കേന്ദ്രീകൃതമാകുകയും ചെലവേറിയതാകുകയും ചെയ്തിട്ടുണ്ട്. പണ്ട് നമ്മള്‍ ഓണം ആഘോഷിച്ചിരുന്നത് വീടിന്റെ ചുറ്റുപാടുമുള്ള സാധനങ്ങള്‍ ശേഖരിച്ചും മറ്റുമായിരുന്നു. ഫ്രിഡ്ജ് വാങ്ങിക്കുക, ടെലിവിഷന്‍ മാറ്റി വാങ്ങുക തുടങ്ങിയ ആശയങ്ങളൊന്നും നമുക്ക് വരുന്നില്ല.

ഉള്ളതുകൊണ്ട് ഓണം ആഘോഷിക്കുക എന്നതായിരുന്നു പഴമക്കാരുടെ നിലപാട്. എല്ലാവരും അന്ന് ഓണം ആഘോഷിച്ചിരുന്നു, ആഘോഷങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിരുന്നു എന്നത് വാസ്തവമാണ്. എന്നാല്‍, ഇന്ന് കാര്യങ്ങളാകെ മാറി മറിഞ്ഞിരിക്കുകയാണ്. ഇതിനിടയില്‍പ്പെട്ടാണ് നമുക്ക് ഓണം ആഘോഷിക്കാന്‍ പറ്റാതെ വരുന്നത്. 

ഓണം ബാക്കിവച്ച സങ്കടങ്ങൾ

എനിക്ക് ഏറ്റവും വിഷമം തോന്നിയൊരു സംഭവമുണ്ട്. ഒരിക്കലൊരു ഓണക്കാലത്ത് ചികിത്സയ്ക്കായി എന്റെ അടുത്ത് വന്ന ഒരു രോഗിയോട് ഞാന്‍ ചോദിച്ചു, ഓണമൊക്കെയല്ലേ എന്താണ് പരിപാടി എന്ന്. എന്റെ ചോദ്യത്തിന് മറുപടിയായ തമാശ കേട്ട പോലെ ഒന്ന് ചിരിക്കുക മാത്രമാണ് അയാള്‍ ചെയ്തത്. എന്താ ചിരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍, ഇല്ല, ഞങ്ങള്‍ ഓണം ആഘോഷിക്കാറില്ലെന്നായിരുന്നു അയാളുടെ മറുപടി.

ഞാന്‍ അയാളോട് കാര്യം അന്വേഷിച്ചു, ഓണത്തിന് എന്താണ് സാധാരണ ചെയ്യാറുള്ളതെന്നും ചോദിച്ചു. അയാള്‍ പറഞ്ഞത് ഓണദിവസം ഞാനും കുടുംബവും ഏതൊങ്കിലും ക്ഷേത്രനടയില്‍ പോയിരിക്കുമെന്നാണ്. ഓണത്തിന് എന്തിനാ ക്ഷേത്രത്തില്‍ പോകുന്നത്, ഓണം ആഘോഷിക്കേണ്ടത് വീട്ടിലല്ലേ എന്ന് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു സാഹചര്യം അങ്ങനെയായത് കൊണ്ടാണെന്ന്. കാര്യം എന്താണെന്ന് വെച്ചാല്‍ അയാളും കുടുംബവും താമസിക്കുന്നത് സ്വന്തം വീട്ടിലല്ല. ഒരു അകന്ന ബന്ധുവിന്റെ വീട്ടില്‍ അഭയം തേടിയിരിക്കുകയാണ്.

ആ വീട്ടുകാര്‍ പലപ്പോഴായി അവിടെ നിന്ന് താമസം മാറണണെന്ന കാര്യം സൂചിപ്പിച്ചിട്ടുമുണ്ട്. പക്ഷെ, പോകാന്‍ വേറൊരു ഇടമില്ലാത്തതിനാല്‍ അവര്‍ അവിടെ തന്നെ തുടരുകയാണ്. ഓണം പോലുള്ള വിശേഷദിവസങ്ങളിലും മറ്റും അവരുടെ വീട്ടില്‍ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ സന്ദര്‍ശിക്കാനെത്തും. അഭയം തന്ന വീട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് കുടുംബമായി ക്ഷേത്രനടയില്‍ പകല്‍സമയം ചെലവഴിക്കുന്നത്. രാത്രിയില്‍ എല്ലാവരും പോയെന്ന് ഉറപ്പാക്കിയശേഷം മാത്രമെ അവര്‍ വീട്ടിലേക്ക് മടങ്ങുകയുള്ളു.

