മാഹി കേരളത്തിലല്ല. എന്നിട്ടും മലയാളത്തിന്റെ മനസ്സില്‍ വലിയൊരു സ്ഥാനമുണ്ട് അറബി കടലും കോഴിക്കോടും കണ്ണൂരും അതിരിടുന്ന ഈ കൊച്ചു നാടിന്. ഇന്നും ലഹരിയിറങ്ങാത്ത ഫ്രഞ്ച്, ബ്രിട്ടീഷ് കൊളോണിയല്‍ പാരമ്പര്യങ്ങള്‍ പോലെതന്നെ ശക്തമാണ് മാഹിയുടെ പുരാവൃത്തത്തിന് കേരളവുമായുള്ള ബന്ധവും. വീട്ടിനുള്ളില്‍ കുടിയിരിക്കുന്ന അയല്‍ക്കാരനെ കേരളം എത്രമാത്രം നെഞ്ചേറ്റുന്നുവെന്ന് മയ്യഴിപ്പുഴയുടെ തീരങ്ങളുടെ വാക്കും വികാരവും സാക്ഷ്യപ്പെടുത്തുന്നു. മാഹിയെന്ന മയ്യഴി ഇനിയെപ്പോഴാവും കേരളത്തിന്റെ ഭാഗമാവുക?
ഒരേയൊരിന്ത്യയും ഒരൊറ്റ ജനതയും അന്നത്തെ ജനങ്ങളും നേതാക്കളും സ്വപ്നം കണ്ടിരുന്നു. മയ്യഴിയുടെ സമരനായകന് ഐ.കെ. കുമാരന് മാസ്റ്ററെ ഭക്ത്യാദര പൂര്‍വം ജനങ്ങള്‍ 'മയ്യഴി ഗാന്ധി' എന്ന് വിളിച്ചതും സാമ്രാജ്യത്വത്തിന്റെ അധിനിവേശത്തിനെതിരെയുള്ള ഗാന്ധിയന്‍ സ്വരമുദ്രയുടെ ഐക്യം നല്കിക്കൊണ്ടു തന്നെയാണ്. മയ്യഴി വേറിട്ട് നില്ക്കേണ്ടതല്ലെന്നും കേരളത്തിനൊപ്പം ചേരുകയാണ് വേണ്ടതെന്നും ഐക്യ കേരള പ്രസ്ഥാന്റെ മുഖ്യ നേതാക്കളിലൊരാള്‍ കൂടിയായിരുന്ന മയ്യഴിയുടെ സമരനായകന് കുമാരന് മാസ്റ്റര്‍ പറഞ്ഞു.
1954 ജൂലായ് 16ന് ഫ്രഞ്ച് അധിനിവേശത്തില്‍നിന്ന് മയ്യഴി സ്വതന്ത്രയായെങ്കിലും ഒരുമിച്ചു ചേരലിന്റെ പൂര്ണതയിലെത്തുവാനാകാതെ മയ്യഴി കേന്ദ്ര ഭരണത്തിന്റെ തുരുത്തുകളിലൊന്നായി മാറ്റപ്പെട്ടു. രണ്ട് സംസ്ഥാനങ്ങള്ക്കപ്പുറമുള്ള പോണ്ടിച്ചേരി മയ്യഴിയുടെ തലസ്ഥാനവുമായി. കേരളം പിറവികൊള്ളുന്നതിന് രണ്ട് വര്‍ഷം മുമ്പ് തന്നെ സ്വതന്ത്രയായെങ്കിലും മയ്യഴി കേരളത്തോട് ചേര്‍ക്കപ്പെടാതെ പോയി. ഭൂപ്രകൃതിയിലും സംസ്കാരത്തിലും ഭാഷയിലും വിഭിന്നമല്ലാത്ത മയ്യഴിയെന്ന ചെറു ഗ്രാമത്തിലെ ജനങ്ങള്‍ മറ്റൊരു തുരുത്താകുന്നതിന്റെ പൊരുത്തക്കേട്.
