തപാല്‍ പെട്ടിയിലെ സ്വകാര്യതയും ഫെയ്‌സ്ബുക്കിലെ സ്വാതന്ത്ര്യവും

രാഷ്ട്രീയമായി കേരളം രൂപവത്കരിക്കപ്പെട്ടതിനു ശേഷം മലയാളി നിരവധി പരിണാമങ്ങളിലൂടെ കടന്നുപോയി.. സാങ്കേതിക വിദ്യകള്‍ സമസ്ത മേഖലകളിലും പലവിധത്തില്‍ കടന്നുവന്നു..
ആശയവിനിമയത്തിന്റെ മേഖലയില്‍ പുതിയ പലതും മലയാളി പരിചയപ്പെട്ടു. 
റേഡിയോയും വര്‍ത്തമാന പത്രവും മാത്രമുണ്ടായിരുന്ന കാലത്തുനിന്ന് വിവരവിനിമയത്തിന്റെ പുതിയ കാലം മലയാളിയ്ക്കുമേല്‍ വന്നുപതിച്ചത് പൊടുന്നനെയാണ്.
ഇവയില്‍ ചിലത് മലയാളിയെ അടിമുടി മാറ്റിമറിച്ചു. ചിലത് വന്നതുപോലെ പോയി..
ചിലത് ശീലമായി, ചിലത് ശീലക്കേടായി.. ചിലത് ശക്തിയായി.. ചിലത് ദൗര്‍ബല്യമായി..
എങ്കിലും ഇന്നത്തെ മലയാളിയെ രൂപപ്പെടുത്തുന്നതില്‍ അവയ്ക്കെല്ലാം വലിയ പങ്കുണ്ട്-

radio

സാധാരണക്കാരനായ മലയാളിയുടെ ആശയവിനിമയോപാധി റേഡിയോ മാത്രമായിരുന്ന ഒരു കാലം... 
വാര്‍ത്തയുടെയും വിനോദത്തിന്റെയുമെല്ലാം അവസാന വാക്ക് അന്ന് ആകാശവാണിയായിരുന്നു. ചരിത്രപ്രധാനമായ സംഭവവികാസങ്ങളും നാട്ടുവാര്‍ത്തകളുമെല്ലാം ആകാശവാണിയിലൂടെ മലയാളിയുടെ കാതുകളിലെത്തി. 
ചലച്ചിത്ര ഗാനങ്ങളിലൂടെയും റേഡിയോ നാടകങ്ങളിലൂടെയും മലയാളിയുടെ രാപകലുകളെ രമിപ്പിച്ചതും ഭ്രമിപ്പിച്ചതും റേഡിയോ ആയിരുന്നു. 
ഇന്ന് ഓരോ മൊബൈല്‍ ഫോണിലും റേഡിയോ ഉണ്ട്. ആകാശവാണി ഇപ്പോഴുമുണ്ട്. സ്വകാര്യ എഫ്.എം സ്റ്റേഷനുകളുമുണ്ട്. എന്നാല്‍ റേഡിയോ പഴയ റേഡിയോ അല്ല!

post

അകലങ്ങളിലുള്ള പ്രിയപ്പെട്ടവരുമായി സംവദിക്കാന്‍ കത്തുകള്‍ മാത്രം ഉപാധിയായിരുന്ന ഒരു കാലം ഇന്ന് സങ്കല്‍പിച്ചെടുക്കാന്‍ പ്രയാസം.. 
എന്നാല്‍, മലയാളിയുടെ സന്തോഷവും സന്താപവും പ്രതീക്ഷകളും വികാരങ്ങളുമെല്ലാം അക്ഷരങ്ങളായി കൈകളില്‍നിന്ന് കൈകളിലൂടെ മനസ്സുകളിലേയ്ക്ക് സഞ്ചരിച്ച ഒരു കാലമുണ്ടായിരുന്നു. 
നഗരങ്ങളിലേയ്ക്കും ഗള്‍ഫിലേയ്ക്കുമുള്ള മലയാളിയുടെ ദേശാന്തര ഗമനം കത്തെഴുത്തിന് അനുഭവ തീവ്രതയും വൈകാരിക തീഷ്ണതയുമേകി. 
ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും രംഗം മാറ്റിമറിച്ച തൊണ്ണൂറുകള്‍ വരെ അത് തുടര്‍ന്നു. 
തപാല്‍ക്കാരന്റെ തലവെട്ടത്തിനായി നെഞ്ചിടിപ്പോടെ കാത്തിരുന്ന മലയാളി ഇനി ഇല്ല.

