മലയാളി വായിച്ച് വളർന്ന പുസ്തകങ്ങൾ

കേരളത്തിന് അറുപത് പിന്നിട്ടു. ഈ കാലയളവിനുള്ളില്‍ മലയാളത്തില്‍ എത്രയോ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ചിലത് മനസിനെ സ്പര്‍ശിച്ചപ്പോള്‍ മറ്റ് ചിലത് വന്നത് നാം അറിഞ്ഞു കൂടിയില്ല. ചില പുസ്തകങ്ങള്‍ മലയാള സാഹിത്യത്തില്‍ തന്നെ വഴിത്തിരിവായപ്പോള്‍. മറ്റു ചിലത് അന്നോളമുണ്ടായിരുന്ന ധാരണകളെ പൊളിച്ചെഴുതുന്നവയായിരുന്നു.

വിവാദത്തിന്റെ അകമ്പടിയോടെ മലയാളി സ്വീകരിച്ച പുസ്തകങ്ങളും കുറവല്ല. ആര്‍ദ്രമായ അനുഭവം സമ്മാനിച്ച് നമ്മുടെ പുസ്തക ശേഖരത്തില്‍ വിശ്രമിക്കുന്നവയും നിരവധിയാണ്. ചില പുസ്തകങ്ങള്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയപ്പോള്‍ മറ്റുചില പുസ്തകങ്ങളാകട്ടെ വില്‍പ്പനയില്‍ ചരിത്രം സൃഷ്ടിച്ചു. ഇത്തരത്തില്‍ കഴിഞ്ഞ അറുപത് വര്‍ഷക്കാലത്തിനിടയില്‍ മലയാളി ഏറ്റവുമധികം വായിച്ച, വിറ്റഴിഞ്ഞ, വിമര്‍ശ വിധേയമാക്കിയ പുസ്തകങ്ങളില്‍ ചിലത്.

 

1

കടലിന്റെ പശ്ചാത്തലത്തില്‍ പ്രണയവും പ്രണയഭംഗവും ഇഴചേർത്ത് തകഴി രചിച്ച മനോഹര നോവലാണ് ചെമ്മീന്‍. തീരദേശജീവിതത്തിന്റെ വിശ്വാസവും ജീവിതവും സമാസമം ചേർത്തിരിക്കുന്നനോവൽ 1956ലാണ് പ്രസിദ്ധീകരിച്ചത്. നോവലിനെ അടിസ്ഥാനപ്പെടുത്തി രാമു കാര്യാട്ട് ഇതേപേരില്‍ തന്നെ ചലച്ചിത്രവും സംവിധാനം ചെയ്യുകയുണ്ടായി.

 

 

 

uroob

തലമുറകളുടെ കഥ പറഞ്ഞ ഉറൂബിന്റെ കൃതിയാണ് സുന്ദരികളും സുന്ദരന്മാരും. മലബാറിന്റെ ചരിത്രവും, ജീവിതരീതികളും കെട്ടു പിണഞ്ഞു കിടക്കുന്ന സ്വാതന്ത്ര്യ സമരവും എല്ലാം ഇതില്‍ അടങ്ങിയിരിക്കുന്നു. സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യത്തിനു മുന്‍പുള്ള കേരളീയ സമൂഹത്തിന്റെയും സ്വാതന്ത്ര്യത്തിനു ശേഷമുള്ള കേരളീയ സമൂഹത്തിന്റെയും അനുഭവങ്ങളാണ് ഈ നോവലില്‍ വിവരിക്കുന്നത്. 1958ലാണ് നോവല്‍ പുറത്തിറഞ്ഞുന്നത്.

