.ചെത്തിയിറക്കുന്ന ലഹരി
കള്ളുചെത്തും കള്ളുഷാപ്പും കേരളത്തിന്റെ സംസ്കാരത്തിന്റെ തന്നെ ഭാഗമായിരുന്നു. പകലന്തിയോളം എല്ലുമുറിയെ പണിയെടുത്ത് അന്തിക്കള്ളും മോന്തിവരുന്ന തൊഴിലാളികള്‍ ഒരുകാലത്ത് കേരളത്തിലെ ഗ്രാമങ്ങളിലെ സ്ഥിരം കാഴ്ചയായിരുന്നു. കള്ളുഷാപ്പുകള്‍ ചൂടുപിടിച്ച വാദപ്രതിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ചിലപ്പോഴൊക്കെ കയ്യാങ്കളിയ്ക്കും വേദിയായി. തെങ്ങും പനയുമായിണ് കേരളത്തിന് ലഹരി പകര്‍ന്നിരുന്ന പ്രധാന സ്രോതസ്സുകള്‍. ഇതില്‍തന്നെ തെങ്ങിന് കള്ളായിരുന്നു സുലഭമായി ലഭിച്ചിരുന്നത്. എല്ലാ ഗ്രാമങ്ങള്‍ക്കും അവരുടെ 'ചെത്തുകാരനും' ഉണ്ടായിരുന്നു. വംശമറ്റുവരികയാണെങ്കിലും കേരളത്തിലെ ഗ്രാമപ്രദേശങ്ങളില്‍ ചെത്തുകാര് ഇന്നും തീര്‍ത്തും ദുര്‍ലഭമല്ല.
.ലഹരി വാറ്റായി നുരയുമ്പോള്‍
കള്ളിനൊപ്പം കേരളത്തിന് ലഹരി പകര്‍ന്നിരുന്ന മറ്റൊരു പാനീയമാണ് നാടന്‍ വാറ്റ് അഥവാ ചാരായം. ഒരു കാലത്ത് കള്ളുഷാപ്പുകള്ക്കൊപ്പം സര്‍ക്കാര്‍ ചാരായ ഷാപ്പുകള്‍ക്കും ലൈസന്‍സ് നല്‍കിയിരുന്നു. കുറഞ്ഞ ചിലവില്‍ ലഭ്യമാകുമെന്നതിനാല്‍ ചാരായം വേഗത്തില്‍ ജനപ്രിയമായി. സര്‍ക്കാര്‍ ചാരായത്തിനൊപ്പം നാട്ടിന്‍പുറങ്ങളില്‍ കള്ളവാറ്റും ധാരാളമായിരുന്നു. വീടുകളും ആളൊഴിഞ്ഞ ഇടങ്ങളിലെ പറമ്പുകളുമെല്ലാം വാറ്റിന്റെ ലഹരി നുരഞ്ഞു.
.സ്വകാര്യമേഖലയിലെ വിദേശി
ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം (ഐഎംഎഫ്എല്‍) സ്വകാര്യ ഔട്ട്ലെറ്റുകള് വഴി വില്ക്കാന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇപ്പോഴത്തെ ബിവറേജസ് ഔട്ട്ലെറ്റുകള് പോലെ സര്‍ക്കാര്‍ സ്വകാര്യ വ്യക്തികള്‍ക്കും മദ്യം വില്‍ക്കാനാകുമായിരുന്നു. എന്നാല്‍ പിന്നീട് ബിവറേജസ് വ്യാപകമാക്കി സര്‍ക്കാര്‍ സ്വകാര്യ ഔട്ട്ലെറ്റുകള് അവസാനിപ്പിച്ചു.