 

news paper

മലയാള ഗദ്യത്തിനൊപ്പം ജനിച്ചുവളര്‍ന്ന ചരിത്രമാണ് മലയാളത്തിലെ വര്‍ത്തമാന പത്രങ്ങളുടേത്. മലയാളിയുടെ പുകള്‍പെറ്റ രാഷ്ട്രീയബോധത്തിനും ലോകബോധത്തിനും പുരോഗമന ചിന്തയ്ക്കും പിന്നില്‍ പത്രങ്ങളുണ്ട്. 
മലയാളത്തെ മലയാളമാക്കിയതിനും മലയാളം സംസാരിക്കുന്ന ജനതയെ കേരളീയരാക്കിയതിനും പിന്നില്‍ പത്രങ്ങള്‍ക്കുള്ള പങ്ക് ചെറുതായിരുന്നില്ല. 
രൂപഭാവങ്ങളില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടാകാമെങ്കിലും കേരളം ജനിച്ച് അറുപതാണ്ടുകള്‍ക്കിപ്പുറവും മുന്നേപോലെ സജീവമായി നില്‍ക്കുന്ന വേറൊരു മാധ്യമവുമില്ല, പത്രത്തെപ്പോലെ. 
വാര്‍ത്തയുടെ ചൂടും ചൂരും ആഴവും പരപ്പും അച്ചടിച്ച കടലാസുകളില്‍നിന്ന് തൊട്ടറിയാന്‍ ഇഷ്ടപ്പെടുന്നവനാണ് എന്നും മലയാളി.

telegram

അടിയന്തിരമായ അറിയിപ്പുകളായിരുന്നു മലയാളിയ്ക്ക് ടെലഗ്രാം. 
ദുരന്ത അറിയിപ്പുകളേക്കാള്‍ അടിയന്തിര പ്രാധാന്യമുള്ള മറ്റൊന്നുമില്ലാതിരുന്ന വേഗതകുറഞ്ഞ കാലത്ത് മലയാളിയുടെ നെഞ്ചിടിപ്പു കൂട്ടാന്‍ ഇടയ്ക്കിടെ ടെലഗ്രാം വന്നുകൊണ്ടിരുന്നു; പലപ്പോഴും ദുരന്തവര്‍ത്തമാനങ്ങളും ചിലപ്പോഴെല്ലാം അപ്രതീക്ഷിത സന്തോഷങ്ങളുമായി.. 
ആശയങ്ങളെ ഏറ്റവും കുറച്ച് വാക്കുകളിലൊതുക്കാനുള്ള വൈഭവംകൊണ്ട് ഓരോ ടെലഗ്രാമുകളിലും മലയാളി സ്വന്തം കാവ്യാത്മകതയും മിതവ്യയശീലവും പരീക്ഷിച്ചു. 
പുതിയ കണ്ടുപിടുത്തങ്ങള്‍ കാലഹരണപ്പെടുത്തിയ ഒരു സാങ്കേതികവിദ്യയാകുന്നു ഇന്ന് കമ്പിയില്ലാക്കമ്പി.

 

telephone

സാധാരണ മലയാളിയുടെ ദൂരങ്ങളെ ടെലിഫോണ്‍ ലൈനുകള്‍ കൂട്ടിയിണക്കിയത് വളരെ വൈകിയാണ്. 
ട്രങ്ക് കോളുകളുടെ അനിശ്ചിതത്വവും സാങ്കേതിക തരാറുകളും കൊണ്ട് ക്ഷമയെ പരീക്ഷിച്ചുകൊണ്ടിരുന്നു അക്കാലങ്ങളില്‍ ടെലിഫോണ്‍. എന്നാല്‍, കത്തുകള്‍ സഞ്ചരിച്ചെത്തുന്നതിന്റെ ഗതിവേഗവുമായി താരതമ്യം ചെയ്യുമ്പോള്‍ അതുതന്നെ ആര്‍ഭാടമായിരുന്നു, അക്കാലത്തെ മലയാളിക്ക്. തൊണ്ണൂകളെത്തുമ്പോഴേയ്ക്കും ടെലിഫോണ്‍ സര്‍വ്വസാധാരണമായി. എന്നാല്‍, ഉപഗ്രഹ സാങ്കേതികവിദ്യ ഭൂതലങ്ങളെ കവച്ചുവെച്ച് മൊബൈല്‍ ഫോണിന്റെ അനന്തസാധ്യതകളിലേയ്ക്ക് ആകാശം തുറന്നത് പൊടുന്നനെയായിരുന്നു. 
ഇവിടെയുണ്ടു ഞാനെന്നറിയിക്കുവാന്‍ മണികിലുക്കവുമായി ടെലിഫോണ്‍ ഇപ്പോഴും ഇവിടെയൊക്കെത്തന്നെയുണ്ട്. എങ്കിലും, അതിനിയെത്രനാള്‍കൂടി..?

