മണ്ണില്‍ പൊന്ന് വിളയിച്ച മലയാളി

കേരളിയ സംസ്‌കാരത്തിന്റെ മുഖമുദ്ര തന്നെ കൃഷിയാണ്. കാര്‍ഷിക വിപ്ലവത്തിന് ശേഷമാണ് ആധുനിക കൃഷിരീതികള്‍ കേരളത്തിലേക്ക് വന്നു തുടങ്ങുന്നത്. കേരള രൂപീകരണത്തിന് ശേഷം നമ്മുടെ കൃഷിരീതികളില്‍ വലിയ മാറ്റങ്ങള്‍ തന്നെ വന്നിട്ടുണ്ട്. തെങ്ങും നെല്ലും എല്ലാം കേരളത്തിന്റെ ഭാഗമായിരുന്ന കാലം മാറി കാപ്പിയും തേയിലയും, റബ്ബറും എത്തി. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ വളരെ വലിയ പ്രധാന്യമാണ് കൃഷിക്കുള്ളത്. ഈ 60 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മണ്ണും കാലവസ്ഥയിലും ഉണ്ടായ മാറ്റങ്ങള്‍ കൃഷി രീതികളില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായത്.

 

23

ജലചക്രം 

പണ്ടുകാലത്ത് ജലസേചന ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന ഒരുപകരണമാണ് ജലചക്രം.  ഒരാള്‍ ഇതിന്റെ തണ്ടില്‍ ചവിട്ടുമ്പോള്‍ വെള്ളം തെറിച്ച് എല്ലായിടത്തുമെത്തും.

 

22

ഏത്തക്കൊട്ട 

ആഴമുള്ള കുഴികളില്‍ നിന്നും മറ്റും വെള്ളമെടുക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം. ഈറ്റകൊണ്ട് കൊട്ട ത്രികോണാകൃതിയില്‍ കുമ്പിളുപോലെ മെടഞ്ഞ് ഒരു മുളയില്‍ കെട്ടിയാണ് കിണറുകളില്‍ നിന്നും ആഴമുള്ള കുളങ്ങളില്‍ നിന്നും ജലസേചനം നടത്തിയിരുന്നത്.

21

നുകം

വയല്‍ ഉഴുതുമറിക്കാന്‍ കന്നുകാലികളെ തമ്മില്‍കൂട്ടിക്കെട്ടാന്‍ ഉപയോഗിക്കുന്നു.  നുകത്തിന്‍ മേലാണ് കരി ഘടിപ്പിക്കുന്നത്.

20

കലപ്പ 

കാളകളെ കെട്ടി നിലം ഇളക്കി കൃഷിക്ക് പാകപ്പെടുത്തുന്നതിനുള്ള ഉപകരണം. പ്ലാവ്, തേക്ക്, വാക, കാഞ്ഞിരം, എന്നീ മരങ്ങള്‍ ഇതുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. അറ്റത്ത് ഇരുമ്പുകൊണ്ടുള്ള കൂര്‍ത്ത ചട്ടുകം പോലെയുള്ള ഒരുപകരണംഉറപ്പിച്ചിരിക്കും.

19

യന്ത്രവത്കരണം കേരളത്തില്‍ 

കൈകള്‍കൊണ്ട് ഞാറുനട്ടും ചക്രം ചവിട്ടിയും ആറുപതിറ്റാണ്ട് മുമ്പ് കൃഷി ചെയ്ത മലയാളി ഇന്ന് യന്ത്രങ്ങളുടെ സഹായത്തോടെയാണ് കൃഷി ചെയ്യുന്നത്. യന്ത്രങ്ങളുടെ കടന്ന് വരവ് കേരളത്തില്‍ വ്യാപക എതിര്‍പ്പുകള്‍ക്കാണ് കാരണമായത്. എന്നാല്‍ സ്ത്രീകള്‍ പോലും ഈ മേഖലയിലേക്ക് കടന്ന് വന്നതോടെ കൃഷിയില്‍ നവ വിപ്ലവത്തിനാണ് തുടക്കം കുറിച്ചത്. തെങ്ങ് കയറുന്നതിനുള്ള യന്ത്രം വന്നതോടെ കേരളത്തില്‍ യുവാക്കളും സ്ത്രീകളും ഈ മേഖലയിലേക്ക് എത്തിതുടങ്ങുകയായിരുന്നു.

