2041. കൊച്ചി നഗരത്തിലെ ഒരു ഫ്‌ളാറ്റ്. മൂന്ന് മുറികളില്‍ മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളും. അവര്‍ ഇഷ്ടമുള്ള ദിനങ്ങളില്‍ ഇഷ്ടത്തോടെ ആറ് പേരില്‍ ഇഷ്ടമുള്ള ഇണയോടൊപ്പം കിടന്നുറങ്ങുന്നു. ശാരീരികബന്ധം വിലക്കുകളില്ലാതെ വെച്ചുപുലര്‍ത്തുന്നു. ഇണയായി ഇന്നലെ ഒരാള്‍, ഇന്ന് മറ്റൊരാള്‍. നാളെ മൂന്നാമതൊരാള്‍. കുശുമ്പില്ല, കുറ്റംപറച്ചിലില്ല, പഴിചാരലില്ല, അസൂയയില്ല. പരസ്പര ബഹുമാനത്തോടെ, അതിര്‍ത്തികളില്ലാതെ ഉള്ളതെല്ലാം പരസ്പരം പങ്കുവെച്ച് ആഹ്ലാദത്തോടെ ജീവിക്കുന്നു. ആറ് പേര്‍ക്ക് രണ്ട് കുട്ടികള്‍, രാവിലെ സ്‌കൂളിലേക്ക് പോകുമ്പോള്‍, അവരെയൊരുക്കുന്നത് രണ്ട് പുരുഷന്മാര്‍. ഒരു പുരുഷനും ഒരു സ്ത്രീയും ഭക്ഷണമൊരുക്കുന്നു. അത് അന്നത്തെ അവരുടെ ഊഴം. രണ്ട് സ്ത്രീകള്‍ രണ്ട് കിടപ്പറകിലായി കിടന്നുറങ്ങുന്നു. ഒരുങ്ങിക്കഴിഞ്ഞ്, ഫ്‌ളാറ്റിന്റെ പടിയിങ്ങുമ്പോള്‍ രണ്ടു കുട്ടികളും അവരെ അണിയിച്ചൊരുക്കിയ രണ്ട് പുരുഷന്മാെരയും സന്തോഷത്തോടെ നോക്കി മൊഴിയുന്നു: 'ഗുഡ്‌ബൈ, ഡാഡീസ്.'

രണ്ട് പുരുഷന്മാരും പാല്‍ച്ചിരിയായി മാറുന്നു: 'വെല്‍ക്കം കിഡ്‌സ്'. ഭക്ഷണമുണ്ടാക്കിയ പുരുഷന്മാരും സ്ത്രീയും രണ്ട് പുരുഷന്മാരോട് ചോദിക്കുന്നു: 'നമുക്ക് ബ്രെയ്ക്ക്ഫാസ്റ്റ് കഴിച്ചാലെന്താ?' അവര്‍ ഒരേ നേരം ഉത്തരം നല്‍കുന്നു: 'ഷുവര്‍'.

മലയാളി കുടുംബത്തിന്റെ മുന്‍കാല രൂപങ്ങള്‍

പരമ്പരാഗതവാദികളും സദാചാരക്കമ്മറ്റി അംഗങ്ങളും ഇതു വായിച്ചു നെറ്റിചുളിക്കുന്നത് എനിക്കു കാണാനാവുന്നു. അരാജകവാദിയെന്നു ചിലര്‍ ആക്രോശിക്കുന്നതും കേള്‍ക്കാം. ഭ്രാന്തന്റെ സ്വപ്നങ്ങളെന്നു പറഞ്ഞു മറ്റൊരു ലേഖനത്തിലേക്കോ വാര്‍ത്തയിലേക്കോ കണ്ണുമാറ്റുന്നതു ഞാനൂഹിക്കുന്നു. സഹിക്കാനാവാതെ ചിലരെങ്കിലും പച്ചത്തെറി വിളിക്കുന്നതു ഞാനറിയുന്നു.

പ്രിയപ്പെട്ട വായനക്കാരെ, ഇനിയിതൊന്നു വായിച്ചു നോക്കിയാട്ടെ:
കെട്ടിയവളുടെ അറിവോടെ, പലര്‍ക്കും കാമവും ശരീരവും പങ്കു വെ്ക്കുന്ന, കാമകലയില്‍ അതിനൈപുണ്യം കാണിച്ചിരുന്ന നാട്ടിലെ പേരു കേട്ട ദേവദാസിയെ തേടിപ്പോകുന്ന ഉന്നതകുലജാതര്‍ അറുനൂറോളം കൊല്ലം മുമ്പു സാമൂഹിക ജീവിതം ആഘോഷിച്ചിരുന്നു. ഉണ്ണിയച്ചിയോ ഉണ്ണിച്ചിരുതേവിയോ ഉണ്ണനീലിയോ ഉണ്ണിയാടിയോ തന്നെ രസിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്തതു പതിമൂന്നും പതിനാലും  നൂറ്റാണ്ടുകളില്‍ എഴുതിവെച്ചിട്ടുണ്ട്. കാമകലയില്‍ അവര്‍ അതിവൈധഗ്ദ്ധ്യം കാണിച്ച തിരുമേനികളുടെ ഉടമകളായിരുന്നുവെന്ന് ഭാര്യയും മക്കളുമൊക്കെ കേള്‍ക്കേ നാടുനീളെ പാടി നടന്നിട്ടുണ്ട്.

