ലണ്ടന്‍: മുംബൈയില്‍ ആക്രമണമഴിച്ചുവിട്ട ഭീകരരുടെ കൂട്ടത്തില്‍ തങ്ങളുടെ നാട്ടുകാരുമുണ്ടായിരുന്നെന്ന റിപ്പോര്‍ട്ടുകളെപ്പറ്റി ബ്രിട്ടീഷ് ഭരണകൂടം അന്വേഷണം തുടങ്ങി. അക്രമികളില്‍ ബ്രിട്ടീഷുകാരുമുണ്ടായിരുന്നെന്ന് ഇപ്പോള്‍ തീര്‍ത്തുപറയാന്‍ പറ്റില്ലെന്ന് ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് മിലിബാന്‍ഡ് പറഞ്ഞു.
അക്രമികളില്‍ ഏഴു പേര്‍ ബ്രിട്ടീഷുകാരാണെന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. ഇതുവരെ അറസ്റ്റിലായ എട്ട് അക്രമികളില്‍ രണ്ടു പേര്‍ പാക് പൗരത്വം സ്വീകരിച്ച ബ്രിട്ടീഷുകാരാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ്‌റാവു ദേശ്മുഖ് വെള്ളിയാഴ്ച പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം ഇന്ത്യയിലെ ഉന്നത അധികാരികള്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.