മലയാളത്തിലെ ജനപ്രിയച്ചിത്രങ്ങള്‍ എന്നും പുരുഷന്‍മാരുടെ അപദാനങ്ങള്‍ ഏറ്റുപാടിയപ്പോള്‍ അതിലെ സ്ത്രീ സാന്നിധ്യം പെങ്ങളോ കാമുകിയോ അമ്മയോ മാത്രമായി ഒതുങ്ങി. പല സ്ത്രീ കഥാപാത്രങ്ങളും വ്യക്തിത്വം നഷ്ടപ്പെട്ട കഥാപാത്രങ്ങളായി സ്ത്രീ സമൂഹത്തെ അപമാനിച്ചു കൊണ്ടേയിരുന്നു. സിനിമാ മേഖലയുടെ ബ്ലാക്ക് ആന്റ് വൈറ്റ് കാലഘട്ടം കാണിച്ച സ്ത്രീപക്ഷ രാഷ്ട്രീയം പുതിയ കാല സിനിമകള്‍ പുലര്‍ത്തിയില്ലെന്നത് വസ്തുതയാണ്. ചില വേറിട്ട പരിശ്രമങ്ങളൊഴിവാക്കിയാല്‍ സിനിമകള്‍ പങ്കുവെച്ച ആശയങ്ങള്‍ എന്നും സ്ത്രീവിരുദ്ധമാണ്. നല്ല സിനിമകളെന്ന് അവകാശപ്പെടുന്ന പല സിനിമകളും സ്ത്രീകളെ നിസ്സഹായരും ആശ്രിതകളും മാത്രമായി അവതരിപ്പിച്ചപ്പോള്‍ ഹിറ്റ് മേക്കര്‍മാര്‍ സ്ത്രീശരീരത്തെ വില്‍പനച്ചരക്കാക്കി സിനിമാ വ്യവസായത്തെ സമ്പുഷ്ടമാക്കി. എന്നാല്‍ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഒറ്റപ്പെട്ട സിനിമാ അനുഭവങ്ങളുമുണ്ടായി. സ്ത്രീ മലയാള സിനിമയില്‍ എത്രത്തോളം പ്രസക്തയാണെന്ന തിരിച്ചറിവിനായി സിനിമയുടെ ഓരോ കാലഘട്ടത്തിലേക്കും നമുക്കൊന്നെത്തിനോക്കാം.

മുഖചിത്രങ്ങളില്‍ സ്ത്രീകൾ നിറഞ്ഞ 1950കള്‍

women in 1950s filmതെലുങ്ക് കന്നഡ തമിഴ് ഉള്‍പ്പെടെയുള്ള മറ്റ് ഇന്ത്യന്‍ ഭാഷാ സിനിമകള്‍ മിത്തോളജിക്കല്‍ സിനിമകള്‍ എടുത്തപ്പോള്‍ മലയാള സിനിമ തുടക്കകാലം മുതലേ സാമൂഹിക പ്രസക്തിയുളള വിഷയങ്ങളിലാണ് സിനിമകള്‍ നിര്‍മിച്ചത്. 1951ല്‍ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യ ഹിറ്റ് ചിത്രമായ ജീവിത നൗക അത്തരത്തിലൊന്നായിരുന്നു. നായകനും നായികയ്ക്കും തുല്യപ്രാധാന്യത്തോടെയാണ് സിനിമ അവതരിപ്പിച്ചത്. സിനിമയുടെ പല പോസ്റ്ററുകളും തിക്കുറിശ്ശിയുടെ ചിത്രമില്ലാതെ നായിക കാഥാപാത്രത്തെ അവതരിപ്പിച്ച ബി എസ് സരോജയുടെ മുഖചിത്രത്തോടെയാണ് പുറത്തിറങ്ങിയത്. ഇത്തരത്തില്‍ മലയാള സിനിമയുടെ ആരംഭദശകള്‍ നായികയ്ക്കും നായകനും പ്രാധാന്യമുള്ള റോളുകള്‍ നല്‍കി അതിന്റെ സാമൂഹിക ഉത്തരവാദിത്വം തെറ്റില്ലാതെ നടപ്പിലാക്കിയിരുന്നു.