.കുടുംബങ്ങള്‍ക്കായി നിരോധനം
മലയാളിയുടെ മദ്യപാനശീലത്തിന്റെ സ്ഥിരസുഹൃത്തായ ചാരായം ആന്റണി സര്‍ക്കാര്‍ 1996ല്‍ നിരോധിച്ചു. കുടുംബങ്ങളിലെ സംതൃപ്തി എന്ന മുദ്രാവാക്യവുമായാണ് ചാരായ നിരോധനം കൊണ്ടുവന്നത്. എന്നാല്‍ ചാരായ നിരോധനത്തോടെ കള്ളവാറ്റ് വ്യാപകമാക്കി. റവന്യു വരുമാനത്തിലെ നഷ്ടം നികത്താന്‍ വിദേശമദ്യത്തിന് 200 ശതമാനം വിലകൂട്ടുകയും ചെയ്തു. എന്നാല്‍ നാടന്‍ വാറ്റുകള്‍ മദ്യ ദുരന്തങ്ങള്‍ക്ക് കാരണമായതോടെ മലയാളിയുടെ മദ്യപാനം ശീലം 'വിദേശി'യിലേക്ക് ചേക്കേറി.
.നീണ്ട ക്യൂവിലെ അച്ചടക്കം
ചാരായ നിരോധനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ വിദേശമദ്യ വില്പന വ്യാപകമാക്കാന്‍ തീരുമാനിച്ചു. ഇതോടെ നേരത്തേ ഉണ്ടായിരുന്നു എണ്ണം സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. മലിയാളികള് അച്ചടക്കത്തോട്ടെ ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കാനും തുടങ്ങി. വര്‍ഷാവര്‍ഷം മദ്യവില കുതിച്ചുയര്‍ന്നിട്ടും ബിവറേജസിനു മുന്നിലെ വരിയുടെ നീളം കൂടിയതല്ലാതെ ഒട്ടും കുറഞ്ഞില്ല.
.ദുരന്തമാകുന്ന ലഹരി
1982ല്‍ തിരുവോണനാളിലാണ് മദ്യം എത്രമാത്രം വിഷമാണെന്ന് മലയാളി ആദ്യമായി തിരിച്ചറിഞ്ഞത്. വൈപ്പിനില്‍ അന്ന് 77 പേരാണ് വിഷമദ്യം കഴിച്ച് മരിച്ചത്. 63 പേര്‍ക്ക് കാഴ്ച നഷ്ടമായി. 2000ല്‍ ചാരായ നിരോധനത്തിന് ശേഷം അധികൃതരുടെ മൗനാനുവാദത്തോടെ പ്രവര്‍ത്തിച്ചിരുന്ന കൊല്ലത്തെ കല്ലുവാതുക്കലിലും പള്ളിക്കലിലുമായി 32 പേര് ചരമമടഞ്ഞു. എന്നാല്‍ ഈ ദുരന്തങ്ങളൊന്നും മലയാളിയുടെ മദ്യാസക്തിക്ക് തടസ്സമായില്ല. മലപ്പുറത്തും പുനലൂരുമൊക്കെ പിന്നീടും മദ്യം ദുരന്തമായൊഴുകി.
.മിലിട്ടറിയ്ക്കായി നെട്ടോട്ടം
മിലിട്ടറി ക്വാട്ടയില്‍ ലഭിക്കുന്ന മദ്യം മലയാളിയുടെ വീക്ക്നെസ്സാണ്. നല്ല മദ്യം താരതമ്യേന കുറഞ്ഞ വിലയില്‍ ലഭിക്കുമെന്നതാണ് 'മിലിട്ടറി'യോട് മലയാളിക്ക് പ്രിയമേറാന്‍ കാരണം. ഈ പ്രിയം സര്‍വീസില്‍ നിന്ന് വിരമിച്ച പട്ടാളക്കാര്‍ക്ക് മദ്യവില്പന, ചെറിയൊരു കുടില്‍ വ്യവസായമാക്കിമാറ്റി.മദ്യം ലഭിക്കാത്ത പൊതു അവധി ദിവസങ്ങളിലും ഒന്നാംതീയതിയുമെല്ലാം പട്ടാളക്കാരെ തേടി മലയാളി നെട്ടോട്ടമോടി.
