''ഈ പ്രവചനം എന്നുപറയുന്നതു വലിയ ബുദ്ധിമുട്ടുള്ള പണിയാണ്, പ്രത്യേകിച്ചും ഭാവിയെപ്പറ്റിയാവുമ്പോള്‍'' എന്നുപറഞ്ഞത് മാര്‍ക്ക് ടൈ്വയിന്‍ ആണ്. കേരളത്തിന്റെ അടുത്ത അറുപതു വര്‍ഷം എന്താകുമെന്നുള്ള ചോദ്യത്തിന് അതുകൊണ്ടുതന്നെ എളുപ്പത്തില്‍ ഉത്തരമില്ല. അതേസമയം കേരളത്തിന്റെ ഭാവി എന്താകാമെന്നതിനു പല ഉത്തരങ്ങളുണ്ടു താനും. കാരണം ഭാവി എന്നത് ഇന്നലെയും ഇന്നുമായി നാമെടുക്കുന്ന തീരുമാനങ്ങളുടെ പരിണിതഫലമാണ്. അല്ലാതെ പൂര്‍വ്വനിശ്ചിതമോ ദൈവനിശ്ചയമോ അല്ല. അതുകൊണ്ടു തന്നെ കുറച്ചു വിഷയങ്ങളില്‍ എന്തു തീരുമാനങ്ങള്‍ ഇപ്പോള്‍ നാം എടുത്താല്‍ ഏതു രീതിയില്‍ കേരളത്തിന്റെ വരും തലമുറയുടെ ഭാവി എത്തിക്കാം എന്നാണ് ഈ ലേഖനത്തിന്റെ ഉള്ളടക്കം.

keralam@60-2

രാഷ്ട്രീയഭാവി

ഒരു സംസ്ഥാനമെന്ന നിലയില്‍ കേരളത്തിന്റെ  ഭാവി എന്താകുമെന്ന് ആദ്യം ചിന്തിക്കാം. തിരുവിതാംകൂറും കൊച്ചിയും മലബാറും കൂടിച്ചേര്‍ന്ന് ഇപ്പോള്‍ നമ്മളറിയുന്ന ഐക്യകേരളം ഉണ്ടായിട്ട് അറുപത് വര്‍ഷമെ ആയുള്ളൂ. അതിനും പത്തു വര്‍ഷം മുമ്പത്തെ കാര്യമെടുത്താല്‍, നാം തിരുവിതാംകൂര്‍, കൊച്ചി എന്നിങ്ങനെ രണ്ടു രാജ്യങ്ങളും പിന്നെ ബ്രിട്ടീഷ്  ഇന്ത്യയുടെ ഭാഗമായ മലബാറും ആയിരുന്നു. ഭാവിയില്‍ കേരളം ഐക്യകേരളമായി തുടരുമോ ഒരു സംസ്ഥാനമായി തുടരുമോ അതോ ഒന്നോ അതിലധികമോ സംസ്ഥാനങ്ങള്‍ ആകുമോ അതോ വേറെ രാജ്യമോ രാജ്യത്തിന്റെ ഭാഗമോ  ആകുമോ? എല്ലാം സാധ്യമാണ്. ഭൂപ്രദേശങ്ങളെ ഉടച്ചുവാര്‍ത്തും കൂട്ടിച്ചേര്‍ത്തും രാജ്യങ്ങളും സാമ്രാജ്യങ്ങളും ഉണ്ടാകുന്ന പ്രക്രിയ ചരിത്രമുണ്ടായ കാലത്തെ ഉള്ളതാണ്. അതിര്‍ത്തികളും രാജ്യങ്ങളും എല്ലാം മാറി മാറി വരും. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആ ചരിത്രത്തിന്റെ അവസാനം ഒന്നുമല്ല.  പ്രവചനാതീതമായ കാര്യങ്ങളാണെല്ലാം.