അന്നിറങ്ങിയ ഭൂരിഭാഗം സിനിമകളുടെ പേരുകള്‍ പോലും സ്ത്രീകഥാപാത്രങ്ങളുടേതായിരുന്നു.  മറിയക്കുട്ടി (1958) ചേച്ചി (1950) നല്ല തങ്ക(1950) പ്രസന്ന (1950) ചന്ദ്രിക (1950) സ്ത്രീ (1950) എന്നിങ്ങനെ പോകുന്നു അവ. മലയാളിത്തം തുളുമ്പിയ മലയാളത്തിലെ ആദ്യ സിനിമയായി അടയാളപ്പെടുത്തിയ നീലക്കുയില്‍ (1954) അവതരിപ്പിച്ച കേന്ദ്രകഥാപാത്രം ഒരു ദളിത് സ്ത്രീയായിരുന്നു. പില്‍ക്കാല മലയാള സിനിമകള്‍ സത്രീകളെപ്പോലും കേന്ദ്രകഥാപാത്രമായി അവതരിപ്പിക്കാന്‍ മടിച്ചപ്പോഴാണ്  ജാതീയ മേല്‍ക്കോയ്മയില്‍ ഇരയാക്കപ്പെടുന്ന ദളിത് സ്ത്രീയുടെ കഥ പറഞ്ഞ് നീലക്കുയില്‍ ചരിത്രത്തിലിടം നേടുന്നത്. 

 

ഏറ്റവും മികച്ച സ്ത്രീ പക്ഷ സിനിമകളുമായി 60കൾ

പുതിയ കാലഘട്ടത്തിലെ മലയാള സിനിമകള്‍  നായകന്റെ നിഴലായി മാത്രം നായികയെ നിര്‍ത്തി ശീലിച്ചപ്പോള്‍ മുറപ്പെണ്ണ് (1965), തുലാഭാരം (1968),  സ്ഥാനാര്‍ഥി സാറാമ്മ (1966) കള്ളിച്ചെല്ലമ്മ (1969), ആദ്യ കിരണങ്ങള്‍ (1964), അഗ്‌നിപുത്രി (1967), ചെമ്മീന്‍ (1965), അശ്വമേധം (1967), കാവ്യമേള (1965)  തുടങ്ങിയവയിലൂടെ 60 കളിലെ സിനിമകള്‍ വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ജന്മം കൊടുത്തു. സിനിമയുടെ ടൈറ്റില്‍ നെയിമില്‍ ഏറ്റവും കൂടുതല്‍ സിനിമകളിലഭിനിച്ച നടിയെന്ന നേട്ടം ഷീലയ്ക്ക കൈവരിക്കാനായത് 60കളുടെ സിനിമകള്‍ പുലര്‍ത്തിയ വ്യക്തമായ സ്ത്രീപക്ഷ സിനിമാമുന്നേറ്റത്തിന്റെ പ്രതിഫലനമാണ്. സ്ത്രീകള്‍ക്ക് പ്രാധാന്യമുള്ള വിരലിലെണ്ണാവുന്ന സിനിമകള്‍ ഇറങ്ങിയ 21ാം നൂറ്റാണ്ടുമായി താരത്മ്യം ചെയ്യുമ്പോള്‍ 60കള്‍ മികച്ച സ്ത്രീ കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് നല്‍കി തലയുയര്‍ത്തി നില്‍ക്കുന്നു. 

