ഫാഷനിലെ പുതുതരംഗങ്ങള്‍ പിറവിയെടുക്കുന്നതും സംഭവിക്കുന്നതും പടര്‍ന്നുപിടിക്കുന്നതും ഒക്കെ എങ്ങനെയാണെന്ന് ആലോചിച്ചുനോക്കിയിട്ടുണ്ടോ? മുമ്പൊക്കെ മിക്കവാറും ഏതെങ്കിലും സിനിമകളില്‍ നിന്നായിരുന്നു ഫാഷന്‍ ഇറങ്ങിവന്നിരുന്നതെങ്കില്‍, സോഷ്യല്‍ മീഡിയയുടെ വരവോടെ പുത്തന്‍ ട്രെന്‍ഡുകള്‍ താരങ്ങളുടെയും മുന്‍നിര ഡിസൈനര്‍മാരുടെയും പേജുകളില്‍നിന്നോ ഫാഷന്‍ വീക്കുകളില്‍നിന്നോ അവ നേരിട്ട് ജനങ്ങളിലേക്ക് എത്താന്‍ തുടങ്ങി.

ഒരു സിനിമയില്‍ വരുന്ന വസ്ത്രമോ, സ്‌റ്റൈലോ, അതു റിലീസാകുന്നതിനൊപ്പംതന്നെ നാടുമുഴുവനുള്ള സകല കടകളിലും എങ്ങനെയാണ് നിറയുന്നതെന്ന്, ഒരേയിനം തുണിത്തരം ലക്ഷക്കണക്കിനു മീറ്ററുകളിലായി പതിനായിരങ്ങളോളം ഷോറൂമുകളില്‍ ഒരേസമയം ഇടംനേടുന്നതെന്ന് എപ്പോഴെങ്കിലും അദ്ഭുതപ്പെട്ടിട്ടുണ്ടോ? എങ്കില്‍ അറിഞ്ഞോളു, ഇപ്പോള്‍ ഫാഷന്‍ എന്നത് ഒരു സുപ്രഭാതത്തില്‍ ഉടലെടുക്കുന്ന കാര്യമല്ല. 2018-ല്‍ ഇറങ്ങാന്‍ പോകുന്ന ഫാഷന്‍ ട്രെന്‍ഡുകളുടെ പൊതു സ്വഭാവം എന്തായിരിക്കും, എന്തായിരിക്കണം എന്നത് ചുരുങ്ങിയത് 2016 മുതല്‍ക്കേ പ്ലാന്‍ ചെയ്തു വരുന്നുണ്ടായിരിക്കും.

ആരാണ് പ്ലാന്‍ ചെയ്യുന്നത് എന്നല്ലേ? മറ്റാരുമല്ല വേള്‍ഡ് ഫാഷന്‍ ഡിസൈന്‍ കൗണ്‍സില്‍ തന്നെ. അടുത്ത വര്‍ഷങ്ങളിലേക്കുള്ള ഏതാനും മാതൃകകള്‍ -നിറങ്ങള്‍, കട്ടുകള്‍, പാറ്റേണുകള്‍, തുണിത്തരങ്ങള്‍- ഇവിടെയുള്ള വിദഗ്ദ്ധര്‍ മുന്‍കൂട്ടി തയ്യാറാക്കി നിശ്ചയിക്കും. അതിനുശേഷം അനുയോജ്യമായ മാതൃകകളിലുള്ള തുണിത്തരങ്ങളുടെയും (fabrics), രൂപരേഖകളുടെയും (silhouette) മാതൃകകള്‍ വികസിപ്പിച്ചെടുത്ത ശേഷം, തിരഞ്ഞെടുത്ത പ്രതിനിധികള്‍ക്കു മാത്രം പ്രവേശനമുള്ള ട്രേഡ് ഫെയറുകള്‍ നടത്തും. ഇവിടെ സന്ദര്‍ശനം നടത്തുന്ന വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഉയര്‍ന്ന ഡിസൈനര്‍മാരും വന്‍കിട തുണിവ്യാപാരികളും തിരികെ എത്തിയശേഷം തങ്ങളുടെ രാജ്യത്തിലെ ജനതയുടെ രൂപത്തിനും അഭിരുചിക്കും സംസ്‌കാരത്തിനും അനുസൃതമായ ശൈലിയിലേക്ക് ഇവയെ പരുവപ്പെടുത്തി മില്ലുകളില്‍ ആവശ്യമായ തുണിത്തരങ്ങളുടെയും മറ്റു അസംസ്‌കൃത വസ്തുക്കളുടെയും ഉത്പാദനം ആരംഭിക്കും. തുടര്‍ന്ന് വര്‍ഷത്തില്‍ നടക്കുന്ന രണ്ട് സുപ്രധാന ഫാഷന്‍ ഷോകളിലൂടെ (Fall-Winter&Spring-Summer) പുതിയ ഡിസൈനുകള്‍ അവതരിപ്പിക്കുകയും അതോടൊപ്പം ഇവയെല്ലാം വന്‍തോതില്‍ റീട്ടെയില്‍ സ്റ്റോറുകളിലും മറ്റുമായി എത്തിച്ചേരുകയുമാണ് പതിവ്.