പക്ഷെ ഒരു കാര്യം നമുക്ക് ഇപ്പോഴെ ചെയ്യാം.  അധികാരത്തിന്റെ ഭൂരിഭാഗവും ഭരണത്തിന്റെ താഴത്തെ തട്ടില്‍ എത്തിക്കാന്‍ നോക്കാം. അതായത് ഒരു പ്രദേശത്തെ  ഭരണ നിര്‍വഹണവും വിഭവങ്ങളുടെ നിയന്ത്രണവും എല്ലാം   പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും (അല്ലെങ്കില്‍ കോര്‍പ്പൊറേഷനുകളില്‍) എത്തിക്കാം.  ഇതിനിടയില്‍ ഇപ്പോള്‍ നിവിലുള്ള,  ഭരണ നിര്‍വഹണത്തിന്റെ  അടിസ്ഥാനമായ  ജില്ലയും വ്യാപക അധികാരങ്ങള്‍ ഉള്ള കളക്ടറും എല്ലാം എടുത്തു കളയാം. അതെല്ലാം   പഴയ കൊളോണിയല്‍ സെറ്റപ്പിന്റെ ഭാഗമാണ്, ആധുനിക ലോകത്ത് കാലഹരണപ്പെട്ടതും ആണ്. അധികാര വികേന്ദ്രീകരണം യഥാര്‍ത്ഥമായി നടന്നിരിക്കുന്ന ലോകത്തെ ജനാധിപത്യ രാജ്യങ്ങളില്‍  ഇതുപോലെ ഒരു സംവിധാനമില്ല. നഗരണങ്ങളില്‍ മേയര്‍ ആണ് സര്‍വാധികാരി. ഭൂരിഭാഗം നികുതി വരുമാനവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കിട്ടുന്നു. അതനുസരിച്ച് അവര്‍ സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്നു, ഉത്തരവാദിത്തപ്പെട്ടവരെ നിയമിക്കുന്നു.  ന്യൂ യോര്‍ക്കിലും ലണ്ടനിലുമെല്ലാം അവിടത്തെ പോലീസ് മേധാവിയെ പോലും തിരഞ്ഞെടുക്കുന്നതും തീരുമാനിക്കുന്നതും മേയറാണ്. ഈ ഉദ്യോഗസ്ഥര്‍ ഒന്നും വാഷിംഗ്ടണില്‍നിന്നോ ലണ്ടനില്‍നിന്നോ നിയന്ത്രിക്കപ്പെടുന്ന ഒരു സിവില്‍ സര്‍വീസിന്റെ ഭാഗമല്ല.  അങ്ങനെ കേന്ദ്ര സര്‍ക്കാരില്‍നിന്നോ സംസ്ഥാന സര്‍ക്കാരില്‍നിന്നോ ഉള്ള ഉദ്യോഗസ്ഥര്‍ എല്ലാം ജനാധിപത്യ സ്ഥാപനങ്ങള്‍ക്ക് ഏറെ താഴെയും ആണ്.

