കാലം മറക്കുന്ന കലാരൂപങ്ങൾ

നാടന്‍ കലാരൂപങ്ങളും ശാസ്ത്രീയകലാരൂപങ്ങളും ക്ഷേത്രകലകളും ഒക്കെ ചേര്‍ന്ന് സമ്പന്നമായ ഒരു കലാപൈതൃകം നമ്മുടെ കേരളത്തിനുണ്ട്.

പടയണി പോലെ, കേരളത്തിന്റെ കലാഭൂപടത്തില്‍ ചില പ്രത്യേക പ്രദേശങ്ങളെ അടയാളപ്പെടുത്തുന്നവയില്‍ തുടങ്ങി ആദിവാസി സംസ്‌കാരത്തെ സൂചിപ്പിക്കുന്ന ഗദ്ദികയും അനുഷ്ഠാനകലയായ മുടിയേറ്റുമെല്ലാം ഈ പട്ടിക സമ്പന്നമാക്കുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ ഇതിൽ പലതും മറവിയുടെ ഗർത്തത്തിൽ പതിച്ച് ഇല്ലാതായി. പഴയപ്രതാപമില്ലെങ്കിലും ചിലത് പിടിച്ചുനിന്നു. അത്തരം ചില കലാരൂപങ്ങളിലൂടെ ഒരു സഞ്ചാരം.

കാളിയൂട്ട്/ പറണേറ്റ്

കാളിയൂട്ട്/ പറണേറ്റ് 

തിരുവനന്തപുരം ജില്ലയിലെ വെള്ളായണി, കരിംകുളം, കൊല്ലങ്കോട്, ചിറയിന്‍കീഴ്, ശാര്‍ക്കര, വെഞ്ഞാറമൂട്, ആറ്റിങ്ങല്‍ എന്നിവിടങ്ങളിലെ ഭദ്രകാളി ക്ഷേത്രങ്ങളിലും മുടിപ്പുരകളിലും കാളിപ്രീതിയ്ക്കായുള്ള അനുഷ്ഠാനമായും കാളിയൂട്ട് (പറണേറ്റ്) നടത്തുന്നു.

കൊല്ലന്‍, പരവന്‍, വേലന്‍, ഈഴവന്‍, തണ്ടാന്‍, നായര്‍ സമുദായക്കാര്‍ക്ക് ചുമതലയുള്ളതാണ് സംഘാടനം. മകരം മുതല്‍ മേടം വരെ മാസങ്ങളില്‍ കളമെഴുത്തും പാട്ടോടും കൂടി പറണേറ്റ് തുടങ്ങും. നിരവധി ചടങ്ങുകളുള്ള കാളിയൂട്ടിന്റെ നാടകരൂപം 'പറണ്' എന്ന വേദിയില്‍ നടക്കുന്നതിനാലാണ് മറുപേര്.

ശൂലവും വാളും ആയുധമാക്കി കാളിയും ദാരികനും ആകാശത്ത് ഏറ്റുമുട്ടുന്നതായാണ് സങ്കല്‍പ്പം. പോര്‍വിളി, യാത്ര, യുദ്ധം എന്ന നിലത്തില്‍പ്പോര് എന്നിവ പിന്നിട്ട് ദാരികനെ വധിക്കുന്നതോടെ ആചാരം പൂര്‍ത്തിയാകും.

ചിത്രം: ഹരി നഗരൂര്‍ 

വില്ലടിച്ചാന്‍ പാട്ട്

വില്ലടിച്ചാന്‍ പാട്ട്

വില്ല്, കുടം, മുള എന്നിവയുടെ അകമ്പടിയോടെ തെക്കന്‍ പാട്ടുകള്‍ പാടിക്കൊണ്ടുള്ള ഈ കലാരൂപം ഒരുപോലെ അനുഷ്ഠാനവും വിനോദവുമാണ്. മണി കെട്ടിയ വില്ലുപയോഗിക്കുന്നതിനാലാണ് ഈ പേര്.