television

എഴുപതുകളില്‍ ഹിന്ദിയിലുള്ള വാര്‍ത്തയും ഗാനങ്ങളും മറ്റു പരിപാടികളുമായി ടെലിവിഷന്‍ തന്റെ ബ്ലാക് ആന്‍ഡ് വൈറ്റ് മുഖം കാണിച്ചു തുടങ്ങിയിരുന്നെങ്കിലും, സാധാരണ മലയാളിയ്ക്ക് അപ്രാപ്യമായ ആഡംബരമായിരുന്നു അന്ന് ടെലിവിഷന്‍. 
ഇന്ദിരാഗാന്ധിയുടെ മരണവും ക്രിക്കറ്റും ലോകകപ്പ് മത്സരങ്ങളും മലയാളിയുടെ ഗള്‍ഫ് യാത്രയും കേരളത്തിലെ ടെലിവിഷന്‍ ചരിത്രത്തിലെ നിര്‍ണായ ഏടുകളായി.
പിന്നീട് ദൂരദര്‍ശന്‍ മലയാളം ചാനല്‍ ആരംഭിക്കുകയും പതിയെപ്പതിയെ കേരളത്തിലെമ്പാടും ദൂരദര്‍ശന്റെ ഭൂതല തരംഗങ്ങള്‍ വ്യാപിക്കുകയും ചെയ്തു.
തൊണ്ണൂറുകളുടെ ആരംഭത്തോടെ രാമായണവും മഹാഭാരതവും പൂജാമുറികളില്‍നിന്നിറങ്ങി സ്വീകരണമുറികളില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. മെഗാസീരിയലുകള്‍ മലയാളിയുടെ കാഴ്ചാ ശീലങ്ങളെ മാത്രമല്ല, ജീവിത ശൈലിയെയും അഭിരുചികളെയും സ്വാധീനിച്ചത് പില്‍കാല ചരിത്രം. തൊണ്ണൂറുകളുടെ പകുതിയില്‍ സ്വകാര്യ ടെലിവിഷനുകള്‍ വരവറിയിച്ചതോടെ, ടെലിവിഷന്‍ പഴയ ടെലിവിഷനേ അല്ലാതായി..

tape recorder

കാസറ്റുകള്‍ മലയാള ചലച്ചിത്രവ്യവസായത്തിന്റെ പ്രധാന ഘടകമായിരുന്ന കാലം ഏറെ വിദൂരമല്ല. രണ്ടായിരം വരെ ഗാനങ്ങളും മിമിക്രിയും ചലച്ചിത്ര ശബ്ദരേഖയുമെല്ലാം കാസറ്റുകളുടെ ജനപ്രിയ ഉള്ളടക്കമായിരുന്നു. ഭക്തിഗാനങ്ങളും പാരഡി ഗാനങ്ങളും വിപണിയില്‍ ട്രന്‍ഡുകളായിരുന്നു. 
ഗള്‍ഫ് മലയാളിയുടെ പ്രണയവും വിരഹവും ഗാനസന്ദേശങ്ങളായി കാസറ്റുകളില്‍ അടക്കം ചെയ്ത് നാട്ടിലേയ്ക്ക് അയയ്ക്കപ്പെട്ടു. കത്തുപാട്ടുകളെന്ന് അവ പെരുമനേടി.
ബീറ്റില്‍സും മൈക്കല്‍ ജാക്‌സനും മുഹമ്മദ് റഫിയുമെല്ലാം ടേപ്പ് റിക്കോര്‍ഡറിലൂടെ മലയാളി യുവാക്കളുടെ ലഹരിയായി. സിഡികളും ഡിജിറ്റല്‍ സാങ്കേതികവിദ്യയും രംഗം കയ്യടക്കിയതോടെ എന്നെന്നേയ്ക്കുമായി അപ്രത്യക്ഷമായവയില്‍ ഒന്നായി ടേപ്പ് റിക്കോര്‍ഡര്‍.