സങ്കീര്‍ണമായ നിമിഷങ്ങളിലൂടെ കടന്നു പോകുന്ന വിജയ എന്ന ശക്തമായ സ്ത്രീകഥാപാത്രത്തെ ശാരദ അവതരിപ്പിച്ച സിനിമയായിരുന്നു തുലാഭാരം. അഭിനയ സാധ്യത അത്രത്തോളം മുഴച്ചുനില്‍ക്കുന്ന ഈ കഥാപാത്രം  വളരെ ഭംഗിയായി കൈകാര്യം ചെയ്തുകൊണ്ട് ഈ ചിത്രത്തിലൂടെ മലയാളത്തിന് ആദ്യത്തെ ഉര്‍വശി അവാര്‍ഡ് ശാരദ നേടിത്തന്നു. ഇതേ സിനിമയില്‍ വക്കീല്‍ കഥാപാത്രമായി വരുന്ന ഷീലയും പ്രേക്ഷകരുടെ കയ്യടി നേടി.    മുക്കുവ സ്ത്രീയുടെ ശക്തമായ സ്‌നേഹത്തിന്റെ വിജയകഥ പറയുന്ന ചെമ്മീനിലൂടെ മലയാളത്തിലെ താരസാന്നിധ്യമാകാന്‍ ഷീലയ്ക്കായി. അച്ഛനും അമ്മയും ഇല്ലാതെ ഒറ്റയ്ക്ക് തൊഴിലെടുത്ത് ജീവിക്കുന്ന ചെല്ലമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷീലയുടെ തന്നെ കള്ളിച്ചെല്ലമ്മ മലയാള സിനിമ അവതരിപ്പിച്ച ഏറ്റവും ശക്തരായ സ്ത്രീകഥാപാത്രങ്ങളിലൊന്നാണ്. എന്നാല്‍ നായകനാല്‍ വഞ്ചിതയാകുന്ന കേന്ദ്രകഥാപാത്രമായ ചെല്ലമ്മ ആത്മഹത്യ ചെയ്യുന്നതാണ് കഥാന്ത്യം. ഈ ക്ലൈമാക്‌സ് ചെല്ലമ്മ എന്ന കഥാപത്രത്തിന്റെ വീര്യം കുറച്ചു. മലയാള സിനിമയിലെ പല ശക്തരായ സ്ത്രീകഥാപാത്രങ്ങളും പിന്നീടങ്ങോട്ട് ഇത്തരത്തില്‍ ആത്മഹത്യ ചെയ്ത് സ്ത്രീകളുടെ വീര്യം കെടുത്തി തെറ്റായ സന്ദേശങ്ങള്‍ നല്‍കി എന്നത് മറ്റൊരു യാഥാര്‍ഥ്യം

 

ന്യൂവേവ് കാലഘട്ടത്തെ നായികswayamvaram sarada

മലയാള സിനിമയുടെ ആദ്യ ന്യൂ വേവ് കാലഘട്ടമായ 70കള്‍ അടയാളപ്പെടുത്തിയ ശക്തമായ സ്ത്രീപക്ഷ സിനിമയാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരം (1972)..അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയ ഈ സിനിമയിലൂടെ ശാരദയെ തേടി 1972ല്‍ മലയാളത്തിലേക്ക് വീണ്ടും ഉര്‍വ്വശി അവാര്‍ഡിന്റെ തിളക്കമെത്തി. 'സീത' എന്ന കഥാപാത്രത്തെയാണ് ശാരദ സ്വയംവരത്തില്‍ അവതരിപ്പിച്ചത്. വലിയ പ്രതിസന്ധികള്‍ക്കിടയിലും ജീവിതത്തില്‍ നിന്ന് ഒളിച്ചോടാതെ അതിജീവന ശ്രമം നടത്തുന്ന ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് ശാരദ സിനിമയില്‍ അവതരിപ്പിച്ചത്. തന്റെ ജീവിതം തകര്‍ത്ത പുരുഷനെ പാഠം പഠിപ്പിക്കുന്ന ഒരു പെണ്ണിന്റെ കഥ (1971)യിലെ ഷീല അവതരിപ്പിച്ച സാവിത്രി  എന്ന കഥാപാത്രം  22 ഫീമെയില്‍ കോട്ടയത്തേക്കാള്‍ സ്ത്രീപക്ഷ രാഷ്ട്രീയ ബോധം മുന്നോട്ടുവെക്കുന്ന സിനിമയാണ്. 

അവളുടെ രാവുകള്‍ (1978), സ്വപ്‌നാടനം (1976), മകനേ നിനക്ക് വേണ്ടി (1971), അനുഭവങ്ങള്‍ പാളിച്ചകള്‍ (1971), കുട്ട്യേടത്തി (1971),കരിനിഴല്‍ (1971) ഒരു പെണ്ണിന്റെ കഥ (71), ഉമ്മാച്ചു (71) തുടങ്ങിയ സിനിമകളിലൂടെ 70കളും ശക്തമായ സ്തീ കഥാപാത്രങ്ങളെ അഭ്രപാളിയിലെത്തിച്ചു. മത മൗലികവാദികളായ മക്കളുടെ എതിര്‍പ്പ് മറികടന്നു ബാല്യകാല സുഹൃത്തിനെ ജീവിത സഖാവാക്കുന്ന കഥ പറയുന്ന ഉമ്മാച്ചു അക്കാലത്തെ ഹിറ്റുകളിലൊന്നാണ്. 