നാട്ടു രാജ്യങ്ങളെയെല്ലാം കീഴടക്കി ഇന്ത്യയെന്ന ഒരൊറ്റ രാജ്യത്തെ കാല്ക്കിഴിലാക്കിയിട്ടും സൂര്യനസ്തമിക്കാത്ത ബ്രീട്ടീഷ് ചക്രവര്‍ത്തിക്ക് മയ്യഴി അന്യമായിരുന്നു. ഇംഗ്ലണ്ടും ഫ്രാന്‍സും ഇവിടത്തുകാരുടെ ഭാഗധേയം നിര്‍ണയിച്ചു. വാട്ടര്‍ലൂവില്‍ നെപ്പോളിയന് കീഴടങ്ങിയിട്ടും മാഹി ഇംഗ്ലീഷുകാരനു സ്വന്തമായില്ല. ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ടും മയ്യഴി ഫ്രഞ്ചുകാരുടെ അധീനതയില്‍ തുടര്‍ന്നു.
'ബ്രിട്ടീഷ് ഇന്ത്യയെന്നോ ഫ്രഞ്ച് ഇന്ത്യയെന്നോ ഉള്ള വേര്‍തിരിവ് എനിക്കില്ല. എല്ലാം ഒരു രാജ്യമാണ്, ഒരേ ചോരയാണ്. ആകെയുള്ള വ്യത്യാസം ബ്രിട്ടീഷ് പോലീസിന്റെ തൊപ്പി നീലയും ഫ്രഞ്ചുകാരന്റേത് ചുവപ്പുമാണ്. ഭരണം ബ്രിട്ടന്റേതായാലും ഫ്രാന്സിന്റേതായാലും, അതെല്ലാം വിദേശീയമാണ്. അവരെല്ലാം ഇന്ത്യ വിടണം.' മലബാര്‍ പര്യടന സമയത്ത് മയ്യഴിയിലെത്തിയ ഗാന്ധിജിയുടെ പ്രസംഗമാണിത്.
ക്വിറ്റ് ഇന്ത്യാ സമരം സമാനമായി ഫ്രാന്‍സ് ഇന്ത്യ വിടുക എന്നര്‍ത്ഥമുള്ള 'ഫ്രാന്‍സ്വേ കിത്തലേന്ത്' എന്ന മുദ്രാവാക്യം മുഴക്കിയ മണ്ണില്‍ ഇന്നും ഫ്രാഞ്ച് പ്രേതം നമ്മള് നിക്ഷേപിച്ചിരിക്കുന്നു. അതിന്റെ പേരില്‍ കേന്ദ്രഭരണ പ്രദേശമായി മാറിനില്ക്കുന്നു. സ്വാതന്ത്ര്യ ബോധത്തിലും സാമ്രാജ്യത്വ വിരുദ്ധ സമരത്തിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേതിന് സമാനവും പലപ്പോഴും രൂക്ഷവുമായിരുന്നു മയ്യഴിയുടെ സ്വാതന്ത്ര്യ സമര ചരിത്രവും.
മലയാളിക്ക് മയ്യഴി ദാസനും ചന്ദ്രികയും വെള്ളിയാങ്കല്ലും കൂടിയായിരുന്നു. ഒരു ദേശത്തിനകത്ത് കാലം തളം കെട്ടി നിന്ന അനുഭവം മലയാളിക്കു സമ്മാനിച്ച എം. മുകുന്ദന്റെ ഏറ്റവും വിഖ്യാതമായ നോവല്‍, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ മലയാളികള്‍ നെഞ്ചിലേറ്റി. കേരളത്തിനകത്ത് തെക്കും വടക്കുമുള്ളവര്‍ മയ്യഴിയുടെ അന്യതാവ്യഥയുടെ വേദന തൊട്ടറിഞ്ഞു. മയ്യഴിയെ പശ്ചാത്തലമാക്കി മുകുന്ദന് പിന്നെയും ധാരാളമെഴുതി. ''ഇന്നല്ലെങ്കില്‍ നാളെ അനിവാര്യമായ ഈ മാറ്റം സംഭവിക്കുക തന്നെ വേണം. മയ്യഴി കേരളത്തോട് ചേരണം.'' മുകുന്ദന് പറയുന്നു.