കളിയും കളിപ്പാട്ടവും കാലത്തിനൊപ്പം മാറിയപ്പോള്‍

മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രമെന്ന് നമുക്കറിയാം. കാലത്തിനൊപ്പം പലതും മാറുന്നു. നമ്മുടെ ജീവിതശൈലികള്‍ മാറുന്നു. നമ്മുടെ ഇഷ്ടങ്ങള്‍, രീതികള്‍, സമീപനങ്ങള്‍...എല്ലാം മാറുന്നു. തലമുറകള്‍ മാറുമ്പോള്‍ നമ്മള്‍ മാറുന്നു..ചുറ്റുപാടുകള്‍ മാറുന്നു...നമ്മുടെ കുട്ടികളും മാറുന്നു...കുട്ടികളുടെ കളികള്‍ മാറുന്നു...കളിപ്പാട്ടങ്ങളും! 

കാലത്തിനൊപ്പം മാറിയ കുട്ടിക്കളിപ്പാട്ടങ്ങളിലൂടെ ഒരോട്ട പ്രദക്ഷിണം.

old.jpg

പച്ച നിറമുള്ള ഓലക്കഷണങ്ങള്‍ കൊണ്ടുണ്ടാക്കിയ പന്തും പീപ്പിയും കാറ്റാടിയുമെല്ലാം ഇന്നത്തെ തലമുറയ്ക്ക് ചിത്രങ്ങളില്‍ മാത്രം സ്വന്തം. പറമ്പുകളില്‍ ഓലപ്പന്തു കൊണ്ട് കളിച്ചു വളര്‍ന്ന തലമുറയ്ക്ക്  ഓലയും ഈര്‍ക്കിലിയും കൊണ്ടുണ്ടാക്കിയ കാറ്റാടി തിരിഞ്ഞതും ഓലപ്പീപ്പിയില്‍ ഒച്ച ഉയര്‍ന്നതും തിരക്കിട്ട ജീവിതത്തില്‍ നേര്‍ത്ത നൊമ്പരമുണര്‍ത്തുന്ന നനുത്ത ഓര്‍മകള്‍ മാത്രം...

 

chess.jpg

കാലം മുന്നോട്ട് നടന്നപ്പോള്‍ കളികളിലേക്ക് കറുപ്പും വെള്ളയും നിറമുള്ള ചതുരംഗം കടന്നു വന്നു. ബുദ്ധിമാന്‍മാരുടെ കളിയായി ചെസ് വാണപ്പോള്‍ സാധാരണക്കാര്‍ക്കിഷ്ടം ഏണിയും പാമ്പുമായി. ഓരോ ഏണിയും കയറുമ്പോള്‍ ആഹ്‌ളാദിച്ചും പാമ്പിന്റെ വായില്‍ കുടുങ്ങുമ്പോള്‍ സങ്കടപ്പെട്ടും കളി തുടര്‍ന്നു. കരുക്കള്‍ നീങ്ങുന്നതിനൊപ്പം കാലവും ആരെയും ആരെയും അറിയിക്കാതെ  നടന്നു.

 

toycar.jpg

ചക്രങ്ങള്‍ ഘടിപ്പിച്ച് കുട്ടിവണ്ടികള്‍ കുട്ടികളുടെ മനസിലേക്ക് ഹോണ്‍ മുഴക്കിയെത്താന്‍ താമസമുണ്ടായില്ല. പല നിറത്തില്‍, പല വണ്ടികള്‍ പാഞ്ഞെത്തിയപ്പോള്‍ കുഞ്ഞു മനസുകള്‍ കൂട്ടു കൂടി. ഇന്ന് കൈയിലൊതുങ്ങുന്നതു കൂടാതെ കയറിയിരുന്ന് ഓടിക്കാവുന്ന കുറച്ചു കൂടി വലിയ വണ്ടികള്‍ കുട്ടികളെ പിന്നാലെ ഓടിക്കുന്നു...

 

dolls.jpg

എന്തൊക്കെ പറഞ്ഞാലും പെണ്‍കുട്ടികള്‍ക്ക് ചങ്ങാത്തം സുന്ദരികളായ പാവക്കുട്ടികളോടാണ്. അന്നും ഇന്നും പാവക്കുട്ടികള്‍ക്കു വേണ്ടി അവര്‍ വാശി പിടിച്ചു. കാലം കഴിയുന്തോറും പാവക്കുട്ടികള്‍ കൂടുതല്‍ സുന്ദരികളായി. സൗന്ദര്യത്തിന്റെ പര്യായമായ ഒരു ബാര്‍ബി ഡോള്‍ സ്വന്തമാകാന്‍ അവര്‍ രഹസ്യമായും പരസ്യമായും ആഗ്രഹിച്ചു കൊണ്ടേയിരിക്കുന്നു....

 

toytrain.jpg

ചൂളം വിളിച്ചു പായുന്ന തീവണ്ടി കാണുമ്പോള്‍ തന്നെ അതിലൊന്നു കയറാന്‍ കൊതിച്ച ബാല്യം എല്ലാവര്‍ക്കുമുണ്ട്. കളിക്കാന്‍ ചെറിയ പാളവും പാളത്തില്‍ വട്ടത്തിലോടുന്ന തീവണ്ടിയും കിട്ടിയപ്പോള്‍ ഓരോ കുഞ്ഞും തന്റെ സാമ്രാജ്യത്തിലെ ചക്രവര്‍ത്തിയായി. പല നിറത്തിലും കുഞ്ഞിത്തീവണ്ടികള്‍  ഓടുമ്പോള്‍ കണ്ടിരുന്ന മുതിര്‍ന്നവര്‍ക്കും ആനന്ദം.