Fashion Trent
സ്‌ട്രൈപ്ഡ് ടോപ്പും പാര്‍ച്ഡ് ജീന്‍സും

ഫ്‌ലോറല്‍ പ്രിന്റുകളും മൈക്രോ വെല്‍വറ്റും കലംകാരിയും ഒക്കെ ഒരേസമയത്ത് എല്ലാ കടകളിലും ഒന്നിച്ചു പ്രത്യക്ഷപ്പെടുന്നത് എങ്ങനെ എന്ന് മനസ്സിലായില്ലേ? എന്താണ് അടുത്തതായി ഫാഷന്‍ രംഗത്ത് പ്രത്യക്ഷപ്പെടാന്‍ പോകുന്നതെന്ന് മുന്‍കൂട്ടി കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടില്ല എന്നും.
2018-ലെ ഫാഷന്‍ എന്തായിരിക്കുമെന്നുള്ള മുന്‍നിര ഡിസൈനര്‍മാരുടെ പ്രവചനത്തിലൂടെ ഒന്നു പോയി നോക്കാം.

നിറങ്ങളില്‍ പേസ്റ്റല്‍ ഷെയ്ഡുകളോടും മെറ്റാലിക് ഷെയ്ഡുകളോടും ഉള്ള പ്രിയം തുടരും. നിലവിലുള്ള പൗഡര്‍ ബ്ലൂ, ആഷ് റോസ്, പിസ്ത, ലെമണ്‍, ഐവറി, നൈല്‍ ഗ്രീന്‍, സാന്‍ഡ് എന്നീ നിറങ്ങള്‍ക്കൊപ്പം പാര്‍മ വയലറ്റ്, പിങ്ക് ലാവന്‍ഡര്‍ തുടങ്ങിയ െഷയ്ഡുകളാണ് ഇത്തവണ പുതുതായി എത്തുന്നത്. മെറ്റാലിക് നിറങ്ങളില്‍ ഗോള്‍ഡും സില്‍വറും റോസ് ഗോള്‍ഡുമെല്ലാം ഇപ്പോഴത്തെ രീതിയില്‍ത്തന്നെ അണിനിരക്കും.
കടും നിറങ്ങളില്‍ പച്ചയും, ചെറി ടൊമാറ്റോ റെഡും സെയ്ലര്‍ ബ്ലൂവും പാലസ് ബ്ലൂവും കോഫീ ബ്രൗണും ആയിരിക്കും താരങ്ങള്‍

പാര്‍ട്ടിവെയറുകള്‍ വല്ലാതെ ഹെവി ആകുന്ന കാലമാണ് വരാന്‍പോകുന്നത്. ഫ്‌ലോറല്‍ എംബ്രോയ്ഡറികള്‍ക്കൊപ്പംതന്നെ റോയല്‍ ഡിസൈനുകളും പക്ഷികളുടെയും മൃഗങ്ങളുടെയും മോട്ടിഫുകളും തരംഗമാകും. സീക്വിന്‍സുകളും തൂവലുകളും മുത്തുകളും പാച്ച് ചെയ്തുപിടിപ്പിച്ച സൂക്ഷ്മതയേറിയ ഡിസൈനുകളുമായി ഹാന്‍ഡ് എംബ്രോയ്ഡറിക്ക് സുവര്‍ണകാലമാണ് ഇനി.