ഹിന്ദുനാടാര്‍ വിഭാഗത്തില്‍പ്പെട്ട ആശാനും ശിഷ്യന്മാരും ദേവതകളെയോ ബാധകളെയോ പ്രീതിപ്പെടുത്താന്‍ വില്ലടിച്ചു പാടും. പ്രാചീനതമിഴിലോ തമിഴ് കലര്‍ന്ന മലയാളത്തിലോ ആണ് പാട്ട്.

നെയ്യാറ്റിന്‍കര, പാറശ്ശാല, ബാലരാമപുരം, കാഞ്ഞിരംകുളം (കേരളം), തെക്കന്‍ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന തമിഴ്നാട് കന്യാകുമാരി ജില്ലയിലെ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ അപൂര്‍വമായി മാത്രം നിലനില്‍ക്കുന്നു. 

ഫോട്ടോ: വിക്കിപീഡിയ/ പി. പ്രവീണ്‍ 

കാക്കാരിശ്ശി നാടകം

കാക്കാരിശ്ശി നാടകം

300 കൊല്ലത്തെ പഴക്കം മാത്രമുള്ള ഈ കലാരൂപം പേരുപോലെ കാക്കാലവേഷം കെട്ടിയാടുന്നതാണ്.

ശിവപുരാണവുമായി ഐതിഹ്യപരമായ ബന്ധമുള്ളതിനാല്‍ ശിവരാത്രി, മീനഭരണി, തിരുവോണം തുടങ്ങി വിശേഷദിവസങ്ങളില്‍ പഴയ തിരുവിതാംകൂര്‍ പ്രദേശത്തെ ക്ഷേത്രാങ്കണങ്ങളില്‍ കളിച്ചിരുന്നു.

രാത്രിയില്‍ മാത്രം പ്രത്യേക വേദിയോ സജ്ജീകരണങ്ങളോ ഇല്ലാതെ ഇങ്ങനെ പാടി നാടകം തുടങ്ങും

'കൈനോക്കും കാക്കാത്തിയിവള്‍ താനേ
കുറിചൊല്ലും കാക്കാത്തിയവള്‍ താനേ'

ഫലിതവും പരിഹാസവും മുഖമുദ്രയാക്കി സംഗീതം, നൃത്തം, സംഭാഷണം, അഭിനയം എന്നിവ സമന്വയിപ്പിക്കുന്ന ഈ അപൂര്‍വ്വകലാരൂപം പേരിനുമാത്രം ചിലയിടങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. 

ഫോട്ടോ: മാതൃഭൂമി/ ടി.കെ. പ്രദീപ് കുമാര്‍

പടയണി/ പടേനി

പടയണി/ പടേനി

ലപ്പുഴ, പത്തനംതിട്ട ജില്ലയിലെ കാരയ്ക്കാട്, ചെങ്ങന്നൂര്‍, ഓതറ, തിരുവല്ല, ഏഴുമറ്റൂര്‍, കടമ്മനിട്ട, ആറന്മുള, പന്തളം എന്നിവിടങ്ങളിലെ ഭഗവതിക്കാവുകളില്‍ അവതരിപ്പിക്കുന്ന കലാരൂപം.

ആദിമജനതയുടെ ആരാധനയും സങ്കല്‍പ്പങ്ങളും നൃത്തഗാനരൂപങ്ങളുമാണ് ഈ അനുഷ്ഠാനത്തിലുള്ളത്. സമൂഹക്കൂട്ടായ്മയില്‍ അവതരിപ്പിക്കുന്ന കലയില്‍ ഹിന്ദുമതത്തിലെ എല്ലാവരും പങ്കാളിത്തം വഹിക്കുന്നു.

കത്തിച്ചുപിടിച്ച ഓലച്ചൂട്ടിന്റേയും പന്തത്തിന്റേയും വെളിച്ചത്തില്‍ ആര്‍പ്പുവിളികളുടേയും കുരവകളുമുയരുമ്പോള്‍ കോലങ്ങള്‍ കാവിന്‍മുറ്റത്ത് തുള്ളുന്നതാണ് രീതി.

പ്രകൃതിദത്തമായ വസ്തുക്കളാലാണ് ഒരുക്കം. എട്ടാംനൂറ്റാണ്ടു മുതല്‍ ഉണ്ടായിരുന്നതായി കരുതുന്ന കല പ്രദേശത്തുമാത്രമുള്ള സാന്നിദ്ധ്യമാണിപ്പോള്‍. 

ഫോട്ടോ: മാതൃഭൂമി/ കെ. അബൂബക്കര്‍ 

അര്‍ജ്ജുന നൃത്തം

അര്‍ജ്ജുന നൃത്തം

കോട്ടയം, ആലപ്പുഴ ജില്ലകളിലെ ഭദ്രകാളിക്കാവുകളിലാണ് അര്‍ജ്ജുനന്റെ വേഷം കെട്ടി നൃത്തമാടുന്നത്. അര്‍ജ്ജുനനെ കാളിയ്ക്ക് ബലി നല്‍കുന്നതുമായി ബന്ധപ്പെട്ട മഹാഭാരത പുരാവൃത്തമാണ് ഐതിഹ്യം.

16നും 60നും ഇടയില്‍ പ്രായമുള്ള ഈഴവരും കറുപ്പന്മാരും കത്തിച്ചുവെച്ച വിളക്കിനു ചുറ്റും നൃത്തമാടും.

അപൂര്‍വമായതുള്‍പ്പെടെ 180ല്‍ പരം താളങ്ങളുപയോഗിക്കുന്ന ഈ നൃത്തരൂപം അവതരിപ്പിക്കാന്‍ കളരിയും അറിയണം. കാലം ചെയ്യുകയാണ് ഈ കലാരൂപവും. 

ഫോട്ടോ: മാതൃഭൂമി 

ചവിട്ടുനാടകം

ചവിട്ടുനാടകം

16ാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ പോര്‍ച്ചുഗീസുകാരുടെ സംസ്‌കാരവും സന്ദേശവും ജനങ്ങളിലെത്തിക്കാന്‍ കഥകളിയുടെ നേരിയ അനുകരണമായ ചവിട്ടുനാടകം രൂപപ്പെട്ടു.

ക്രൈസ്തവ കഥകളോ വേദപുസ്തക പുരാവൃത്തമോ പാശ്ചാത്യ ചരിത്രമോ വിഷയമാക്കി റോമന്‍ കത്തോലിക്ക വിഭാഗക്കാരാണ് അവതരിപ്പിക്കുന്നത്. 

പള്ളി ആഘോഷവുമായി ബന്ധപ്പെട്ട് പള്ളിക്കു പുറത്തുണ്ടാക്കുന്ന വേദിയില്‍ 'അണ്ണാവി' എന്ന ആശാന്റെ നേതൃത്വത്തില്‍ 80 വരെ പുരുഷന്മാര്‍ ആടും. താളം ഒപ്പിച്ചുള്ള ചവിട്ടിനൊപ്പം കണ്ണും കൈയ്യും വരണം. 

ഫോട്ടോ: മാതൃഭൂമി 

മുടിയേറ്റ്

മുടിയേറ്റ്

കാളി- ദാരിക കഥ ഇതിവൃത്തമാക്കി മൂവാറ്റുപുഴ മുതല്‍ ചാലക്കുടി വരെ പ്രദേശത്തെ മേല്‍ജാതിക്കാരുടെ കാവുകളിലാണ് 'മുടിയെടുപ്പ്' എന്നു കൂടി പേരുള്ള ഈ കലാരൂപം അരങ്ങേറുന്നത്.