 

toyplane.jpg

ആകാശത്ത് ഇരമ്പി പറന്നു പോകുന്ന വിമാനം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എന്നും കൗതുകമാണ്. വിമാനത്തില്‍ കയറണമെന്ന ആഗ്രഹം സ്വപ്‌നമാകാന്‍ തുടങ്ങുമ്പോഴേക്കും കളിക്കോപ്പുകള്‍ക്കിടയിലേക്ക് കുഞ്ഞു വിമാനങ്ങള്‍ പറന്നിറങ്ങാന്‍ തുടങ്ങി. ഒരു കുഞ്ഞു വിമാനമെങ്കിലും സ്വന്തമാകാന്‍ ഓരോ കുഞ്ഞു മനസും കൊതിച്ചു. നിലത്ത് ഓടിക്കൊണ്ടിരുന്ന കുഞ്ഞുവിമാനങ്ങളെ റിമോട്ടുപയോഗിച്ച് പറത്താനും തുടങ്ങി കാലം!

 

remotecontrol.jpg

കൈയില്‍ പിടിച്ച കുഞ്ഞുയന്ത്രം തന്റെ കളിപ്പാട്ടത്തിനെ നിയന്ത്രിക്കുന്നതു കണ്ട കുഞ്ഞുമനസ്സില്‍ ഒരായിരം ശലഭങ്ങള്‍ പാറിപ്പറന്നു. കളിക്കോപ്പിനെ നിയന്ത്രിക്കാന്‍ താന്‍ വളര്‍ന്നുവെന്നത് കുഞ്ഞിനെ സന്തോഷിപ്പിച്ചു. വിദേശത്ത് നിന്ന് മാത്രം ആദ്യകാലങ്ങളില്‍ എത്തിയ ഇത്തരം കളിപ്പാട്ടങ്ങള്‍ അതു കിട്ടാത്ത കുട്ടികളെ അസൂയപ്പെടുത്തി. പക്ഷെ കാലം കഴിഞ്ഞപ്പോള്‍ ഇത്തരം കളിപ്പാട്ടങ്ങള്‍ വീടുകളിലെ ഷോക്കേസില്‍ മാത്രമൊതുങ്ങി.

 

teddy.jpg

കിടന്നുറങ്ങുമ്പോള്‍ കെട്ടിപ്പിടിച്ചുറങ്ങാന്‍ പതുപതുപ്പുള്ള ഒരു കരടിക്കുട്ടിയില്ലാത്ത കുഞ്ഞൂസുകള്‍ ഇന്ന് കുറവാണ്. ടെഡി ബെയറുകള്‍ കളിപ്പാട്ടവിപണിയിലെ വന്‍ ഡിമാന്റുള്ള ഐറ്റമായി മാറിക്കഴിഞ്ഞു. ജന്മദിനങ്ങളുടെ സമ്മാനങ്ങളിലെ ഭൂരിഭാഗവും സോഫ്റ്റ് ടോയ്‌സ് കൈയടക്കി.

 

building.jpg

മക്കളുടെ ബുദ്ധിവികാസത്തിന് പല നിറങ്ങളുള്ള ബില്‍ഡിങ് ബ്ലോക്കുകളെന്ന ചതുരക്കട്ടകള്‍ വാങ്ങി കളിക്കോപ്പായി നല്‍കാന്‍ മാതാപിതാക്കള്‍ മറക്കുന്നില്ല്. കുഞ്ഞുവിരലുകള്‍ അത് യോജിപ്പിച്ച് മാളികകള്‍ പണിയുമ്പോള്‍ അവരുടെ സ്വപ്‌നങ്ങള്‍ക്കാണ് ഉയരം കൂടുന്നത്.

 

 

videogame.jpg

വീഡിയോ ഗെയിമുകള്‍ കുട്ടികളെ കീഴടക്കിയിട്ട് അധികകാലമായില്ല. തങ്ങളെ കീഴടക്കിയ വീഡിയോ ഗെയിമിനെ കീഴടക്കാന്‍ നിതാന്ത പരിശ്രമത്തിലാണ് പുതിയ തലമുറ കുട്ടികള്‍. 

 

mobile game.jpg

മൊബൈല്‍ ഫോണുകള്‍ വിനിമയോപാധി മാത്രമല്ല വിനോദോപാധി കൂടെയായിട്ട് അധികകാലമായില്ല. കുട്ടികള്‍ക്ക് ദിവസവും പുതിയ പുതിയ ഗെയിമുകള്‍ രൂപകല്‍പ്പന ചെയ്യാന്‍ തന്നെ വിദഗ്ധരെ നിയമിക്കാന്‍ അന്താരാഷ്ട്ര കമ്പനികള്‍ മത്സരിക്കുന്നു. ആ മത്സരം കുട്ടികളിലേക്ക് വിജയിക്കുക എന്ന മത്സര ബുദ്ധിയായി വളര്‍ത്തിയെടുക്കാന്‍ കാലത്തിനധികം കാത്തു നില്‍ക്കേണ്ടി വന്നില്ല. മൊബൈല്‍ ഫോണുകളുമായി സദാസമയം കൂട്ടു കൂടുന്ന കുഞ്ഞു ചങ്ങാതിമാര്‍ വര്‍ത്തമാനകാലത്തിന്റെ മാത്രം കാഴ്ച. മറ്റു കളിക്കോപ്പുകളില്‍ അവര്‍ക്ക് താല്‍പര്യം കുറഞ്ഞിരിക്കുന്നു!

 

 

More from this section