മുംബൈ: ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തെ രണ്ടുദിവസം മുഴുവന്‍ വിറകൊള്ളിച്ച തീവ്രവാദികളെ തുരത്താനുള്ള ശ്രമങ്ങള്‍ അകാരണമായി വൈകിയത് ബന്ദികളെ ഉപയോഗിച്ച് തീവ്രവാദികള്‍ വിലപേശല്‍ നടത്തിയതുകൊണ്ടാണെന്ന് അഭ്യൂഹം. ദേശീയ സുരക്ഷാ സേന (എന്‍.എസ്.ജി)യുടെ നേതൃത്വത്തില്‍ നടന്ന ഓപ്പറേഷന്‍ ബ്ലാക്ക് ടൊര്‍ണാഡോ രണ്ടുദിവസത്തോളം നീണ്ടത് വിദേശികളടക്കമുള്ള ബന്ദികളെ മുന്‍നിര്‍ത്തി തീവ്രവാദികള്‍ വിലപേശല്‍ നടത്തിയതുകൊണ്ടാണെന്ന സൂചനകള്‍ ഏറെയുണ്ട്. എന്നാല്‍, സേനാ വൃത്തങ്ങളോ സര്‍ക്കാരോ ഇത്തരമൊരു ചര്‍ച്ചയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതേവരെ പുറത്തുവിട്ടിട്ടില്ല.
ബുധനാഴ്ച രാത്രി ആക്രമണമുണ്ടായ ഉടനെ മഹാരാഷ്ട്ര പോലീസ് താജ് ഹോട്ടലും ഒബ്‌റോയ് ഹോട്ടലും നരിമാന്‍ ഹൗസും വളഞ്ഞു. എ.കെ.-47 തോക്കുകളും ഗ്രനേഡുകളുംകൊണ്ട് ആക്രമണം നടത്തുന്ന തീവ്രവാദികള്‍ക്കൊപ്പം നില്‍ക്കാന്‍ ലോക്കല്‍ പോലീസിന് പ്രാപ്തിയുണ്ടായിരുന്നില്ല. അതുകൊണ്ടാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നാവിക സേനയുടെ കമാന്‍ഡോ സംഘത്തെ (മാര്‍ക്കോസ്) കൊളാബയില്‍ത്തന്നെയുള്ള ഐ.എന്‍.എസ് ആന്‍ഗ്രെയില്‍നിന്ന് വിളിച്ചുവരുത്തിയത്. വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് ഓപ്പറേഷന്റെ ചുമതല എന്‍.എസ്.ജിക്ക് കൈമാറിയതായി മാര്‍ക്കോസിന്റെ കമാന്‍ഡിങ് ഓഫീസര്‍ തമ്പിരാജ് പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍, എന്‍.എസ്.ജി ചുമതലയേറ്റെടുത്തശേഷം ഓപ്പറേഷന്റെ വിശദാംശങ്ങള്‍ പുറംലോകത്തിന് ലഭ്യമല്ലാതായി. താജില്‍നിന്നും ഒബ്‌റോയിയില്‍നിന്നും നരിമാന്‍ ഹൗസില്‍നിന്നുമുള്ള വിവരങ്ങളുടെ വരവ് ഇല്ലാതാവുകയും ചെയ്തു.
തീവ്രവാദികള്‍ തമ്പടിച്ച് ആക്രമണം നടത്തിയ മൂന്ന് കേന്ദ്രങ്ങളിലും ബന്ദികളാക്കപ്പെട്ടവരില്‍ ഏറെയും വിദേശികളായിരുന്നു. നരിമാന്‍ ഹൗസില്‍ ഇസ്രായേലില്‍നിന്നുള്ള പുരോഹിതനടക്കമുള്ളവരാണ് ഉണ്ടായിരുന്നത്. താമസക്കാരെ ബന്ദികളാക്കി തീവ്രവാദികള്‍ നടത്തിയ ആക്രമണ രീതിയാണ് വിലപേശല്‍ നടന്നിരിക്കാമെന്ന സാധ്യതയിലേക്ക് വെളിച്ചം വീശുന്നത്. ബന്ദികളെ മറയാക്കിക്കൊണ്ടുള്ള ആക്രമണരീതി വിലപേശലിനായാണ് സാധാരണ ഉപയോഗിക്കുന്നതും.