.'മദ്യ'കേരളത്തിന് ഇരുട്ടടി
മലയാളിയുടെ മദ്യപാന ശീലത്തെ തന്നെ മാറ്റിമറിച്ചുകൊണ്ട് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ബാര്‍ അടയ്ക്കാനുള്ള തീരുമാനം വന്നത്. ബാര്‍ ലൈസന്‍സ് സംബന്ധിച്ച വിവാദം കൊടുമ്പിരി കൊണ്ടതോടെ സര്‍ക്കാര്‍ അപ്രതീക്ഷിതമായി അടച്ച ബാറുകള്‍ തുറയ്ക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള ബാറുകളില്‍ വീര്യം കൂടിയ മദ്യം വില്‍ക്കേണ്ടെന്നും തീരുമാനിച്ചത് മദ്യപകര്‍ക്ക് ഇരട്ടയടിയായി.
.മദ്യത്തിനായി മാത്രം ജീവിച്ചവര്‍
മദ്യത്തിനായി മാത്രം ജീവിച്ച ഒരു വിഭാഗം. രാത്രിജീവികളായ ഇവരെ കേരളത്തിന്റെ ഓരോ കോണിലും കാണാമായിരുന്നു. രാത്രികളില്‍ ലഹരിയില്‍ ആറാടിയ ഇവര്‍ പകലുകളില്‍ ആലസ്യത്തില്‍ നിര്‍വൃതിപൂണ്ടു. മദ്യപിച്ചെത്തുന്ന ഗൃഹനാഥന് ഉയര്‍ത്തുന്ന ശബ്ദവും വീട്ടുപകരണങ്ങള്‍ തല്ലിപ്പൊട്ടിക്കലുമെല്ലാം കേരളത്തിലെ വീടുകളില്‍ അര്‍ധരാത്രി ആടുന്ന ഒരു സ്ഥിരം പ്രഹസനമായി മാറി. ഇത് കുടുംബത്തിലെ സ്ത്രീകളുടെ ജീവിതം നരകതുല്യമായക്കി.
.മദ്യസദസ്സുകള്‍
മലയാളി വിദ്യാഭ്യാസത്തില്‍ മുന്നേറുകയും വൈറ്റ് കോളര്‍ ജോലികളിലേക്ക് കൂടുമാറുകയും ചെയ്തതോടെ വൈകുന്നേരങ്ങളിലെ സൗഹൃദ സദസ്സുകള്‍ വ്യാപകമായി. ജോലിയുടെ സമ്മര്‍ദ്ദം കുറയ്ക്കാനെന്ന പേരില്‍ ഈ സദസ്സുകളില്‍ മദ്യവും സ്ഥിരം പങ്കാളിയായി. ബാറുകളിലും മച്ചിന്പുറങ്ങളിലും ഒന്നിച്ച അവര്‍ക്ക് രാഷ്ട്രീയവും സിനിമയും സ്പോര്‍ട്സും എന്നുവേണ്ട സൂര്യനു കീഴിലുള്ളതെല്ലാം ചര്‍ച്ചാവിഷയമായി. ഇവര്‍ സമൂഹത്തിന് പ്രത്യക്ഷത്തില്‍ ദോഷമൊന്നും ഉണ്ടാക്കിയില്ലെങ്കിലും കുടുംബ ബന്ധങ്ങളില്‍ വിള്ളല്വീഴാന് കാരണമായി. ഇതേറെ ബാധിച്ചത് കുട്ടികളെയും അവരുടെ വിദ്യഭ്യാസത്തെയുമായിരുന്നു.
.തന്നിലേക്കൊതുങ്ങിയ മദ്യപാനം
അണുകുടുംബങ്ങളിലേക്കും ഫ്ളാറ്റുകളിലേക്കും പിന്നീട് സ്മാര്‍ട്ട്ഫോണിന്റെ/ലാപ്ടോപിന്റെ ചതുരക്കള്ളിയിലേക്കും ജീവിതം ചുരുങ്ങിയപ്പോള്‍ മലയാളി യുവതയുടെ സാമൂഹ്യ ബന്ധങ്ങളും കുറഞ്ഞു. ഇത് അവരുടെ മദ്യപാന ശീലങ്ങളിലും പ്രതിഫലിച്ചു. സമൂഹ മദ്യപാന സദസ്സുകള്‍ അണുസദസ്സുകള്ക്ക വഴിമാറി. സ്ഥിരമായി മദ്യപിക്കുന്നവര്‍ മദ്യപാനം ഒറ്റയ്ക്കായി.