ദേവദാസികളെ ഇതിനൊക്കെ ആനന്ദസൗധങ്ങളില്‍ കാണിക്കവെച്ച് കുടിയിരുത്തിയ ജാതിവിഭാഗമെന്നു പറയുന്നവര്‍ വായിക്കുക: ദേവദാസികളില്‍നിന്ന് അത്രയൊന്നും വിഭിന്നരല്ലാത്ത സംബന്ധസുഖസാധനങ്ങളെക്കുറിച്ചും കേരള ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രായപൂര്‍ത്തിയെത്തും മുമ്പെ താലികെട്ടു നടത്തുന്നു. താലികെട്ടു കഴിഞ്ഞാല്‍ പെണ്‍പ്രജ 'സുഖസാധനം.' ചന്ദ്രോത്സവത്തില്‍നിന്നു വായിക്കുക: സുന്ദരികളായ സുഖസാധനങ്ങളെ ഭൂലോകപാലകന്മാര്‍ രത്‌നവും പണവും കൊടുത്തു കാത്തുസൂക്ഷിക്കുകയും അവള്‍ ആരെയും  നിരാശപ്പെടുത്താതെ വാണരുളുകയും ചെയ്തിരുന്നു.

family 03

സംബന്ധ ലൈംഗികതയും മലയാളി സമൂഹവും

അങ്ങിനെയുള്ള സംബന്ധ ലൈംഗികതയ്ക്കു വിധേയയാകാതെ കഴിഞ്ഞ ഒരു വിപ്ലവകാരിണി ഉണ്ടായിരുന്നെങ്കിലോ? ആയിരത്തി അറുനൂറുകളിലെതെന്നു പറയപ്പെടുന്ന കാര്‍ത്തികപ്പള്ളിയിലെ നാടുവാഴിയുടെ വിളംബരം കാണുക: 'നമ്മുടെ രാജ്യത്തു സ്വജാതിയിലോ ഉയര്‍ന്ന ജാതിയാലോപെട്ട പുരുഷനു വശംവദയാകാത്ത 'സന്മാര്‍ഗ്ഗഹീനകളായ സ്ത്രീകള്‍ (അടിവര എന്റെത്) ഉണ്ടെങ്കില്‍ അവരെ ഉടനെ വധിക്കേണ്ടതാകുന്നു. 

ആര്‍ച്ച് ബിഷപ്പ് മെനസിന്റെയും (1600), ന്യൂ ഹോഫ് സായിപ്പിന്റെയും (1664) രേഖകള്‍ കൂടി കാണുക: പാതിവ്രത്യം അനീതിയും ഒരു കാലത്ത് ചപലനീയവുമായി കണക്കാക്കിയിരുന്ന ഒരു ദേശത്താണു ാനും നിങ്ങളും ജീവിക്കുന്നത് എന്നറിയുക. പരശുരാമന്‍ മഴുവെറിഞ്ഞു കേരളത്തെ മാത്രമല്ല ഉണ്ടാക്കിയത്. ബ്രാഹ്മണര്‍ക്ക് ലീലക്കായി കൊണ്ടുവന്ന സൗഭാഗ്യമായിരുന്നു സ്ത്രീകള്‍. ഋതുവാകുന്നതിനുമുമ്പു കെട്ടുകല്യാണം നടത്താത്തവര്‍ക്കു ജാതിഭ്രഷ്ട് കല്‍പിച്ചിരുന്ന ദൈവത്തിന്റെ സ്വന്തം നാടിനെക്കുറിച്ച് നോവലെഴുത്തുകാരന്‍ കൂടിയായിരുന്ന ഒ.ചന്തുമേനോന്‍ (Malabar Marriage Communtiy Report) രേഖപ്പെടുത്തിവെച്ചിട്ടുണ്ട്.

സഞ്ചാരിയായ ബുക്കാനന്‍ നമ്മുടെ പ്രിയപ്പെട്ട കേരളത്തെക്കുറിച്ച് (1800-1801) എഴുതിയതും വായിക്കേണ്ടതുണ്ട്: 'പ്രഭു ഭവനങ്ങളിലെ നായര്‍ സ്ത്രീകള്‍ ഓരോരുത്തരും അവരവരുടെ ഭര്‍ത്തൃസമൂഹത്തില്‍ എത്ര ബ്രാഹ്മണരും ക്ഷത്രിയരുമുണ്ടെന്ന് പറഞ്ഞ് അഭിമാനിച്ചിരുന്നു.' സത്രീ പൊതുസ്വത്തായി കണക്കാക്കിയിരുന്ന സംഘവിവാഹം (Group Marriage) ആചരിച്ചിരുന്നവരാണു നമ്മുടെ പൂര്‍വ്വപിതാക്കള്‍. കെട്ടുകല്യാണം കഴിഞ്ഞാല്‍ അമ്മ മകളോട് സംബന്ധം തുടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. മകള്‍ക്ക് ഒന്നിലധികം ഭര്‍ത്താക്കന്മാര്‍ അത് എത്ര വയസ്സുകാരനായാലും ഉണ്ടായിരുന്നതില്‍ അഭിമാനം കൊണ്ടിരുന്ന അമ്മമാരുണ്ടായിരുന്നു.

family 02

കൈയൊഴിഞ്ഞ മലയാളി മരുമക്കത്തായം

കേരളത്തിന്റെ മരുമക്കത്തായം (Mtariling) പതിനാലാം നൂറ്റാണ്ടിനുമുമ്പു മരുമക്കത്തായ സന്ദര്‍ശനം നടത്തിയ ലോക സഞ്ചാരികള്‍ രേഖപ്പെടുത്തിയിട്ടില്ല. പതിനാലാം നൂറ്റാണ്ടില്‍ പല കാലത്തായി കേരളം സന്ദര്‍ശിച്ച ജോര്‍ഡണസോ ഇബ്‌നുബത്തൂത്തയോ അബ്ദുള്‍ റസാഖോ നിക്കോളകോണ്ടിയോ മലയാള മരുമക്കത്തായത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടില്ല. ബര്‍ബോസ എന്ന സഞ്ചാരി (1500-1517), കേരളത്തില്‍ ഒരു സ്ത്രീക്ക് എത്രയധികം പുരുഷന്മാരോടു ബന്ധമുണ്ടോ അത്രകണ്ടു മാന്യതയുണ്ടായിരുന്നുവെന്ന് എഴുതിയിട്ടുണ്ട്. 