തീവ്രവാദികള്‍ മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെ പുറംലോകവുമായി ബന്ധപ്പെടാനുള്ള പഴുതുകള്‍ അധികൃതര്‍ ഇല്ലാതാക്കിയിരുന്നു. വിലപേശലിന്റെ വിശദാംശങ്ങള്‍ അതുകൊണ്ടുതന്നെ രഹസ്യമാക്കാനും സാധിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമാണ് ബന്ദികളെ വിട്ടയച്ചുതുടങ്ങിയത്. ആദ്യമാദ്യം പുറത്തുവന്നത് ഇന്ത്യക്കാരായ താമസക്കാരാണ്. ഇസ്രായേലുകാര്‍ താമസിച്ചിരുന്ന നരിമാന്‍ ഹൗസില്‍നിന്ന് വ്യാഴാഴ്ച വൈകിട്ട് വിട്ടയയ്ക്ക പ്പെട്ടതും ഇന്ത്യക്കാര്‍ തന്നെയായിരുന്നു. ബ്രിട്ടീഷുകാരെയും മറ്റ് യൂറോപ്പുകാരെയും ഇസ്രായേലുകാരെയും താജിലും ട്രൈഡന്റിലും നരിമാന്‍ ഹൗസിലും ബന്ദികളാക്കി നിലനിര്‍ത്തിയത് വിലപേശലിന് കൂടുതല്‍ ബലം കൈവരിക്കുക അവര്‍ വിദേശികളാകുമ്പോഴാണ് എന്ന തിരിച്ചറിവില്‍ത്തന്നെയാണ്.
തീവ്രവാദികള്‍ ഉപാധികളൊന്നും മുന്നോട്ടുവെച്ചിട്ടില്ലെന്ന സര്‍ക്കാരിന്റെ വാദം ദുര്‍ബലമാണ്. ഇത്രയേറെ മുന്‍കൂട്ടി പദ്ധതിയിട്ട് ആയുധശക്തിയോടെ കടല്‍മാര്‍ഗം മുംബൈയിലെ പ്രധാന വാണിജ്യകേന്ദ്രങ്ങളില്‍ തീവ്രവാദികള്‍ ഇരച്ചുകയറുമ്പോള്‍ അതിന് ചില ലക്ഷ്യങ്ങളുണ്ടാകുമെന്നത് ഉറപ്പാണ്. ഇവിടെയോ വിദേശത്തോ തടവറയിലുള്ള തീവ്രവാദികളെ മോചിപ്പിക്കുന്നതുള്‍പ്പെടെ ഉപാധികള്‍ തീവ്രവാദികള്‍ മുന്നോട്ടുവെച്ചിരിക്കാനാണിട.
ബന്ദികളെ ഘട്ടം ഘട്ടമായി മോചിപ്പിച്ചത് തീവ്രവാദികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടതിന് തെളിവാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വെള്ളിയാഴ്ച രാവിലെ 11നും 12നുമിടയ്ക്ക് മോചിപ്പിക്കപ്പെട്ട 93 പേരില്‍ നാലുപേര്‍ മാത്രമായിരുന്നു ഇന്ത്യക്കാര്‍. കൊല്‍ക്കത്തക്കാരായ രണ്ടുപേരും ഒരു മുംബൈക്കാരനും സിംഗപ്പൂരിലുള്ള ഇന്ത്യക്കാരനും. ശേഷിച്ച 89 പേരും വിദേശികളാണെന്നത് ഏതോ ഒത്തുതീര്‍പ്പിനെത്തുടര്‍ന്നാണെന്ന് വ്യക്തം. ഔദ്യോഗിക തലത്തില്‍നിന്ന് ഒരു സ്ഥിരീകരണവുമില്ലാത്തിനാല്‍ ഇക്കാര്യത്തില്‍ ഒരു ഉറപ്പും പറയാനാവില്ല. ഏതായാലും ഇതോടെ ട്രൈഡന്റിലെ പ്രതിസന്ധി ഒഴിവായി. ഫോറന്‍സിക് പരിശോധനകള്‍ പൂര്‍ത്തിയായാല്‍ ഹോട്ടല്‍ ഉടമസ്ഥര്‍ക്ക് കൈമാറും.
മുമ്പ് കാണ്ഡഹാറിലേക്ക് ഇന്ത്യന്‍ വിമാനം തട്ടിക്കൊണ്ടുപോയതും ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം കുപ്രസിദ്ധരായ തീവ്രവാദികളെ വിട്ടുകൊടുത്ത് വിമാനം മോചിപ്പിച്ച സംഭവവുമാണ് മുംബൈയിലെ വൈകിയുള്ള ഓപ്പറേഷന്‍ ഓര്‍മയിലെത്തിക്കുന്നത്.