മാറുന്ന തൊഴില്‍ മേഖല

തൊഴില്‍ രംഗത്തെ കേരളത്തിന്റെ കുതിപ്പ് വേഗത്തിലായിരുന്നു. പരമ്പരാഗത വ്യവസായങ്ങളും തോട്ടം മേഖലയും പ്രതിസന്ധികള്‍ക്ക് നടുവിലൂടെ കടന്ന് പോകുമ്പോള്‍ നൈപുണ്യ വികസനത്തിനും സംരംഭകരാകാനും ശ്രമിക്കുകയാണ് കേരളത്തിലെ യുവതി, യുവാക്കള്‍. ഗള്‍ഫ് കുടിയേറ്റം കുറഞ്ഞത് കേരളത്തിന്റെ തൊഴില്‍ മേഖലയില്‍ കനത്ത തിരിച്ചടിയായിട്ടുണ്ട്. എന്നാലും, ഇഷ്ടപ്പെടുന്ന, നല്ല വരുമാനമുള്ള ജോലിക്കായി മലയാളികള്‍ ശ്രമിക്കുകയാണ്. മികച്ച വേതനത്തിന് വേണ്ടി സമരം ചെയ്ത തൊഴിലാളികളുടെ നാടായിരുന്നു കേരളം. എന്നാല്‍, ഇന്ന് കേരളത്തിന്റെ തൊഴില്‍ മേഖലയില്‍ കൂടുതലായി ഇടപെട്ടുകൊണ്ടിരിക്കുന്നത് ഉത്തരേന്ത്യന്‍ തൊഴിലാളികളാണ്. ജാതി തിരിച്ചുള്ള തൊഴില്‍ മേഖല ഇന്ന് ഏറെകുറെ അപ്രസക്തമാകുന്നു. വിവിധ തൊഴില്‍ മേഖലയിലേക്ക് സ്ത്രീകള്‍ കൂടുതലായി കടന്നു വരുന്നു.

സര്‍ക്കാര്‍ ജോലിയുമായി പിഎസ്‌സി

സര്‍ക്കാര്‍ ജോലിയുമായി പി.എസ്‌.സി.

തിരുവിതാംകൂര്‍  കൊച്ചി പബ്ലിക് സര്‍വീസ് കമ്മിഷനുകള്‍ കേരള സംസ്ഥാന രൂപീകരണത്തോടെ കേരള പബ്ലിക് സര്‍വീസ് കമ്മിഷനായി. ഭരണഘടനയുടെ 320  ാം വകുപ്പ് അനുസരിച്ച് സര്‍ക്കാര്‍ ഉദ്യോഗങ്ങളിലേക്ക് നിയമനം നടത്താനുള്ള അധികാരം പിഎസ്സിയ്ക്കാണ്. 1959 ല്‍ മൂന്ന് അംഗങ്ങളായിരുന്നെങ്കില്‍ ഇന്ന് 18 അംഗങ്ങളുണ്ട്. കടലാസ് അപേക്ഷകള്‍ക്ക് പകരം ഓണ്‍ലൈന്‍ അപേക്ഷയിലേക്കു ം അവിടെ നിന്ന് ഓണ്‍ലൈന്‍ പരീക്ഷയുമായി പിഎസ്‌സി മുഖം മിനുക്കുന്നു. 2011 ജൂലായ് മുതല്‍ 2016 ജൂണ്‍ വരെ 1,50,898 പേര്‍ക്ക് പിഎസ്‌സി നിയമനം നല്‍കിയിട്ടുണ്ട്. പിഎസ്‌സിയെ കൂടാതെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലൂടെയും ജോലി നല്‍കുന്നുണ്ട്. ജോലി നല്‍കുക എന്നതില്‍ നിന്ന് നൈപുണ്യ വികസനത്തിന് ആവിഷ്‌കരിച്ച പദ്ധതികള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴിയാണ് നടപ്പിലാക്കുന്നത്. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സ്‌ലന്‍സിന്റെ കീഴില്‍ വിദേശ ജോലിക്കായുള്ള പരിശീലന കോഴ്‌സുകളും റിക്രൂട്ട്‌മെന്റുകളും നടക്കുന്നുണ്ട്. 