4

തെങ്ങ്​ കൃഷി

തേങ്ങായില്‍നിന്നുള്ള വരുമാനമായിരുന്നു സാമ്പത്തികമായി പിന്നാക്കംനിന്ന ജനതക്ക് നിത്യവൃത്തിക്ക് ആറ് പതിറ്റാണ്ടുകള്‍ക്ക് മുന്‍മ്പ് പ്രധാനമാര്‍ഗമായിരുന്നത്. തെങ്ങു പാട്ടത്തിനു നല്‍കല്‍, കെട്ടുതെങ്ങ് എന്ന പണയ സംവിധാനം എന്നിവയെല്ലാം ആറു പതിറ്റാണ്ടു മുന്‍പ് സര്‍വസാധാരണമായിരുന്നു ഇവിടെ. കേരളത്തിന്റെ കൊപ്രാ വ്യാപാരം പ്രധാനമായും നടന്നത് ആലപ്പുഴയില്‍ ആയിരുന്നു. ഒപ്പം കയര്‍വ്യവസായവും കേരളത്തിന് വരുമാനം നേടി തന്നിരുന്നു. 1975ല്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന തേങ്ങയുടെ 85 ശതമാനവും കേരളത്തില്‍ നിന്നായിരുന്നു. എന്നാല്‍ 2008ലെ കണക്കുകള്‍ പ്രകാരം 43 ശതമാനത്തിലേക്ക് കുറയുകയാണ് ഉണ്ടായത്.

8

കുരുമുളക് 

കറുത്ത പൊന്ന് എന്നു വിശേഷിപ്പിക്കാറുള്ള കുരുമുളക് സുഗന്ധവ്യഞ്ജനങ്ങളില്‍ രാജാവ് എന്നാണ് അറിയപ്പെടുന്നത്. കേരളത്തെ തേടി വിദേശികള്‍ എത്തിയത് കുരുമുളകിന് വേണ്ടിയായിരുന്നു. കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന കുരുമുളകിന് വിദേശങ്ങളില്‍ ആവശ്യക്കാര്‍ ഏറെയാണ്. ഇത് കേരളത്തിന്റെ ഭാവിയെതന്നെയാണ് മാറ്റിമറിച്ചത്.

9

കാപ്പി കൃഷി

വ്യവസായികാടിസ്ഥാനത്തില്‍ കാപ്പി കൃഷി കേരളത്തില്‍ ആരംഭിച്ചത് ബ്രട്ടിഷുകാരാണ്. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന കാപ്പിയുടെ 21 ശതമാനവും കേരളത്തിലാണ്. ഇടുക്കിയില്‍ നിന്നും വയനാട്ടില്‍ നിന്നുമാണ് കാപ്പി കേരളത്തില്‍ കൂടുതല്‍ ഉത്പാദിപ്പിക്കുന്നത്

1

മരച്ചീനി

കേരളത്തിലെ മിക്ക സ്ഥലങ്ങളിലും മരച്ചീനി കൃഷി ചെയ്യാന്‍ കഴിയുന്നതാണ്. ബ്രസീലില്‍ നിന്നും പോര്‍ച്ചുഗീസുകാരാണ് മരച്ചീനി ഇന്ത്യയില്‍ എത്തുന്നത്. കേരളത്തില്‍ കൃഷി ചെയ്തുവരുന്ന കിഴങ്ങുവിളകളില്‍ സ്ഥലവിസ്തൃതിയിലും ഉത്പാദനത്തിലും ഒന്നാം സ്ഥാനമാണ് കപ്പയ്ക്കുള്ളത്. ദേശീയ ഉത്പാദനത്തില്‍ 54% ആണ് കേരളത്തിന്റെ സംഭാവന. മലബാറിലായിരുന്നു പോര്‍ച്ചുഗീസുകാരുടെ മേല്‍നോട്ടത്തില്‍ മരച്ചീനികൃഷി പ്രചരിച്ചിരുന്നത്.

6

പ്ലാവ് കൃഷി

ലോകത്തിലെ ഏറ്റവും വലിയ പഴമായ ചക്ക മികച്ച വരുമാനം നേടിതരുന്ന ഒരു വിളയാണ്. എന്നാല്‍ കേരളത്തില്‍ പ്ലാവ് കൃഷി അത്ര പ്രചാരത്തില്‍ ഇല്ല. കേരളത്തില്‍ ലഭിക്കുന്ന ചക്കയുടെ പകുതിയില്‍ കൂടുതല്‍ ഇപ്പോഴും പാഴായിപ്പോകുകയാണ്.