കഥ 12 രംഗങ്ങളാക്കി കളമെഴുത്തിലൂടെയാണ് ആരംഭിക്കുന്നത്. സോപാനസംഗീത ശൈലിയില്‍ പാടി ആടും.

എന്നാല്‍ ശാസ്ത്രീയ കലകളിലെപ്പോലെ രസാഭിനയ രീതിയില്ല. തിരുവിതാംകൂറിലെ കാളിയൂട്ടുമായി അടുപ്പമുള്ളതും ശ്രദ്ധേയം. 

ഫോട്ടോ: മാതൃഭൂമി/ കെ.കെ. പ്രവീണ്‍ 

കുമ്മാട്ടി

കുമ്മാട്ടി

തൃശൂര്‍ ജില്ലയില്‍ വിനോദമായും പാലക്കാട്ടും ചെറിയ തോതില്‍ വയനാടും അനുഷ്ഠാനമായും അവതരിപ്പിക്കുന്ന ചാടിക്കൊണ്ടും പാടിക്കൊണ്ടുമുള്ള കളിയാണ് കുമ്മാട്ടി.

തിരുവോണ നാളില്‍ 15 വയസിന് താഴെയുള്ള ആണ്‍കുട്ടികള്‍ മുതിര്‍ന്ന പുരുഷന്മാരുടെ അകമ്പടിയോടെ തൃശൂരിലെ വീടുകളിലെത്തും.

കൂട്ടത്തിലെ പ്രധാനിയുടെ പാട്ടിനനുസരിച്ച് മറ്റുള്ളവര്‍ ഏറ്റുപാടുകയും വേഷക്കാര്‍ തുള്ളുകയും ചെയ്യും. തമാശയുണ്ടാക്കാനായി ഒപ്പമുള്ള 'തള്ള'യാണ് പ്രധാന വേഷം. 

'ഓണത്തപ്പാ കുടവയറാ
നാണം കൂടാതടുത്തുവാ
കുമ്മാട്ടിക്കൊരു തേങ്ങ കൊടുപ്പിന്‍''

എന്നതാണ് ഓണക്കാലത്തെ പ്രസിദ്ധമായ പാട്ട്. 

ഫോട്ടോ: മാതൃഭൂമി/ മനീഷ് ചേമഞ്ചേരി

തോല്‍പ്പാവക്കൂത്ത്

തോല്‍പ്പാവക്കൂത്ത്

പാലക്കാട്, മലപ്പുറം ജില്ലകളില്‍ തോല്‍പ്പാവകളെ ചരടുകളുടെ സഹായത്താല്‍ ശീലയില്‍ നിഴലിപ്പിച്ച് അവതരിപ്പിക്കുന്നതാണ് തോല്‍പ്പാവക്കൂത്ത്.

പുലവര്‍ എന്ന പാരമ്പര്യത്തറവാട്ടുകാര്‍ ക്ഷേത്രത്തില്‍ തയ്യാറാക്കിയ മൂന്നുവശവും അടച്ച കൂത്തുമാടത്തില്‍ നിഴല്‍ക്കുത്ത് കളിക്കും.

24 മുഴം നീളമുള്ള കോടിമുണ്ട് തിരശ്ശീലയാക്കി എണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പാവകള്‍ ചലിപ്പിക്കും. രാമായണം വിഷയമായ കലാരൂപത്തിനാവശ്യമായ പാവകളെ മാന്‍തോല്‍ കൊണ്ടുണ്ടാക്കും.

21 ദിവസമെടുത്തു മാത്രം പൂര്‍ണ്ണമായും അവതരിപ്പിക്കാനാകുന്ന ഈ കലയെ സിനിമയുടെ ആദ്യരൂപമായും കരുതുന്നു. 