തൊഴിലാളികളും സര്‍ക്കാരും

തൊഴിലാളികളും സര്‍ക്കാരും

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതര്‍ക്ക് വേതനം നല്‍കുന്ന പദ്ധതി 1978 ലെ ബജറ്റിലാണ് പ്രഖ്യാപിച്ചത്. പ്രതിവര്‍ഷം 400 രൂപ തൊഴിലില്ലായമ വേതനം നല്‍കും.   കൂടാതെ ആദ്യമായി തൊഴിലാളി ക്ഷേമനിധി നിയമം പാസാക്കുന്നതും കേരള സര്‍ക്കാരാണ്. ക്ഷേമനിധിയിലേക്ക് സര്‍ക്കാര്‍ നിശ്ചിത തുക നല്‍കും. കൂടാതെ 10 തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്കും ബോണസ് നിയമം ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പേയ്‌മെന്റ് ഓഫ് ബോണസ് ആക്ട് വിജ്ഞാപനമിറക്കി. കൂടാതെ കര്‍ഷക, കര്‍ഷകേതര തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ കുടിശിക നല്‍കാന്‍ ഈ വര്‍ഷം 445 കോടി രൂപയാണ് സര്‍ക്കാര്‍ ഈ വര്‍ഷം മാറ്റിവച്ചിരിക്കുന്നത്. 201112 വര്‍ഷത്തെ കണക്ക് അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സര്‍വേയില്‍ കേരളത്തില്‍ തൊഴില്‍രഹിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. വിദ്യാസമ്പന്നരായവര്‍, പ്രത്യേകിച്ചും സ്ത്രീകള്‍ ഇഷ്ടപ്പെട്ട തൊഴില്‍ തേടിക്കൊണ്ടിരിക്കുന്നതിനാലാം കേരളത്തില്‍ ഉയര്‍ന്ന നിരക്കെന്ന് സര്‍വേ വ്യക്തമാക്കുന്നു.

മാറുന്ന കാര്‍ഷിക മേഖല

മാറുന്ന കാര്‍ഷിക മേഖല

ഒരു കാലത്ത് നെല്ലും പച്ചക്കറികളും സമൃദ്ധമായി വിളഞ്ഞ കേരളത്തിന്റെ കൃഷി ഭൂമി ഇന്ന് അപ്രത്യക്ഷമായി. മറ്റു മേഖലകളില്‍ ഉയര്‍ന്ന കൂലി ലഭിക്കുമെന്നായതോടെ പലരും കൃഷിപ്പണി ഉപേക്ഷിച്ചു. എന്നാല്‍, ആധുനിക കൃഷി രീതികളുപയോഗിച്ച് പിടിച്ച് നില്‍ക്കാന്‍ കൃഷിക്കാര്‍ ശ്രമിച്ചു. ഇത് വലിയ വിജയമായിരുന്നു. തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയ സമയത്ത് കൃഷിപ്പണിക്ക് ആളെ കിട്ടാതായി. വലിയ കമ്പനികളിലെ ജോലി രാജിവച്ച് കൃഷിപ്പണിക്കിറങ്ങുന്ന യുവാക്കള്‍ അടുത്ത കാലത്തായി കേരളം കാണാന്‍ തുടങ്ങി. വിഷമയമായ പച്ചക്കറികള്‍ മലയാളികളുടെ ആരോഗ്യത്തെ ഇല്ലാതാക്കുന്നുവെന്ന് അറിഞ്ഞതോടെ പലരും കൃഷിയിലേക്ക് മാറിത്തുടങ്ങി. എന്നാല്‍, ഇത് തൊഴിലധിഷ്ടിത, സാമ്പത്തിക ലാഭത്തിന് വേണ്ടിയാണെന്ന് പറയാന്‍ കഴിയില്ല.

