അങ്ങനെ പതിവു തെറ്റാണ്ട് മുണ്ടും വേഷ്ടിയുമണിഞ്ഞ് ഈ ഓണത്തിനും കൂടി... രണ്ടു ദിവസത്തെ മുഴനീള ഓണപ്പരിപാടികളുടെ ആദ്യദിനം കോളേജിലെത്തിയപ്പോള്‍ എല്ലാം 'ഞാന്‍' തന്നെയായിരുന്നു. സെറ്റും മുണ്ടുമുടുത്ത് ഒരുപോലെയുള്ള ഒത്തിരി രൂപങ്ങള്‍.
മലയാളി മങ്കമാരുടെ കളര്‍പ്രിന്റ് ഫോട്ടോസ്റ്റാറ്റുകള്‍ കാമ്പസാകെ പറന്നു നടന്നു. പൂവൊരുക്കിയും ഊഞ്ഞാലാടിയും സെല്‍ഫിയെടുത്തുമൊക്കെ തിമിര്‍ത്താഘോഷിച്ച ഓണത്തിന്റെ പ്രധാന ഹൈലൈറ്റ് ഓണക്കളികളായിരുന്നു. കസേരകളി, ബലൂണ്പൊട്ടിക്കല്, കലംപൊട്ടിക്കല്‍ തുടങ്ങി ആവേശകരമായ മത്സരങ്ങള്‍ അവസാനിച്ചത് വടംവലി എന്ന മാസ്റ്റര്‍പീസ് മത്സരത്തിലാണ്.
പെണ്‍കരുത്തിന്റെ ആവേശോജ്വലമായ പോരാട്ടം കാണിച്ചുതന്ന വടംവലി ഒരൊന്നൊന്നര പിടിവലിയായിരുന്നു. - കളിച്ചവരും കളി കണ്ടവരും വിയര്‍ത്തുപോയ ഒന്ന്. പണമെറിഞ്ഞെടുത്ത പൂക്കളെ അടുക്കിയൊതുക്കി കിടത്തിയൊരുക്കിയ പൂക്കളങ്ങളും താരങ്ങളായിരുന്നു.
സദ്യയില്ലാതെന്തോണം- നാടന്‍ വിഭവങ്ങള്‍ നാക്കിലയില്‍ വിളമ്പി ഓണം രുചിച്ചറിഞ്ഞ ദിവസമായിരുന്നു രണ്ടാമത്തേത്. ആര്‍പ്പോ വിളിച്ച് ഓണപ്പാട്ടും പാടി ഓണസദ്യയുമുണ്ട് ബാക്കിവന്ന പൂവില്‍ ഞങ്ങള്‍ പരസ്പരം പുഷ്പാഭിഷേകവും നടത്തി. ഈ കോളേജില്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കുംകൂടി ഇനി ഇതുപോലെ ഓണമാഘോഷിക്കാന്‍ പറ്റില്ലല്ലോ എന്ന അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയുടെ നിരാശയില്‍ ഈ വര്‍ഷത്തെ ഓണാഘോഷത്തിന് തിരശീലയിട്ടു.
എന്തായാലും നാട്ടിലെമ്പാടും നടക്കുന്ന ഓണാഘോഷ പരിപാടികള്‍ക്കിടയില്‍ ഞങ്ങളുടെ ആഘോഷങ്ങള്‍ മാവേലിക്ക് മുഷിവുണ്ടാക്കില്ലെന്നു തീര്‍ച്ച!