 

പൂവാലൻമാരെ വളർത്തിയ 1980കൾ  

നായക കേന്ദ്രീകൃത സിനിമകളുടെ അതിപ്രസരത്തിന്റെ കാലമാണ് 80 കള്‍ മുതലിങ്ങോട്ടുള്ള മലയാള സിനിമകള്‍. സ്ത്രീയെ വെറും ആണുങ്ങളുടെ തമാശകളിലെ ഇരകളായി മാത്രം അവതരിപ്പിച്ച സിനിമയായിരുന്നു മോഹന്‍ലാലും മുകേഷും അവതരിപ്പിച്ച ബോയിങ് ബോയിങ് (1985). പില്‍ക്കാലത്ത് മലയാളികള്‍ ആഘോഷിക്കുന്ന പല തമാശകള്‍ക്കും സ്ത്രീ വിരുദ്ധ സ്വഭാവം വരുത്തുന്നതില്‍ ഈ സിനിമ വഹിച്ച പങ്ക് ചെറുതല്ല. പൂവാലന്‍മാരുടെ സ്വഭാവത്തെ തമാശയിലൂടെ മഹത്വവത്കരിച്ചു ഈ സിനിമ. ഇരകളാക്കപ്പെടുന്ന സ്ത്രീകളെ വിഡ്ഢികളായി ചിത്രീകരിക്കാനും വേട്ടയാടുന്ന പൂവാലന്‍മാരെ കുറുമ്പന്‍മാരായി ചിത്രീകരിക്കാനും ബോയിങ് ബോയിങ് പോലുള്ള സിനിമകള്‍ മലയാളീ ബോധ മനസ്സിനെ പ്രേരിപ്പിച്ചു.  തനിക്കിഷ്ടപ്പെട്ട രീതിയില്‍ ജീവിക്കുന്ന ക്ലാരയെന്ന (സുമലത) കഥാപാത്രത്തെ അടയാളപ്പെടുത്തിയ പദ്മരാജന്റെ തൂവാനത്തുമ്പികള്‍(1987), ചാമരത്തിലെ (1981) ഇന്ദു(സെറീന വഹാബ്),ശാലിനി എന്റെ കൂട്ടുകാരിയിലെ(1980) ശാലിനി(ശോഭ), ആള്‍ക്കൂട്ടത്തില്‍ തനിയെ(1984)എന്ന സിനിമയിലെ അമ്മുക്കുട്ടി (സീമ) നോക്കെത്താദൂരത്ത കണ്ണുംനട്ടിലെ (1984) ഗേളി (നദിയാമൊയ്തു), പഞ്ചാഗ്‌നിയിലെ (1986) ഇന്ദിര (ഗീത), ദേശാടനക്കിളി കരയാറില്ലയിലെ (1986) സാലി (ശാരി),നീയെത്ര ധന്യയിലെ (1987) ശ്യാമള പണിക്കര്‍ (കാര്‍ത്തിക) , കൂടെവിടെ (1983)യിലെ ആലിസ് (സുഹാസിനി), ആദാമിന്റെ വാരിയെല്ലിലെ ശക്തരായ സ്ത്രീ കഥാപാത്രങ്ങൾ എന്നിങ്ങനെ വ്യക്തിത്വമുള്ള, സ്വന്തമായ അഭിപ്രായയങ്ങളുള്ള സ്ത്രീകളെ വാര്‍ത്തെടുത്ത വേറിട്ട സിനിമാശ്രമങ്ങളും ഈ കാലഘട്ടത്തിലുണ്ടായി.