പുതുമതേടിയ വ്യവസായ മേഖല

പുതുമതേടിയ വ്യവസായ മേഖല

പരമ്പരാഗത വ്യവസായ മേഖലകള്‍ക്ക് ഭീഷണി നേരിട്ടതോടെ 1990 കള്‍ക്ക് ശേഷമുള്ള സര്‍ക്കാരുകള്‍ വ്യവസായ നയങ്ങളില്‍ കാര്യമായ മാറ്റം വരുത്തി. കിന്‍ഫ്ര വ്യവസായ പാര്‍ക്കുകള്‍ അടക്കമുള്ള പുതിയ സംരംഭങ്ങള്‍ സ്വകാര്യ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമായി. വസ്ത്ര നിര്‍മാണം, ഭക്ഷ്യസംസ്‌ക്കരണം, ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മാണ യൂണിറ്റുകള്‍ തുടങ്ങിയവയില്‍ വിദഗ്ധ തൊഴിലാളികളെ ആവശ്യമായി വന്നു. ഇതിനിടെ സ്വയം തൊഴില്‍ പദ്ധതികള്‍ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍, വിവിധ മേഖലയിലെ ഫാക്ടറികള്‍ അടച്ച് പൂട്ടിയതോടെ പ്രദേശിക മേഖലയില്‍ തൊഴിലില്ലായമ രൂക്ഷമായി

എങ്ങനെ രക്ഷപ്പെടും

വേലയുണ്ട്, കൂലിയില്ല

തൊഴില്‍ സുരക്ഷയില്ലാത്തവരാണ് കശുവണ്ടി ഫാക്ടറി തൊഴിലാളികള്‍. പ്രതിസന്ധികള്‍ തരണം ചെയ്ത് ഫാക്ടറികള്‍ തുറന്നാലും കൂടുതല്‍ കാലം പ്രവര്‍ത്തിക്കാറില്ല. തോട്ടണ്ടിയുടെ വിലക്കൂടുതലും കൂലി വര്‍ധനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളാണ് കാരണം. ആയിരക്കണക്കിന് തൊഴിലാളികളാണ് പ്രതിസന്ധിയില്‍. ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച വ്യവസായമായതിനാല്‍ 80 % സ്ത്രീകളാണ്. ഏറ്റവും മെച്ചപ്പെട്ട വേതനവും തൊഴില്‍ ആനുകൂല്യങ്ങളും നല്‍കുന്ന ദിനേശ് ബീഡി സഹകരണ സംഘത്തില്‍ പോലും തൊഴിലാളികള്‍ കുറഞ്ഞു. 1990 കളിലാണ് ബീഡി മേഖല പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുമ്പോള്‍ 500 രൂപ മുതല്‍ 800 രൂപ വരെ ദിവസ വേതനം ലഭിക്കുമ്പോള്‍ 1000 ബിഡി തിരച്ചാല്‍ 190 രൂപയാണ് ദിവസ വേതനം. 
തോട്ടം തൊഴിലാളികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. 500 രൂപയില്‍ താഴെയാണ് തോട്ടം തൊഴിലാളികളുടെ കൂലി. ഈ മൂന്ന് മേഖലകളിലും സ്ത്രീകള്‍ കൂടുതലായി ജോലി ചെയ്യുന്നു.