channel

തൊണ്ണൂറുകളുടെ പകുതിയോടെ സ്വകാര്യ ചാനലുകള്‍ വന്ന് മലയാളിയുടെ വീടുകളെ മാറ്റിമറിച്ചു. സ്വീകരണമുറികള്‍ തീയേറ്ററുകളായ കാലം.. സീരീയലുകള്‍ കുടുംബങ്ങളെ കണ്ണീരിലാഴ്ത്തിയ കാലം.. റിയാലിറ്റി ഷോകളുടെയും ഹാസ്യ പരിപാടികളുടെയും പില്‍ക്കാലം.. 
ഉപഭോക്തൃ സമൂഹമായുള്ള കേരളീയരുടെ ജ്ഞാനസ്‌നാനം ചാനലുകളുടെ മേല്‍നോട്ടത്തില്‍ നടന്നു.. മലയാളിയെ വിപണിയിലേയ്ക്ക് ആട്ടിത്തെളിക്കുന്നതില്‍ പരസ്യങ്ങള്‍ പ്രധാന കാര്‍മികരായി.
കാഴ്ചയുടെ ശീലങ്ങളും ദുശ്ശീലങ്ങളും ചാനലുകള്‍ നല്‍കി. വീടുതന്നെ തീയേറ്ററായപ്പോള്‍ സിനിമാ കൊട്ടകകള്‍ കല്യാണമണ്ഡപങ്ങളായി. 
ടിവിയുടെ കൂടുവിട്ട് ചാനലുകള്‍ കമ്പ്യൂട്ടറിലും മൊബൈല്‍ ഫോണിലും ചേക്കേറുന്ന പുതിയ കാലവും വന്നെത്തിയിരിക്കുന്നു.

 

computer

എണ്‍പതുകളുടെ അവസാനത്തോടെ കമ്പ്യൂട്ടറുകള്‍ അങ്ങിങ്ങ് എത്തിയിരുന്നെങ്കിലും തൊണ്ണൂറുകളുടെ പകുതിയോടെ സ്ഥിതിമാറി. 
കമ്പ്യൂട്ടറെന്ന പിടികിട്ടായ്കയ്ക്കിടയിലും മലയാളി സ്വന്തം മക്കളെ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് ചേര്‍ക്കാന്‍ ലോണെടുത്തു.
ടൈപ്പ്‌റൈറ്റിംഗ് ഇന്‍സ്റ്റിട്യൂട്ടുകള്‍ കമ്പ്യൂട്ടര്‍ സെന്ററുകളായി ആഢ്യത നേടി, വിവാഹം വരെ പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ ടൈപ്പ്‌റൈറ്റിങ്ങിനു പകരം കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ വന്നു, നാടന്‍ ചുവരെഴുത്തുകാരുടെ കടപൂട്ടി ഫോട്ടോ-ഷോപ്പുകള്‍ തുറന്നു. വഴിയോരങ്ങളില്‍ എ പ്ലസ് കിട്ടിയവരുടെ പൂത്തിരി കത്തുന്ന ഫ്ളക്‌സുകള്‍ നിറഞ്ഞു, കണക്കപ്പിള്ളമാരുടെ കസേരകളില്‍ ചുള്ളന്‍മാര്‍ വന്നു, കണക്കുബുക്കുകള്‍ ടാലിയായി... 
കമ്പ്യൂട്ടറുകളുടെ രൂപഭാവങ്ങള്‍ പിന്നീടും ഏറെ മാറി. വേഗതയും മിടുക്കും ഏറി. 
ബിടെക് ഔദ്യോഗിക വിദ്യാഭ്യാസ സമ്പ്രദായമായി, ജാവയും സി പ്ലസുകളും ഔദ്യോഗിക ഭാഷയായി..