3


വാഴ കൃഷി

വഴയിലയില്‍ ഭക്ഷണം വിളമ്പുന്ന രീതിയാണ് മലയാളികള്‍ക്കുള്ളത്. കാലം എത്രമാറിയിട്ടും മലയാളികളുടെ ഈ ശീലം ഇതുവരെമാറിയിട്ടില്ല. തെങ്ങ് കൃഷിക്ക് ഉള്ള പ്രധാന്യം തന്നെ വാഴ കൃഷിയ്ക്കും കേരളത്തില്‍ ലഭിക്കുന്നുണ്ട്. ചില പഠനങ്ങള്‍ പറയുന്നത് 100 വര്‍ഷങ്ങള്‍ കൊണ്ട് വാഴ വര്‍ഗങ്ങള്‍ ലോകത്ത് നിന്നും ഇല്ലാതാകുമെന്നാണ്.

7

റബ്ബര്‍ കൃഷി 

ഒട്ടേറെ കാരണങ്ങളുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ കേരളത്തിലെ റബ്ബര്‍കൃഷി തുടരേണ്ടതുണ്ട്. ഏതായാലും വര്‍ത്തമാനകാലത്ത് റബ്ബര്‍ കൃഷിയാണ് 9 ലക്ഷത്തിലേറെ കാര്‍ഷിക കുടുംബങ്ങളുടെ ഉപജീവന സുരക്ഷയ്ക്ക് ഏക ആശ്രയം. കേരളത്തില്‍ കോട്ടയം, ഇടുക്കി, പത്തനംതിട്ട എറണാകുളം എന്നി ജില്ലകളിലാണ് റബ്ബര്‍ കൂടുതല്‍ കൃഷി ചെയ്യുന്നത്. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന റബ്ബറിന്റെ 90 ശതമാനവും കേരളത്തില്‍ നിന്നാണ്.

17

കോഴി വളര്‍ത്തല്‍

കോഴി വളര്‍ത്തല്‍ മികച്ച ലാഭം തരുന്ന കൃഷികളില്‍ ഒന്നാണ്. അലങ്കാരത്തിനായും ഇറച്ചിക്കായും മുട്ടക്കായുമാണ് പ്രധാനമായും കോഴികളെ വളര്‍ത്തുന്നത്. ഇറച്ചിക്കും കോഴിമുട്ടയ്ക്കും കേരളത്തില്‍ വലിയ ആവശ്യമാണ് വന്നിട്ടുള്ളത്. പുതിയ രീതികള്‍ കോഴിവളര്‍ത്തലില്‍ വന്നതോടെ യുവാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ കോഴിവളര്‍ത്തലിലേക്ക് തിരിഞ്ഞിട്ടുണ്ട്.

14

പശു വളര്‍ത്തല്‍

കേരളത്തിലെ തനത് പശുക്കളാണ് വെച്ചൂര്‍ പശു, കാസര്‍കോട് കുള്ളന്‍, വടകര കുള്ളന്‍, ഹൈറേഞ്ച് കുള്ളന്‍, ചെറുവള്ളി പശു എന്നിവ എന്നാല്‍ വിദേശ പശുക്കളുടെ കടന്നുവരവോടെയാണ് കേരളത്തിന്റെ തനത് പശുക്കള്‍ കേരളത്തില്‍ നിന്നും അപ്രത്യക്ഷമാകുകയാണ് ചെയ്തത്. ഉയര്‍ന്ന പാലു ഉത്പാദനമാണ് വിദേശ പശുക്കള്‍ക്ക് കേരളത്തില്‍ പ്രീയമേറുവാന്‍ കാരണമായത്. വിദേശത്തുനിന്ന് കേരളത്തിലേക്ക് എത്തിയ പ്രധാന ഇനങ്ങളാണ് ജെഴ്സി, ബ്രൗണ്‍സ്വിസ്, ഗേണ്‍സി, ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍, ഷോര്‍ട്ട് ഹോണ്‍, ജര്‍മന്‍ ഫ്‌ളക്വിച്ച്, റെഡ് ഡേന്‍.ഇപ്പോള്‍ നാടന്‍ പശുക്കള്‍ക്ക് ആവശ്യക്കാര്‍ ഏറിവരുകയാണ്.