basheer

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ നോവലാണ് പാത്തുമ്മായുടെ ആട്. 1959ല്‍ പ്രസിദ്ധീകരിച്ച നോവലിന്റെ ലാളിത്യം തന്നെയാണ് അതിന്റെ മികവ്. ബഷീറിന്റെ അമ്മയും സഹോദരങ്ങളും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങുന്ന കൂട്ടുകുടുംബത്തിന്റെ കഥ പറയുന്ന നോവലില്‍ അവരുടെ നടക്കുന്ന ദൈനംദിന സംഭവ വികാസങ്ങള്‍ തന്റെ തനതു ശൈലിയില്‍ വിവരിച്ചിരിക്കുകയാണ് ബഷീര്‍. ബഷീറിന്റെ സഹോദരി പാത്തുമ്മ വളര്‍ത്തുന്ന ആടാണ് നോവലിലെ പ്രധാന കഥാപാത്രം.

p kunjiraman nair

നിത്യകന്യകയെ തേടി, എന്നെ തിരയുന്ന ഞാന്‍ എന്നിവയുള്‍പ്പെടെയുള്ള കാവ്യഭംഗി നിറഞ്ഞ സമ്പൂര്‍ണ ആത്മകഥയാണ് പി. കുഞ്ഞിരാമന്‍ നായരുടെ കവിയുടെ കാല്പാടുകള്‍.

 

OV VIjayan

പാലക്കാടൻ ചുരത്തിന്റെ അടിവാരത്തുള്ള തസ്റാക്ക് എന്ന ഗ്രാമത്തെ അടിസ്ഥാനമാക്കി ഒ.വി.വിജയൻ രചിച്ച മാസ്റ്റർപീസ് നോവലാണ് ഖസാക്കിന്റെ ഇതിഹാസം. മലയാള സാഹിത്യത്തെ തന്നെ രണ്ടായി പകുത്ത സൃഷ്ടി എന്നാണ് ഈ നോവൽ അറിയപ്പെടുന്നത്.

അന്നോളമുള്ള നോവൽ മാതൃകകളെ പൊളിച്ചെഴുതുന്നതായിരുന്നു ഖസാക്കിന്റെ ഇതിഹാസം. കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും വായനക്കാരന്റെ കൺമുന്നിലൂടെ കടന്നു പോകുന്ന യഥാർത്ഥ അനുഭവമാണ് നോവൽ വായനക്കാരന് സമ്മാനിച്ചത്.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡ:ശ്ശയായാണ് ഖസാക്കിന്റെ ഇതിഹാസം ആദ്യമായി പ്രസിദ്ധീകരിച്ചത്. 1969ല്‍ പുസ്തകരൂപത്തില്‍ പുറത്തിറങ്ങി.

5

സഞ്ചാരസാഹിത്യകാരൻഎസ്.കെ.പൊറ്റെക്കാട്ടിന്റെ ഏറ്റവും പ്രശതമായ നോവലാണ് ഒരു ദേശത്തിന്റെ കഥ. 1971ലാണ് പ്രസിദ്ധീകരിക്കപ്പെട്ട നോവൽ 1980ല്‍ എസ്. കെ. പൊറ്റക്കാടിന് ജ്ഞാനപീഠം പുരസ്‌കാരം നേടിക്കൊടുത്തു. 1972ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും പുസ്തകം നേടി.

28

പ്രിയംവദയുടെയും അവളുടെ മകള്‍ നീതുവിന്റെയും ജീവിതത്തെ മുന്‍ നിര്‍ത്തി ജീവിതത്തിന്റെ സമസ്യകള്‍ അവതരിപ്പിക്കുന്ന സേതുവിന്റെ നോവലാണ് അടയാളങ്ങള്‍. ആഖ്യാനത്തിലെ മനോഹാരിത തന്നെയാണ് പുസ്തകത്തെ വേറിട്ടതാക്കി നിര്‍ത്തുന്നത്. ഒരു കുടുംബത്തെ മുന്‍നിര്‍ത്തി സമൂഹത്തിന്റെ മുഴുവന്‍ ഉള്‍ക്കാഴ്ച പകര്‍ന്നു നല്‍കുകയാണ് നോവല്‍. 1971ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന് 2007ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.

