Mahasweta Devi
ഫോട്ടോ: കെ.ആര്‍. വിനയന്‍

കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് മഴച്ചാറ്റലില്‍ മൂടിക്കെട്ടി മൂകമായൊരു സന്ധ്യയ്ക്കാണ് കൊല്‍ക്കത്തയിലെ ഗോള്‍ഫ് ഗ്രീന്‍ റെസിഡന്‍സിയിലുള്ള മഹാശ്വേതാ ദേവിയുടെ വീട്ടിലെത്തിയത്. 

അവിടെയുണ്ടായിരുന്ന കെട്ടിടക്കൂട്ടങ്ങളില്‍ ഏറ്റവും പഴയതിലായിരുന്നു  ഇന്ത്യയുടെ വലിയ എഴുത്തുകാരി പാര്‍ത്തിരുന്നത്. പൊടിപിടിച്ച് പൊട്ടിപ്പൊളിഞ്ഞ തപാല്‍പ്പെട്ടിയില്‍ മഹാശ്വേതാ ദേവിയുടെ പേര് പാതിമാഞ്ഞും മുറിഞ്ഞും കിടന്നു. ഇരുട്ടുനിറഞ്ഞ് ഈര്‍പ്പം ഊറിക്കിടക്കുന്ന ഗോവണിപ്പടി കയറുമ്പോള്‍ മലയാളിയും ഫിലിം ഡിവിഷനിലെ ഡയറക്ടറും മഹാശ്വേതയുടെ ആത്മമിത്രങ്ങളിലൊരാളുമായ ജോഷി ജോസഫ് പറഞ്ഞു:

''ബംഗാളിലെ സമാന്തര സര്‍ക്കാറിന്റെ ആസ്ഥാനത്തേക്കാണ് നമ്മളിപ്പോള്‍ കയറിപ്പോകുന്നത്''. ഇന്ത്യയിലെ എണ്ണമറ്റ ഗ്രാമങ്ങളിലെ മുഖങ്ങളില്ലാത്ത, പേരും പെരുമയുമില്ലാത്ത ഗ്രാമീണരും വിദൂരവനങ്ങളിലെ ആദിവാസികളും മമതാബാനര്‍ജി അടക്കമുള്ള രാഷ്ട്രീയക്കാരും ബുദ്ധിജീവികളും മഗ്സസെ പുരസ്‌കാരവും ജ്ഞാനപീഠവുമെല്ലാം ആ പടി കയറിവന്നു. എഴുത്തിന്റെ ബലംകൊണ്ട് മഹാശ്വേത എല്ലാറ്റിനെയും അങ്ങോട്ടുവരുത്തി. നട്ടെല്ലുള്ള നിലപാടുകളും തീപിടിക്കുന്ന ആത്മാര്‍ഥതയുംകൊണ്ട് അവര്‍ ലോകത്തെ വീട്ടിലേക്ക് ആവാഹിച്ചു.

ചെറിയമുറിയായിരുന്നു അത്. നടുവിലൊരു കട്ടിലും ചുമരുനിറയെ പുസ്തകങ്ങളുമുള്ള ആ മുറിയുടെ മൂലയില്‍, മേശവിളക്കിന്റെ വെളിച്ചത്തില്‍ മഹാശ്വേതാ ദേവി ഇരുന്ന് എന്തോ എഴുതുന്നു. നരച്ച തലമുടി, കറുത്ത ഫ്രെയിമുള്ള കണ്ണട, ഇറുകുന്ന രോമക്കുപ്പായം... അങ്ങനെ ഇരിക്കുമ്പോള്‍ അവരൊരു മലയാളി മുത്തശ്ശിയെ ഓര്‍മിപ്പിച്ചു. കേരളത്തില്‍നിന്നാണെന്നുപറഞ്ഞപ്പോള്‍ പെട്ടെന്നുവന്നു ചോദ്യം:

''മുത്തങ്ങയിലെയും ചെങ്ങറയിലെയും ഇപ്പോഴത്തെ അവസ്ഥ എന്താണ്? ആദിവാസികളുടെ കൂടെ ആരുണ്ട് ?'' പിന്നെ സ്‌നേഹം കവിയുന്ന സ്വരത്തില്‍: 'എം.ടി.ക്ക് സുഖം തന്നെയല്ലേ?' -എണ്‍പത്തിയഞ്ചാം വയസ്സിലും മഹാശ്വേതാദേവിയുടെ മനസ്സിന്റെ സൂചികള്‍ ഏകാഗ്രമായിരുന്നു. എല്ലാം അവരറിഞ്ഞിരുന്നു. 
കേവലം  എഴുത്തുകാരി എന്നതിലപ്പുറം സമാന്തരസര്‍ക്കാര്‍തന്നെയായി അവര്‍ മാറാന്‍കാരണവും അതുതന്നെ.