15

ആട് വളര്‍ത്തല്‍​

പാവപ്പെട്ടവന്റെ കറവപ്പശുവായി അറിയപ്പെടുന്ന ആടുകളെ വളര്‍ത്തുന്നതിന് അനന്തസാധ്യതകളാണിന്നുള്ളത്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടു കാലയളവില്‍ രാജ്യത്ത് ആടുവളര്‍ത്തലില്‍ 140 ശതമാനത്തിലധികം വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. മലബാറി ആടുകള്‍, അട്ടപ്പാടി ബ്ലോക്ക്, ജമുനപാരി, ബീറ്റല്‍, മര്‍വറി, ജര്‍ക്ക, ബാര്‍ബറി, സുര്‍ത്തി, കണ്ണെയാട്, ബംഗാള്‍ ഓസ്മനാബാദി, മലബാറി എന്നിവയാണ് കേരളത്തിലെ പ്രധാന ആടുവര്‍ഗങ്ങള്‍.

16

മത്സ്യ കൃഷി

പ്രാചീനകാലം മുതല്‍ക്കെ അലങ്കാര മത്സ്യങ്ങളെയും മറ്റ് മത്സ്യങ്ങളെയും വളര്‍ത്തി വന്നിരുന്നു. അഴകും വര്‍ണവൈവിധ്യവും ആകാരഭംഗിയും ഒത്തിണങ്ങിയ അലങ്കാരമത്സ്യങ്ങളേയും മറ്റു ജലജീവികളേയും ആകര്‍ഷകമായ രീതിയില്‍ പ്രദര്‍ശിപ്പിച്ചു വളര്‍ത്തുന്ന കൃത്രിമസംവിധാനമാണ് അലങ്കാര മത്സ്യ കൃഷി. മികച്ച വരുമാനം നേടിതരുന്ന അലങ്കാര മത്സ്യ കൃഷി കേരളത്തില്‍ പ്രചാരണം നേടി വരുന്നതെയുള്ളു. കേരളത്തിന്റെതായ തനത് മത്സ്യങ്ങളും വലിയതോതില്‍ ഇന്ന് വളര്‍ത്തുന്നുണ്ട്. കൊഞ്ച്, കരിമീന്‍ എന്നിവ കേരളത്തിലെ പ്രധാനയിനങ്ങളാണ്.

13

നീര

തേങ്ങു കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ലഭ്യമാക്കുക എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് നീരയ്ക്ക് സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയത്. എന്നാല്‍ നീരയുടെ  വ്യവസായിക ഉത്പാദനം വേണ്ടത്രരീതിയില്‍ നടത്തുന്നതില്‍ കേരളം പരാജയപ്പെടുകയാണ് ചെയ്തത്.

11


പച്ചക്കറി കൃഷി

പ്രതിവര്‍ഷം 25 ലക്ഷം ടണ്‍ പച്ചക്കറിയാണ് കേരളത്തിന് ആവശ്യമായിട്ടുള്ളത്. ഇതില്‍ അഞ്ച്ലക്ഷംമാത്രമാണ് ഉത്പ്പാദിപ്പിക്കുന്നത്. ആയിരം കോടിയിലധികം രൂപ വിലവരുന്ന പച്ചക്കറി അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ആഗോളവത്കരണം കൃഷി ലാഭകരമല്ലാതാക്കി ദരിദ്രരും ഇടത്തരക്കാരുമായ കര്‍ഷകരെ കൃഷിയില്‍നിന്ന് അകറ്റി. എന്നാല്‍ പച്ചക്കറി കൃഷിയില്‍ അടുത്തെങ്ങും കാണാത്ത വലിയ വിപ്ലവമാണ് ഇക്കുറിയുണ്ടായത്.

18

അലങ്കാര പുഷ്പ കൃഷി

പരമ്പരാഗത കൃഷി രീതികളില്‍ നിന്നും മാറി ചിന്തിച്ച മലയാളികള്‍ എത്തിചേര്‍ന്നത് അലങ്കാര പുഷ്പ കൃഷിയിലാണ്. 2013-14 വര്‍ഷത്തില്‍ 17.29 ലക്ഷം ടണ്‍ പൂക്കളാണ് ഇവിടെ നിന്നും കയറ്റുമതി ചെയ്തത്. 100 കോടി രുപയില്‍ കൂടുതല്‍ വരുമാനവും നേടി.