 

ente katha

എന്റെ കഥ എന്ന സൃഷ്ടിയെ മാറ്റി നിർത്തി മാധവിക്കുട്ടി എന്ന സാഹിത്യകാരിയെക്കുറിച്ച് ചിന്തിക്കാൻ സാധിക്കില്ല. അവരുടെ ആത്മകഥ എന്ന പേരില്‍ 1973ല്‍ പുറത്തുവന്ന പുസ്തകം വന്‍ വിവാദമാണ് സൃഷ്ടിച്ചത്.

പുസ്തകത്തിലെ പല പരാമർശങ്ങളും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. പിന്നീട് എന്റെ കഥ ആത്മകഥയല്ലെന്നും ഭാവനാസൃഷ്ടി മാത്രമാണെന്നും കഥാകാരി പറഞ്ഞിരുന്നു. എങ്കിലും ഈ കൃതി വായനാസമൂഹം ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു.

31

മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖന പരമ്പരയുടെ സമാഹാരമാണ് കെ.പി. കേശവമേനോന്റെ നാം മുന്നോട്ട്. അഞ്ചു വോള്യങ്ങളുള്ള ബ്രഹൃദ് സമാഹരമാണിത്. 1974ലാണ് പുസ്തകം പുറത്തിറങ്ങിയത്.

 

7

ഫ്രഞ്ച് അധീന പ്രദേശമായിരുന്ന മയ്യഴി പശ്ചാത്തലമാക്കി എം.മുകുന്ദന്‍ എഴുതിയ നോവലാണ് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍. 1974 പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകം മലയാളിക്ക് അപരിചിതമായ ഒരു പശ്ചാത്തലത്തിൽ നിന്നാണ് കഥപറഞ്ഞത്. മയ്യഴിയുടെ ചരിത്രവും രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകളുമെല്ലാം ഈ കൃതിയിൽ ചർച്ച ചെയ്യപ്പെടുന്നു.

 

 

26

സുഗതകുമാരിയുടെ പ്രസിദ്ധമായ കാവ്യ സമാഹാരമാണ് രാത്രിമഴ. എങ്കിലും ഇന്നും, രാത്രിമഴ, നീയൊരാള്‍ മാത്രം, പൂങ്കൈത, തടാകം, കൂനനുറുമ്പ് എന്നിങ്ങനെ മുപ്പത്തിയെട്ട് കവിതകളാണ് പുസ്തകത്തിൽസമാഹരിച്ചിരിക്കുന്നത്. പുസ്തകം 1978ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടി.

9

ബ്രാഹ്മണ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ലളിതാംബിക അന്തര്‍ജ്ജനം എഴുതിയ നോവലാണ് അഗ്‌നിസാക്ഷി. ഭാര്യ,സ്വാതന്ത്ര്യ സമര സേനാനി,സന്യാസിനി എന്നിങ്ങനെ ഒരു സ്ത്രീയുടെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങളിലൂടെയുള്ള സഞ്ചാരമാണ് നോവൽ. മലയാള സാഹിത്യത്തിലെ ശക്തമായ സ്ത്രീപക്ഷ നോവലുകളിലൊന്നാണ് പുസ്തകം.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡഃശയായി ആദ്യം പ്രസിദ്ധീകരിച്ച നോവല്‍ 1977ല്‍ പുസ്തക രൂപത്തില്‍ പുറത്ത് വന്നു. ഈ നോവലിന് ആദ്യത്തെ വയലാര്‍ അവാര്‍ഡ്, കേന്ദ്ര -കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ തുടങ്ങിയവ ലഭിച്ചു.

