മാറ്റം അത് അനിവാര്യമാണ്. ആ മാറ്റങ്ങളാണ് ഇവര്‍ ആവശ്യപ്പെടുന്നതും. പുതുവര്‍ഷം പ്രതീക്ഷയോടെ നോക്കി ഇവരാഗ്രഹിക്കുന്നു ഇവരുള്‍പ്പെടുന്ന നമ്മുടെ സമൂഹം ഇങ്ങനെയെല്ലാം മാറിയെങ്കിലെന്ന്..


Surabhi
Image: Mathrubhumi

സുരഭി 

എല്ലാവരുടെ ജീവിതത്തിന്റെയും ആത്യന്തികമായ ലക്ഷ്യം ആഹ്ലാദം കണ്ടെത്തുക എന്നുള്ളതാണ്. പണ്ടൊക്കെ ജാതീയപരമായും മതപരമായും രാഷ്ട്രീയപരമായും വര്‍ഗപരമായും ആവിഷ്‌ക്കാരപരമായും ധാരാളം തമാശകള്‍ ഉണ്ടായിരുന്നു. അന്നെല്ലാം അതിനെ അതിന്റേതായ രീതിയില്‍ എടുക്കുകയും അതിലെ നര്‍മം ഉള്‍ക്കൊണ്ട് അതേ പ്ലേറ്റില്‍ തിരിച്ചടിക്കാനും ആണ് ആളുകള്‍ ശ്രമിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല.

തമാശകള്‍ പോലും വളരെ ഗൗരവത്തോടെയാണ് ആളുകള്‍ എടുക്കുന്നത്. ചെറിയ കാര്യങ്ങളെ കീറിമുറിച്ച് പരസ്പരം വിദ്വേഷിക്കുന്നു. അതുമാറി ജീവിതത്തെ ഒരു തമാശയോടുകൂടി കാണാനും ആ രീതിയില്‍ ആഹ്ലാദം കണ്ടെത്താനും എല്ലാവര്‍ക്കും സാധിക്കണം. ബഷീറിന്റെ ഒക്കെ ഒരു ലൈന്‍ പോലെ എല്ലാവര്‍ക്കും ആഹ്ലാദപരമായ ഒരു വര്‍ഷം ആകട്ടെ. എല്ലാകാര്യത്തിലും ഒരു തമാശ കണ്ടെത്താന്‍ കഴിയട്ടെ.

സി.കെ.ജാനു

janu
Image: Mathrubhumi

ഇനി വരുന്ന വര്‍ഷം സ്ത്രീകളക്കമുള്ളവര്‍ക്ക് തുല്യ അവകാശം ഉള്ളതായിരിക്കണം. പകുതി സംവരണം എന്നുള്ളതല്ല, തുല്യ അവകാശം ഉള്ളത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ അതിനെല്ലാമെതിരെയുള്ള ഒരു കൂട്ടായ പ്രവര്‍ത്തനമാണ് ഉണ്ടാകേണ്ടത്.

സ്ത്രീയുടെ പ്രശ്‌നമായി മാത്രം കണക്കാക്കാതെ മനുഷ്യന്റെ പ്രശ്‌നമായി അത് സംബോധന ചെയ്യപ്പെടണം. നീതി കിട്ടണം. ജാതിയുടെ നിറത്തിന്റെ പേരില്‍ ആരും മാറ്റിനിര്‍ത്തപ്പെടാതിരിക്കണം. മനുഷ്യര്‍ക്കെല്ലാവര്‍ക്കും ജീവിക്കാനുള്ള തുല്യ അവകാശമുണ്ട്. ഏതിലെ ഇറങ്ങിപോയാലും സുരക്ഷിതമായി ഭയം കൂടാതെ യാത്ര ചെയ്യാനും തിരികെ വീട്ടിലേക്ക് വന്നുകയറാനും സാധിക്കണം. എല്ലാവര്‍ക്കും തുല്യ അവകാശം തുല്യ നീതി, തുല്യ അധികാരം എന്നിവ ഉണ്ടായിരിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.  