12

കരിമ്പിന്‍ മധുരം പോയി

എല്ലാ കൃഷികള്‍ക്കുമൊപ്പം കരിമ്പും സമൃദ്ധമായുണ്ടാകുമന്നതായിരുന്നു കേരളത്തില്‍. തിരുവല്ലാ ട്രാവന്‍കൂര്‍ ഷുഗര്‍ ഫാക്ടറിക്ക് കരിമ്പ് എത്തിച്ചിരുന്നതില്‍ പ്രമുഖ സ്ഥാനം ചെങ്ങന്നൂരിനായിരുന്നു. എണ്‍പതുകലുടെ പകുതിയോടെ ഷുഗര്‍ഫാക്ടറിയുടെ പ്രവര്‍ത്തനം നില്‍ക്കുവോളം ഇവിടെ കരിമ്പു കൃഷി വ്യാപകമായിരുന്നു. പിന്നീട്, കുറച്ചുകാലം ശര്‍ക്കരക്കു വേണ്ടിയുള്ള കരിമ്പാട്ട് നടന്നു. ക്രമേണ കരിമ്പിന്റെ മധുരം ഈ മേഖലയില്‍ നിന്നകന്നു.

24

ഏലം കൃഷി

സുഗന്ധ വ്യഞ്ജനങ്ങളില്‍ പ്രധാന സ്ഥാനമാണ് ഏലത്തിനുള്ളത്. സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി എന്നാണ് ഏലം അറിയപ്പെടുന്നത് ഇടുക്കി, വയനാട്, എന്നി ജില്ലകളിലാണ് കൂടുതലും ഏലം കൃഷി നടക്കുന്നത്. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന ഏലത്തിന്റെ പകുതിയും കേരളത്തില്‍ നിന്നാണ്

10

തെയില കൃഷി 

തെയില വ്യവസായികാടിസ്ഥാനത്തില്‍ കേരളത്തില്‍ കൃഷി ആരംഭിച്ചത് വിദേശികളാണ്. കേരളത്തില്‍ മൂന്നാര്‍, വണ്ടിപ്പെരിയാര്‍, വയനാട്, പാലക്കാട്, തിരുവനന്തപുരം എന്നിവടങ്ങളിലാണ് തെയില കൃഷിയുള്ളത്.

5

നെല്‍കൃഷി

ആറുപതിറ്റാണ്ടു മുന്‍പ് ആലപ്പുഴ, കോട്ടയം ജില്ലകളിലായി 1,37,500 ഏക്കറില്‍ വ്യാപിച്ചു കിടക്കുകയായിരുന്നു കുട്ടനാടന്‍ നെല്‍ക്കൃഷി. ഇന്ന് ആലപ്പുഴ, കോട്ടയം, പത്തനംതിട്ട (അന്നു പത്തനംതിട്ട ജില്ലയുടെ ഭഗങ്ങള്‍ ആലപ്പുഴയില്‍) ജില്ലകളിലായി കഷ്ടിച്ച് ഒരുലക്ഷം ഏക്കറില്‍ ഒതുങ്ങുന്നു കുട്ടനാട്. പട്ടിണിക്കാലത്ത് കായല്‍കുത്തി എല്ലുമുറിയെ പണിഞ്ഞാണ് കുട്ടനാട്ടില്‍ നെല്ലുവിളയിച്ചിരുന്നത്. സംസ്ഥാന രൂപികരണത്തിന് ശേഷം ആറുപതിറ്റാണ്ടിന് പിന്നിടുമ്പോള്‍ കേരളത്തില്‍ നെല്‍കൃഷി പകുതിയിലേറെ കുറയുകയായിരുന്നു. സംസ്ഥാന രൂപികരണ സമയത്ത് 7,60,000 ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്തിരുന്നുവെങ്കില്‍ 2008ലെ കണക്കുകള്‍ പ്രകാരം 2,30,000 ഹെക്ടറിലേക്ക് കൃഷി ചുരുങ്ങുകയാണ് ചെയ്തത്.

2

പൈനാപ്പിള്‍

കേരളത്തിലെ മൂവാറ്റുപുഴ, തൊടുപുഴ എന്നീ സ്ഥലങ്ങളില്‍ പൈനാപ്പിള്‍ വ്യാപകമായി കൃഷി ചെയ്യുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്. റബ്ബര്‍ തൈകള്‍ക്ക് ഇടവിളയായിട്ടാണ് കൂടുതലും പൈനാപ്പിള്‍ കൃഷി നടന്നുവരുന്നത്. കേരളത്തില്‍ നിന്നും വിദേശത്തേക്കും ഇന്ത്യയുടെ മറ്റുഭാഗങ്ങളിലേക്കും പൈനാപ്പിള്‍ കയറ്റുമതി ചെയ്യുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.