മരണത്തിന്റെയും മാറ്റത്തിന്റെയും കണക്കുപുസ്തകമാണ് കഴിഞ്ഞ ആറു പതിറ്റാണ്ടത്തെ മലയാളം. ജനനത്തിന്റെയും വിചിത്രജന്മങ്ങളുടെയും എന്നുകൂടി ചേര്‍ത്താലേ വാക്യം പൂര്‍ത്തിയാവൂ. ലിപികളുടെ മരണവും ജനനവും രൂപാന്തരണവും. വാക്കുകളുടെ മരണവും ജനനവും; അര്‍ത്ഥാന്തരങ്ങളും അനര്‍ത്ഥങ്ങളും.

സോവിയറ്റ് യൂണിയന്റെ അസ്തമയവും 'ഉദാരീകരണ'ത്തിന്റെയും 'ആഗോളീകരണ'ത്തിന്റെയും ഉദയവും ഉത്തരാധുനികതയും വന്നു. ആ ചരിത്രസന്ധിയിലാണ് 'ബോഞ്ചി' മരിച്ചത്. നാരങ്ങാവെള്ളവും ലൈംജ്യൂസുമായി അതിന്റെ ശരീരം ഭാഷാഭൂതങ്ങളില്‍ ലയിച്ചു. 

മരണവാര്‍ത്തകളില്‍ തുടങ്ങേണ്ട കഥയാണിത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തില്‍, കൃത്യമായിപ്പറഞ്ഞാല്‍ 1970കളുടെ തുടക്കത്തില്‍ ആ മരണം സംഭവിച്ചു. മണലിലും ഓലയിലും കളിമണ്‍ സ്ലേറ്റിലും പിന്നീടുമാത്രം കടലാസിലും തലമുറ തലമുറകള്‍ എഴുതിപ്പഠിച്ചുറച്ച ലിപിസഞ്ചയം, ശ്ലോകത്തിലെ 'അമ്പത്തൊന്നക്ഷരാളി'യാണു മരിച്ചത്. 'പഴയലിപി' എന്ന് പിന്നീട് പരേത/ന്‍ വിളിക്കപ്പെട്ടു. പുതിയലിപി ജനിച്ചപ്പോഴാണ് പഴയലിപി മരിച്ചത്. ഒരു യന്ത്രത്തിനുവേണ്ടിയുള്ള അരുംകൊലയായിരുന്നു അത്  ടൈപ്പ് റൈറ്ററിനുവേണ്ടിയുള്ള ലിപിഹത്യ. ലിപിപരിഷ്‌കരണം എന്നുപേരിട്ട ആ അക്ഷരക്കൊല അഥവാ പുതിയ ലിപിവിന്യാസക്രമത്തിന്റെ സൃഷ്ടിയുടെ
ഏറ്റവും വലിയ രക്തസാക്ഷി '

malayalam old lipi(ഉച്ചാരണം: ലു്) വായിരുന്നു. സ്വരാക്ഷരങ്ങളില്‍ 'ഋ' കഴിഞ്ഞ് അന്തര്‍മുഖനെപ്പോലെ പ്രത്യക്ഷപ്പെട്ടിരുന്ന ആ അക്ഷരം ലിപികളിലെ ഏകാകിയും മൂകനുമായിരുന്നു. അതിനെക്കൊണ്ട് kliptham (ക്ല്പ്തം എന്ന് ഉച്ചാരണം) എന്ന വാക്കുമാത്രമേ എഴുതാനുള്ളൂ എന്നതിനാല്‍ malayalam old lipi  വധിക്കപ്പെട്ടു. പകരം ലകാരത്തിലെ ചിഹ്നമായ

 laകൊണ്ട് ഒപ്പിക്കാമെന്ന വ്യവസ്ഥവന്നു. അങ്ങനെ 'ക്ലിപ്തം' ജനിച്ചു. 

ടൈപ്പ് റൈറ്ററിനുവേണ്ടി ലിപി പരിഷ്‌കരണം 'ങ'യെയും കൊല്ലാനും തടവിലാക്കാനും ശ്രമിച്ചു. 'ംഗ' എന്നെഴുതിയാല്‍ 'ങ'യാവുമെന്ന വിധിവന്നു. സിങ്/സിംഗ്, ലോങ്/ലോംഗ് എന്നിങ്ങനെ വാക്കുകള്‍ പിറന്നു. പിന്നീട് കംപ്യൂട്ടര്‍ 'ങ'യെ പുനര്‍ജീവിപ്പിച്ചത് ജനനത്തിന്റെയും തടവറ വിമോചനത്തിന്റെയും കഥ.