അച്ഛനും അമ്മയും മകളും അടങ്ങുന്നൊരു കുടുംബം അന്ന് ഭക്ഷണം കഴിക്കുന്നത് ക്ഷേത്രത്തില്‍നിന്ന് ലഭിക്കുന്ന നേദ്യമാണ്. അതൊരു ദുരന്തമാണ്, നമ്മള്‍ തിരിച്ചറിയാതെ പോകുന്ന വലിയൊരു ദുരന്തം. നമ്മള്‍ ഓണം ആഘോഷിക്കുമ്പോള്‍ ഓണം ദു:ഖം മാത്രം സമ്മാനിക്കുന്ന എത്രയോ ലക്ഷം ആളുകള്‍ നമ്മുടെ നാട്ടിലുണ്ടെന്ന് നമ്മള്‍ ചിന്തിക്കണം. എന്നാല്‍ മാത്രമെ നമുക്ക് തിരിച്ചറിവ് ലഭിക്കുകയുള്ളു. ഈ തിരിച്ചറിവ് ജീവിതത്തില്‍ ചില മുന്‍ഗണനകള്‍ വയ്ക്കാന്‍ നമ്മളെ സഹായിക്കും. 

കുടുംബത്തിലെ ഓണാഘോഷം 

ഞങ്ങളുടെ കുടുംബത്തില്‍ ഓണാഘോഷം അച്ഛനൊരു നിര്‍ബന്ധമായിരുന്നു. അവധിക്ക് ആരൊക്കെ എവിടെയാണെങ്കിലും മക്കളെല്ലാം അച്ഛന്റടുത്ത് എത്തണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമാണ്. എല്ലാവരും ഒരുമിച്ച് കൂടുക എന്നൊരു ഘടകത്തിനാണ് അച്ഛന്‍ പ്രാധാന്യം നല്‍കിയിരുന്നത്. അതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതെന്നായിരുന്നു അച്ഛന്‍ വിശ്വസിച്ചിരുന്നത്. അതുമാത്രമല്ല, എല്ലാവര്‍ക്കും കൊടുക്കാനായി അച്ഛന്‍ ഓണക്കോടി കരുതിയിട്ടുണ്ടാകും. അതൊരു ഒത്തൊരുമയുടെ പാരമ്പര്യമാണ്. അച്ഛന്‍ ഞങ്ങള്‍ക്ക് ഓണക്കോടി തരുമ്പോള്‍ ഞങ്ങള്‍ ഞങ്ങളുടെ തലമുറയ്ക്ക് ഓണക്കോടി നല്‍കണമെന്നായിരുന്നു അച്ഛന്റെ നിര്‍ദ്ദേശം.

ഞാന്‍ എന്റെ മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കുമൊക്കെ ഓണക്കോടി വാങ്ങിച്ചു കൊടുക്കുമായിരുന്നു. ഏതാണ്ട് 35 വര്‍ഷത്തോളമായി മുടങ്ങാതെ ഞാനിത് ചെയ്യുന്നുണ്ട്. അവര്‍ക്കത് ആവശ്യമുള്ളത് കൊണ്ടല്ല ഞാന്‍ കൊടുക്കുന്നത്. അതൊരു സന്തോഷമായത് കൊണ്ടും കുടുംബത്തിന് ഒത്തൊരുമയ്ക്ക് ഉതകും എന്നതു കൊണ്ടുമാണ്. എന്നാല്‍, ഇക്കൊല്ലം ഇതിനൊരു മാറ്റം വരുത്താന്‍ ഞങ്ങള്‍ എല്ലാവരും കൂടി തീരുമാനിച്ചിട്ടുണ്ട്. ഇത്തവണ ഞങ്ങളുടെ കുടുംബത്തിലെ കൊച്ചുകുട്ടികള്‍ക്ക് മാത്രം ഓണക്കോടി വാങ്ങി നല്‍കികൊണ്ട് ബാക്കിയുള്ള പണം കൂട്ടിവെച്ച് ഓണം ആഘോഷിക്കാന്‍ പണമില്ലാത്തവര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചു.

ഞങ്ങള്‍ പരസ്പരം കൈമാറുന്ന സമ്മാനങ്ങള്‍ ചിലപ്പോള്‍ ഉപയോഗിക്കാറു പോലുമില്ല. ഇപ്പോ ഒരു ഷര്‍ട്ടോ മുണ്ടോ കിട്ടുമ്പോള്‍ പഴയ പോലത്തെ സന്തോഷമോ ഉത്സാഹമോ ഒന്നും ഉണ്ടാകാറില്ല. കാരണം നമ്മള്‍ എല്ലാ മാസവും എന്തെങ്കിലുമൊക്കെ വസ്ത്രങ്ങള്‍ വാങ്ങിക്കാറുണ്ട്. വസ്ത്രങ്ങള്‍ വാങ്ങി കൊടുക്കുന്നത് ഒരു ചടങ്ങ് പോലെ തോന്നിയത് കൊണ്ടാണ് അത് അവസാനിപ്പിക്കാമെന്ന് തീരുമാനിച്ചത്. സഹായങ്ങള്‍ക്ക് അര്‍ഹതയുള്ള കൊച്ചുകുട്ടികള്‍ മുതല്‍ രോഗികളായ നിരവധി ആളുകളുണ്ട്. അവരെ കണ്ടെത്തുക എന്നത് വിഷമം പിടിച്ചൊരു കാര്യമേ അല്ല. 

പൂവും പൂക്കളവും

അത്തപ്പൂക്കളം ഒരുക്കുക എന്നതിനേക്കാള്‍ ത്രില്ലുള്ളത് പണ്ടൊക്കെ പൂ പറിക്കാന്‍ പോകുന്നതിനായിരുന്നു. അടുത്തുള്ള വീടുകളിലും പറമ്പുകളിലുമൊക്കെ പോയായിരുന്നു പൂ പറിച്ചിരുന്നത്. ഞങ്ങളുടെ പറമ്പിലെ പൂ പറിക്കേണ്ടെന്ന് പണ്ട് ആരും പറയാറില്ലായിരുന്നു. ഇതൊക്കെ ബലമുള്ളൊരു സൗഹൃദത്തിന്റെ കൂടി ലക്ഷണങ്ങളായിരുന്നു.

എന്നാല്‍, ഇന്ന് എല്ലാം കമ്പോളവത്ക്കരിക്കപ്പെട്ടിരിക്കുകയാണ്. പൂക്കള്‍ മാര്‍ക്കറ്റില്‍ വാങ്ങിക്കാന്‍ കിട്ടും ചൈനക്കാരനുണ്ടാക്കുന്ന മാവേലിയെ വരെ മേടിക്കാന്‍ കിട്ടും. അതോടെ ആ വലിയ ത്രില്ല് പോകുകയാണ്, എല്ലാം കൃത്രിമമാവുകയാണ്. പൂക്കളമൊരുക്കുന്നത് ഗ്രൂപ്പായി മത്സരിക്കാന്‍ വേണ്ടി മാത്രമാണ്. ഓണക്കാലത്ത് ആശുപത്രികള്‍ പോലും ഇന്ന് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പണ്ട് ഓണത്തിന് വിപണിയിലുള്ള പ്രാധാന്യം പച്ചക്കറിയില്‍ മാത്രമായിരുന്നു.

പുതിയ വീട്ടുപകരണം മേടിക്കുന്നതോ വാഹനം മേടിക്കുന്നതോ ആരുടെയും മനസ്സില്‍ വരുന്നുണ്ടായിരുന്നില്ല. ആകെപ്പാടെ വസ്ത്രം മാത്രമായിരിക്കും വാങ്ങിക്കാന്‍ ആലോചിക്കുന്നത്. ഇനി വരാന്‍ പോകുന്നത് ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകള്‍ നിയന്ത്രിക്കുന്ന ഓണാഘോഷങ്ങളായിരിക്കും. 

ഇത്തവണത്തെ ഓണം 

ഓണം വീട്ടില്‍ തന്നെയായിരിക്കും, മറ്റൊരിടത്തും പോകാറില്ല. പക്ഷെ, ആശുപത്രിയില്‍ നിന്ന് പൂര്‍ണമായി വിട്ടുനിന്നൊരു ഓണം ഉണ്ടാകില്ല. ജൂനിയര്‍ ഡോക്ടര്‍മാര്‍ ഡ്യൂട്ടിയിലുണ്ടെങ്കിലും സീനിയര്‍ ഡോക്ടര്‍മാരുടെ സേവനം പലപ്പോഴും ആവശ്യമായി വരാറുണ്ട്.

ഓണദിവസം ആസ്പത്രിയില്‍പ്പെട്ടു പോകുന്ന ആളുകളെ വീട്ടില്‍ വിളിച്ച് സദ്യ കൊടുക്കുന്നൊരു പതിവുണ്ട്, പ്രത്യേകിച്ചും കുട്ടികൾക്ക്. ഇത്തവണയും അത് അങ്ങനെ തന്നെയായിരിക്കും. എല്ലാവരും വിട്ടുപോകുന്നൊരു വിഭാഗമാണ് ഡ്യൂട്ടി ഡോക്ടര്‍മാരും നേഴ്‌സുമാരും. അവരില്‍ പറ്റുന്നവരെ ഇവിടെ കൊണ്ടു വന്ന് ഊണ് കൊടുക്കും, അല്ലെങ്കില്‍ അവിടെ സദ്യയും പായസവും എത്തിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കും.