ഘോഷദിനമാണിത്. പുതുവസ്ത്രമണിയാനും വാഴയിലയിലെ വിഭവസമൃദ്ധമായ സദ്യ കഴിക്കാനും വര്‍ഷത്തിലൊരിക്കലെത്തുന്ന വിശേഷദിവസത്തിനായി കാത്തിരിക്കേണ്ട ഇപ്പോള്‍. എങ്കിലും ഓണമെന്നാല്‍ മലയാളിക്ക് ഗൃഹാതുരത്വത്തിന്റെ വസന്തകാലംതന്നെയാണ്. 

എങ്ങുനോക്കിയാലും സെറ്റുസാരികളുടേതും കസവുമുണ്ടുകളുടേതുമാകും. മുല്ലപ്പൂക്കളും വലിയ കമ്മലുകളും വട്ടപ്പൊട്ടുകളുമായി സ്ത്രീകള്‍ മലയാളിമങ്കമാരാകുമ്പോള്‍ ഇന്നുവരെ കണ്ടില്ലാത്ത കുലീനഭാവം മുഖത്ത് വരുത്തി പുരുഷപ്രജകളും മലയാളത്തനിമയിലേക്ക് ചിറകൊതുക്കുന്നു. 

ഓണം ഏറ്റവും വലിയ ആഘോഷമായി മാറുന്നത് കലാലയങ്ങളിലാണ്. പലതരം ഓണക്കളികളും അത്തപ്പൂക്കളങ്ങളും ഒരുക്കി കലാലയത്തിലെ ഓണാഘോഷങ്ങള്‍ യൗവ്വനത്തിന്റെയും ആഘോഷമായി മാറുന്നു. മിക്ക കലാലയങ്ങളിലും ആഴ്ചകള്‍ക്കുമുമ്പുതന്നെ ഊഞ്ഞാലുകള്‍ സ്ഥാനംപിടിച്ചുകഴിഞ്ഞു.

ഒഴിവുനേരങ്ങള്‍ മരച്ചുവടുകളിലാണ് വിദ്യാര്‍ഥികള്‍ ചെലവഴിക്കുന്നത്. ആദ്യമെത്തുന്നവര്‍ പോകാനായി ഊഞ്ഞാല്‍ കിട്ടാത്ത ഹതഭാഗ്യര്‍ കാത്തിരിക്കും. ഊഞ്ഞാലില്‍ ഇരുന്ന് ആടാനും ഏറ്റവും ശക്തിയില്‍ ആട്ടിവിടാനും മത്സരമാണ്. 

പലരുടെയും ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ പിക്ചറുകളിലും കവര്‍ ചിത്രങ്ങളിലും ഊഞ്ഞാല്‍ സ്ഥാനംപിടിച്ചുകഴിഞ്ഞു. കഴിഞ്ഞ ഒരാഴ്ച കാമ്പസുകള്‍ ഓട്ടപ്പാച്ചിലില്‍ ആയിരുന്നു. തിരുവാതിരമത്സരത്തിനായി തയ്യാറെടുക്കണം, പൂക്കളത്തിന്റെ മാതൃക തീരുമാനിക്കണം, പൂക്കള്‍ വാങ്ങാന്‍ കട കണ്ടെത്തണം, മാവേലിയും പുലികളുമാകാനുള്ളവരെ കണ്ടെത്തണം... എന്നിങ്ങനെ ആകപ്പാടെ ഒരു ബഹളം. 

ഡിപ്പാര്‍ട്ട്‌മെന്റുകള്‍ തിരിഞ്ഞാണ് കലാലയങ്ങളില്‍ മത്സരങ്ങള്‍. ഏറ്റവും മികച്ചതാകാന്‍ വിദ്യാര്‍ഥികള്‍ ഒത്തൊരുമയോടെ പ്രയത്‌നിച്ചു. ഓണാഘോഷദിവസം അവധിയെടുത്ത് വീട്ടിലിരിക്കാനും ആരും തയ്യാറല്ല. ഏറ്റവും സുന്ദരികളും സുന്ദരന്മാരുമായി കലാലയത്തില്‍ ചുറ്റിയടിച്ചവര്‍ക്ക് ഇനി അടുത്ത ഓണക്കാലം വരെ കാത്തിരിക്കാം ഈ ഓണത്തിന്റെ ഓര്‍മകളുമായി.