ലോകത്തെ ഒട്ടുമിക്ക സിനിമാ വ്യവസായ മേഖലയും ഏറ്റെടുക്കാന്‍ മടിക്കുന്ന ഒരു വിഷയത്തെ സധൈര്യം അവതരിപ്പിച്ച സിനിമയാണ് നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍. രണ്ടാനച്ഛനാല്‍ ബലാത്സംഗത്തിനിരയാവുന്ന സ്ത്രീകഥാപാത്രത്തെ വിവാഹം കഴിക്കാനൊരുങ്ങുന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ (1986) 80കളിലെ മാത്രമല്ല മലയാള സിനിമാചരിത്രത്തിലെ വിപ്ലാവാത്മകമായ സിനിമാനുഭവമായി.

വരവേല്‍പ് (1989) ചിത്രം (1988), നഖക്ഷതങ്ങള്‍(1986) തുടങ്ങിയവ  നായക കേന്ദ്രീകൃത സിനിമകളായിരുന്നെങ്കിലും കഥാപാത്രഘടനയില്‍ നായികയ്ക്ക് വ്യക്തിത്വവും മാന്യമായ സ്ഥാനവും നല്‍കി ഈ സിനിമകള്‍. ചാരിത്ര്യവതികളായ നായികമാരെ നായകന് സമ്മാനമായി നല്‍കാന്‍ ശാഠ്യം പിടിച്ചു ചില സിനിമകളും ഇക്കാലത്തിറങ്ങി. ഭര്‍ത്താവു മരിച്ച് നായകനെ വിവാഹം കഴിക്കാനൊരുങ്ങുന്ന നായിക ആദ്യ ഭര്‍ത്താവുമൊത്ത് ബന്ധപ്പെട്ടില്ലെന്ന് തെളിയിക്കുന്ന ഡയലോഗുകള്‍ നിറഞ്ഞ സിനിമകള്‍ ഈ കാലഘട്ടത്തിന്റെ സൃഷ്ടിയാണ്..ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ് (1986) സര്‍വ്വകലാശാല (1987) എന്നിവ ചില ഉദാഹരണങ്ങള്‍. ചാരിത്ര്യം  അത്യന്താപേക്ഷിതമായ ഘടകമാണെന്നും മാനം നശിച്ച പെണ്ണ് മരിക്കുന്നതാണ് ഉചിതമെന്നും അടിവരയിടുന്ന ആ രാത്രി (1983) പോലുള്ള സിനിമകളും അക്കാലത്തെ ഹിറ്റുകളില്‍ ഇടം നേടി. 

 