ഫോട്ടോ: വിക്കിപീഡിയ/ മുള്ളൂക്കാരന്‍ 

 

അറവന മുട്ട്

അറവന മുട്ട്

കേരളത്തില്‍ പ്രചാരമുള്ള മാപ്പിളകലാരൂപമാണ് അറവന മുട്ട്. മാപ്പിളഗാനങ്ങളുടെ അകമ്പടിയോടെ സംഘം ചേര്‍ന്നാണ് അറവനമുട്ട് അവതരിപ്പിക്കുന്നത്.

ഇതിനായി അറവന എന്ന വാദ്യോപകരണമാണ് ഉപയോഗിക്കുന്നത്. കല്യാണം പോലുള്ള വിശേഷ അവസരങ്ങളില്‍ അറവനമുട്ട് അവതരിപ്പിക്കാറുണ്ട്. 

ഫോട്ടോ: keralaculture.org/ Department of Cultural Affairs, Government of Kerala 

ഗദ്ദിക

ഗദ്ദിക

നാടിനെയും വ്യക്തികളെയും കുടുംബങ്ങളെയും ബാധിച്ചിട്ടുള്ള ഭൂത- പ്രേത- പിശാചുക്കളെ ഉച്ചാടനം ചെയ്യാന്‍ വയനാട്ടിലെ ആദിവാസികള്‍ അനുഷ്ഠിക്കുന്ന കലാരൂപം.

അടിയാള വര്‍ഗ മൂപ്പന്റെ വീട്ടില്‍ തുടികൊട്ടിപ്പാടിയാണ് വര്‍ഷത്തിലൊരിക്കല്‍ മാത്രമുള്ള ഈ കല തുടങ്ങുന്നത്.

പ്രധാനദേവതയായ മാരിയമ്മയെക്കുറിച്ചുള്ള പാട്ടുകള്‍ രണ്ടുസംഘങ്ങളായി തിരിഞ്ഞ് വീടുകയറി പാടുകയാണ് ഗദ്ദികയുടെ രീതി.

16 തേങ്ങ, നാഴിയരി, ഒരുതിരി എന്നിവ കൂടാതെ പണവും വീട്ടുകാര്‍ നല്‍കും. ഏഴുദിവസം വേഷമഴിക്കാതെ രാപകല്‍ കൊട്ടിപ്പാടി നൃത്തം ചെയ്യണം. കോഴിക്കുരുതിയും ഇതിന്റെ ഭാഗമാണ്. 

ഫോട്ടോ: keralaculture.org/ Department of Cultural Affairs, Government of Kerala 

 

യക്ഷഗാനം

യക്ഷഗാനം

ത്യുത്തര കേരളത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലും കര്‍ണ്ണാടകയിലെ മാംഗ്ലൂര്‍ ഉള്‍പ്പെട്ട മേഖലയിലുമുള്ള കലാരൂപമാണ് യക്ഷന്മാരുടെ ഗാനമെന്ന യക്ഷഗാനം.

ശിവനെ പ്രീതിപ്പെടുത്താന്‍ കുബേരന്റെ ആവശ്യപ്രകാരം യക്ഷഗണങ്ങള്‍ വേഷങ്ങളോടും വാദ്യങ്ങളോടും കൂടി നൃത്തം ചെയ്യുന്നതാണ് ഐതിഹ്യം.

ക്ഷേത്രത്തിലോ പൊതുസ്ഥലത്തോ വയലിലോ അവതരിപ്പിക്കാനാകും. പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ പുരുഷന്മാരാണ് അവതരിപ്പിക്കുന്നത്.

കൈമുദ്രകളുടെയും അംഗചലനങ്ങളുടെയും സഹായത്തോടെ ഭാഗവതം, രാമായണം, മഹാഭാരതം എന്നിവയിലെ കഥകളാണ് വിഷയമാകുന്നത്. 

ഫോട്ടോ: മാതൃഭൂമി/ എന്‍. രാംനാഥ് പൈ 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.