സാധാരണമോ അല്ലെങ്കിൽ അടക്കിനിർത്താനാവാത്തതോ ആയ ഇഷ്ടം പൂച്ചകളോട് എനിക്കില്ലായിരുന്നു. പക്ഷെ ഒരു കാര്യം സത്യമാണ്, ജന്മനാ പൂച്ചസ്‌നേഹികളായവരോടൊപ്പം ഞാൻ ഒരുപാട് താമസിച്ചിട്ടുണ്ട്. അതിൽ രണ്ടു പേർ ഇന്ന് ഭൂമിയിലില്ല, മൂന്നാമത്തെയാൾ ഉണ്ട്. അയാൾക്കിപ്പോഴും പൂച്ചഭ്രാന്ത് ഉണ്ടാകുമോ?  അതെനിക്കറിയില്ല.

എനിക്കറിയാവുന്ന പൂച്ചഭ്രാന്തൻമാരെപ്പറ്റി ഞാൻ പറയാം. എന്നെ സംബന്ധിച്ച,്  നായകളേക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത് പൂച്ചകളെയാണ്. എന്നാൽ എന്റെ കിടക്കയിലോ എഴുത്തുമേശയിലോ അല്ല. ജനാലയ്ക്കു മുന്നിലിരുന്ന് അവയെ നോക്കിയിരിക്കാനാണ് എനിക്കിഷ്ടം. ആ കറുത്തു സുന്ദരൻ ആൺ പൂച്ചയ്ക്കിഷ്ടം മരത്തിൽ കയറുന്ന അണ്ണാറകണ്ണൻമാരെ ഓടിച്ചു കളിക്കാനാണ്. ചാരനിറത്തിലുള്ള അമ്മപൂച്ചയ്ക്ക് മീൻകാരന്റെ വണ്ടിയ്ക്കു പിന്നാലെ ഓടാനും. 

എന്റെ അമ്മയുടെ താവഴിയിൽ ഒരു ദത്ത് അമ്മായിയുണ്ടായിരുന്നു. 'മോനി മാഷി' എന്ന് അമ്മ വിളിക്കുന്ന അവർ ബാല്യത്തിലെ വിധവയായതായിരുന്നു. എന്റെ അമ്മയുടെ അമ്മൂമ്മയുടെ പരിപാലനത്തലായിരുന്നു അവർ കഴിഞ്ഞത്. ശക്തയായ ഒരു സ്ത്രീയായിരുന്നു അവർ. തന്റെ ഭർത്താവിന്റെ ദിയോഗറിലെ ഒരു നില ബംഗ്ലാവിൽ കറവപ്പശുക്കൾക്കും, പച്ചക്കറിത്തോട്ടത്തിനുമിടയിലായിരുന്നു അവർ താമസിച്ചിരുന്നത്. അവിടെ അടുത്തുള്ള ഗ്രാമങ്ങളിൽ നിന്നെല്ലാം സന്ദർശകർ വരുമായിരുന്നു.  

നേരം വെളുക്കുമ്പോൾ തൊട്ട് മോനി ദീദീമ പാലു തിളപ്പിച്ചു തുടങ്ങും, എന്നിട്ട് അതു കുറുക്കി ഖീർ, സന്ദേശ് തുടങ്ങി മധുരപലഹാരങ്ങൾ ഉണ്ടാക്കും. ഒരു പൂച്ചപ്പട തന്നെ ഉണ്ടായിരുന്നു അവർക്ക്- റാണി, ബൂണി, ബീഗം എന്നൊക്കെയാണ് പേരുകൾ. ഒരിക്കൽ ആ വീടിന്റെ ശരിയായ വീട്ടുകാരി, എന്റെ അമ്മയുടെ അമ്മൂമ്മ 'ബീഗം' എന്ന പേരു കേട്ട് മുഖം ചുളുക്കി, എന്നിട്ട് പറഞ്ഞു, എന്ത്? ഒരു മുസ്ലീം പേരോ? മോനി ദീദീമ അവളുടെ പേര് ഡോൽന എന്നാക്കി.