വ്യക്തമാകുന്ന കാര്യങ്ങള്‍ പലതാണ്. പതിനാലാം നൂറ്റാണ്ടുവരെയും നായര്‍ മരുമക്കത്തായം വേരുപിടിച്ച ഒരു സാമൂഹ്യ വ്യവസ്ഥയായിരുന്നില്ല. ഒരൊറ്റ നൂറ്റാണ്ട് കൊണ്ടു കേരളത്തിലെ വലിയൊരു വിഭാഗം ജനതയുടെ കുടുംബസമ്പ്രദായം മാറ്റി മറിക്കപ്പെട്ടു. വിവാഹാനന്തരം പെണ്‍കുട്ടി അമ്മ വീട്ടില്‍ കഴിയുകയും നാടുവാഴികളെ ആകര്‍ഷിക്കുകയും അവരിലുണ്ടാകുന്ന സന്താനപരമ്പരയെ സാമൂഹ്യപദവിയുടെ ഉയര്‍ന്ന ശ്രേണി (Hierarchy)യിലേക്ക് ചുരുങ്ങിയ കാലം കൊണ്ട് ഉയര്‍ത്തിയെടുത്തു. അതിനുതകുന്ന ഒരു കുടുംബ സമ്പ്രദായത്തെ ആഘോഷമാക്കി മാറ്റി. 

കുടുംബ സമ്പ്രദായത്തിന്റെ ശക്തിയാല്‍ നാട്ടിലെ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ കാലാവസ്ഥയെയും മാറ്റിമറിച്ചു. കൂടുതല്‍ സംബന്ധക്കാരെയുണ്ടാക്കി കൂടുതല്‍ ബഹുമാന്യരും സമ്പന്നരുമായി. ഒന്നിലധികം വെച്ചുപുലര്‍ത്തിയ ഭര്‍ത്താക്കന്മാരുടെ ഭവനസന്ദര്‍ശനത്തിനും ലൈംഗികവേഴ്ച്ചയ്ക്കും ചില നിയമങ്ങളും ചിട്ടകളുമുണ്ടാക്കി. ഒരു ദിനം ഒരു ഭര്‍ത്താവ് അകത്ത് കയറിയാല്‍ മറ്റൊരു സംബന്ധക്കാരന്‍ വന്നുപോയാല്‍ കോലായില്‍ ചാരിവെച്ച വാളോ പടിയില്‍ കിടക്കുന്ന മെതിയടിയോ കണ്ടാല്‍ കുണ്ഠിതം കാണിക്കാതെ മടങ്ങിപ്പോകണമെന്നും നിഷ്‌കര്‍ഷിച്ചിരുന്നു. അഢ്യകുലജാതരുടെ കേളീവിനോദത്തെയും സാമൂഹ്യപദവിയിലെ മാറ്റത്തിനു ശ്രമിച്ച പിന്നാക്കജാതിയുടെ മോഹത്തെയും ഒരു സഹകരണപ്രസ്ഥാനമാക്കിയ നാടാണു കേരളം. കേരളീയ ജീവിതത്തിന്റെ ഭാഗമായി നിലകൊണ്ട ഈ സാമൂഹികഘടന വിശേഷപ്പെട്ട കുടുംബവസ്ഥയായി സാമൂഹിക നരവംശശാസ്ത്രം അടയാളപ്പെടുത്തിവെച്ചിരിക്കുന്നു.

ബഹുഭാര്യ സമ്പ്രദായത്തിന്റെ സമൂഹം

പതിനാലാം നൂറ്റാണ്ടോടെ തീരപ്രദേശങ്ങളിലും തുറമുഖനഗരങ്ങളിലും പ്രബലസമൂഹമായി മാറിയ മസ്ലിം സമുദായത്തിലെ പുരുഷന്മാര്‍ക്കു സാമ്പത്തികസ്ഥിതി അത്രയൊന്നും മെച്ചപ്പെട്ട അവസ്ഥയില്ലെങ്കില്‍പോലും, നാലു ഭാര്യമാരെവരെ വെച്ചുപൊറുപ്പിക്കുകയെന്നത് വളരെ എളുപ്പമായിരുന്നു. ഇനിയഥവാ അഞ്ചാമതൊന്നിനെ കെട്ടിയോളാക്കണമെങ്കില്‍ നാലിലൊന്നിനെ ഒരൊറ്റ ശ്വാസത്തില്‍ മുത്വലാഖ് ചെയ്യുവാനും സാധിച്ചിരുന്ന, സാമൂഹികക്രമം ചോദ്യം ചെയ്യപ്പെടാതെ നിലനിന്ന കാലം അത്ര ദൂരത്തല്ല. മതം ചില നിബന്ധനകളാല്‍
അനുവദിക്കുന്നുണ്ടെങ്കില്‍തന്നെയും ബഹുഭര്‍ത്തൃ സമ്പ്രദായത്തെ അറപ്പോടെയും വെറുപ്പോടെയും കാണുന്ന മുസ്ലീം സ്ത്രീസമൂഹം മെല്ലെയെങ്കിലും തലയുയര്‍ത്തിവരുന്നതും സംബന്ധ സമ്പ്രദായത്തെ പാടെ നായര്‍ സമുദായം അറബിക്കടലിലെറിഞ്ഞതും കേരളീയ കുടുംബ സമ്പ്രദായത്തില്‍വന്ന മാറ്റമാണ്. ജേഷ്ഠനു മാത്രം വേളിയും മറ്റു സഹോദരന്മാര്‍ക്കൊക്കെയും സംബന്ധവുമായി ജീവിച്ച നമ്പൂതിരിമാരും അവരുടെ നൂറ്റാണ്ടുകളോളം നിലനിന്ന പുരുഷകേന്ദ്രീകൃത കുടുംബവ്യവസ്ഥയും പാടെ മാറിക്കഴിഞ്ഞിരിക്കുന്നു. പിതൃസ്വത്തില്‍ അവകാശമില്ലാതെ ക്രൈസ്തവ സ്ത്രീസമൂഹം കേരളത്തില്‍ പ്രതികരിച്ചതും കുടുംബവ്യവസ്ഥയെ ചോദ്യംചെയ്തതും നമ്മള്‍ കണ്ടതാണ്.

