പ്രകൃതി മൂടിനില്പാണ്. മുഖം കാണാനാകുന്നില്ല. എന്നെ കത്തിച്ച് കളയരുതെന്നുപറഞ്ഞ മഹാശ്വേതയെക്കാത്ത് തീനാളങ്ങൾ ഒരുങ്ങുമ്പോൾ, ദീദിക്ക് ഏറ്റവും പ്രിയപ്പെട്ട ആയുധമുപയോഗിച്ച് മുന്നേറുംമുമ്പ്, ഒന്ന് നമിച്ചിട്ട് തുടങ്ങട്ടെ...
തോപ്പുംപടിയിൽനിന്ന് മജീന്ദ്രൻ വിളിക്കുന്നു, റാഞ്ചിയിൽനിന്ന് മേഘ്നാദ് വിളിക്കുന്നു... ബംഗാളിന്റെയും പഴയ ബിഹാറിന്റെയും ഗുജറാത്തിലെ തേജ്ഗഡിലെയും അഹമ്മദാബാദിലെയും മജീന്ദ്രൻമാർക്ക് വിളിക്കാൻ ഒരു നമ്പർകൂടി ഇല്ലാതാവുകയാണ്. ബംഗാളി നവോത്ഥാനസംവേദനങ്ങളെ ഞാൻ തൊട്ടത് മഹാശ്വേതയിലൂടെയാണ്. ബുദ്ധദേവ് ഭട്ടാചാര്യ സ്റ്റാലിനിസ്റ്റ് മിമിക്രിയുടെ പ്രാദേശികചൊല്ലിയാട്ടം തുടങ്ങിയ കാലത്തുതന്നെ മഹാശ്വേതാദേവി പത്രത്തിലെ ഒന്നാംപേജ് പംക്തിയിലൂടെ തുടരെത്തുടരെ സൂചനകൾ നൽകിക്കൊണ്ടിരുന്നു. മറ്റൊന്നുമല്ല എഴുതിയത്, ‘ബുദ്ധോ (ബുദ്ധദേവിന്റെ വിളിപ്പേര്)നീ നന്ദനിൽപ്പോയി (എ.ജെ.സി. ബോസ് റോഡിലെ നന്ദൻ തിയേറ്റർ) പുസ്തകം വായിക്കുന്നു. നല്ലതാണ്. പക്ഷേ, ജനങ്ങളെ വായിക്കുകയാണ് പ്രധാനം’. കേട്ടില്ല. ബുദ്ധിജീവിയായിരുന്ന ബുദ്ധദേവിന് താങ്ങാനാവുന്നതിലും വലിയ ചരിത്രത്തിന്റെ ഒരു ഐറണിക്ക് കൊൽക്കത്തയിൽ ഞാൻ സാക്ഷിയായി.
മഴക്കാലത്ത് വെള്ളത്തിനടിയിലായിപ്പോകുന്ന ബംഗാളിന്റെ വിവിധ ജില്ലകളിൽനിന്ന് ആദ്യം ഫോൺവരുന്നത് മഹാശ്വേതയുടെ ലാൻഡ് ലൈനിലേക്കായിരുന്നു. മാർക്സിസ്റ്റ് പാർട്ടിയുടെ ലോക്കൽ കമ്മിറ്റി ഓഫീസുകൾ പ്രവർത്തിക്കാത്ത ഗ്രാമങ്ങൾ ഇല്ലാതിരുന്നകാലം. ‘പാർട്ടി സൊസൈറ്റി’ എന്ന് സാമൂഹികശാസ്ത്രജ്ഞർ തലക്കെട്ടിൽത്തന്നെ എഴുതിയിരുന്ന ബംഗാളിലെ ഭരണത്തിന്റെ സിരാപടലമായിരുന്നു ഈ ലോക്കൽ കമ്മിറ്റികൾ. പക്ഷേ, പ്രശ്നം ഭരണസിരാകേന്ദ്രമായ റൈറ്റേഴ്സ് ബിൽഡിങ്ങിലെത്താൻ ‘ത്രൂ പ്രോപ്പർ ചാനൽ’ വഴിതന്നെ പോയേതീരൂ. എന്നാൽ, വെള്ളപ്പൊക്കത്തിന് പൊളിറ്റ് ബ്യൂറോ അനുമതി വേണ്ടിയിരുന്നില്ല. ജനങ്ങൾ ദീദിയെ വിളിക്കുന്നു. ദീദി കളക്ടറെ വിളിക്കുന്നു. ഏതൊക്കെ ഗ്രാമങ്ങളിലാണ് അരിയും പരിപ്പും എത്തിച്ചതെന്നും മാറ്റിപ്പാർപ്പ് നടന്നതെന്നും ദീദിയിൽനിന്ന് കളക്ടർ വിവരം ശേഖരിക്കുന്നു. തീർന്നില്ല. കൈകൊണ്ടെഴുതിയ നിവേദനം കവറിലാക്കി, നാവുകൊണ്ട് സ്റ്റാമ്പ്നനച്ച് ഒട്ടിച്ച് സ്പീഡ്പോസ്റ്റിൽ പറത്തുന്നു. ഒന്ന് കളക്ടർക്കും മറ്റൊന്ന് ബുദ്ധദേവിനും.