നമ്മളുടെ ചുറ്റുമുള്ള മേയര്‍മാരെയും കലക്ടര്‍മാരെയും പോലീസ് കമ്മീഷണര്‍മാരെയും ഒക്കെ താരതമ്യപ്പെടുത്തുമ്പോള്‍ ഈ അധികാരം എല്ലാം കയ്യാളാനുള്ള പരിപക്വത നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് ഉണ്ടോ, അത് കിട്ടിയാല്‍ അവര്‍ കുളമാക്കില്ലേ, അതുകൊണ്ടു തന്നെ ഉദ്യോഗസ്ഥരുടെ കയ്യില്‍ ഇരിക്കുന്നതല്ലേ നല്ലത്  എന്നൊക്കെ നമുക്ക് ഇപ്പോള്‍ തോന്നാം. അപ്പോഴൊക്കെ നമ്മള്‍ ഓര്‍ക്കേണ്ട ഒരു കാര്യം ഉണ്ട്. ഇന്ത്യക്കാരുടെ കയ്യിലേക്ക് സ്വയംഭരണം നല്‍കുന്നതിനെതിരെ ബ്രിട്ടീഷുകാര്‍ പറഞ്ഞിരുന്ന ന്യായവും ഇതുതന്നെ ആയിരുന്നു. ഇത്തരം കാര്യങ്ങളില്‍ നമുക്ക് ജനാധിപത്യ സംവിധാനങ്ങളെ വിശ്വസിച്ചേ പറ്റൂ. ഉത്തരവാദിത്തം കൂടി വരുന്ന മുറക്കു വോട്ടര്‍മാര്‍ മേയര്‍മാരില്‍നിന്നും കൂടുതല്‍ പ്രതീക്ഷിക്കും. കൂടുതല്‍ മിടുക്കന്മാര്‍ ഈ തൊഴിലിലേക്കു വരും. വിഭവങ്ങളുടെ നിയന്ത്രണവും ഭരണ നിര്‍വഹണവും ഒക്കെ താഴെ തട്ടില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ അതിന്റെ  മുകളിലേക്കുള്ള സംവിധാനങ്ങള്‍ എന്താണെന്നതിനെപ്പറ്റി നമുക്ക് അധികം ചിന്തിക്കേണ്ടി വരില്ല. ഭൂരിഭാഗം അധികാരവും താഴെ തട്ടില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ കേന്ദ്രവും സംസ്ഥാനവും തമ്മിലും വടക്കും തെക്കും  തമ്മിലും ഒന്നും വഴക്കുണ്ടാവില്ല. ആരോഗ്യകരമായ മത്സരങ്ങള്‍ മാത്രമേ ഉണ്ടാകൂ.

keralam@60-3

ജനവും ജനസംഖ്യയും

ഭാവിപ്രവചനത്തിന് ഏറെയെളുപ്പമുള്ള ഒന്നാണ് ജനസംഖ്യ. കേരളത്തിലിപ്പോള്‍ മൂന്നു കോടി മുപ്പത്തിമൂന്നു ലക്ഷം ജനങ്ങളുണ്ട്. സാമ്പത്തികസുരക്ഷയും ആരോഗ്യസംവിധാനങ്ങളും മെച്ചപ്പെടുന്ന രാജ്യങ്ങളിളെല്ലാം ജനസംഖ്യയുടെ സ്വാഭാവിക വളര്‍ച്ച കുറയുകയാണ്. കേരളത്തിലും. അതുകൊണ്ട് അറുപത് വര്‍ഷത്തിനകം തന്നെ കേരളത്തില്‍  മലയാളികളുടെ എണ്ണവും ഒരു പരിധി വരെ നമുക്ക് കൃത്യമായി പ്രവചിക്കാവുന്നതാണ്.

എന്നാലൊരു കുഴപ്പമുണ്ട്. കഴിഞ്ഞ അറുപത് വര്‍ഷത്തിനിടയില്‍ ഇന്ത്യയിലെ  സാമ്പത്തികനിലയില്‍ ഒന്നാന്തരം സംസ്ഥാനമായി നാം വളര്‍ന്നുകഴിഞ്ഞു. ജോലിയും കൂലിയും ആരോഗ്യസംവിധാനങ്ങളും വിദ്യാഭ്യാസവുമെല്ലാം കേരളത്തില്‍ മറ്റിന്ത്യന്‍ സംസ്ഥാനങ്ങളെക്കാള്‍ മികച്ചതാണ്. ഇന്ത്യയിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളെ അപേക്ഷിച്ച് നാലിരട്ടി ധനികരാണ്  നാം. സ്വാഭാവികമായും തൊഴിലന്വേഷിച്ച് ധാരാളം മറുനാട്ടുകാര്‍ ഇവിടെയെത്തിയിട്ടുണ്ട്. ഇപ്പോള്‍ അവരുടെ ജനസംഖ്യ പത്തുലക്ഷത്തിനും മുപ്പത് ലക്ഷത്തിനും ഇടക്കാണെന്നാണ് കണക്കുകള്‍. കേരളചരിത്രത്തില്‍ മലയാളം നമ്മുടെ മാതൃഭാഷയായതിനു ശേഷം മറ്റു ഭാഷകള്‍ സംസാരിക്കുന്ന ഇത്രയധികം ജനത കേരളത്തിലെത്തിയ കാലം മുമ്പുണ്ടായിട്ടില്ല. കേരളത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുകയും മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി മെച്ചപ്പെടാതിരിക്കുകയും ചെയ്താല്‍ ഈ ഒഴുക്ക് തുടരും. നമ്മുടെ ജനസംഖ്യയുടെ വളര്‍ച്ച സ്വാഭാവിക നിരക്കില്‍നിന്നും മുകളിലേക്ക് തെന്നിമാറുകയും ചെയ്യും.