internet

കമ്പ്യൂട്ടറിന്റെ സാധ്യതകളെ അനന്തമാക്കിയത് ഇന്റര്‍നെറ്റാണ്. തൊണ്ണൂറുകളിലെ ഇഴയുന്ന ഇന്റര്‍നെറ്റ് കണക്ഷനില്‍നിന്ന് ഫോര്‍ജിയിലെത്തിനില്‍ക്കുകയാണ് മലയാളിയുടെ ഇന്റര്‍നെറ്റ് വേഗം. 
തൊണ്ണൂറുകളുടെ അവസാനം മുതല്‍ വഴിനീളെ പൊങ്ങിവന്ന ഇന്റര്‍നെറ്റ് കഫെകള്‍ ലോകത്തിലേയ്ക്ക് തുറന്നുവെച്ച ജാലകങ്ങളായി. വളരെപ്പെട്ടെന്ന് മലയാളി ജീവിതത്തിന്റെ എല്ലാ അടരുകളും ഇന്റര്‍നെറ്റിന്റെ കണ്ണികളില്‍ കുരുങ്ങി. 
സമസ്ത വിവരങ്ങളും വിരല്‍ത്തുമ്പിലറിഞ്ഞ് മലയാളി ആഗോള പൗരനായി. ദൂരങ്ങള്‍ ഇല്ലാതെയായി; ലോകം വിരല്‍ത്തുമ്പിലേക്കു ചുരുങ്ങി. 
വിവരങ്ങള്‍ വന്നു കുമിഞ്ഞ് മലയാളിയുടെ തലച്ചോര്‍ വീര്‍പ്പുമുട്ടി. പുതിയതെന്തിനെയും ആഞ്ഞുപുല്‍കാനുള്ള മലയാളിയുടെ ആഭിമുഖ്യം ജീവിതത്തിന്റെ സമസ്ത തലങ്ങളിലും ഇന്റര്‍നെറ്റിന്റെ സാധ്യതകളെത്തിച്ചു.

 

online news paper

രണ്ടായിരത്തോടെ ദൈനംദിന ജീവിതത്തില്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും നിത്യസാന്നിധ്യമായി. അറിവും ആനന്ദവും ആശയവിനിമയവുമെല്ലാം ഒരേ ഉപകരണത്തിലൂടെ സാധ്യമായി. 
മലയാള അക്ഷരങ്ങള്‍ ഇന്റര്‍നെറ്റിന് വഴങ്ങിയതോടെ 'അക്ഷരാര്‍ത്ഥ'ത്തില്‍ ഓണ്‍ലൈന്‍ മലയാളി അവതരിച്ചു. 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങും സ്വതന്ത്ര സോഫ്റ്റ് വെയറുകളും മലയാളത്തിന് ഇന്റര്‍നെറ്റില്‍ സ്ഥാനമൊരുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
യൂണികോഡ് ഓണ്‍ലൈന്‍ പത്രങ്ങളുടെ തലവരമാറ്റി. ചിത്രങ്ങളും വീഡിയോയും ചേര്‍ന്ന് വാര്‍ത്തകള്‍ പുതിയ രൂപഭാവങ്ങള്‍ സ്വീകരിച്ചു. 
ലോകത്തെവിടെവെച്ചും മലയാളിക്ക് സ്വന്തം ഭാഷയുടെ സാന്നിധ്യം ഇന്റര്‍നെറ്റ് സമ്മാനിച്ചു. ഓണ്‍ലൈന്‍ പത്രങ്ങളുടെ കുത്തൊഴുക്കില്‍ ചിലപ്പോഴെല്ലാം സത്യവും മിഥ്യയും വേര്‍തിരിക്കാനാവാതെ മലയാളി പതറി.

youtube

ബ്ലാക് ആന്‍ഡ് വൈറ്റ് സിനിമയുടെ കാലത്തുനിന്ന് ടെലിവിഷനു മുന്നിലെത്തിയപ്പോള്‍ ദൃശ്യങ്ങളുടെ ഭാഷ ഏറെ മാറി. പാട്ടും വീഡിയോയും ടേപ്പ് റെക്കോഡറിലും വിസിആറിലും മലയാളിയെ ആനന്ദിപ്പിച്ച ഒരു കാലം.. 
പിന്നെയത് സിഡിയിലേയ്ക്ക് പെട്ടെന്ന് ചുവടുമാറി. എന്നാല്‍ അതും വളരെപ്പെട്ടെന്ന് പഴങ്കഥയായി.. 
ഒരു ക്ലിക്കില്‍, വിരല്‍ സ്പര്‍ശത്തില്‍ വീഡിയോകളുടെ അനന്തസാഗരം മുന്നില്‍ വന്നു, യുട്യൂബിലൂടെ. വിനോദത്തിന്റെ മാത്രമല്ല, വിദ്യാഭ്യാസത്തിന്റെയും വിവരവിനിമയത്തിന്റെയും പുതിയ ലോകമാണ് യുട്യൂബ് തുറന്നത്. 
സ്മാര്‍ട് ഫോണുകളിലെ അതിവേഗ ഇന്റര്‍നെറ്റില്‍ ദൃശ്യങ്ങള്‍ കുത്തിയൊലിക്കുന്നു... വെര്‍ച്വല്‍ റിയാലിറ്റി പോലുള്ള സങ്കേതങ്ങള്‍ മായിക ലോകത്തേയ്ക്ക് ക്ഷണിക്കുന്നു.