എന്നും ഓർമ്മിക്കുന്ന ഒരു പിടി സിനിമകൾ

nagavally

ഏറ്റവും വലിയ ജനകീയ കലാരൂപമായ സിനിമയില്‍ നിന്ന് സ്ത്രീയുടെ കഥാപാത്ര സാന്നിധ്യം നഷ്ടപ്പെുന്നത് 90കള്‍ മുതലിങ്ങോട്ടാണ്. എന്നിരുന്നാലും ആകാശ ദൂതിലെ ആനി, അമലയുടെ എന്റെ സൂര്യപുത്രിക്ക് (1991) മണിചിത്രത്താഴിലെ (1993) ഗംഗ, ദേവാസുരത്തിലെ (1993) ഭാനുമതി, കിലുക്കത്തിലെ (1991) രേവതി അവതരിപ്പിച്ച കഥാപാത്രം, ചകോരത്തിലെ (1994) ശാരദാമണി തുടങ്ങിയ കഥാപാത്രങ്ങള്‍ മലയാള സിനിമയുള്ളിടത്തോളം കാലഘട്ടം സ്മരിക്കപ്പെടുന്ന സ്ത്രീവേഷങ്ങളാണ്. മലയാള സിനിമ കണ്ട ഏറ്റവും അഭിനയസാധ്യതയുള്ള സ്ത്രീ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു മണിച്ചിത്രത്താഴിലെ ശോഭനയുടെ 'ഗംഗ' എന്ന  കഥാപാത്രം.  ദേവാസുരം സിനിമയിലെ ഭാനുമതിയെ വ്യക്തിത്വമുള്ള ശക്തയായ സ്ത്രീ കഥാപാത്ര സാന്നിധ്യമായി മലയാള സിനിമ അടയാളപ്പെടുത്തുന്നുണ്ടെങ്കിലും തെമ്മാടികളായ, വഴക്കാളികളായ ആണുങ്ങളെ ആരാധിക്കുന്ന, അവര്‍ക്കായി സ്വന്തം സ്വപ്‌നങ്ങളില്‍ വിട്ടുവീഴ്ച്ചയ്‌ക്കൊരുങ്ങുന്ന ഒരു സ്ത്രീസമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ ഈ സിനിമയും കഥാപാത്രവും ഇടവരുത്തി എന്ന് വിമര്‍ശന ബുദ്ധിയോടെ കാണാം.. തലയണമന്ത്രത്തിലെ(1990) ഉർവശി അവതരിപ്പിച്ച കാഞ്ചന പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ കഥാപാത്രമാണെങ്കിലും ആണുങ്ങളുടെ പരാജയത്തിന് പിന്നില്‍ ദുരാഗ്രഹിയായ ഭാര്യയുടെ സാമിപ്യമുണ്ടെന്ന ഒരു പിന്തിരിപ്പന്‍ സന്ദേശം സിനിമ നല്‍കുന്നുണ്ട്.  90 കളിലെ ഏറ്റവും വലിയ കോമഡി ഹിറ്റ് ചിത്രമായ ഗോഡ്ഫാദറില്‍ (1991) തിലകന്‍ ഇന്നസെന്റ് എന്നീ അഭിനേതാക്കള്‍ക്കും നായകകഥാപാത്രങ്ങളായ മുകേഷിനും കനകയ്ക്കും മേലെയായി നില്‍ക്കുന്നു സിനിമയിലെ വില്ലന്‍ കഥാപാത്രമായ ആനപ്പാറയിലെ അച്ഛമ്മ. താരസങ്കല്‍പങ്ങളിലെ സ്ത്രീ സാന്നിധ്യമായി മഞ്ജു വാര്യര്‍ സജീവമാകുന്നതും 90കളിലാണ്.സല്ലാപം (1996), തൂവല്‍ക്കൊട്ടാരം (1996),ഈ പുഴയും കടന്ന് (1996) കണ്ണെഴുതി പൊട്ടും തൊട്ട് (99) സമ്മര്‍ ഇന്‍ ബത്‌ലഹേം (98) കന്മദം (1998) എന്നീ സിനിമകളിലൂടെ മഞ്ജുവാര്യര്‍ തിരശ്ശീലയിലെ ഒഴിവാക്കാനാകാത്ത താരസാന്നിധ്യമായി. കന്മദത്തിലെ പോലെ ശക്തരായ സ്ത്രീ കഥാപാത്രങ്ങള്‍ പിറന്നെങ്കിലും സിനിമയ്‌ക്കൊടുവില്‍ നായക കഥാപാത്രത്തിന്റെ സംരക്ഷണയില്‍ സാന്ത്വനം തേടുന്നവരായി പല മഞ്ജു കഥാപാത്രങ്ങളും അധപതിച്ചു.

 