Bhagya
Image: Mathrubhumi

ഭാഗ്യലക്ഷ്മി

സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായിട്ടുള്ള നാട് നമ്മുടേതാക്കാന്‍ നമ്മള്‍ പൊതുജനങ്ങള്‍ വിചാരിച്ചാല്‍ സാധിക്കാവുന്ന കാര്യമാണ്. ഇതിന് വേണ്ടിയായിരിക്കണം നമ്മള്‍ ഓരോരുത്തരും പ്രയത്‌നിക്കേണ്ടത് ബാക്കിയെല്ലാം നമുക്ക് എങ്ങനെയെങ്കിലും പരിഹരിക്കപ്പെടാന്‍ സാധിക്കും. ഒരു പിഞ്ചുകുഞ്ഞാണെങ്കിലും വാര്‍ധക്യത്തിലെത്തിയവരാണെങ്കിലും ഒരു അരക്ഷിതാവസ്ഥയിലാണ്. ഭയമാണ് എല്ലാവര്‍ക്കും വയസ്സായ സ്ത്രീകള്‍ പോലും സ്വന്തം ശരീരത്തെ സംരക്ഷിത്തുന്നത് ഓര്‍ത്ത് ഭയക്കുന്ന കാലമാണ്.

എണ്‍പത് കഴിഞ്ഞ സ്ത്രീയെ പതിനഞ്ചുവയസ്സായ ഒരു പയ്യന്‍ അല്ലെങ്കില്‍ 20 വയസ്സായ പയ്യന്‍ ആക്രമിക്കുക എന്ന പറയുന്നത് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. ആ ഒരു അവസ്ഥ കേരളത്തില്‍ നിന്ന് അടിയോട് കൂടി തുടച്ചുമാറ്റണം. ആ ഒരു കേരളമാണ് എന്റെ ഏറ്റവും വലിയ പ്രതീക്ഷ. 2018 അതിനുള്ള തുടക്കമാകണം. അതിന് വേണ്ടി ഓരോ ചെറുപ്പക്കാരും രംഗത്തിറങ്ങണം. അവര്‍ക്കാണ് ഇനി സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കൂ.  

ധന്യ രാമന്‍ 

Dhanya Raman
Image: Facebook/Dhanya Raman

നിരവധി സമരങ്ങളിലൂടെ മുന്നേറി വന്നവരാണ് സ്ത്രീകള്‍. അതിന് വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ അവര്‍ക്കിടയിലുണ്ടായിട്ടുണ്ട്. ഇന്ന് നമ്മള്‍ സോഷ്യല്‍ മീഡിയ എടുത്ത് നോക്കുകയാണെങ്കില്‍ സംസാരിക്കുന്ന ഒരു പെണ്ണിനെ എങ്ങനെ ഒതുക്കി ഇരുത്താം എന്നാണ് എല്ലാവരും ആലോചിക്കുന്നത്. അപ്പോള്‍ അവനവന്റെ വീട്ടിലെ സ്ത്രീകളെ കുറിച്ച് ആരുംചിന്തിക്കുന്നില്ല. എല്ലാവര്‍ക്കും മറ്റുള്ള സ്ത്രീകളെ വായടപ്പിച്ചാല്‍ മതി. സ്ത്രീയുടെ ബുദ്ധിയും വിവേകവും വ്യക്തിത്വവും പോയിട്ട്  അവരെ മനുഷ്യനായി കാണാന്‍ പോലും ശ്രമിക്കുന്നില്ല. കേവല ശരീരങ്ങളായി മാത്രം ആണ് സോഷ്യല്‍ മീഡിയയില്‍ പലരും സ്ത്രീകളോട് പെരുമാറുന്നത് കണ്ടിട്ടുള്ളത്. 