വാക്കുകള്‍ പാഴാവുകയും അര്‍ഥശൂന്യമാവുകയും തിരസ്‌കരിക്കപ്പെടുകയുമായിരുന്നു കഴിഞ്ഞ അറുപതു കാലമായി; പുതിയ വാക്കുകള്‍ ജനിക്കുകയും. പോയവാക്കുകളും വന്ന വാക്കുകളും. ദീര്‍ഘകാലമായി ഭാഷയില്‍ ഉപയോഗിക്കപ്പെട്ടുവന്നതും കേരളപ്പിറവിക്ക് അറുപതാണ്ടാവുന്ന ഇക്കാലമാവുമ്പോഴേക്കും പൊതുവേ ഉപയോഗിക്കപ്പെടാത്തതുമായ വാക്കുകളുടെ ഒരു പട്ടികയിങ്ങനെ:

1. അംശം (സ്ഥലസൂചകം)
2. അധികാരി (റവന്യു ഉദ്യോഗസ്ഥന്‍)
3. പാര്‍വത്യകാര്‍ / പ്രവൃത്ത്യാര്‍ (റവന്യു ഉദ്യേഗസ്ഥന്‍)
4. ആഗതന്‍
5. ഇതികര്‍ത്തവ്യതാമൂഢന്‍
6. ത്ധടുതി
7. വഴിപോക്കന്‍
8. വാധ്യാര്‍
9. റൗക്ക
10. ജംബര്‍
11. രണ്ടാംമുണ്ട്
12. ഉത്തരീയം
13. ഗ്രാമസേവകന്‍
14. കാവ്യതല്ലജം
15. സഹൃദയഹൃദയാഹ്ലാദകം
16. ഹഠാദാകര്‍ഷിക്കുക
17. രമ്യഹര്‍മ്യം
18. പ്രിയതമ
19. പ്രിയതമന്‍
20. സമക്ഷം
21. പ്രാണനാഥന്‍
22. പ്രാണനാഥ
23. പരിണാമഗുപ്തി
24. മോഹഭംഗം
25. വിനീതവിധേയന്‍
26. ദരിദ്രനാരായണന്‍മാര്‍
27. സ്വസ്ഥം ഗൃഹഭരണം
28. പിഞ്ഞാണം
29. കമ്പി (ടെലിഗ്രാം)
30. തറടിക്കറ്റ്
31. ചാരുബെഞ്ച്
32. ഹൃദയേശ്വരി
33. പ്രാണപ്രിയന്‍
34. പ്രാണപ്രിയ
35. പ്രാണേശ്വരന്‍
36. ഇടിവണ്ടി (പോലീസ്)
37. പട്ടീസ് (പോലീസ്)
38. ചുവപ്പുതൊപ്പി (പോലീസ്)
39. തീപ്പെട്ടു
40.  നാടുനീങ്ങി
41. ഞെട്ടല്‍ രേഖപ്പെടുത്തി (വലിയവര്‍ മരിക്കുമ്പോള്‍)
42. നികത്താനാവാത്ത വിടവ്
43. ഉച്ചഭാഷിണി
44. മുട്ടക്കൂസ്
45. ജാത്യാചാരം
46. സാഹിത്യസമാജം
47. സുബദ്ധം
48. ശിരോമണി
49. വിദ്വാന്‍
50. ഗീര്‍വാണം
51. ഉത്തമോത്തമം
52. മംഗളപത്രം
53. ഗുളികപ്രായം
54. മൂലാതിശായി
55. ഉത്പതിഷ്ണു
56. ബുദ്ബുദം
57. സര്‍വവിദിതം
58. അസ്തിത്വവാദം
59. മദാമ്മ
60. സായിപ്പ്/സായ്വ്
ഈ പട്ടിക ഇനിയും വലുതാക്കാനാവും. മറ്റൊരുപട്ടിക നിര്‍മിക്കാനുമാവും.