കാഷ്വല്‍വെയറുകളില്‍ ചെക്കുകളും ബോള്‍ഡ് സ്‌ട്രൈപ്പുകളും ആയിരിക്കും അധികവും. ചുവപ്പും- ചാരവും, ടീലും-കാക്കിയും പോലെയുള്ള കോമ്പിനേഷുകള്‍ക്കൊപ്പം മോണോക്രോമുകളും ഇളം ബ്രൗണും നിറങ്ങളില്‍ ട്രെന്‍ഡ് ആകാന്‍ ഇടയുണ്ട്.

Fashion Trent
പൗഡര്‍ ഗ്രീന്‍ നിറത്തിലുള്ള ടുല്ലേ നെറ്റില്‍
ഗോള്‍ഡന്‍ ത്രെഡ് എംബ്രോയ്ഡറി വര്‍ക്ക്
ചെയ്ത കുര്‍ത്തയും
സര്‍ദോസി വര്‍ക്ക് ചെയ്ത ദുപ്പട്ടയും

പാര്‍ട്ടിവെയറിലും കാഷ്വല്‍സിലും എത്നിക് വെയറുകളിലും ഫ്‌ലോറല്‍ പ്രിന്റുകള്‍ ഒരേപോലെ നിലനില്‍ക്കും. എത്നിക് ഉടയാടകളില്‍നിന്ന് ഇന്‍ഡിഗോകള്‍ക്കും കലംകാരി പ്രിന്റുകള്‍ക്കുമെല്ലാം തത്കാലം വിശ്രമം കൊടുക്കാം. ഫ്‌ലോറല്‍-അനിമല്‍ മോട്ടിഫുകള്‍ക്കൊപ്പം വരകളും ചെക്കും ഹെറിങ്‌ബോണ്‍ വരകളും മഞ്ഞ, ഓറഞ്ച്, റാണീപിങ്ക്, വാടാമല്ലി, കടും പച്ച എന്നീ ഇന്ത്യന്‍ നിറങ്ങളും പേസ്റ്റല്‍ ഷെയ്ഡുകളും ആയിരിക്കും എത്നിക് കുര്‍ത്തകളിലും അനാര്‍ക്കലികളിലും ഇടംപിടിക്കുക. പേസ്റ്റല്‍ നിറങ്ങളിലുള്ള ബനാറസ് സ്യൂട്ടുകള്‍ ആയിരിക്കും മറ്റൊന്ന്. പല്ലാസോകള്‍ക്കു പകരം പോപ്ലിന്‍ പോലത്തെ വടിവുള്ള തുണികളില്‍ ധാരാളം ചുരുക്കുകളോടുകൂടിയ ടൈറ്റ് സല്‍വാറും വാര്‍ഡ്രോബുകളിലേക്ക് ഈ സീസണ്‍ മുതല്‍ കൂട്ടിച്ചേര്‍ക്കാം.

കീറിയതും കണ്ടംവച്ചതുമായ ജീന്‍സുകള്‍ അടുത്തൊന്നും ഫാഷനില്‍നിന്ന് പോകില്ല. ഒപ്പം സ്വന്തമായി കല്ലുകളും മുത്തുകളും ലെയ്‌സുകളും ഒക്കെയെടുത്ത് പിടിപ്പിച്ചോ ആപ്ലിക് വര്‍ക് ചെയ്‌തോ പഴയ ജീന്‍സിനെ സ്വന്തമായി സ്‌റ്റൈല്‍ ചെയ്‌തെടുത്തോളൂ. വെട്ടിത്തിളങ്ങുന്ന നിറങ്ങളിലുള്ള വെല്‍വെറ്റ് സ്യൂട്ടുകളാണ് മറ്റൊരു സ്‌റ്റൈല്‍ സ്റ്റേറ്റ്‌മെന്റ്.