10

മഹാഭാരതത്തെ അടിസ്ഥാനമാക്കി പി.കെ. ബാലകൃഷ്ണന്‍ രചിച്ച നോവലാണ് ഇനി ഞാന്‍ ഉറങ്ങട്ടെ. കര്‍ണന്റെ സമ്പൂര്‍ണകഥ പറയുന്നു എന്നതാണ് കൃതിയുടെ പ്രധാന സവിശേഷത. കർണനെ നായകാക്കി മഹാഭാരതകഥയുടെ പുനരാഖ്യാനമാണ് നോവൽ. 1974ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും 1978ല്‍ വയലാര്‍ അവാര്‍ഡും പുസ്തകത്തിന് ലഭിച്ചു. വ്യത്യസ്തമായ പ്രമേയവും ആഖ്യാന മികവുമാണ് പുസ്തകത്തെ വേറിട്ടതാക്കി നിർത്തുന്നത്.

 

 

8

മലയാള കാവ്യശാഖയിൽ പാരിസ്ഥിതിക അവബോധത്തിന്റെ പ്രാധാന്യം വിളിച്ചോതിയ വിഖ്യാത കവിതകളുടെ സമാഹാരമാണ് ഒ.എന്‍.വി കുറുപ്പിന്റെ ഭൂമിക്ക് ഒരു ചരമഗീതം. ഇനിയും മരിക്കാത്ത ഭൂമി... എന്നു തുടങ്ങുന്ന വരികൾ മലയാളി ഏറ്റു പാടിയത് തന്നെ കവിതയുടെ ജനപ്രിയതയുടെ തെളിവാണ്. സമകാലിക അവസ്ഥകളുടെ മൂര്‍ത്തമായ ചിത്രങ്ങളാണ് ഒ.എൻ.വി കവിതയിൽ കോർത്തിണക്കിയിരിക്കുന്നത്.

avakasikal

മലയാള നോവൽ ചരിത്രത്തിലെ അപൂർവ സൃഷ്ടികളിലൊന്നാണ് 'വിലാസിനി' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന എം.കെ. മേനോന്റെ അവകാശികൾ. നാല് വോള്യങ്ങളിലായി 4000 പേജുകളിലായി പരന്നുകിടക്കുകയാണ് ഈ നോവൽ. 1980ല്‍ പ്രസിദ്ധീകരിച്ച നോവല്‍ മലയാളത്തിലെ ദൈര്‍ഘ്യമേറിയ നോവലാണ്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, വയലാർ അവാർഡ്, ഓടക്കുഴൽ പുരസ്കാരം എന്നിവ നോവൽ നേടി.

24

മലബാറിലെ സമ്പന്നമായ അറയ്ക്കൽ തറവാടിന്റെ പശ്ചാത്തലത്തിൽ പുനത്തില്‍ കുഞ്ഞബ്ദുള്ള രചിച്ച നോവലാണ് സ്മാരകശിലകള്‍. 1977 ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്  1978ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും 1980ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു.

u a khadar

യു.എ. ഖാദര്‍ രചിച്ച ചെറുകഥാസമാഹാരമാണ് തൃക്കോട്ടൂര്‍ പെരുമ. 1982ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന് 1984ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും 2009ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു.

 

 

23

പയ്യനെ കേന്ദ്രീകരിച്ചുള്ള എഴുപത്തിമൂന്നു കഥകളടങ്ങിയ സമാഹാരമാണ് വി.കെ.എന്റെ പയ്യന്‍ കഥകള്‍. എന്നു വായിച്ചാലും എത്ര വായിച്ചാലും മടുപ്പു തോന്നാത്ത ഈ കഥകള്‍ വ്യത്യസ്തമായ വായനാനുഭവമേകുന്നു.  മലയാളസാഹിത്യത്തിന്റെ അനുഭവതലത്തില്‍ വേറിട്ടുനില്‍ക്കുന്ന ഈ പുസ്തകത്തിന് 1982ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.