ആ വിശാലമായ വീടിന്റെ അവസാനത്തെ പരിപാലകയായിരുന്നു മോനി ദീദീമ. അവർ അവരുടെ പശുക്കൾക്കും പൂച്ചകൾക്കുമൊപ്പം ജീവിച്ചു. എന്റെ അമ്മ ഒരിക്കൽ അവരെ സന്ദർശിക്കാനായി പോയി വന്നശേഷം ഇങ്ങനെയാണ് പറഞ്ഞത്- മോനി മാഷിയുടെ പശുക്കൾ കിടക്കുന്നത് കുതിരകൾക്കുള്ള കമ്പളങ്ങളിലാണ്, ശൈത്യത്തിൽ അവർ ചൂടു ചായയും മൊത്തിക്കുടിക്കും. 

-അവരുടെ പൂച്ചകൾ?
-എഴേ ഉള്ളു
-അവർ പാലു മുഴുവൻ കുടിക്കുമോ?
-തീർച്ചയായും 
-പശുക്കൾ കുതിരകൾക്കുള്ള കമ്പളങ്ങളിൻമേലാണോ ഉറങ്ങുന്നത്?
-തീർച്ചയായും

പിന്നെ, ഒരു 30 വർഷത്തിനുശേഷം, പത്തൊമ്പത് പൂച്ചകളോടൊപ്പം കഴിയാനുള്ള അതിമഹാ ഭാഗ്യം എനിക്കുണ്ടായി. എന്റെ തൊട്ടടുത്തുള്ള താമസക്കാരന്റെ മകന് പത്തൊൻപത് പൂച്ചകളുണ്ടായിരുന്നു. ഇപ്പോൾ, തിരിഞ്ഞു നോക്കുമ്പോൾ എനിക്കു തോന്നുന്നത് ഇത് എന്റെ വിധിയാണ് എന്നാണ്. അല്ലാതെ, എന്തുകൊണ്ടാവും ആ കുട്ടിയോട് എനിക്കിത്രമാത്രം സ്‌നേഹം തോന്നിയത്? എന്നിട്ട് പുസ്തകങ്ങൾ അടക്കിവാഴുന്ന എന്റെ കുഞ്ഞു ഫ്‌ലാറ്റിൽ അവന്റെ പൂച്ചകളെ താമസിപ്പിക്കുകയും ചെയ്തു. പൂച്ചകൾ കൊടും അച്ചടക്കമുള്ളവരായിരുന്നു. അവർക്ക് ഊണും അത്താഴവും കഴിക്കാനായി കുഞ്ഞു അലൂമിനിയം പാത്രങ്ങൾ ഉണ്ടായിരുന്നു. അതിലെ കറുമ്പന്റെ വിനോദം കുരുവികളെയും പ്രാവുകളെയും പിടിച്ചു തിന്നലായിരുന്നു. ഈ പൂച്ചകൾ ഒരിക്കലും നന്ദിയില്ലാത്തവരല്ലായിരുന്നു. അവർ കാക്കകളെ ഓടിക്കുകയും കൂമനെ വിരട്ടാനായി മരത്തിൽ കയറുകയും ചെയ്തു. ഇപ്പോൾ 35 വർഷങ്ങൾക്കുശേഷം, ഈ ഒരു ദിവസമാണ് ഞാനൊരു കാര്യം കണ്ടുപിടിച്ചത്. ഒന്നിനു മേലെ ഒന്നായി ഒരു പോലെ അടുക്കിവച്ച എന്റെ രണ്ടു നിഘണ്ടു അട്ടിയുടെ ഇടയിൽ ചാരനിറത്തിലുള്ള ഒരു പൂച്ച കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ ശ്രമിക്കുന്നു. ഞാനവളെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുകയാണ്. ആരാകും ജയിക്കുക? പൂച്ചയോ ഞാനോ? ഞാനതും നോക്കി കാത്തിരിക്കും. 
(ജോഷി ജോസഫിന്റെ ‘മഹാശ്വേതാദേവി ക്ലോസപ്’ എന്ന ഡോക്യുമെന്ററിക്കു  വേണ്ടി എഴുതിയത്‌)