 

smartphone

മലയാളി അതുവരെ പരിചയപ്പെട്ട എല്ലാ വാര്‍ത്താവിനിമയ സങ്കേതങ്ങളെയും കൈപ്പിടിയില്‍ സമന്വയിപ്പിക്കുന്നതായിരുന്നു സ്മാര്‍ട്‌ഫോണ്‍. സ്മാര്‍ട്‌ഫോണിന്റെ ആദ്യ പ്രവാചകനായിരുന്നു പേജര്‍. കൂടുതല്‍ ബലവാന്‍ പിന്നാലെ വന്നപ്പോള്‍ പേജര്‍ അല്‍പായുസ്സായി. 
കാലം ചല്ലുന്തോറും മൊബൈല്‍ കൂടുതല്‍ കൂടുതല്‍ സ്മാര്‍ട്ടായിക്കൊണ്ടിരുന്നു. വലിപ്പം കുറഞ്ഞുവന്നു. ലോകം കൂടുതല്‍ കൂടുതല്‍ കൈപ്പിടിയില്‍ വന്നു.
നിശ്ചിതമായ സ്ഥലത്തുനിന്ന് റേഞ്ച് ലഭ്യമായ ഏതൊരിടത്തേയ്ക്കും മലയാളി സ്വതന്ത്രനായി.. അഥവാ, മലയാളിയുടെ റേഞ്ച് മാറി. 
പ്രായഭേദമന്യേ എല്ലാവരും ഒരുപോലെ മൊബൈല്‍ ഫോണിന് കീഴ്‌പെട്ടു. സേവനങ്ങളെല്ലാം ഒരു വിരല്‍സ്പര്‍ശത്തിനപ്പുറം ഊഴം കാത്തുനില്‍ക്കുന്നു. സേവന ദാതാക്കളുടെ ഓഫറുകള്‍ക്കനുസരിച്ച് ജീവിതത്തെ ക്രമീകരിക്കുന്നതിലേയ്‌ക്കെത്തി കാര്യങ്ങള്‍. 
അനന്തസാധ്യതകള്‍ക്കൊപ്പം മൊബൈല്‍ ഒരു ശീലവും ദുശ്ശീലവുമായി, മലയാളിയുടെ ശരീരത്തിന്റെ ഭാഗമായി.

 

social media

മാധ്യമം തന്നെ സമൂഹമായി മാറുന്നതാണ് സോഷ്യല്‍ മീഡിയയുടെ കാലം. സാമൂഹ്യബന്ധങ്ങളും സൗഹൃദവും വിനോദവും കച്ചവടവും വാര്‍ത്താവിനിമയവുമെല്ലാം സംഗമിക്കുന്ന സമാന്തര സമൂഹം..
കൂട്ടായ്മകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും സോഷ്യല്‍ മീഡിയ സംഘാടകനും നേതാവുമായി. വിലാസങ്ങളുടെ ഭാരമില്ലാതെ മലയാളിയുടെ കപട സദാചാര ബോധവും കാപട്യവും പൊങ്ങച്ചവും സോഷ്യല്‍ മീഡിയ തുറന്നുവെച്ചിരിക്കുന്നു.. 
എല്ലാം ഷെയര്‍ ചെയ്യപ്പെടുന്നതിന്റെ നന്മയും തിന്മയും വേര്‍പെടുത്തിയെടുക്കാന്‍ ഇപ്പോള്‍ മലയാളിയുടെ വിവേകം വിയര്‍പ്പൊഴുക്കുന്നു.

More from this section