പുതുതായിവന്ന വാക്കുകളുടെ ഒരു ചെറുപട്ടിക കൂടി അവതരിപ്പിക്കാം:
1. ഉദാരീകരണം / ഉദാരവത്കരണം
2. ആഗോളീകരണം / ആഗോളവത്കരണം
3. ഉത്തരാധുനികത
4. അപനിര്‍മാണം
5. വായിച്ചെടുക്കല്‍
6. ദളിത്
7. സ്വത്വവാദം
8. സമദൂരസിദ്ധാന്തം
9. ശാക്തീകരണം
10. തൊഴിലുറപ്പ്
11. ശുചിത്വകേരളം
12. പീഡനം (ലൈംഗികചൂഷണം)
13. ബാലവേല
14. സ്ത്രീവാദം
15. പരിസ്ഥിതിവാദം
16. പരിസ്ഥിതി ദുര്‍ബലം
17. ആഗോളതാപനം
18. പരിസ്ഥിതി സൗഹൃദപരം
19. ഭിന്നലൈംഗികത
20. മൂന്നാംലിംഗം
21. ആള്‍ദൈവം
22. മതതീവ്രവാദം
23. ആഗോളഭീകരന്‍
24. ഭീകരവാദം
25. പാശ്ചാത്യവത്കരണം
26. ജന്തുനീതി
27. പാര്‍ശ്വവത്കരണം
28. പ്രാന്തവത്കരണം
29. പാഠവത്കരണം
30. ബ്രാഹ്മിണിത്തം
31. കീഴാളന്‍
32. കര്‍ത്തൃത്വം
33. ജൈവസാങ്കേതികവിദ്യ
34. ജനിതക വ്യതികരണം
35. ബഹുസ്വരത
ഇനിയുമുണ്ട് വന്ന വാക്കുകള്‍. 'ബഹുസ്വരത'യില്‍ ഞാന്‍ ഈ പട്ടിക നിര്‍ത്തുന്നത് മറ്റു സ്വരങ്ങള്‍ക്ക്, അതായത്, പട്ടിക പൂര്‍ത്തിയാക്കാന്‍ തത്പരരായവര്‍ക്ക് അവസരം നല്‍കാനാണ്. അതാണല്ലോ ബഹുസ്വരത.

ആറുപതിറ്റാണ്ടിലെ ഈ ജനനമരണലീലയില്‍ ഒരു വാക്കിന്റെ മരണത്തില്‍ മാത്രമേ എനിക്കു ദുഃഖമുള്ളൂ: ബോഞ്ചി. ഒരു തിരുവനന്തപുരത്തുകാരനെന്ന നിലയിലുള്ള എന്റെ സ്വകാര്യ ദുഃഖവും ഭാഷാവ്യസനവും പ്രതിഷേധവും ബോഞ്ചിയില്‍ കുമിളയിട്ടുപൊന്തുന്നു. നാരങ്ങാവെള്ളമെന്ന് മറ്റുള്ളവര്‍ വിളിക്കുന്ന മധുരപാനീയത്തെ ഞങ്ങള്‍, തിരുവനന്തപുരത്തുകാര്‍, 'ശ്രീപദ്മനാഭന്റെ നാലുചക്രം' വാങ്ങിച്ചെലവിട്ട 'പൊന്നുതമ്പുരാ'ന്റെ പ്രജകള്‍ ബോഞ്ചിയെന്നാണ് 1980കള്‍വരെയും വിളിച്ചത്. ആ ദശകത്തിന്റെ അന്ത്യത്തില്‍ കമ്യൂണിസ്റ്റ് രാജ്യങ്ങളുടെ തകര്‍ച്ചയും ഗ്ലാസ്‌നസ്തും പെരിസ്‌ട്രോയിക്കയും വന്നു. തുടര്‍ന്ന് സോവിയറ്റ് യൂണിയന്റെ അസ്തമയവും 'ഉദാരീകരണ'ത്തിന്റെയും 'ആഗോളീകരണ'ത്തിന്റെയും ഉദയവും ഉത്തരാധുനികതയുംവന്നു. ആ ചരിത്രസന്ധിയിലാണ് 'ബോഞ്ചി' മരിച്ചത്. നാരങ്ങാവെള്ളവും ലൈംജ്യൂസുമായി അതിന്റെ ശരീരം ഭാഷാഭൂതങ്ങളില്‍ ലയിച്ചു. അരി വേകിച്ചത് എന്ന് ചോറിനെ വിളിക്കുമ്പോലുള്ള ഒരുതരം പദശൂന്യതയാണ് 'നാരങ്ങാവെള്ള'മെന്ന പദത്തിനെന്നാണ് ഞങ്ങളുടെ അഭിപ്രായമെങ്കിലും ഇപ്പോള്‍ കേരളീയമലയാളികള്‍ അങ്ങനെയേ പറയൂ. കൂട്ടത്തിലെ നിലവാരവും മാന്യതയും വിദ്യാഭ്യാസവും വിവരവുമുള്ളവര്‍ ലൈംജ്യൂസ് എന്നും പറയും. അതാണിപ്പോള്‍ അന്തഃസ്സ്.