ഇക്കാര്യത്തില്‍ നമ്മുടെ ശ്രദ്ധ ഏറെ ആവശ്യം ഉണ്ട്. തലമുറകളായി കുടിയേറുന്ന സംസ്‌കാരം ഉള്ളവരാണ് മലയാളികള്‍. തിരുവിതാംകൂറില്‍നിന്നു മലബാറിലേക്കും കൊച്ചിയില്‍നിന്നു കൊളമ്പിലേക്കും മലപ്പുറത്തുനിന്ന് പെനാങിലേക്കും തിരുവല്ലയില്‍നിന്നു അമേരിക്കയിലേക്കും മലയാളികള്‍ കുടിയേറിയിട്ടുണ്ട്. പൗരത്വം കിട്ടുന്ന നാടുകളില്‍ ചെന്ന മലയാളികള്‍ ആ രാജ്യങ്ങളില്‍ സ്ഥിരതാമസം ആയിട്ടുമുണ്ട്. അപ്പോള്‍ മറ്റുള്ള സ്ഥലങ്ങളില്‍നിന്നും കേരളത്തില്‍ ആളുകള്‍ എത്തുന്നതിനെ എതിര്‍ക്കാന്‍ നമുക്കു ധാര്‍മ്മികമായ ഒരവകാശവും ഇല്ല. വാസ്തവത്തില്‍ അതിന്റെ ആവശ്യവുമില്ല. കുടിയേറ്റം അതു തുടങ്ങുന്ന സ്ഥലത്തിനും അവസാനിക്കുന്ന സ്ഥലത്തിനും നല്ലതാണെന്നു ചരിത്രം എത്രയോ സ്ഥലങ്ങളില്‍ തെളിയിച്ചിരിക്കുന്നു. പുതിയതായി നാട്ടിലെത്തുന്ന മറുനാട്ടുകാരെ നമ്മുടെ സംസ്‌കാരത്തിലേക്കു സ്വീകരിക്കാനും സമന്വയിക്കാനുമുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കിയെടുക്കുക എന്നതാണു പ്രധാനം. നമ്മുടെ സാമ്പത്തിക വളര്‍ച്ച ഈ നിലയില്‍ തുടര്‍ന്നാല്‍ കേരളത്തിന്റെ ജന സംഖ്യയില്‍ വന്‍വര്‍ദ്ധന ഉണ്ടാകും. മറ്റു ഭാഷകള്‍ ഇവിടെ സാര്‍വത്രികമാകും. ഇതെല്ലാം കൂടുതല്‍ ഊര്‍ജസ്വലമായ ഒരു സമൂഹത്തെ ഉണ്ടാക്കിയെടുക്കും. അടുത്ത അറുപതു വര്‍ഷത്തിനും എത്രയോ മുമ്പ് വെങ്ങോലക്ക് ബംഗാളില്‍നിന്നു വന്നു താമസിച്ചവരില്‍നിന്നും ഒരു പഞ്ചായത്ത് പ്രസിഡന്റ് ഉണ്ടാകും. 