വെള്ളമടിച്ചെത്തുമ്പോൾ തൊഴിക്കാനൊരു പെണ്ണിനെ വേണം 

സിനിമയില്‍ നിന്ന് സ്ത്രീ കഥാപാത്രങ്ങള്‍ അപ്രത്യക്ഷമാവുന്ന കാഴ്ച്ചയാണ് 2000 മാണ്ടോടുകൂടി കണ്ടത്. പാട്ടിനു നിറംകൊടുക്കാനും പെങ്ങളാവാനും വെച്ചു വിളമ്പാനുമായി സിനിമ സ്ത്രീയെ ഒതുക്കി നിര്‍ത്തിത്തുങ്ങിയത് 2000 മുതല്‍ക്കാണ്. തെങ്കാശിപ്പട്ടണം, നരസിംഹം, വല്യേട്ടന്‍, സത്യമേവ ജയതേ, നാടന്‍ പെണ്ണും നാട്ടു പ്രമാണിയും.., രാക്ഷസ രാജാവ് രണ്ടാം ഭാവം, ഒന്നാമന്‍ എന്നിങ്ങനെപോകുന്നു ആ നീണ്ട നിര .അതേ സമയം സൂസന്ന(2000)യെ  പ്പോലെയുള്ള ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ സമാന്തര സിനിമാമേഖല സമ്മാനിച്ചു. ഐറ്റം ഡാന്‍സുകള്‍ സിനിമകളുടെ അവിഭാജ്യ ഘടകമായത് ഇക്കാലത്താണ്. അക്കാലങ്ങളില്‍ നിറഞ്ഞു നിന്ന ഐറ്റം ഡാന്‍സ് കലാകാരിയാണ് അല്‍ഫോണ്‍സ. ഉസ്താദ്, നരസിംഹം, ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങളിലെ ഐറ്റം ഡാന്‍സ് രംഗങ്ങളിലൂടെ സ്ത്രീ ശരീരങ്ങൾ സിനിമകളിലൂടെ വീണ്ടും വില്‍പനചരക്കായി.  ഐറ്റം ഗാനങ്ങളില്‍ നിന്ന് ഷക്കീല പടങ്ങളിലേക്ക് മലയാളികളുടെ ആസ്വാദനം മാറിയ സമയമായിരുന്നു 2000ാമാണ്ടിന്റെ തുടക്കം. നല്ല സിനിമകളുടെ അഭാവത്തോടൊപ്പം നല്ല സ്ത്രീ കഥാപാത്രങ്ങളുടെ വലിയ വിടവും സിനിമകളില്‍ ഈ കാലഘട്ടം സൃഷ്ടിച്ചു.ആറാം തമ്പുരാന്‍, കന്മദം , സമ്മര്‍ ഇന്‍ ബത്‌ലഹേം എന്നീ സിനിമകളിലെ മഞ്ജുവാര്യര്‍ കഥാപാത്രങ്ങള്‍ ശക്തമായ സാന്നിധ്യം അറിയിച്ചെങ്കിലും സിനിമയുടെ അവസാനത്തോടടുക്കുമ്പോള്‍ നായക കഥാപാത്രത്തിന്റെ നിഴലിലൊതുങ്ങി മഞ്ജുവിന്റെ പല കഥാപാത്രങ്ങളും.

അതിനിടയില്‍ തന്റേടികളായ പെണ്‍കുട്ടികൾക്ക്  പകരം കുലീനകളായ പെണ്‍കുട്ടികളാണ് അറിവില്ലായ്മകളുടെ ഇരകളാവുന്നതും തെറ്റിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നതെന്ന്  നോട്ട്ബുക്ക്(2006) എന്ന ചിത്രം വ്യത്യസ്തമായ വായനാനുഭവം നല്‍കി. മീരജാസ്മിന്റെ പാഠം ഒന്ന് ഒരു വിലാപവും ഒരേ കടലും വേറിട്ട ചില  സിനിമാനുഭവങ്ങളാണ്

ചോക്കോളേറ്റ് (2007), മീശമാധവന്‍ (2002) എന്നീ ജനപ്രിയ ചിത്രങ്ങളിലെ സ്ത്രീ വിരുദ്ധ ഡയലോഗുകള്‍ നേടിയ കയ്യടി കേരളസമൂഹത്തിന്റെ ഉപബോധമനസ്സിലുണ്ടാക്കിയ സ്ത്രീ വിരുദ്ധത ചെറുതല്ല. 'ഞാനൊന്നു അറിഞ്ഞു വിളയാടിയാല്‍ പിന്നെ പത്തു മാസം കഴിഞ്ഞേ നീയൊക്കെ ഫ്രീയാകൂ', എന്ന ചോക്കലേറ്റിലെ പൃഥ്വിരാജിന്റെ കയ്യടിയ നേടിയ ഡയലോഗ്, 'കിടക്കുന്ന കിടപ്പില്‍ ഒരു റേപ്പ വെച്ചു തന്നാലുണ്ടല്ലോ പത്തു മാസം വയറും തള്ളി അമ്മാ അമ്മാ' എന്നു പറയുന്ന ദിലീപിന്റെ ഡയലോഗ്, 'വെള്ളമടിച്ച് പാതിരായ്ക്ക് വീട്ടില്‍ കയറി വരുമ്പോള്‍ ചുമ്മാ തൊഴിക്കാന്‍ എനിക്കൊരു  പെണ്ണിനെ വേണ' മെന്ന നരസിംഹത്തിലെ കയ്യടി നേടിയ മോഹന്‍ലാലിന്റെ ഡയലോഗ് എന്നിവ ഈ കാലഘട്ടം വെച്ചു പുലര്‍ത്തിയ സ്ത്രീവിരുദ്ധതയെ അടിവരയിടുന്നവയാണ്.