കൂട്ടുകുടുംബം എന്ന സാമൂഹിക അത്യാഹിതം

കേരളത്തില്‍ നിലനിന്നിരുന്ന, പല സമുദായങ്ങളുടേയും സാംസ്‌കാരിക-സാമൂഹിക ജീവിതത്തിന്റെ ഭാഗമായിരുന്ന കൂട്ടുകുടുംബ വ്യവസ്ഥ ഇന്നു താങ്ങാനാവത്ത സാമൂഹികഭാരമാണ്. സ്വപ്നംപോലും കാണാനാവാത്ത ആഡംബരത്വമാണ്. വൃദ്ധമാനസം പ്രത്യേകിച്ചൊരു കാരണവുമില്ലാതെ കൂട്ടുകുടുംബവ്യവസ്ഥയുടെ മേന്മകള്‍
ഗൃഹാതുരത്വത്തോടെ താലോലിക്കുകയും സകലസാമൂഹ്യ പ്രശ്‌നങ്ങള്‍ക്കും അണുകുടുംബത്തെ പഴിചാരുകയും ചെയ്യുന്നുവെങ്കിലും കൂട്ടുകുടുംബസമ്പ്രായത്തെ കൂട്ടിയിണക്കാനാവാത്തവിധം ദുഃസ്വപ്നമായി കഴിഞ്ഞിരിക്കുന്നു. കര്‍ഷക-കച്ചവട സമൂഹങ്ങളില്‍ സാമൂഹിക-സാമ്പത്തിക ക്രമങ്ങള്‍ പരിപാലിച്ചും ആചരിച്ചും പോരാന്‍ ഉണ്ടാക്കിയെടുത്ത കൂട്ടു-കുടുംബവ്യവസ്ഥ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ തന്നെ സാമൂഹികമായി മാറ്റികഴിഞ്ഞിരുന്നു.

കുടുംബത്തിലെ സ്ത്രീ

അണുകുടുംബത്തെ സ്വീകരിക്കുന്നത് ഇന്നും പാടെ ആചാരമായി ഭവിച്ചിട്ടില്ല. എന്നാല്‍ കുടുംബ വ്യവസ്ഥയില്‍ പുരുഷനും സ്ത്രിക്കും ഉണ്ടായിരുന്ന ധര്‍മ്മനിര്‍വ്വഹണങ്ങള്‍ തിരുത്തിക്കഴിഞ്ഞിരിക്കുന്നു. കീഴാളവര്‍ഗ്ഗങ്ങളിലെ  സ്ത്രികള്‍ക്കു മാത്രമാണു വീടിനു പുറത്തു തൊഴില്‍ ചെയ്യാന്‍ അവസരമുണ്ടായിരുന്നത്. അതുതന്നെയും ഒരു സാമൂഹിക വ്യവസ്ഥിതിയിലൂടെ നിര്‍മ്മിതിയായി മാറിയത് പന്ത്രണ്ടാം നൂറ്റാണ്ടിനു ശേഷം വേരുപിടിച്ച കാര്‍ഷിക വ്യവസ്ഥയുടെ അരികുചേര്‍ന്നാണ്. അഥവാ സ്ത്രീകള്‍ക്ക് വരുമാനമുണ്ടാവുക എന്നതു പോതുവെ അനുവദനീയമായിരുന്നില്ല. സമ്പന്നരും ആഢ്യകുലജാതരെന്നു വിശ്വസിച്ചിരുന്നവരുമായ ജാതി-സമൂഹ വിഭാഗങ്ങളില്‍ സ്ത്രീകള്‍ കുടുംബിനി മാത്രമായിക്കഴിഞ്ഞ കുടുംബ സമ്പ്രദായത്തെയും ഇന്നു ചോദ്യം ചെയ്തുകഴിഞ്ഞിരിക്കുന്നു. വിദ്യാഭ്യാസവും തൊഴിലും സ്ത്രീകള്‍ക്കാകാമെന്ന കുടുംബസമ്പ്രദായം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പൊതുവെ കേരളം അംഗീകരിച്ചിരുന്നില്ല. രണ്ടുപേരുടെയും വരുമാനം ഇന്ന് ആധുനിക കുടുംബത്തിന്റെ അടിത്തറയായി മാറിക്കൊണ്ടിരിക്കുന്നു.