keralam@60-4

പരിസ്ഥിതിയും കാലാവസ്ഥയും 

ജനസംഖ്യ കഴിഞ്ഞാല്‍ ഏതാണ്ട് പ്രവചിക്കാന്‍ പറ്റുന്ന മറ്റൊന്നാണ് പരിസ്ഥിതിയുടെ കാര്യം. ലോകത്ത് സാമ്പത്തികമായി പുരോഗതി പ്രാപിച്ച മിക്കവാറും രാജ്യങ്ങളൊക്കെത്തന്നെ (അമേരിക്ക, യൂറോപ്പ്, ജപ്പാന്‍, കൊറിയ) അവരുടെ രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളിലെ പരിസ്ഥിതി സംവിധാനങ്ങളെല്ലാം (വെള്ളം, വായു, കാടുകള്‍) കൂടുതല്‍ നന്നാക്കിയെടുത്തിട്ടുണ്ട്. ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനവും ജല മലിനീകരണം ഒഴിവാക്കലുമെല്ലാം സാങ്കേതിക വിദ്യകള്‍ കൊണ്ട് അവര്‍ സാധിച്ചിട്ടും ഉണ്ട്.  

അഴുക്കു ചാലുകള്‍ ആയിരുന്ന ലണ്ടനിലെ തെംസ് നദിയും ആംസ്റ്റര്‍ഡാമിലെ കനാലുമെല്ലാം ഇപ്പോള്‍ ഡോള്‍ഫിനുകള്‍ ചാടിക്കളിക്കുകയും ആളുകള്‍ നീന്തുകയും ചെയ്യുന്ന ജലവീഥികള്‍ ആണ്. കേരളത്തിലെ ഇപ്പോഴത്തെ ആളോഹരി വരുമാനം ഏതാണ്ട് രണ്ടായിരം ഡോളറാണ്. നമ്മുടെ സാമ്പത്തികേ പുരോഗതി തുടര്‍ന്ന് ആളോഹരി വരുമാനം പതിനായിരം ഡോളറാകുന്ന കാലത്ത് നമ്മുടെ നഗരങ്ങളും ജീവിതയോഗ്യമാകും. പുഴകളില്‍ വീണ്ടും വെള്ളമൊഴുകും. കൊച്ചിയിലെ കനാലുകളില്‍ കൊതുകു മാറി മല്‍സ്യങ്ങള്‍ വരും. നഗരത്തിലും ഗ്രാമത്തിലും വനപ്രദേശങ്ങളിലുമെല്ലാം കൂടുതല്‍ പച്ചപ്പുണ്ടാകും. കാരണം നമ്മുടെ സാമ്പത്തിക സുരക്ഷ വര്‍ദ്ധിക്കുകയും അധികാരം താഴേ തട്ടില്‍ എത്തുകയും ചെയ്യുമ്പോള്‍ നമ്മുടെ ജീവിത ഗുണനിലവാരം നന്നാക്കാന്‍ നമ്മുടെ ഭരണ നേതൃത്വത്തെ നാം നിര്‍ബന്ധിക്കും, അതിനു പണം മുടക്കാന്‍ നാം തയ്യാറാവുകയും ചെയ്യും. ഇതു ലോകത്ത് എല്ലായിടത്തും തന്നെ കണ്ടിട്ടുള്ള കാര്യമാണ്.

ഇവിടെ പക്ഷെ ഒരു പ്രശ്നമുണ്ട്. ഈ രണ്ടായിരം ഡോളറില്‍നിന്നും പതിനായിരത്തിലേക്കുള്ള യാത്ര ഉറപ്പുള്ള ഒരു കാര്യമല്ല. സമ്പദ്വ്യവസ്ഥ  എന്നതു മുന്നോട്ടു മാത്രം പോകുന്ന ഒരു വണ്ടിയല്ല. ഇന്ത്യയേക്കാള്‍ മുന്നില്‍ നിന്ന എത്രയോ സ്ഥലങ്ങള്‍(അഫ്ഗാനിസ്ഥാനും ശ്രീലങ്കയും  ഉദാഹരണം) പിറകോട്ടു പോയി. അതുപോലെ നമ്മുടെ പുറകില്‍ നിന്ന ദക്ഷിണ കൊറിയയും ഗള്‍ഫ് രാജ്യങ്ങളും ഇപ്പോള്‍ ഏറെ മുന്നിലായി. നമ്മുടെ വണ്ടി രണ്ടു വശത്തേക്കും ഓടാം. പുറകോട്ടു പോയാല്‍ പരിസ്ഥിതിയുടെ കാര്യത്തില്‍ നിക്ഷേപിക്കാന്‍ നമുക്ക് പണമോ താല്പര്യമോ ഉണ്ടാവില്ല. 