തൊഴില്‍ ഉറപ്പിനായി ഒരു പദ്ധതി

തൊഴില്‍ ഉറപ്പിനായി ഒരു പദ്ധതി

2005 ലാണ് കേന്ദ്ര സര്‍ക്കാര്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആരംഭിക്കുന്നത്. കേരളത്തിന്റെ തൊഴില്‍ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്താന്‍ പദ്ധതിക്ക് കഴിഞ്ഞു. പല ജില്ലകളിലും സ്ത്രീകള്‍ക്ക് 90 രൂപ കൂലി ലഭിക്കുമ്പോഴാണ് 125 രൂപ കൂലിയുമായി തൊഴിലുറപ്പ് പദ്ധതി. 2008 ലെ കണക്ക് പ്രകാരം കേരളത്തില്‍ 1,84,608 പേര്‍ ജോലി ചെയ്തതില്‍ 1,33,352 പേര്‍ സ്ത്രീകളാണ്. 72 ശതമാനം സ്ത്രീ പങ്കാളിത്തമാണ് കേരളത്തില്‍. ആദ്യം പുരുഷ പങ്കാളിത്തം കുറഞ്ഞെങ്കിലും പിന്നീട് ഇതില്‍ കാര്യമായ മാറ്റമുണ്ടായി. 2015 ലെ കണക്ക് പ്രകാരം 83.89 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ച് കേരളം നടത്തിപ്പില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. പദ്ധതിയില്‍ പങ്കാളിയാകുന്നവര്‍ക്ക് 240 രൂപ ദിവസക്കൂലി ലഭിക്കും.

മലയാളിയെ മാറ്റിയ ഗള്‍ഫ്

മലയാളിയെ മാറ്റിയ ഗള്‍ഫ്

1970 കളിലാണ് കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് കുടിയേറ്റം വ്യാപകമാകുന്നത്. 16 ലക്ഷം മലയാളികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ചെയ്യുന്ന ജോലിക്ക് നല്ല കൂലി ലഭിക്കുമെന്നതിനാല്‍ കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയെ ഗള്‍ഫ് കുടിയേറ്റം സ്വാധീനിച്ചു. ഗള്‍ഫ് സംസ്‌കാരം മലയാളിയുടെ ജീവിതത്തെ മാറ്റി മറിച്ചു. നിര്‍മാണ മേഖലയും വിപണിയിലും കാര്യമായ മാറ്റങ്ങളുണ്ടാക്കി. സിലോണും മദിരാശിയും ബോംബെയും മലയാളിയുടെ മനസില്‍ നിന്ന് അകലുകയും ഗള്‍ഫ് രാജ്യങ്ങള്‍ മോഹിപ്പിക്കുകയും ചെയ്തു. സ്വദേശി വല്‍ക്കരണം അടക്കമുള്ള പ്രശ്‌നങ്ങള്‍ മലയാളിയുടെ ഗള്‍ഫ് കുടിയേറ്റത്തെ കാര്യമായി ബാധിച്ചു. 

ഭായ്മാരുടെ ഗള്‍ഫ്

ഭായിമാരുടെ ഗള്‍ഫ്

അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് കേരളം ഗള്‍ഫാണ്. തമിഴ്‌നാട്ടില്‍ 50  100 രൂപ കൂലിയുള്ള സമയത്താണ് തമിഴ് തൊഴിലാളികള്‍ 450 500 രൂപ കൂലിക്കായി കേരളത്തില്‍ എത്തുന്നത്. പിന്നീടിത് ഉത്തരേന്ത്യന്‍ തൊഴിലാളികളായി. ഉത്തരേന്ത്യയില്‍ കൂലിപ്പണിക്കാരനായ പുരുഷന് 100 രൂപയും സ്ത്രീക്ക് 70 രൂപയുമാണ് കൂലി. എന്നാല്‍, കേരളത്തില്‍ എത്തുമ്പോള്‍ ഇത് 500 രൂപ മുതല്‍ 900 രൂപ വരെയാകുന്നു. ഉയര്‍ന്ന കൂലി ലഭിക്കുന്നുവെന്നതാണ് ഇവരെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ നിലവില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ 40 ലക്ഷം വരുമെന്നാണ് കണക്ക്. ആഴ്ചയില്‍ 1500 പേര്‍ പുതിയതായി എത്തുന്നു. സര്‍ക്കാര്‍ ഇതര തൊഴില്‍മേഖലയില്‍ 60 ശതമാനവും അന്യസംസ്ഥാന തൊഴിലാളികള്‍ കയ്യടക്കി.  തൊഴില്‍വകുപ്പിന് വേണ്ടി ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ നടത്തിയ പഠനത്തില്‍  2013 ല്‍ കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികള്‍ 25 ലക്ഷമായിരുന്നു. ഹോട്ടലുകള്‍, പാറമടകള്‍, കട്ടച്ചൂളകള്‍, കശുവണ്ടി, നിര്‍മാണ മേഖല അടക്കമുള്ള മേഖലകളില്‍ ഇവര്‍ ജോലി ചെയ്യുന്നുണ്ട്. ഒരു വര്‍ഷം 25000 കോടി രൂപയില്‍ കൂടുതല്‍ കേരളത്തില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നു.  