അവരെ കണ്ടുകൊണ്ടിരിക്കുമ്പോള്‍ 'രുദാലി'യുടെ തേങ്ങലും 'ദുല'ന്റെ ദുഃഖവും 'ദോപ്റ്റി മെത്ധെ' (ദ്രൗപദി)യുടെ വീര്യവും ഓര്‍മകളിലെത്തി. 'ആരണ്യേര്‍ അധികാറി'ലെ വാക്കുകള്‍ വേദനയുടെ അലകളായി.

മഹാശ്വേതാ ദേവിയുടെ അടുത്തിരിക്കുന്ന ലാന്‍ഡ് ഫോണ്‍ ചൂണ്ടിക്കാട്ടി ജോഷി പറഞ്ഞു: 'ഇത് ലാന്‍ഡ് ലൈനല്ല, ലാന്‍ഡ് മൈനാണ്'. അത് ശരിയുമായിരുന്നു. ബംഗാളിന്റെയും ബിഹാറിന്റെയും ഛത്തീസ്ഗഢിന്റെയും ഉള്‍ഗ്രാമങ്ങളിലും വനമേഖലയിലും മഴപെയ്ത് വെള്ളമുയര്‍ന്നാല്‍, പുരുളിയയിലെ കാടുകള്‍ വരണ്ട് വിണ്ട് പട്ടിണിപടര്‍ന്നാല്‍, രോഗങ്ങള്‍ പടര്‍ന്നുപിടിച്ചാല്‍, കാടിറങ്ങിവരുന്ന ആദിവാസികളും കുടില്‍തകര്‍ന്ന് ഒന്നുമില്ലാതായ ഗ്രാമീണനും അടുത്ത ടെലിഫോണ്‍ ബൂത്തില്‍ച്ചെന്ന് വിളിക്കുന്നത് ഈ ഫോണിലേക്കാണ്. 
വിലാപസ്വരത്തിലുള്ള വിളികള്‍ക്ക് മഹാശ്വേതയുടെ മുറിയില്‍നിന്ന് മറുപടി ലഭിക്കും: ''കൊന ഭോയ് നോയ്. അമി ആച്ഛി' (പേടിക്കേണ്ട, നിനക്ക് ഞാനുണ്ട്. ഞാന്‍ നോക്കിക്കോളാം). അത് അധികാരിവര്‍ഗത്തിന്റെ പതിവ് വെറുംവാക്കല്ലായിരുന്നു. നന്ദിഗ്രാം കലാപവും കൊലകളും നടന്നപ്പോള്‍ പത്രത്തിലെ കോളത്തിലൂടെ മഹാശ്വേത ദുരിതബാധിതരെ സഹായിക്കാന്‍ ആഹ്വാനംചെയ്തു. പിറ്റേദിവസംമുതല്‍ ബംഗാളിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും ലോറികളില്‍ കമ്പിളിയും പുതപ്പും ഭക്ഷണവും ഗോള്‍ഫ് ഗ്രീനിലെ ചെറിയവീടിന് മുന്നിലെത്തി.

സഹായപ്രവാഹങ്ങള്‍  തുടര്‍ന്നപ്പോള്‍ അവര്‍ക്കുവീണ്ടും എഴുതേണ്ടിവന്നു: 'സഹായങ്ങള്‍ ഇനി ദുരിതാശ്വാസ ഓഫീസുകളിലേക്ക് അയക്കുക. ഇവിടെ സ്ഥലമില്ല'. മുപ്പതുലക്ഷത്തോളം വരുന്ന മഗ്സസെ അവാര്‍ഡ് തുകയും അഞ്ചുലക്ഷത്തോളം വരുന്ന ജ്ഞാനപീഠ പുരസ്‌കാരത്തുകയും മുഴുവനായി മഹാശ്വേത ആദിവാസികള്‍ക്ക് നല്‍കി, സ്വയം ലാളിത്യത്തിലേക്കും ഏകാന്തതയിലേക്കും ഒതുങ്ങി.