കുടുംബത്തിന്റെ സാമൂഹിക പരിണാമം 

കുടുംബം എന്ന സാമൂഹികസ്ഥാപനം കേരളത്തിലും ഒരു സ്ഥായിയായ സാമൂഹികഭാവത്തെയല്ല പ്രദാനം ചെയ്തിരിക്കുന്നത്. മനുഷ്യര്‍ ഈ ഭൂമിയില്‍ പിറന്ന കാലത്ത് കുടുംബവ്യവസ്ഥ നിലനിന്നിരുന്നില്ലെന്നതാണു വസ്തുത. ദശലക്ഷ വര്‍ഷങ്ങള്‍ ആണും പെണ്ണും കൂടിക്കൂടി ജീവിക്കുകയും ഉത്പാദനപ്രക്രിയ ഒരു സംഘവ്യവഹാരമാക്കിക്കണക്കാക്കുകയും ചെയ്ത സാമൂഹികാനുഭവങ്ങളുടെ ദീര്‍ഘകാലചരിത്രത്തില്‍ നിന്നാണ്, ക്രമേണ കുടുംബം എന്ന സാമൂഹികസ്ഥാപനം കേരളത്തിലും ഉണ്ടായിത്തീര്‍ന്നത്. സാമൂഹികാനുഭവങ്ങളില്‍ നിന്നുള്ള ഈ പരിണാമത്തിന്, ഭാര്യ-ഭര്‍ത്തൃ ബന്ധങ്ങളിലൂടെ നിലനിര്‍ത്തിയ കുടുംബ വ്യവസ്ഥയ്ക്കു പതിനായിരം വര്‍ഷങ്ങളുടെ പഴക്കമേയുള്ളൂ. കേരളത്തിലെ കുടുംബത്തിന്റെ വേരുകള്‍ക്ക് അത്രയും കാലത്തിന്റെ പഴക്കം പോലും ഉണ്ടാവണമെന്നില്ല.

കുടുംബം സാമൂഹികജീവിതത്തിന്റെ കേന്ദ്രബിന്ദുവായി മാറിയത് സമീപകാലത്താണെന്ന് കാണാന്‍ കഴിയുന്നു. ഭൂമിയിലെ മനുഷ്യ ചരിത്രത്തിന്റെ ആരംഭവും വളര്‍ച്ചയും പരിഗണിച്ച്, കുടുംബ വ്യവസ്ഥയെ പരിഗണിക്കുമ്പോള്‍ വെറും പതിനയ്യായിരം വര്‍ഷങ്ങള്‍ക്കപ്പുറമുണ്ടായ സാമൂഹിക പരിണിതിയാണ് കുടുംബമെന്ന് കാണാനാവും. കേരളത്തിലെ കുടുംബവ്യവസ്ഥയാക്കാവട്ടെ, അതിലും കുറഞ്ഞ ചരിത്രമെ കാണാനിടയുള്ളൂ. സംഘവിവാഹത്തില്‍ നിന്നോ അസ്ഥിരബന്ധങ്ങളില്‍നിന്നോ കേരളം വിടുതല്‍ നേടിയതിന് 1500 വര്‍ഷത്തിലധികം പഴക്കം കാണുന്നില്ല. 15 നൂറ്റാണ്ടുകള്‍കൊണ്ടാവട്ടെ കുടുംബം പലവിധ സാമൂഹിക പരീക്ഷണങ്ങളിലൂടെ സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു. ഇനിയുമതു മാറിക്കൊണ്ടിരിക്കും. കെട്ടിക്കിടക്കുന്ന തടാകമല്ല കുത്തിയൊലിക്കുന്ന നദീപ്രവാഹമാണ് കുടുംബവ്യവസ്ഥയും. അതുകൊണ്ടുതന്നെ, നെറ്റി ചുളിച്ചാലും അനിഷ്ടം കാണിച്ചാലും മലയാളിയുടെ കുടുംബ സമ്പ്രദായങ്ങളിലും സാരമായ മാറ്റങ്ങളുണ്ടാവും. വരാനിരിക്കുന്ന അര നൂറ്റാണ്ടു കാലത്തിനിടയ്ക്ക് ഉണ്ടാവാനിടയുള്ള, കുടുംബം എന്ന സാമൂഹ്യസ്ഥാപനത്തിന്റെ പരിണിതകള്‍ വിസ്മയപ്പെടുത്തുന്നതോ ചിലപ്പോള്‍ ഞെട്ടിപ്പിക്കുന്നതോ ആയിരിക്കും. മലയാളികളുടെ സാമൂഹികജീവിതം, ഇന്ത്യയിലെ മറ്റ് പല സമൂഹങ്ങളെക്കാളും തീവ്രമായ കുടുംബമാറ്റങ്ങളുടെ ഭ്രൂണാവസ്ഥയെ ഗര്‍ഭം പേറി നടക്കുന്നുണ്ട്.