വളയം പിടിക്കുന്ന സ്ത്രീകള്‍

വളയം പിടിക്കുന്ന സ്ത്രീകള്‍

തൊഴില്‍ രംഗത്തെ പുരുഷന്‍മാരുടെ ആധിപത്യം അവസാനിപ്പിക്കുന്നതായിരുന്നു ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ സ്ത്രീകളുടെ കടന്ന് വരവ്. അടുക്കളയില്‍ മാത്രം കാലം കഴിക്കേണ്ടവരല്ലെന്ന് തിരിച്ചറിഞ്ഞു. ഇതിന് പ്രധാന കാരണം നേടിയ വിദ്യാഭ്യാസമായിരുന്നു. വളയം പിടിക്കാനും ട്രെയിന്‍ ഓടിക്കാനും സ്ത്രീകളെത്തി. അവരെ പ്രോത്സാഹിപ്പിക്കാന്‍ പുരുഷന്‍മാരുമുണ്ടായിരുന്നു. പൊലീസിലും സേനയിലും അവര്‍ നിലയുറപ്പിച്ചു. കണ്ടെക്ടര്‍, ഡ്രൈവര്‍, ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍ എന്നിങ്ങനെ പോകുന്നു സ്ത്രീകള്‍ കൈവച്ച മേഖലകള്‍. കുടുംബശ്രീ പോലെയുള്ള സ്വയം തൊഴില്‍ പദ്ധതികള്‍ സ്ത്രീകള്‍ക്ക് പുതിയൊരു ജീവിതമാണ് നല്‍കിയത്

'ടെക്' ആയിമാറിയ കേരളം

'ടെക്' ആയിമാറിയ കേരളം

കേരളത്തിന്റെ തൊഴില്‍ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കിയത് ടെക്‌നോപാര്‍ക്കാണ്. കേരള സര്‍ക്കാരിനു കീഴല്‍ 1990 ലാണ് ടെക്‌നോപാര്‍ക്ക് സ്ഥാപിക്കുന്നത്.  350 ഐടി കമ്പനികളിലായി 50,000 പേര്‍ ജോലി ഇന്ന് ചെയ്യുന്നു. കേരളത്തിലെ ഐടി തൊഴില്‍ മേഖലയ്ക്ക് വ്യക്തമായ വഴി കാട്ടുന്നതാണ് ടെക്‌നോപാര്‍ക്ക്. കൂടാതെ കൊച്ചി സ്മാര്‍ട്ട് സിറ്റിയും ഇന്‍ഫോ പാര്‍ക്കും മലയാളി യുവാക്കളുടെ തൊഴില്‍ സ്വപ്‌നങ്ങള്‍ വേഗത്തില്‍ യാഥാര്‍ഥ്യമാകും. സ്മാര്‍ട്ട് സിറ്റി പൂര്‍ണഘട്ടിത്തില്‍ എത്തുന്നതോടെ ഒരു ലക്ഷത്തില്‍ കൂടുതല്‍ പേര്‍ക്ക് ജോലി ലഭിക്കുമെന്നാണ് കരുതുന്നത്. ടെക്‌നോപാര്‍ക്കില്‍ ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍ സംരഭകര്‍ക്ക് വളരാനുള്ള ഇടമാണ്. കൊച്ചി സ്മാര്‍ട്ട് സിറ്റിയും കോഴിക്കോട് സൈബര്‍ സിറ്റിയും നിലവില്‍ വരുന്നതോടെ രണ്ട് ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നാണ് 2015 ല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍, പുറംകരാര്‍ ജോലികളില്‍ വിദേശ രാജ്യങ്ങള്‍ പിന്‍വലിയുമ്പോള്‍ മുന്നോട്ടുള്ള ജീവിതം എങ്ങനെയെന്ന് ചോദ്യമുയരുന്നുണ്ട്.