അതുപോട്ടെ. നമ്മള്‍ മുമ്പോട്ടു പോയാലും ഉണ്ട് കുഴപ്പം. ഇപ്പോഴത്തെ വികസന മാതൃകയുമായാണു നാം മുന്നോട്ടു പോകാന്‍ ശ്രമിക്കുന്നതെങ്കില്‍ കല്ലും മണ്ണും മണലും വെള്ളവും ഉള്‍പ്പെട്ട പ്രകൃതി വിഭവങ്ങളെ നാം ചൂഷണം ചെയ്ത് അതു വരും തലമുറക്ക് ഇല്ലാതാക്കും. നമ്മുടെ ഉപഭോഗത്തിന്റെ ബാക്കിപത്രമായ മാലിന്യങ്ങള്‍ വേണ്ട പോലെ സംസ്‌ക്കരിക്കാതെ പ്രകൃതിയിലേക്കു തള്ളി അതിനെ വീണ്ടും അസന്തുലിതമാക്കാം. അപ്പോള്‍ പിന്നെ നാം സാമ്പത്തിക പുരോഗതി നേടിയാലും പരിസ്ഥിതി വീണ്ടെടുക്കാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ സുസ്ഥിര വികസനത്തിന്റെ പാഠങ്ങള്‍ ഇപ്പോള്‍ പഠിച്ചാലേ നമുക്ക് ഈ വിഷയം വേണ്ട തരത്തില്‍ കൈകാര്യം ചെയ്യാന്‍ പറ്റൂ.

ഒരുദാഹരണം പറയാം. കേരളത്തിലെ ഗ്രാമത്തില്‍ വാസ്തവത്തില്‍ ഭൂമിയുടെയും വെള്ളത്തിന്റെയും ആവശ്യം കുറഞ്ഞു വരികയാണ്. കാരണം, കൃഷി മിക്കവാറും ആദായകരമല്ലാതായിക്കഴിഞ്ഞു. മുപ്പത് വയസ്സിനു താഴെയുള്ള മലയാളികളില്‍ പത്തു ശതമാനം പോലും കൃഷി തൊഴിലായി സ്വീകരിക്കുന്നില്ല. ലക്ഷക്കണക്കിന് ഏക്കര്‍ കരയും പാടവുമായ ഭൂമിയില്‍ പഴയതു പോലെ കൃഷി ചെയ്യപ്പെടുന്നില്ല. അതുകൊണ്ടുതന്നെ വെള്ളത്തിന്റെ ആവശ്യവും കുറഞ്ഞുവരുന്നു. ഇപ്പോള്‍ നമുക്ക് രണ്ടു കാര്യങ്ങള്‍ ചെയ്യാം. ഒന്നുകില്‍ തരിശായി മാറുന്ന കൃഷിഭൂമികള്‍ പ്രകൃതിസംരക്ഷണ മേഖലയാക്കി മാറ്റാം. ജലസേചനത്തിനു വേണ്ടി ഉണ്ടാക്കിയ വമ്പന്‍ അണക്കെട്ടുകളൊക്കെ പൊട്ടിച്ചുകളഞ്ഞ് നദികളെ പുനരുജ്ജീവിപ്പിക്കാം. 