ഭാവികുടുംബത്തിന്റെ രൂപങ്ങള്‍

വരാനിരിക്കുന്ന അറുപത് വര്‍ഷക്കാലം മലയാളി കുടുംബത്തിന് പലവിധ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

1. ഏകഭാര്യ-ഭര്‍ത്തൃബന്ധം(Monogamy) കേരളത്തില്‍ പ്രബലമായിത്തീരും. എന്നാല്‍, അത് ആജീവനാന്ത ബന്ധമാവണമെന്നില്ല. വിവാഹജീവിതത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ വിവാഹമോചനങ്ങളുടെ എണ്ണം ക്രമാതീതമായി പെരുപ്പിക്കും. നമ്മുടെ കുടുംബകോടതികളിലും കൗണ്‍സലിങ്ങ് മുറികളിലുമെത്തിക്കുന്ന ഭാര്യഭര്‍ത്തൃ സംഘര്‍ഷങ്ങളുടെ എണ്ണം മറ്റൊന്നുമല്ല സൂചിപ്പിക്കുന്നത്. വിവാഹമോചനം ക്രമാതീതമായി വര്‍ധിക്കും. അതിനനുസരിച്ച് വിവാഹമോചിതരുടെ പുനര്‍വിവാഹവും കൂടും. ഓരോ വിവാഹശിഥിലീകരണാനുഭവത്തോടൊപ്പം തുടര്‍ച്ചയായ പുനര്‍വിവാഹങ്ങള്‍ (Serial Monogamy) ഉണ്ടാകും. മഹാനഗരങ്ങളിലെന്ന പോലെ കേരളവും പുനര്‍വിവാഹങ്ങളുടെ നാടായി മാറും. ആയുസ്സിനിടയില്‍ ഓരോ മലയാളിയും രണ്ടോ മൂന്നോ ഭാര്യഭര്‍ത്തൃബന്ധങ്ങളിലൂടെ കടന്നു പോവും. 

2. കുടുംബാവസ്ഥ സ്ഥായിയായ ഒരനുഭവമല്ലാതായി മാറും. മലയാളികളുടെ വിവാഹമോചന നിരക്കു കൂടുമ്പോള്‍ പുനര്‍വിവാഹം നടത്താതെ കഴിയുന്നവരുടെ എണ്ണവും കൂടും. അത്തരക്കാര്‍ ചെറുപ്പത്തില്‍ വിവാഹമോചിതരായി ശേഷക്കാലം ഏകരക്ഷകര്‍ത്താവായി തുടരും. കുട്ടികള്‍ക്ക് ഒരു രക്ഷകര്‍ത്താവു മാത്രമായി വരുമ്പോള്‍ ഏകരക്ഷകര്‍ത്തൃകുടുംബങ്ങളും ഏറും. മലയാളി കുടുംബത്തിന്റെ ഘടന തന്നെ മാറ്റിമറിക്കപ്പെടും. അച്ഛനും മകനും മകളും മക്കളും അല്ലെങ്കില്‍ അമ്മയും മകളും മകനും മക്കളും ചേര്‍ന്ന കുടുംബം സര്‍വ്വസാധാരണമായി മാറും.

3. വിവാഹം കഴിക്കാത്തവരുടെ സഹവാസ ജീവിതം (Living Together) മലയാളികള്‍ക്ക് ഒരത്ഭുതമല്ലാതെയായി മാറും. നഗരങ്ങളില്‍നിന്ന് നഗരപ്രാന്തപ്രദേശങ്ങളിലേക്ക് സഹവാസജീവിതം വ്യാപിക്കും. സഹവാസ ജീവിതത്തിനെതിരെ നെറ്റി ചുളിക്കുന്നവരുടെ എണ്ണവും കുറയും. മതസമുദായങ്ങള്‍ ചില നിബന്ധകളോടെ അത്തരം കുടുംബാവസ്ഥയെ അംഗീകരിക്കാനോ അതുകണ്ടു മൗനം പാലിക്കാനോ നിര്‍ബന്ധിതരാകും. 

4. കുട്ടികളെ വേണ്ടെന്നുവെച്ചു ഭാര്യഭര്‍ത്തൃജീവിതം നയിക്കുന്നവര്‍ ക്രമാതീതമായി വര്‍ധിക്കും. ഭാര്യയും ഭര്‍ത്താവും തൊഴില്‍ ചെയ്യുകയും കുട്ടികളില്ലാതെ കുടുംബജീവിതം നയിക്കുകയും ചെയ്യുന്നവര്‍ (DINK- Double Income  No Kids ) സമൂഹത്തില്‍ എമ്പാടും ഉണ്ടായിത്തീരും. കുട്ടികള്‍ ഒരു ഭാരമായി കണക്കാക്കുന്നവരും ഭൂമിയിലെ വിഭവങ്ങളെ പരിമിതമാക്കി ഉപഭോഗം ചെയ്യാനാശിക്കുന്നവരും ഭൂമിയിലേക്കു മക്കളെ കൊണ്ടുവരേണ്ടെന്നു തീരുമാനിച്ചവരും ഇക്കൂട്ടത്തിലുണ്ടാവും. 

5. പല സ്ഥലങ്ങളിലായി അച്ഛനമ്മമാരും മക്കളും കഴിയുന്ന കുടുംബാവസ്ഥ സര്‍വ്വസാധാരണമായി മാറും. തൊഴില്‍പരമായ കുടിയേറ്റം, മക്കളുടെ വിദ്യാഭ്യാസം, വൈയക്തിപരത, കരിയറിലുള്ള താത്പര്യം, തുടങ്ങിയ ഘടകങ്ങള്‍ വേര്‍പിരിഞ്ഞു കഴിയുന്നവരുടെ കുടുംബത്തെ കേരളത്തിലങ്ങോളമിങ്ങോളം വ്യാപിപ്പിക്കാനുള്ള സാധ്യതയും ഏറെയാണ്.