ഈ സമര്‍പ്പണവും ആത്മാര്‍ഥതയും നേരിട്ടറിഞ്ഞതുകൊണ്ടാണ് ആദിവാസി ഊരുകളില്‍ച്ചെല്ലുമ്പോള്‍ ദേവീവിഗ്രഹത്തിന്റെ പട്ടുകൊണ്ട് അവര്‍ മഹാശ്വേതയെ പുതപ്പിക്കുന്നത്. ആ പട്ടുകൊണ്ട് ഒരിക്കലും മനുഷ്യരെ പുതപ്പിക്കരുത് എന്ന പുരാതന കല്പനകളും വിശ്വാസങ്ങളും അപ്പോള്‍ പാഴ്വാക്കുകളാവുന്നു. അവര്‍ക്ക് മഹാശ്വേത ദീദിയാണ്, അതിലുപരി ദേവിയും.

ഭര്‍ത്താവ് ബിജോണ്‍ ഭട്ടാചാര്യയുമൊത്തുള്ള പട്ടിണിയുടെ ദിനങ്ങളില്‍ 'യുഗാന്തര്‍' എന്ന പത്രത്തിനുവേണ്ടി ഉള്‍നാടന്‍ പത്രപ്രവര്‍ത്തകയായി ജോലിചെയ്തപ്പോഴാണ് 
ദേവി ആദിവാസികളുടെ ജീവിതത്തിലേക്കും വേരുകളിലേക്കും ആത്മാവിലേക്കും ഇറങ്ങിച്ചെല്ലുന്നത്. 

മഹാശ്വേത ഒരിടത്തെഴുതി: 'ഞാന്‍ എപ്പോഴും പറയാറുണ്ട്, വളഞ്ഞുപുളഞ്ഞ് ഒഴുകുന്ന ഒരു പുഴപോലെയാണ് ഞാനെന്ന്. അങ്ങനെ ഒഴുകിയൊഴുകിയാണ് ഞാന്‍ ആദിവാസികള്‍ക്കിടയിലെത്തിയത്. 

ജാര്‍ഖണ്ഡിലെയും സിങ്ങ് ഭൂമിലെയും ഗ്രാമങ്ങളിലും വനങ്ങളിലും ഞാന്‍ അലഞ്ഞുനടന്നിട്ടുണ്ട്. 

ആദിവാസിലോകമാണ് എന്റെ ലക്ഷ്യസ്ഥാനം. അതിനോട് കൂടുതല്‍കൂടുതല്‍ അടുക്കുമ്പോള്‍ ഞാന്‍ മധ്യവര്‍ഗത്തില്‍നിന്ന് വേര്‍പെട്ടുപോകുന്നു'

വാക്കുകളുടെയും കര്‍മത്തിന്റെയും പടയോട്ടമായിരുന്നു മഹാശ്വേതാ ദേവിയുടെ ജീവിതം. ഇപ്പോള്‍ അതിന് വിരാമമായിരിക്കുന്നു. ആലംബഹീനരായ എത്രയോ അജ്ഞാത മനുഷ്യരെ അനാഥമാക്കിക്കൊണ്ടാണ് മഹാശ്വേത മറഞ്ഞിരിക്കുന്നത്. 2013-ലെ ജയ്പുര്‍ സാഹിത്യോത്സവത്തിലെ മുഖ്യപ്രഭാഷണം മഹാശ്വേതാദേവിയായിരുന്നു നിര്‍വഹിച്ചത്. അന്ന് ജയ്പുരിലെ തണുത്തപുലരിയില്‍ ഊറ്റത്തോടെ പറഞ്ഞ ഈ വാക്കുകളില്‍ മഹാശ്വേതാ ദേവി മുഴുവനായുണ്ട്:

''ജീവിതത്തിന്റെ കാര്യത്തില്‍ ഞാന്‍ സന്തോഷവതിയാണ്. ആര്‍ക്കും ഞാന്‍ കടപ്പെട്ടിട്ടില്ല, സമൂഹം സൃഷ്ടിച്ച ഒരു നിയമത്താലും ഞാന്‍ കെട്ടിവരിയപ്പെട്ടിട്ടില്ല, എനിക്കുചെയ്യാന്‍ തോന്നിയതെല്ലാം ഞാന്‍ ചെയ്തു, പോവേണ്ട സ്ഥലത്തെല്ലാം ഞാന്‍ പോയി, തോന്നിയതെല്ലാം എഴുതി... ഞാന്‍ ശ്വസിച്ച വായുവില്‍നിറയെ വാക്കുകളായിരുന്നു''.