 

11

ഉപനിഷത്തുകളെ അടിസ്ഥാനമാക്കി സുകുമാര്‍ അഴീക്കോട് രചിച്ച ഗ്രന്ഥമാണു തത്ത്വമസി. ഉപനിഷത്ത്, ഉപനിഷത്തുകള്‍, ഉപസംഹാരം എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി പുസ്തകം ക്രമീകരിച്ചിരിക്കുന്നു.  ഉപനിഷത്ത് ദര്‍ശനങ്ങളെ അടിസ്ഥാനമാക്കി മലയാളത്തില്‍ പുറത്തിറങ്ങിയ രചനകളില്‍ മികച്ചതായി പരിഗണിക്കാവുന്ന പുസ്തകം 1984ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളടക്കം നിരവധി പുരസ്‌കാരങ്ങള്‍ പുസ്തകം നേടി.

12

മഹാഭാരത കഥ ആസ്പദമാക്കി എം.ടി. വാസുദേവന്‍ നായര്‍ രചിച്ച നോവലാണ് രണ്ടാമൂഴം. പാണ്ഡവരില്‍ രണ്ടാമനായ ഭീമന്‍ കേന്ദ്ര കഥാപാത്രമാകുന്നു എന്നത് തന്നെയാണ് രണ്ടാമൂഴത്തെ വേറിട്ടതാക്കുന്നത്. ഭീമന്റെ കണ്ണിലൂടെ മഹാഭാരതത്തെ നോക്കിക്കാണുകയാണ് നോവല്‍. അതിനാൽ തന്നെ വേറിട്ട ഒരു വായനാനുഭവമാണ് നോവല്‍ സമ്മാനിക്കുന്നത്. 1984ലാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. വയലാർ അവാർഡ് ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ പുസ്തകം നേടി.

13

എന്‍.എന്‍. കക്കാടിന്റെ പ്രശസ്തമായ കവിതാസമാഹാരമാണ് സഫലമീയാത്ര. അമ്പത്തിനാലു കവിതകളും, ഒരു കാവ്യ നാടകവുമാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 1985ല്‍ പ്രസിദ്ധീകരിച്ച പുസ്തകം ആസ്വാദകലോകത്ത് ഏറെ ശ്രദ്ധയാകര്‍ഷിച്ചു. കേരള സാഹത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ് എന്നിവയുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും സഫലമീയാത്രയ്ക്ക് ലഭിച്ചു.

m k sanu

കാവ്യഗന്ധര്‍വനായ ചങ്ങമ്പുഴയുടെ ജീവിതവും ചിന്തയും വിശകലനം ചെയ്യുന്ന കൃതിയാണ് എം.കെ.സാനുവിന്റെ ചങ്ങമ്പുഴ കൃഷ്ണപിള്ള നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം. സംഘര്‍ഷഭരിതവും വൈരുദ്ധ്യപൂര്‍ണവുമായിരുന്ന ചങ്ങമ്പുഴയുടെ സ്വഭാവ വിശേഷങ്ങളെക്കുറിച്ചുള്ള വസ്തുതാപരമായ അന്വേഷണമാണ് ഈ കൃതി. 1988ലാണ് പുസ്തകം പ്രസിദ്ധീകൃതമാകുന്നത്.

22

ആനന്ദിന്റെ പ്രശസ്തമായ മലയാള നോവല്‍ ആണ് മരുഭൂമികള്‍ ഉണ്ടാകുന്നത്. 1989ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് 1993ലെ വയലാര്‍ അവാര്‍ഡ് ലഭിച്ചു.

 

14

മലയാളത്തിലെ ഏറ്റവും വായിക്കപ്പെട്ട വിവാദ നോവലുകളില്‍ ഒന്നായിരുന്നു നക്‌സലിസത്തെ ആസ്പദമാക്കി സി. രാധാകൃഷ്ണന്‍ രചിച്ച മുന്‍പേ പറക്കുന്ന പക്ഷികള്‍. സായുധവിപ്ലവത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ആശയങ്ങളുടെ ഉള്ളിലേക്കിറങ്ങിച്ചെന്ന് പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയും അതുവഴി വായിക്കുന്നയാളെ ഗൗരവപൂര്‍വമായ ചിന്തകളിലേക്കു തള്ളിയിടുകയും ചെയ്യുന്നു ഈ പുസ്തകം. 1989ലാണ് പുസ്തകം പുറത്തിറങ്ങിയത്.
 