കാമ്പസില്‍ വന്ന് ജോലി തരും

കാമ്പസില്‍ വന്ന് ജോലി തരും

പഠിക്കുന്ന സമയത്ത് വിദ്യാര്‍ഥികള്‍ മന്ത്രം പോലെ ഉരുവിട്ടുകൊണ്ടിരിക്കുന്ന വാക്കാണ് കാമ്പസ് റിക്രൂട്ട്‌മെന്റ്. പിഎസ്‌സി പരീക്ഷ എഴുതിയും സ്വകാര്യ കമ്പനിയില്‍ ജോലിക്ക് അപേക്ഷിച്ചും കാത്തിരിക്കുന്നതിന് പകരം കോളജില്‍ നിന്ന് തന്നെ കമ്പനികള്‍ വിദ്യാര്‍ഥികളെ കൊത്തിക്കൊണ്ട് പോകുന്നു. അതും വന്‍ തുക ശമ്പള വാഗ്ദാനവുമായി. തുടക്കത്തില്‍ വിദ്യാര്‍ഥികള്‍ക്ക് 4 ലക്ഷം രൂപ മുതല്‍ 7 ലക്ഷം രൂപ വരെ കമ്പനികള്‍ വാഗ്ദാനം നല്‍കുന്നു. വിദ്യാര്‍ഥികളുടെ  നിലവാരത്തിന് അനുസരിച്ച് 12 ലക്ഷം രൂപ വരെ കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.  2016 ല്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നിന്ന് 90 ശതമാനം എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ കാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ ജോലി നേടി.

സ്റ്റാര്‍ട്ടപ്പില്‍ ജീവിതം തുടങ്ങാം

സ്റ്റാര്‍ട്ടപ്പില്‍ ജീവിതം തുടങ്ങാം

സര്‍ക്കാര്‍, സ്വകാര്യ കമ്പനികളിലെ ജോലി എന്നതില്‍ നിന്ന് സ്വന്തമായി ഒരു കമ്പനിയുണ്ടാക്കി ജോലി ചെയ്യാമെന്ന നിലയില്‍ യുവാക്കള്‍ ചിന്തിക്കാന്‍ തുടങ്ങി. ആശയവും ആത്മവിശ്വാസവും കൂടെ കഠിനധ്വാനവും ഉണ്ടെങ്കില്‍ ഇത് സാധ്യമാകുമെന്ന് കേരളത്തിലെ യുവതി യുവാക്കള്‍ തെളിയിച്ചു. സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ പൊതു സ്വകാര്യ പങ്കാളിത്വത്തോടെ ഇന്ത്യയില്‍ ആദ്യമായി സ്റ്റാര്‍ട്ടപ്പ് വില്ലേജ് കേരളത്തില്‍ 2012 ല്‍ സ്ഥാപിച്ചു. 10 വര്‍ഷത്തിനുള്ളില്‍ 1000 സംരംഭകരെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന് ആഗോള സംരംഭക ഗ്രാമമായി മാറാന്‍ കേരളം തയ്യാറെടുക്കുന്നു

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.