 

2010 മുതലിങ്ങോട്ട്

22 female kottayam

നായകന്റെ നിഴലില്‍ നിന്ന് ഒരു മോചനശ്രമത്തിന് സിനിമകള്‍ പരിശ്രമിച്ചു തുടങ്ങിയതിന്റെ നല്ല ലക്ഷണങ്ങള്‍ 2010 മുതലിങ്ങോട്ടുണ്ട്.  ഒരു ഭാഗത്ത് താര സിനിമകള്‍ നേട്ടം കൊയ്യുമ്പോള്‍ മറുഭാഗത്ത് അപൂര്‍തരാഗം, എല്‍സമ്മ എന്ന ആണ്‍കുട്ടി, മമ്മി ആന്റ് മി, 22 ഫീമെയില്‍ കോട്ടയം, റാണി പദ്മിനി, ഗദ്ദാമ, പ്രണയം, ഹൗ ഓള്‍ഡ് ആര്‍ യു, എന്ന നിന്റെ മൊയ്തീന്‍, മിലി എന്നീ സ്ത്രീ കേന്ദ്രീകൃത സിനിമാ ശ്രമങ്ങളും 2010മുതല്‍ ഉണ്ടായി. നായകന് പിന്നാലെ നടന്ന് പ്രേമിച്ചു വീഴ്ത്തുന്ന കഥാപാത്രത്തെ അവതരിപ്പിച്ച വ്യത്യസ്ത രീതിയിലുള്ള സ്ത്രീപക്ഷ സിനിമയായിരുന്നു ഓം ശാന്തി ഓശാന. റിബലായ, പരമ്പാരഗത സങ്കല്‍പങ്ങള്‍ക്ക് വിരുദ്ധമായി ജീവിക്കുന്ന നീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നീന എന്ന സിനിമയും വ്യത്യസ്തത പുലര്‍ത്തി.

അടുത്തിടെ പുറത്തിറങ്ങിയ എന്ന് നിന്റെ മൊയ്തീന്‍, മലയാളി എന്നും ഓര്‍മിക്കുന്ന ഒരു സ്ത്രീ കഥാപാത്രത്തെ സമ്മാനിച്ചുവെങ്കിലും നായികയ്ക്ക് പ്രാധാന്യമുളള കഥയില്‍ മനപ്പൂര്‍വമായി നായകനെ ബൂസ്റ്റ് ചെയ്യാന്‍ നടത്തിയ ശ്രമങ്ങളും കാണാം. സിനിമയുടെ ടൈറ്റില്‍ പേരിലൂടെയും, സ്‌ക്രീനിലെ മൊയ്തീന്റെ നിറ സാന്നിധ്യത്തിലൂടെയും നായക കഥാപാത്രത്തിന് പ്രാധാന്യം കൊടുക്കാന്‍ ശ്രമിച്ചെങ്കിലും കാഞ്ചന എന്ന കഥാപാത്രത്തിലൂടെ പാര്‍വ്വതി എന്ന നടിക്ക് മലയാള സിനിമയില്‍ തന്റേതായ ഇടം ലഭിച്ചു ബലാത്സംഗങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയാവുന്ന സ്ത്രീയുടെ വ്യത്യസ്തമായ പ്രതികാര കഥ പറയുന്ന  22 ഫീമെയില്‍ കോട്ടയം സ്ത്രീപക്ഷ സിനിമയെന്ന് അവകാശവാദങ്ങളുന്നയിക്കുന്നുണ്ടെങ്കിലും ശാരീരികമായല്ലാതെ മാനസ്സികമായി സിനിമയിലെ ദുഷ്ടനായ നായക കഥാപാത്രത്തെ തകര്‍ക്കാന്‍ നായികയ്ക്കാവുന്നില്ല. മാത്രവുമല്ല തന്നെ ബലാത്സംഗം ചെയ്ത പുരുഷനോടുള്ള പഴയ പ്രണയം പൂര്‍ണമായും നായികയ്ക്ക് നഷ്ടമാവുന്നുമില്ല.