നമ്മള്‍ രാഷ്ട്രീയ അഭിപ്രായം പറഞ്ഞുകഴിഞ്ഞാലും ചൊറിച്ചില്‍,കടി,കഴപ്പ് തുടങ്ങിയ പദപ്രയോഗങ്ങളാണ്. സ്ത്രീകല്‍ സോഷ്യല്‍ മീഡിയയില്‍ എഴുതുന്ന പോസ്റ്റുകള്‍ക്ക് താഴെയുളള കമന്റ്‌സ് നോക്കി കഴിഞ്ഞാല്‍ കുറേ തെറിവിളികള്‍ കാണാം. ബുദ്ധിയും വിവേകവും ഉള്ള പ്രതികരിക്കുന്ന സ്ത്രീകളെ അംഗീകരിക്കാന്‍ കഴിയാത്ത ഒരു വിഭാഗം ഇപ്പോഴും ഉണ്ട്. സ്ത്രീകളെ പറ്റി അവര്‍ പുറത്തിറങ്ങി നടന്നാലുള്ള അവസ്ഥയെ പറ്റി ആരും ചിന്തിക്കുന്നില്ല. 7832 പോക്‌സോ കോസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. അങ്ങനെയുള്ള ഇടത്ത് ശബ്ദിച്ചുകൊണ്ടിരുന്നാല്‍ മാത്രമേ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കൂ. ഇത്തരം സാഹചര്യങ്ങളെ മറികടക്കാന്‍ സാധിക്കൂ. 

ദീപ നിശാന്ത് 

Deepa
Image: Mathrubhumi

സ്ത്രീകള്‍ക്ക് നേരെ അതിക്രമമുണ്ടാകുമ്പോള്‍ അത് ശാരീരികമാകട്ടെ മാനസികമാകട്ടെ സാമൂഹിക ഇടങ്ങളിലാകട്ടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്‌നം ഇതാണ് എന്ന മട്ടിലുള്ള കാഴ്ചപ്പാടില്‍ നിന്ന് സ്ത്രീ മുന്നോട്ട് വരണം. തനിക്ക് നേരെയുണ്ടായ അതിക്രമത്തെ ശരീരത്തിനേറ്റ ഒരു പരിക്കായി മാത്രം കണ്ട് പൊതുരംഗത്ത് അവള്‍ സജീവമാകണം. 

സ്ത്രീയുടെ വാക്കുകളെ, അവള്‍ അഭിപ്രായം പറയുമ്പോള്‍ അവളുടെ നേര്‍ക്ക് ഉയര്‍ത്തുന്ന തരംതാണ രീതിയിലുള്ള വ്യക്തിഹത്യകളിലേക്ക് സമൂഹം നടക്കുന്ന രീതിയിലും മാറ്റം വരുത്തണം. 

ഡോ.ഷിംന അസീസ് 

Shimna
Image: Shmina AZeez

സ്ത്രീകള്‍ സ്വന്തം അഭിപ്രായം പറയാന്‍ ഇപ്പോഴും ധൈര്യമില്ല അവര്‍ പ്രധാനമായും പേടിക്കുന്നത് രണ്ടുകാര്യങ്ങള്‍ കൊണ്ടാണ്. ഒന്ന് ആളുകള്‍ എന്ത് പറയും രണ്ട് എതിര്‍പ്പിനെ അഭിമുഖീകരിക്കാനുള്ള ഭയം. രണ്ടുസംഗതികളാണെങ്കിലും ഒരു നാലുപ്രാവശ്യമേ എതിര്‍പ്പ് കേള്‍ക്കൂ. അതുകഴിയുമ്പോള്‍ പറച്ചിലുകാരന്‍ നിറുത്തും അല്ലെങ്കില്‍ സ്ത്രീക്ക് അത് അഭിമുഖീകരിക്കാനുള്ള ധൈര്യം വരും. അല്ലാതെ ഒരു തവണ നടുനിവര്‍ത്തി കാര്യം പറഞ്ഞ് ഭയന്ന് പിന്‍മാറരുത്. ചെയ്യുന്നത് തെറ്റല്ലെന്ന് ഉറപ്പുള്ളിടത്തോളം ഒരാളെയും ഭയക്കേണ്ടതില്ല.