.പുതു മേച്ചില്പുറങ്ങളിലെ സ്ത്രീകള്‍
എക്കാലത്തും കേരളത്തില്‍ കുടുംബങ്ങളെ ചേര്‍ത്തുപിടിച്ചത് സ്ത്രീകളായിരുന്നു. കുടുംബപ്രശ്നങ്ങള്‍ക്കിടയിലും അവര്‍ മക്കളുടെ വിദ്യഭ്യാസ കാര്യങ്ങളില്‍ ശ്രദ്ധചെലുത്തി. പിന്നീടുവന്ന തലമുറയിലെ സ്ത്രീകളും മുന്‍തലമുറയുടെ പാത പിന്തുടര്ന്നു. മലയാളി സ്ത്രീയുടെ ഇന്നത്തെ സാഹചര്യങ്ങള്‍ക്ക് പിന്നില്‍ അവരുടെ മുന്‍തലമുറയുടെ കരുതല്‍ ഏറെയുണ്ട്. വിദ്യഭ്യാസത്തിലെ മുന്നേറ്റം സ്ത്രീകള്‍ അടുക്കളയില്‍ ഒതുങ്ങേണ്ടവരല്ലെന്നും അരങ്ങില്‍ അവര്‍ക്കേറെ ചെയ്യാനാകുമെന്നുമുള്ള രീതിയില്‍ മൊത്തം സമൂഹത്തിന്റെ മനോഭാവം മാറി. പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ വിവാഹം കഴിഞ്ഞ് ഒതുങ്ങിക്കൂടാനാല്ല കുടുംബത്തോടൊപ്പം ജോലിയും മുന്നോട്ടുകൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവരാണ്. ഇതവര്‍ക്ക് കൂടുതല്‍ സാമ്പത്തിക-സാമൂഹിക സുരക്ഷിതത്വവും സ്വാതന്ത്ര്യബോധവും നല്കി. അവര്‍ ലഹരിയുടേതുള്പ്പെടെ പുതിയ മേച്ചില്പുറങ്ങളില് കൊണ്ടെത്തിച്ചു.
.മായികവലയത്തില്‍ കുട്ടികളും
കേരളം രൂപീകൃതമായ അമ്പതുകളിലെ കുട്ടികളും ആറുപതിറ്റാണ്ടിനിപ്പുറത്തെ കുട്ടികളും തമ്മില്‍ സ്വാഭാവികമായും വലിയ അന്തരമുണ്ട്. ഇതിനിടെ കേരളത്തിലെ സാമൂഹിക-സാംസ്കാരിക-സാമ്പത്തിക സാഹചര്യങ്ങളില്‍ അഭൂതപൂര്‍വമായ മാറ്റങ്ങളാണുണ്ടായത്. ഒരു കാലത്ത് സര്‍ക്കാര്‍ സ്കൂളുകളില്‍ കേന്ദ്രീകരിച്ചിരുന്ന വിദ്യാഭ്യാസം ഇന്ന് സ്വകാര്യ മേഖലയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. വിദ്യാഭ്യാസം വിലകൊടുത്തു വാങ്ങുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് അതോടുള്ള ആത്മാര്‍ത്ഥതയിലും കുറവുവന്നു. മുതിര്‍ന്നവര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളിലേക്ക് അവരും ആകര്‍ഷിക്കപ്പെട്ടു. ചെറുപ്പത്തിലേ പിടികൂടുക എന്ന ലക്ഷ്യത്തോടെ ലഹരിമാഫിയയും വലമുറുക്കിയപ്പോള് കഞ്ചാവും മദ്യവും മയക്കുമരുന്നും ഉള്‍പ്പെടെയുള്ള ലഹരികള്‍ കുട്ടികള്‍ക്കും പ്രാപ്യമായി.