31

ഒരു കുട്ടിയുടെ സ്വപ്‌നലോകം വലിയവരുടേതായി മാറുന്നത് അസാധാരണമായ കലാചാതുര്യത്തോടെ ആവിഷ്‌കരിക്കുന്ന നോവലാണ് എന്‍.പി.മുഹമ്മദിന്റെ ദൈവത്തിന്റെ കണ്ണ്. 1990ല്‍ പുസ്തകം കേന്ദ്ര  സാഹിത്യഅക്കാദമി അവാര്‍ഡ് നേടി.

 

15

ടി. പത്മനാഭന്‍ എഴുതിയ ചെറുകഥയാണ് ഗൗരി. യൗവനത്തിന്റേയും മദ്ധ്യവയസ്സിന്റേയും ഇടപ്രായത്തിലുള്ള രണ്ടു വ്യക്തികള്‍ തമ്മിലുള്ള ആര്‍ദ്രവും പക്വവുമായ പ്രണയമാണ് ഈ കഥയുടെ പ്രമേയം. ഈ കഥ ഉള്‍പ്പെടെയുള്ള പത്മനാഭന്റെ 12 കഥകള്‍ ചേര്‍ന്ന സമാഹാരമാണ് 'ഗൗരി' എന്ന പുസ്തകം. മലയാളത്തില്‍ കഥയ്ക്കുള്ള ആദ്യത്തെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡു നേടിയ കൃതിയാണ് ഗൗരി.

16

തിക്കോടിയന്റെ ആത്മകഥയാണ് അരങ്ങു കാണാത്ത നടന്‍. അരങ്ങിലെയയും അണിയറയിലെയും ജീവിതക്കാഴ്ച്ചകള്‍, യവനികയ്ക്ക് പിന്നിലെ ജീവിത നിഴല്‍പ്പാടുകള്‍ എന്നിവയെല്ലാം പുസ്തകത്തെ വേറിട്ടതാക്കുന്നു. ഓര്‍മയില്‍ നിന്ന് ജീവിതത്തിന്റെ ശകലങ്ങള്‍ ചേര്‍ത്തുവച്ച് രസകരമായി തന്റെ കഥപറയുകയാണ് തിക്കോടിയന്‍. ജീവചരിത്രത്തിനും ആത്മകഥയ്ക്കും നല്‍കുന്ന കേന്ദ്രകേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പുസ്തകം നേടി.

 

പെരുമ്പടവം

പ്രസിദ്ധ റഷ്യന്‍ എഴുത്തുകാരനായിരുന്ന ദസ്തയോവ്‌സ്‌കിയുടെ ജീവിതത്തിലെ ഒരു കാലഘട്ടം ലളിതമനോഹരമായി അവതരിപ്പിച്ച നോവലാണ് പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീര്‍ത്തനം പോലെ. 1992ലെ ദീപിക വാര്‍ഷിക പതിപ്പിലാണ് പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്. 1993 ല്‍ പുസ്തക രൂപത്തിലിറങ്ങി.

ചുരുങ്ങിയ കാലം കൊണ്ട് കൂടുതല്‍ കോപ്പികള്‍ വിറ്റഴിഞ്ഞ മലയാള കൃതിയാണ് ഒരു സങ്കീര്‍ത്തനം പോലെ. വിൽപ്പനയിൽ ചരിത്രം സൃഷ്ടിച്ച ഈ നോവൽമലയാള സാഹിത്യ ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലാണ്.