6. ലിംഗമാറ്റം സ്വീകരിച്ചവര്‍ (Transgenders) തമ്മിലുള്ള വിവാഹവും സഹവാസവും അതു വഴിയുണ്ടാവുന്ന കുടുംബവും കേരളത്തില്‍ അംഗീകരിക്കപ്പെടാനാണു സാധ്യത. മൂന്നാം ലിംഗ വിഭാഗത്തോടുള്ള മലയാളികളുടെ പൊതുകാഴ്ച്ചപ്പാടു പാടെ മാറുകയും ലിംഗമാറ്റക്കാരുടെ കുടുംബത്തിന്റെ സാന്നിധ്യം പൊതുസമൂഹം അംഗീകരിക്കുകയും ചെയ്യും. ലിംഗമാറ്റക്കാരുടെ (വളര്‍ത്തു)കുട്ടികളും സാധാരണ കുടുംബങ്ങളില്‍നിന്നുള്ള കുട്ടികളും തമ്മിലുള്ള വിവാഹവും കേരളത്തില്‍ അംഗീകരിക്കപ്പെടുകയും അവരുടെ കുടുംബാവസ്ഥ കേരളീയ ജീവിതത്തിന്റെ ഭാഗമായിത്തീരുകയും ചെയ്യും. 

7. സ്വവര്‍ഗ്ഗവിവാഹം (Homosexual Marriage) കേരളീയരുടെ അംഗീകാരം നേടും. അത്തരം വിവാഹങ്ങളില്‍ നിന്നുണ്ടാക്കുന്ന കുടുംബത്തെ ഒരു പക്ഷെ, അത് ആജീവനാന്ത ബന്ധമാവണമെന്നില്ലെന്നിരിക്കിലും പൊതു മലയാളിസമൂഹത്തിന് അംഗീകരിക്കേണ്ടി വരും. വര്‍ധിച്ചേക്കാവുന്ന സ്വവര്‍ഗ്ഗക്കാരുടെ കുടുംബത്തിനെതിരെ സമുദായസംഘനകളും കണ്ണടയ്ക്കും.

8. പതിനെട്ട് വയസ്സു കഴിഞ്ഞു വിവാഹിതരായി കുടുംബസമേതം കലാലയങ്ങളില്‍ പഠിക്കുകയോ ജോലിയെടുക്കുകയോ ചെയ്യുന്നവര്‍ യാഥാര്‍ത്ഥ്യമായിത്തീരും. പഠിക്കുന്ന കാലത്തെ സഹജീവിതം നടത്തുന്നവരുടെ കുടുംബങ്ങള്‍ പൊതുവേ അംഗീകരിക്കപ്പെടും. 

കുടുംബത്തിന് പകരം മറ്റു പലതും

കുടുംബം എന്ന സാമൂഹികസ്ഥാപനം (Socical Institute) പ്രതിനിധാനം ചെയ്ത ധര്‍മ്മങ്ങള്‍ ഇനിയും മാറ്റിമറിക്കപ്പെടാനുള്ള സാധ്യതകളാണു കുടുംബാവസ്ഥകള്‍ സൂചിപ്പിക്കുന്നത്. ആണും പെണ്ണും ചേര്‍ന്നുള്ള സഹജീവിതത്തിനുള്ള വഴിയൊരുക്കല്‍, രണ്ടു പേരുടെ ലൈംഗിക വ്യവഹാരത്തിനുള്ള സാമൂഹികാംഗീകാരം നല്‍കല്‍, സാമൂഹിക നിയമങ്ങളുടെ പരിരക്ഷയോടുള്ള ഗര്‍ഭധാരണം, കുട്ടികളെ വളര്‍ത്തിയെടുക്കല്‍, കുട്ടികളുടെ സാമൂഹീകരണം (Socialisation) കുടുംബാഗങ്ങളുടെ മാനസികവും സാമൂഹികവുമായ പലവിധ ആവശ്യങ്ങളും നിറവേറ്റല്‍, സാമൂഹികബന്ധങ്ങളുടെ കേന്ദ്രഭാവമായി വര്‍ത്തിക്കല്‍ തുടങ്ങിയ പരമ്പരാഗതമായ ആവശ്യങ്ങള്‍ കുടുംബത്തില്‍നിന്നു പൂര്‍ണമായോ ഭാഗികമായോ മറ്റു സംവിധാനങ്ങളും പുതുസ്ഥാപനങ്ങളും അടര്‍ത്തിയെടുത്തു കഴിഞ്ഞിട്ടുണ്ട്. 

ആണും പെണ്ണും തമ്മിലുള്ള കൂടിച്ചേരല്‍ മാത്രമായി വിവാഹത്തെ കാണുന്നുവെന്ന കാഴ്ച്ചപ്പാട് പാടെ മാറ്റാനാണു സാധ്യത. അതു വ്യക്തിയുടെ തീരുമാനമായി ഇന്നുതന്നെ പൊതുവായി അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ലൈംഗികമോഹങ്ങളുടെ സഫലീകരണത്തിനു വിവാഹവും കുടുംബവും അനിവാര്യമാണെന്ന നില ഇപ്പോള്‍തന്നെ ചോദ്യം ചെയ്തു കഴിഞ്ഞിരിക്കുന്നു. ലൈംഗികബന്ധത്തെ വംശോല്പാദനത്തില്‍നിന്നു വേര്‍പ്പെടുത്തി കഴിഞ്ഞിരിക്കുന്നു. വിവാഹം കഴിഞ്ഞാല്‍ ഭാര്യഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ മാത്രമുള്ള ലൈംഗികബന്ധമേ ആകാവൂ എന്ന നിയമം രഹസ്യമായെങ്കിലും പലരും കൈവെടിഞ്ഞു കഴിഞ്ഞിരിക്കുന്നു. 