പാദരക്ഷകളില്‍ ഇളം നിറങ്ങളിലുള്ള ഷൂസുകളും ബൂട്ടുകളും ആയിരിക്കും കാഷ്വല്‍ വെയറുകളില്‍ അധികവും. എന്നാല്‍ സ്‌കേചേഴ്‌സ് തിളങ്ങാന്‍ പോകുന്നത് മോണോക്രോമുകളിലാണ്.

പലരൂപത്തിലും ടെക്‌സ്ചറിലും നീളത്തിലും ഉള്ള ജാക്കറ്റുകള്‍ കാഷ്വല്‍ വെയറുകളിലും ഫോര്‍മല്‍ വെയറുകളിലും പാര്‍ട്ടി വെയറുകളിലും ഒരേപോലെ ഇടം നേടും.

സ്ലീവുകളായിരിക്കും എല്ലാ ശ്രേണിയിലെയും താരങ്ങള്‍. അടുക്കുകളായുള്ള ചുരുളുകളും, റഫ്ള്‍ഡ് സ്ലീവുകളും കോള്‍ഡ് ഷോള്‍ഡറുകളും തുടങ്ങി തുമ്പിക്കൈ പോലെ താഴോട്ട് നീണ്ടുകിടക്കുന്ന സ്ലീവുകള്‍ വരെ കാഷ്വല്‍ വെയറുകളിലും കല്യാണ വസ്ത്രങ്ങളിലും കാണാം.

'സസ്‌റ്റൈനബിള്‍ വെയറുകള്‍'ക്ക് വന്‍ പ്രചാരമാണ് വരുംവര്‍ഷങ്ങളില്‍ ലഭിക്കാന്‍ പോകുന്നത്. റീസൈക്കിള്‍ഡ് പ്ലാസ്റ്റിക്കുകളില്‍നിന്നും പാഴ് വസ്തുക്കളില്‍നിന്നും അഴകുള്ള ഡിസൈനര്‍ വെയറുകള്‍ ഒരുക്കാനായി ലോകത്തിലെ വന്‍കിട ബ്രാന്‍ഡുകള്‍ അണിയറയില്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.

പ്രകൃതിദത്തമായ മെറ്റീരിയലുകളും പ്രകൃതിദത്ത വസ്തുക്കളില്‍നിന്നെടുക്കുന്ന നിറങ്ങളും ഒരു പോളിസിയുടെ ഭാഗമായി എന്നോണം കൂടുതലായി ഉപയോഗിച്ചുവരുന്ന പ്രവണത നല്ലൊരു വിഭാഗം ആളുകളും ശീലമാക്കി വരുന്നുണ്ട്.

ഇതൊക്കെയാണ് ഡിസൈനര്‍മാരും ഫാഷന്‍ ഹൗസുകളും കരുതിവച്ചിരിക്കുന്നതെങ്കിലും ഏതെങ്കിലും ഒരു സ്‌റ്റൈല്‍ വിജയമായിത്തീരുന്നതിന്റെ അവസാന വാക്ക് എപ്പോഴും ഒരൊറ്റ കൂട്ടരിലാണ്. അതെ, മാസ്സ്. അവരാണ് ഈ കൂട്ടിവച്ചിട്ടുള്ളവയില്‍നിന്ന് എന്തൊക്കെ എടുത്തും ഉടുത്തും വിജയിപ്പിക്കാം എന്ന് തീരുമാനിക്കുക. 

Writter Is.... ഫാഷന്‍ ഡിസൈനര്‍ എഴുത്തുകാരി

Content Highlights: Upcoming Fashion Trents In New Year 2018