ഇനിയെങ്കിലും അവനവന് വേണ്ടി സംസാരിക്കാന്‍ സ്ത്രീകള്‍ പഠിക്കണം. അവനവനെ സ്‌നേഹിക്കാന്‍ പഠിക്കണം. ത്യാഗം കൊണ്ട് ഒന്നും നേടാന്‍ പോകുന്നില്ല. ത്യാഗം വേണ്ടെന്നല്ല, ത്യാഗം സ്‌നേഹം കൊണ്ടാണ് വരേണ്ടത്. സ്വയം സഹിച്ച് ബാക്കിയുള്ളരെ മുഴുവന്‍ നന്നാക്കി ഇനി പെണ്ണുങ്ങള്‍ നടക്കരുത്. എന്നാലേ ഇനിയുള്ള കാലത്ത് കുടുംബം നന്നാവൂ, സമൂഹം നന്നാവൂ.

Saradakutty
Image:Mathrubhumi

എസ്.ശാരദക്കുട്ടി

അധികാരമുള്ളവര്‍  അവര്‍ ഏതു മേഖലയിലുള്ളവരായാലും അഴിമതിയില്‍ നിന്നും ആധിപത്യ വാസനകളില്‍ നിന്നും മുക്തരാകുന്ന ഒരു കാലമാണ് ഞാന്‍ സ്വപനം കാണുന്നത്. കുറ്റവാളികളെ കല്ലെറിയുന്നതിനും കൊന്നുകളയുന്നതിന്നും പകരം അവരോട് സഹിഷ്ണുത കാണിക്കുന്നതും കുറ്റവാളികള്‍ വളര്‍ന്നു വരാനിടയുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുവാന്‍ പരിശ്രമിക്കുന്നതുമായ  ഒരു ഭരണകൂടം, നീതിപീഠം ഒക്കെ എന്റെ പുതുവര്‍ഷ സ്വപ്നമാണ്. 

കുട്ടികള്‍ ആയാലും സ്ത്രീകള്‍ ആയാലും ട്രാന്‍സ് ജന്‍ഡറുകള്‍ ആയാലും മനുഷ്യരെല്ലാം തുല്യനീതിയും തുല്യ പദവിയും അര്‍ഹിക്കുന്നവരെന്ന വലുതായ ജനാധിപത്യ ബോധത്തോടെ, അധികാരത്തിന്റെ അശ്ലീലങ്ങളില്‍ നിന്ന് വിമുക്കമാക്കപ്പെടുന്ന കാലത്തിനു വേണ്ടി വാക്കും ഭാഷയും മരണം വരെ ഉപയോഗിക്കുക എന്നതാണ് എന്റെ പുതുവര്‍ഷ പ്രതിജ്ഞ.  മാലിന്യങ്ങള്‍ ആദ്യമുണ്ടാവുക മനസ്സിലാണ്, അതു മറ്റുള്ളവരുടെ മേലേക്കു വലിച്ചെറിയാതെ സ്വയം വൃത്തിയാകുവാനുള്ള വിവേകത്തിലേക്ക് നീങ്ങണമെന്നാണ് വ്യക്തിപരമായി ഈ പുതുവര്‍ഷത്തില്‍ എന്റെ ആഗ്രഹം.


നിങ്ങള്‍ക്കുമില്ലേ ചൂണ്ടിക്കാണിക്കാന്‍.. 
നിങ്ങളുള്‍പ്പെടുന്ന ഈ സമൂഹത്തില്‍ ഈ വര്‍ഷം നിര്‍ബന്ധമായും മാറിയെങ്കില്‍ എന്ന് നിങ്ങളാഗ്രഹിക്കുന്ന ഒന്ന്. നിങ്ങളുടെ നിര്‍ദേശം ഞങ്ങള്‍ക്കയക്കൂ. തിരഞ്ഞെടുക്കപ്പെടുന്നവ മാതൃഭൂമി
ഡോട്ട്​ കോമില്‍ പ്രസിദ്ധീകരിക്കും.. Email - contest@mpp.co.in


 (തയ്യാറാക്കിയത് രമ്യ ഹരികുമാര്‍)/ Content Highlights: Newyear Thoughts