ഇതൊക്കെ ലോകത്ത് നടന്നിട്ടില്ലാത്ത  കാര്യങ്ങളല്ല. അല്ലെങ്കില്‍ ഇപ്പോള്‍ നടക്കുന്നതിന്റെ തുടര്‍ച്ചയായി കൃഷിഭൂമിയെ തുണ്ടു തുണ്ടാക്കി കള്ളപ്പണവും അധ്വാനിച്ചുണ്ടാക്കിയ പണവുമെല്ലാം അതില്‍ കുഴിച്ചിടാം. ലാഭകരമല്ലാത്ത കൃഷിയെ നിലനിര്‍ത്താന്‍ കൂടുതല്‍ സബ്‌സിഡികള്‍ കൊടുക്കാം. വെള്ളവും വളവുമെല്ലാം അനാവശ്യമായി ചെലവാക്കാം. വേണമെങ്കില്‍ പുതിയ അണക്കെട്ടുകളും കനാലുകളും ഉണ്ടാക്കി പുഴകളെ ഞെക്കിക്കൊല്ലാം. ഈ രണ്ടു തരം തീരുമാനങ്ങളും മനുഷ്യര്‍ എടുക്കേണ്ടതാണ്. നമ്മുടെ ഭാവി, വരും തലമുറയുടെ ഭാവി എല്ലാം നമ്മള്‍ ഇപ്പോളെടുക്കുന്ന തീരുമാനത്തെ ആശ്രയിച്ചിരിക്കുകയും ചെയ്യും.

ലോകം ഈ നൂറ്റാണ്ടില്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് കാലാവസ്ഥാ വ്യതിയാനം. കേരളത്തിലുള്‍പ്പെടെ ലോകത്തിന്റെ ഏറെ സ്ഥലങ്ങളില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രഭാവം കണ്ടുതുടങ്ങി. കാലം തെറ്റുന്ന മഴ, കൂടുതല്‍ സാന്ദ്രമായ മഴ എന്നിവയുടെ ഫലമായി മൊത്തം മഴയുടെ അളവ് കുറയാത്ത സമയങ്ങളിലും മഴദിവസങ്ങളുടെ എണ്ണം കുറയുന്നു. കൂടുതല്‍ മഴ കുറച്ചു സമയത്ത് പെയ്യുമ്പോള്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും വര്‍ധിക്കുന്നു. അതേവര്‍ഷം തന്നെ കുടിവെള്ളക്ഷാമവും വരള്‍ച്ചയും ഉണ്ടാകുന്നു.

ഇനി വരുന്ന അറുപത് വര്‍ഷത്തില്‍ ഇപ്പോള്‍ നമ്മള്‍ കാണുന്ന കാലാവസ്ഥാ വ്യതിയാന സൂചനകള്‍ കൂടുതല്‍ രൂക്ഷമാകുമെന്നു മാത്രമല്ല, സമുദ്രനിരപ്പ് ഉയരുകയെന്ന പ്രതിഭാസം കൂടി കേരളം അഭിമുഖീകരിക്കേണ്ടി വരും. കേരളത്തിലെ ഏറെ നഗരങ്ങളും ജനവാസപ്രദേശങ്ങളും ജീവിതത്തിന്റെ ആധാരമായ തൊഴിലുകളുമെല്ലാം കടല്‍ത്തീരത്തെ താഴ്ന്ന പ്രദേശങ്ങളിലൊക്കെയാണ് സ്ഥിതി ചെയ്യുന്നത്.
  
ഇങ്ങനെ പല തരത്തില്‍ നമ്മെ ചുറ്റി വരിയുന്ന കാലാവസ്ഥാ വ്യതിയാനത്തിനെതിരെ  നാമിപ്പോള്‍ തന്നെ പദ്ധതികള്‍ തയ്യാറാക്കി നമ്മുടെ നഗരങ്ങളും കൃഷിയും തൊഴിലുകളുമെല്ലാം മാറ്റിയെടുക്കണം. ജലക്ഷാമം നേരിടാനും അതേ സമയത്തു തന്നെ നഗരങ്ങളിലെ വെള്ളപ്പൊക്കം നേരിടാനുമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയേ തീരു. ഇതിനു തല്‍ക്കാലം കുറച്ചു സമയമുണ്ട്. പക്ഷെ, ഈ തീരുമാനങ്ങള്‍ നമ്മളിപ്പോള്‍  എടുത്തില്ലെങ്കില്‍, ''ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ'' എന്ന ചോദ്യം കൂടുതല്‍ പ്രസക്തമാകും.

(ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ ആണ് ലേഖകന്‍. അഭിപ്രായങ്ങള്‍ വ്യക്തിപരം ആണ്, ഐക്യരാഷ്ട്രസഭയുടേത് ആകണമെന്നില്ല.)