എന്തുകൊണ്ട് ഇക്കാര്യത്തില്‍ ഒരു മൃദുലസമീപനം, യഥാര്‍ത്ഥ്യ ബോധത്തോടെയുള്ള ഒരു തീരുമാനം എടുത്തു കൂടാ എന്നു വരാനിരിക്കുന്ന മലയാളി സമൂഹം ചോദിച്ചേക്കും. അവര്‍ക്കനുകൂലമായ ഒരു നിലപാടെടുക്കാന്‍ സമൂഹം നിര്‍ബന്ധിതരായിത്തീര്‍ന്നാല്‍ അത്ഭുതപ്പെടാനുമിടയില്ല. കുട്ടികളെ വളര്‍ത്തല്‍ ഇന്നു ഭാഗികമായി കുടുംബത്തിന്റെ മാത്രം ധര്‍മ്മമല്ല. വിദ്യാഭ്യാസ-മത-സമുദായ സ്ഥാപനങ്ങള്‍ ഇന്നു കുട്ടികളുടെ സാമൂഹീകരണത്തില്‍ ഔപചാരികമായി നിര്‍വ്വഹണപങ്കാളിത്തം വഹിക്കുന്നു. കുടുംബത്തിന്റെ പങ്ക് കുറയുകയും ചെയ്യുന്നു. 

വരാനിരിക്കുന്ന കാലം അത്തരം ധര്‍മ്മനിര്‍വ്വഹണത്തില്‍ കുടുംബത്തിനു കാര്യമായ ഇടപെടല്‍ സാധ്യമല്ലാതെയും വന്നേക്കും. അംഗങ്ങളുടെ പുതിയ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ കുടുംബം പരാജയപ്പെട്ടു തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് ഔപചാരികമായ സ്ഥാപനങ്ങളോ സംവിധാനങ്ങളോ ഉണ്ടാവുന്നതും. കുടുംബത്തിലൂടെ നേടിയിരുന്ന വിദ്യാഭ്യാസം, വിനോദം, ധനസഹായം, സംഘര്‍ഷപരിഹാരം, സ്വസ്ഥതാപരിരക്ഷ തുടങ്ങിയ പലതും ഇന്നു മറ്റു സ്ഥാപനങ്ങളിലൂടെയാണു കൈമാറ്റം ചെയ്യപ്പെടുന്നത്. 

ഒരു പക്ഷെ, മനുഷ്യരുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു പുതിയ സംവിധാനങ്ങള്‍ കണ്ടെത്തുകയും വ്യാപകമായി സ്ഥാപനവത്കരിക്കുകയും ചെയ്യുന്നതോടെ കുടുംബത്തിന്റെ സാമൂഹികബന്ധങ്ങളിലെ കേന്ദ്രഭാവം മലയാളീസമൂഹവും കൈവെടിയാനാണു സാധ്യത. വന്നുകൊണ്ടിരിക്കുന്ന കുടുംബമാറ്റങ്ങളെ പരമ്പരാഗതമായി നിര്‍വ്വഹിച്ചു പോന്നിരുന്ന ഉത്തരവാദിത്തങ്ങളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുമ്പോള്‍ അവയില്‍ പുതുനാളുകള്‍, പുതുപുത്തന്‍ അടയാളപ്പെടുത്തലുകള്‍ നടത്തുമ്പോള്‍ കുടുംബത്തിനു നിലനില്‍ക്കണമെങ്കില്‍ അമീബയെപ്പോല രൂപമാറ്റം നടത്തേണ്ടി വന്നേക്കും എന്നറിയാനാവും. കാലം അതംഗീകരിപ്പിക്കും. കുടുംബജീവിതത്തിന്റെ പലവിധ രൂപങ്ങള്‍ അര നൂറ്റാണ്ടു കഴിയുമ്പോള്‍ കേരളീയസമൂഹത്തിന്റേയും അടയാളങ്ങളായി മാറും. കുടുംബത്തിന്റെ ഏകശിലാഭാവം ഇല്ലാതായി ബഹുസ്വരത നിലകൊള്ളുകയും ചെയ്യും. 

എന്തിന് കുടുംബം......? 

അറുപതു വര്‍ഷം പിന്നിട്ട ആധുനിക കേരളം ആറു പതിറ്റാണ്ടുകളിനിയും കഴിയുമ്പോള്‍ പലരും ചോദിച്ചേക്കും- സ്വസ്ഥ ജീവിതത്തിന് എന്തിനാണ് കുടുംബം.....? വിവാഹിതരല്ലാതെ കുടുംബജീവിതം നയിക്കുന്നതു ഞങ്ങളുടെ ഇഷ്ടമെങ്കില്‍ നിങ്ങള്‍ക്കെന്തു ചേതം.....? 

2016 ഡിസംബറില്‍ കോഴിക്കോട്ടുവെച്ചു നടന്ന സംസ്ഥാനതല സമൂഹശാസ്ത്ര വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും സമ്മേളനത്തില്‍ സമര്‍ത്ഥയായ ഒരു മലയാളി വിദ്യാര്‍ത്ഥിനിയോടു ഞാന്‍ ചോദിച്ചു: അരനൂറ്റാണ്ട് കഴിഞ്ഞാല്‍ മലയാളികളുടെ കുടുംബാവസ്ഥ എങ്ങനെയായിരിക്കും....? 
വിടര്‍ന്ന കണ്ണുകളോടെ, അല്‍പ്പം പരിഹാസത്തോടെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയുടെ മറുചോദ്യം വെടിപൊട്ടി: കുടുംബം എന്നൊന്ന് ഉണ്ടാവണമെന്നതിന് എന്തിനാണിത്ര വാശി? സോഷ്യോളജി പഠിപ്പിക്കുന്നവരെങ്കിലും അല്‍പം യഥാര്‍ത്ഥ്യബോധത്തോടെ ഇക്കാര്യം വിലയിരുത്തിക്കൂടെ......... ?