അതാണ് ബുദ്ധദേവിന് വഴങ്ങാതിരുന്ന ചരിത്രത്തിന്റെ ഡയലറ്റിക്സ്. മഹാശ്വേത വർഗസമരസിദ്ധാന്തങ്ങളിൽനിന്ന് മദർ തെരേസിയൻ ചാരിറ്റിയിലേക്ക് ചായുന്നുവെന്നോ എഴുത്തുകാർക്ക് സ്വതവേയുള്ള വാക്ചാതുരിയുടെ ഗീർവാണങ്ങൾ കാച്ചുന്നുവെന്നോ നേരിട്ട് വിളിച്ചുപറയേണ്ട ശരിയാക്കേണ്ട കാര്യങ്ങൾ പൊതുഇടങ്ങളിൽ പറയുന്ന കൂറില്ലാത്ത ബുദ്ധിജീവിയെന്നോ ഒക്കെയാകണം ചെറുകിട സാഹിത്യവാസനയും മുദ്രാവാക്യമെഴുത്തുപണിയുമൊക്കെ കൈവശമുണ്ടായിരുന്ന ബുദ്ധദേവ് കരുതിയിട്ടുണ്ടാവുക. അത്രയ്ക്ക് കടുകട്ടിയായിരുന്നു ചരിത്രം അതിന്റെ കീശമടക്കുകളിൽ ഒളിപ്പിച്ചുവെച്ചിരുന്നതും ഇപ്പോൾ അശോക് മിത്ര ഏറ്റവും ഒടുവിൽ ടെലിഗ്രാം പത്രത്തിൽ എഴുതിയതുമായ ചരിത്രസത്യം.
റഷ്യൻ സഖാക്കളിൽനിന്ന് ഇന്ത്യൻ സഖാക്കൾ ഏറ്റുവാങ്ങിയത് അതിന്റെ അച്ചടക്കനിബദ്ധമായ രാഗം മാത്രമായിരുന്നു. ജാതിയെ അഭിസംബോധനചെയ്യാതെ ഭാരതത്തിൽ പച്ചകുത്താൻ സാധിക്കില്ലെന്ന് ഗീർവാണങ്ങൾക്കിടയിൽ പാർട്ടി മനസ്സിലാക്കിയില്ല. കോൺഗ്രസ്പാർട്ടിയുടെ മണ്ണിൽ മതനിരപേക്ഷതയും സോഷ്യലിസവും ആശയപരമായി നിലനില്പുണ്ട് എന്ന എന്റെ ബുദ്ധിയിൽ ഇപ്പോഴും ബൾബ് കത്തുന്നുണ്ട്. ഡൽഹി ഭരിച്ചിരുന്ന കോൺഗ്രസ്സിനോട് അനുരാഗത്തിന്റെ അടവുനയം റഷ്യയിൽനിന്ന് ഉപദേശിച്ചത്. ഉരുക്കുമുഷ്ടിയുള്ള അച്ചടക്ക ചട്ടക്കൂടുമാത്രമേ എന്നാൽ, റഷ്യയിൽനിന്നും മാർക്സിസ്റ്റ് പാർട്ടി സ്വന്തമാക്കിയുള്ളൂ. അതിനാൽ, സ്വതന്ത്രരായ ഇടതുപക്ഷ സഹചാരികൾക്ക് ഈ സ്റ്റാലിനിസ്റ്റ് സംവിധാനത്തിൽ യാതൊരു ഇടവുമുണ്ടായിരുന്നില്ല. പാർട്ടിയുടെ ലോക്കൽ കമ്മിറ്റികളിൽനിന്ന് അത് മുകളിലേക്കെത്തണം. മുകളിലിരിക്കുന്ന സഖാവ് മുതലാളിക്ക് സുഖിക്കുന്ന കാര്യങ്ങൾമാത്രമേ താഴെനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടുള്ളൂ എന്നതുകൊണ്ടും മഹാശ്വേതാദേവിയെപ്പോലൊരു ജന്മത്തിന്റെ ജാതകം സഖാക്കളുടെ അപഗ്രഥനങ്ങൾക്ക് സത്യത്തിൽ അപ്രാപ്യമായിരുന്നു. തുടക്കത്തിൽ ഫോൺവിളികളിലൂടെയും പിന്നീട് ദിനപ്പത്രത്തിലെ സ്ഥിരം കോളത്തിലൂടെയും മഹാശ്വേതാദേവി അടക്കത്തിലും ഉടക്കുഭാഷയിലും പറഞ്ഞുകൊണ്ടിരുന്ന പരുക്കൻ വാസ്തവങ്ങൾ ആരും ചെവിക്കൊണ്ടില്ല. പോരാണ് നേരത്തെ സൂചിപ്പിച്ച ഭാഷയുടെയും ആശയപ്രകാശനത്തിന്റെയും പ്രശ്നങ്ങൾ. നന്ദനിൽപ്പോയി സിനിമ കാണുകയും പുസ്തകംവായിക്കുകയുംമൊക്കെ ചെയ്യുന്നത് കൊള്ളാം. പക്ഷേ, മനുഷ്യനെ വായിക്കുകയാണ് പ്രധാനമെന്ന് പൊളിറ്റ് ബ്യൂറോ താക്കീത്ചെയ്തിരുന്നെങ്കിൽ ചെവിക്കൊണ്ടേനെ. എന്നാൽ, ഇങ്ങനെയൊരു പ്രയോഗം ഒരു എഴുത്തുകാരിയിൽനിന്ന് വരുമ്പോൾ മനസ്സിലാക്കാൻ പ്രയാസംതന്നെയായിരുന്നു.
ഭൂപരിഷ്കരണത്തിലൂടെ ജനങ്ങളുടെ ഉള്ളിന്റെയുള്ളിൽ ഇടംപിടിച്ചതുകൊണ്ടാണ് ബംഗാളിൽ മാർക്സിസ്റ്റ് പാർട്ടി ആഴത്തിൽ വേരുകളാഴ്ത്തിയത്. എന്നാൽ, സിദ്ധാന്തവും പ്രയോഗവും തമ്മിൽ വാസ്തവവും ലോക്കൽകമ്മിറ്റി പ്രമേയങ്ങളും തമ്മിൽ വിള്ളലുകൾ വീണ് തുടങ്ങിയ കാലത്തുതന്നെ, എന്നും ജനങ്ങളിലേക്ക് ഒരേ ആവേശത്തോടെ ഓടിയെത്തിക്കൊണ്ടിരുന്ന മഹാശ്വേതയിലെ മനീഷി അത് മനസ്സിലാക്കുകയും വരുംവരായ്കകൾ നോക്കാതെ എഴുതിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു കാലത്താണ് കോൺഗ്രസ്സുകാരിയായിരുന്ന മമതാബാനർജി മഹാശ്വേതയുടെ അനുഗ്രഹാശിസ്സുകൾ തേടിയെത്തുന്നത്. നന്ദിഗ്രാം, സിംഗൂർ ഭൂസമരങ്ങളുടെ കാലത്ത് മമതാ ബാനർജി മാർക്സിനെ അട്ടിമറിക്കാൻ ടാഗോറിനെയും ഈ സമരതീഷ്ണ അന്തരീക്ഷത്തിലൂടെ ഉരുത്തിരിഞ്ഞുവന്ന ഒരു മാതൃബിംബമായി മഹാശ്വേതാദേവി എന്ന ജനകീയപ്രതിഷ്ഠയെയും സമർഥമായി ഉപയോഗിച്ചു. ‘മാ, മഠി, മനുഷ്’ (മാതാവ്, മണ്ണ്, മനുഷ്യൻ) എന്ന തൃണമൂൽ മുദ്രാവാക്യത്തിലെ ‘മാ’ എന്ന പ്രതിനിധാനം മഹാശ്വേതയാണെന്നും അമ്മയുടെ അനുഗ്രഹാശിസ്സുകളുണ്ടെങ്കിൽ ഈ മണ്ണും മനുഷ്യനും സുരക്ഷിതവും സ്വസ്ഥവുമാണെന്നും വിശ്വസിക്കാൻ ജനങ്ങൾ തയ്യാറായി. കേൾക്കുമ്പോൾ ഒരു പുണ്യപുരാണ അമർകഥയിലേക്ക് ചരിത്രത്തെ ചുരുക്കുകയല്ലേ എന്ന് വർണ്യത്തിലാശങ്ക വരാവുന്നതേയുള്ളൂ. എന്നാൽ, മഹാശ്വേതാദേവിയോടൊപ്പം 2007, 2008 കാലത്ത് ഞാൻ നടത്തിയ നന്ദിഗ്രാം സന്ദർശനങ്ങൾ ഒരു ദൃക്സാക്ഷിവിവരണത്തിനുള്ള മിനിമം യോഗ്യതയായി എന്നോടൊപ്പമുണ്ട്.
ഏഴോ എട്ടോ തവണ ദീദിയോടൊപ്പം നന്ദിഗ്രാമിൽപ്പോകുകയും അവിടെ താമസിക്കുകയും എഴുത്തുകാരിയിലെ ദാർശനിക പൗരത്വം ദൈനംദിനപ്രശ്നങ്ങളിൽ ഇടപെടുമ്പോൾ, അതെത്രമാത്രം ജാഗരൂകവും ദശാവതാരരൂപിയുമായിരിക്കുന്നുവെന്ന് നേരിൽ ബോധ്യപ്പെടുകയുംചെയ്തു എന്നത് ഒരായിരം പുസ്തകങ്ങൾ വായിക്കുന്നതിനേക്കാൾ വിലപ്പെട്ട അനുഭവമായിരുന്നു. ഈ കാലഘട്ടത്തിൽ മമതാബാനർജിയെ മഹാശ്വേതാദേവി ഇടത്തേക്ക് കൂട്ടുകയുണ്ടായി. ഇടതുപക്ഷം അതിന്റെ അടിസ്ഥാന പ്രമാണങ്ങളിൽനിന്ന് വലതുപക്ഷ വ്യതിയാനത്തിലേക്ക് എത്തിപ്പെടുകയും വള്ളിച്ചെരിപ്പും കോട്ടൺസാരിയും ധരിച്ച് മമതാബാനർജി ആ ഇടതുപക്ഷപ്രതീതിയെ പ്രസാദത്തോടെ പുണരുകയും ചെയ്തു. ബാക്കി ചരിത്രം. ബംഗാളിന്റെ വിജാഗിരികൾ കരയുകതന്നെയാണ്. അശോക് മിത്രയുടെ ലേഖനത്തിലേക്ക് തിരിച്ചുവന്ന്, മഹാശ്വേതാദേവി എന്ന ക്രിയാപദത്തെ ഒന്നുകൂടി സ്പർശിച്ച് അവസാനിപ്പിക്കുകയാണ്. രബീന്ദ്രനാഥ ടാഗോറിനുശേഷം ഒറ്റയ്ക്കും തെറ്റയ്ക്കും ചില എഴുത്തുകാർ മധ്യവർഗപ്രശ്നപരിസരങ്ങളിൽനിന്ന് കീഴാളജീവിതങ്ങളിലേക്ക് ബംഗാളിസാഹിത്യത്തെ ചരിപ്പിച്ചിട്ടുണ്ട്. എന്നാൽ, മഹാശ്വേതാദേവിയാണ് അക്ഷരാർഥത്തിൽ ബംഗാളി സാഹിത്യത്തിൽ ശക്തവും ബഹുസ്വരവുമായ കീഴാളപ്രതിഷ്ഠ നടത്തിയത്. പുരുളിയ എന്ന ആദിവാസിമേഖലയിലെ ഒരു പ്രത്യേക ആചാരമുണ്ട്. അവർ ദേവിയെ അണിയിപ്പിക്കുന്ന മോടിയുള്ള ഒരു ആവരണമുണ്ട്. മനുഷ്യർക്ക് അത് നിഷിദ്ധമത്രെ. മഹാശ്വേതാദേവിയോടൊപ്പം പരുളിയയുടെ വരണ്ടഭൂമിയിലൂടെ യാത്രചെയ്തപ്പോൾ ഞാനത് കണ്ടു. ദേവിക്കുമാത്രമായി കരുതിവെക്കുന്ന ആ പുതപ്പുകൊണ്ടാണ് അവർ മഹാശ്വേതാദേവിയെ സ്വീകരിക്കുന്നതും ആദരിക്കുന്നതും. ജവാഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽ ആലോചനയുടെ ആയാസങ്ങൾ പഠിക്കാനാകും. എന്നാൽ അടിസ്ഥാനവർഗവേരുകളില്ലാതെ ആശയങ്ങളുടെ ആകാശത്ത് പറന്നുനടക്കുന്ന അപ്പൂപ്പൻതാടികളാണ് ഡൽഹിയുടെ നേതൃത്വമെന്നും അവർക്ക് ജനങ്ങളുടെ നാഡിമിടിപ്പുമായി പുലബന്ധംപോലുമില്ലാത്തതുമാണ് പാർട്ടിയുടെ വിശിഷ്യാ ബംഗാളിഘടകത്തിന്റെ നാശത്തിനുകാരണം എന്നുമാണ് അശോക്മിത്ര പറയുന്നത്.
വിജയൻ മാഷിനെപ്പറ്റി പല ലേഖകർ എഴുതിയ ഒരു ലേഖനസമാഹാരത്തിന് പേരിട്ടത് ‘പുരയ്ക്കുമേൽ ചാഞ്ഞ മരം’ എന്നായിരുന്നു. പാവം വിജയൻ മാഷോ, അമ്ളഭാഷിയായിരുന്ന മഹാശ്വേതയോ അല്ല പുരക്കുമേൽ ചാഞ്ഞ മരങ്ങളെന്ന്, ആരാണ് ഇനി ഇതേഭാഷയിൽ സംസാരിക്കാൻ ഇന്ത്യയിൽ ബാക്കിയായിരിക്കുന്നത് എന്ന് എനിക്ക് നിശ്ചയംപോരാ. തേജ്ഗഡിൽവെച്ചാണ് ദീദി പറഞ്ഞത്, ‘‘എന്നെ ദഹിപ്പിക്കരുത്, മണ്ണിനടിയിൽ നിക്ഷേപിക്കുക. അതിനുമുകളിൽ ഒരു മഹുവാമരം നടുക’’ ദീദി, മഹുവാമരത്തിൽ വിരിയുന്ന പുഷ്പവും കായും വാറ്റി ആദിവാസികൾ മഹുവാകുടിക്കുമ്പോൾ സിരാവീര്യമായി നീ പുനർജനിക്കുമല്ലോ... സ്വസ്തി.
(കൊൽക്കത്തയിൽ താമസിക്കുന്ന ഫിലിം മേക്കറും എഴുത്തുകാരനുമാണ് ലേഖകൻ. മഹാശ്വേതാദേവിയെക്കുറിച്ച് മൂന്നുചിത്രങ്ങൾ ചെയ്തിട്ടുണ്ട്.)