18

സ്വന്തം നാടായ കണ്ടാണിശ്ശേരി ഗ്രാമത്തിലെ തലമുറകളുടെ ചരിത്രം പശ്ചാത്തലമാക്കി കോവിലൻഎന്ന വി.വി.അയ്യപ്പൻഎഴുതിയ നോവലാണ് തട്ടകം. അനുഭവവും ഐതിഹ്യവും ഭാവനയുമെല്ലാം കെട്ടുപിണഞ്ഞു കിടക്കുന്ന തട്ടകത്തെ ശ്രദ്ധേയമാക്കുന്ന മറ്റൊരു പ്രധാന ഘടകം ഗോത്രസ്വത്വങ്ങളുടെ താളക്രമങ്ങളാണ്. 1995ല്‍ പ്രസിദ്ധീകരിച്ച നോവല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരമടക്കം നേടി.

 

27

സാറാ ജോസഫിന്റെ പ്രസിദ്ധമായ നോവലാണ് ആലാഹയുടെ പെണ്‍മക്കള്‍. 1999ല്‍ പ്രസിദ്ധീകൃതമായ ഈ കൃതിക്ക് കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളും വയലാര്‍ അവര്‍ഡും ലഭിച്ചു.

 

19

മലയാളത്തിൽ നിന്ന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ആദ്യ യാത്രാ വിവരണ ഗ്രന്ഥമാണ് എം.പി. വീരേന്ദ്രകുമാര്‍ എഴുതിയ ഹൈമവതഭൂവില്‍. 2007ല്‍ പ്രസിദ്ധീകരിച്ച ഈ നോവല്‍ 2010ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ മലയാള പുസ്തകങ്ങളില്‍ ഒന്നുമാണ് ഹൈമവതഭൂവില്‍.

 

20

അടുത്ത കാലത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുകയും വില്‍ക്കപ്പെടുകയും ചെയ്ത മലയാള പുസ്തകമാണ് ബെന്യാമിന്റെ ആടുജീവിതം. പ്രവാസജീവിതത്തിനിടയിൽ ദുരിതക്കയത്തിൽ ആണ്ടുപോകുന്ന ഒരു മലയാളി യുവാവിന്റെ ജീവിതകഥയാണ് ഈ പുസ്തകം. 2008ലാണ് പുസ്തകം പുറത്തിറങ്ങിയ നോവല്‍ 2009ല്‍ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നോവലിനുള്ള പുരസ്‌കാരം നേടി.

 

32

2009ല്‍ പ്രസിദ്ധീകൃതമായ സച്ചിദാനന്ദന്റെ കവിതാ സമാഹാരമാണ് മറന്നുവച്ച വസ്തുക്കള്‍. പുസ്തകത്തിന് 2012ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.

 

29

സുഭാഷ് ചന്ദ്രന്റെ പ്രഥമ നോവലാണ് മനുഷ്യന് ഒരു ആമുഖം. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡ:ശ്ശ പ്രസിദ്ധീകരിച്ച ഈ നോവല്‍ 2011ലാണ് പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയത്. 2011 ലെ ഓടക്കുഴല്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, 2014 കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, 2015ലെ വയലാര്‍ പുരസ്‌കാരം എന്നിവ പുസ്തകം നേടി.

 

30

കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ ഒരു വനിത ആരാച്ചാരുടെ കഥ പറഞ്ഞ നോവലാണ് കെ.ആര്‍. മീരയുടെ ആരാച്ചാര്‍. മാധ്യമം ആഴ്ചപ്പതിപ്പില്‍ ഖണ്ഡ:ശ്ശ പ്രസിദ്ധീകരിച്ച നോവല്‍ 2012ലാണ് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചത്. 2013ലെ ഓടക്കുഴല്‍ പുരസ്‌കാരം,2013ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, 2014ലെ വയലാര്‍ പുരസ്‌കാരം, 2015ലെ  കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം എന്നിവ നോവല്‍ നേടി.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.