മുംബൈ: 60 മണിക്കൂര്‍ നേരം മുംബൈയെ പിടിച്ചുകുലുക്കിയ ഭീകരണതാണ്ഡവത്തിന് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ നല്‍കിയ വില 4,000 കോടി രൂപ.

ഹോട്ടലുകള്‍, കടകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവ അടഞ്ഞുകിടക്കുമ്പോഴുള്ള പ്രതിദിനനഷ്ടം 1000 കോടി രൂപ വരുമെന്ന് അസോച്ചം സെക്രട്ടറി ഡി.എസ്.റാവത് ചൂണ്ടിക്കാട്ടി.

വ്യാഴാഴ്ച മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, നാഷണല്‍ എക്‌സ്‌ചേഞ്ച്, ഉല്പന്ന അവധിവ്യാപാര എക്‌സ്‌ചേഞ്ചുകള്‍, കറന്‍സി വിപണി എന്നിവ അടഞ്ഞു കിടന്നു. ഓഹരി എക്‌സ്‌ചേഞ്ചുകളുടെയും ഉല്പന്ന അവധിവ്യാപാര എക്‌സ്‌ചേഞ്ചുകളുടെയും പ്രതിദിന വിറ്റുവരവ് ശരാശരി 33,000 കോടി രൂപവരും. പല കമ്പനികളുടെയും കോര്‍പ്പറേറ്റ് ഓഫീസുകള്‍ വ്യാഴാഴ്ച ജീവനക്കാരില്ലാത്തതുകാരണം നാമമാത്രമായാണ് പ്രവര്‍ത്തിച്ചത്.

മുംബൈയിലെ വിനോദവ്യവസായ മേഖലയും ഈ ദിവസങ്ങളില്‍ സ്തംഭിച്ചു. സിനിമ, ടെലിവിഷന്‍ മേഖലയിലുണ്ടായ നഷ്ടം 100 കോടി രൂപയാണെങ്കില്‍ തീയേറ്ററുകള്‍ പൂട്ടിയതുകാരണം മറ്റൊരു എട്ടുകോടിയും നഷ്ടമായെന്ന് വിലയിരുത്തുന്നു.